Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഎസിന് ആർത്തിരമ്പുന്ന ജനസഞ്ചയം; ബൂത്തുകളിൽ മിന്നൽ 'പിണറായി' വിജയൻ; കാലിക്കസേരകളെ ഭയന്ന് പൊതുയോഗങ്ങൾ ഒഴിവാക്കി ഉമ്മൻ ചാണ്ടി; സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗുകളിൽ ഞെട്ടി ബിജെപി: അരുവിക്കര വിശേഷങ്ങൾ ഇങ്ങനെ

വിഎസിന് ആർത്തിരമ്പുന്ന ജനസഞ്ചയം; ബൂത്തുകളിൽ മിന്നൽ 'പിണറായി' വിജയൻ; കാലിക്കസേരകളെ ഭയന്ന് പൊതുയോഗങ്ങൾ ഒഴിവാക്കി ഉമ്മൻ ചാണ്ടി; സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗുകളിൽ ഞെട്ടി ബിജെപി: അരുവിക്കര വിശേഷങ്ങൾ ഇങ്ങനെ

ആവണി ഗോപാൽ

തിരുവനന്തപുരം: അരുവിക്കര കലങ്ങിമറിയുകയാണ്. ഉപതെരഞ്ഞെടുപ്പിൽ ആര് ആർക്ക് വോട്ട് ചെയ്യുമെന്ന് ആർക്കുമറിയില്ല. എന്നാൽ പ്രചരണങ്ങളിലൂടെ കണ്ണോടിച്ചാൽ ചിലത് വ്യക്തമാകും. തൊണ്ണൂറ്റിമൂന്നാം വയസ്സിലും വി എസ് അച്യുതാനന്ദൻ തന്നെയാണ് മലയാളിയുടെ പ്രതീക്ഷ. വിഎസിനെ കാണാനും പറയുന്നത് കേൾക്കാനും അരുവിക്കര ഒഴുകിയെത്തുകയാണ്. പ്രതിപക്ഷ നേതാവിന്റെ വാക്കുകളെ പ്രതീക്ഷയോടെ കൈയടി നൽകി ഏറ്റുവാങ്ങുന്ന വികാരം വിലയിരുത്തിയാൽ തെരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കം സിപിഎമ്മിന്റെ എം വിജയകുമാറിന് തന്നെ. എന്നാൽ വിഎസിനെ കാണാനെത്തുന്നത് കൗതുകം കൊണ്ട് മാത്രമാണെന്ന് വിശ്വസിച്ചാണ് പ്രചരണത്തിൽ കോൺഗ്രസ് മുന്നേറുന്നത്. ആൾക്കൂട്ടത്തെ ആകർഷിക്കാൻ വിഎസിനെ പോലൊരു നേതാവില്ലാത്തത് കോൺഗ്രസിന് വെല്ലുവിളി തന്നെയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സിപിഐ(എം) പ്രചരണത്തിൽ മുൻതൂക്കം നേടിയിരുന്നു. എന്നാൽ ശബരിനാഥന്റെ മുന്നേറ്റത്തിനായിരുന്നു പിന്നീട് സാക്ഷ്യം വഹിച്ചത്. വി എസ് അച്യുതാനന്ദനെ കൺവെൻഷനിൽ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനമാണ് ഇതിന് കാരണമായത്. വി എസ് പ്രചരണത്തിന് എത്തുമോ എന്നതു പോലും സംശയമായി. ഈ ഘട്ടത്തിൽ സ്ഥാനാർത്ഥി വിജയകുമാർ തന്നെ ഇടപെട്ടു. വിഎസിനെ വീട്ടിൽ ചെന്നു കണ്ട് അനുനയിപ്പിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടതോടെ വി എസ് അരുവിക്കരയിൽ എത്തി. ഒന്നിടവിട്ട ദിവസങ്ങളിലായി അരുവിക്കരയിലെ എല്ലാ പഞ്ചായത്തിലും വി എസ് എത്തി. വിജയകുമാറിന് വേണ്ടി വോട്ട് ചോദിച്ചു. പ്രസംഗങ്ങളിൽ സർക്കാരിനെ കടന്നാക്രമിച്ചു. അഴിമതിയെ ഉപതെരഞ്ഞെടുപ്പിൽ നിറച്ചു. ഇതിനിടെ റിപ്പോർട്ടറും കൈരളിയും വെളിപ്പെടുത്തലുമായെത്തി. സോളാറും ബാർ കോഴയും ചർച്ചയായി. വീണ്ടും പ്രചരണത്തിൽ കോൺഗ്രസിന് ഒപ്പമെത്താൻ സിപിഎമ്മിനായി.

വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് എ പ്ലസ് വേണമെന്നായിരുന്നു അരുവിക്കരയിലെ ഉമ്മൻ ചാണ്ടിയുടെ ആവശ്യം. അതിന് വിഎസിന്റെ മറുപടി തന്നെയാണ് തെരഞ്ഞെടുപ്പിൽ കേട്ട കിടിലൻ ഡയലോഗ്. എ പ്ലസ് അല്ല വട്ടത്തിനുള്ള എഴുതിയ എ-സർട്ടിഫിക്കറ്റാണ് ഉമ്മൻ ചാണ്ടി സർക്കാരിന് ജനം നൽകുകയെന്നായിരുന്നു വിഎസിന്റെ പരിഹാസം. ഇവിടെക്കഴിഞ്ഞാൽ ബിജെപിയുടെ രാജഗോപാൽ പഞ്ചായത്തിലും കോർപ്പറേഷനിലും മത്സരിക്കാനെത്തുമെന്നും പറഞ്ഞു. നിറഞ്ഞ കരഘോഷമാണ് വി എസ് അരുവിക്കരയിൽ ഉണ്ടാക്കുന്നത്. അതു തന്നെയാണ് സിപിഐ(എം) പ്രതീക്ഷയുടെ ആണിക്കല്ലും. ഇതിനൊപ്പം പിണറായി വിജയനേയും മാറ്റി നിർത്താൻ കഴിയില്ല. എന്താണ് സംഘാടകന്റെ റോളെന്ന് അരുവിക്കരയ്ക്ക് കാണിച്ചു കൊടുക്കകുയാണ് പിണറായി.

സംഘടനാ തലത്തിലെ പ്രവർത്തനമെല്ലാം പിണറായിയയുടെ കൈയിലാണ്. ഒരോ ബൂത്തിലും പിണറായി എപ്പോൾ വേണമെങ്കിലുമെത്തും. ആരും ഒന്നും മുൻകൂട്ടി അറിയുകയുമില്ല. അതുകൊണ്ട് തന്നെ അണികൾക്ക് ആർക്കും ഉഴപ്പാനും കഴിയുന്നില്ല. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഗൃഹസമ്പർക്കിത്തിലും മറ്റും സിപിഎമ്മിന്റെ മുന്നേറ്റം പിണറായി ഉറപ്പുവരുത്തുന്നു. കുടുംബയോഗങ്ങളിലോ പൊതു യോഗങ്ങളിലോ പിണറായിയയെ കാണാനില്ല. എന്നാൽ മറ്റേതൊരു നേതാവിനെക്കാളും അരുവിക്കരയിലെ ഇടതുപക്ഷ പ്രവർത്തനത്തെ സ്വാധീനിക്കുന്നത് പിണറായി വിജയനാണ്. പോസ്റ്ററുകളിലും ബാനറുകളിലും ഫ്‌ലക്‌സുകളിലും വിഎസിനെ നിറയ്ക്കാനുള്ള തീരുമാനവും പിണറായി വിജയന്റേത് തന്നെ. ചെറിയ പിഴവ് പോലും തന്നെ നേരിട്ട് അറിയിക്കണമെന്ന് സാധാരണ പാർട്ടിക്കാർക്ക് പോലും പിണറായി നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതു യോഗങ്ങൾ ഒഴിവാക്കിയ കുടുംബങ്ങളിൽ നേരിട്ടെത്തുന്ന തന്ത്രമാണ് കോൺഗ്രസിന്റെ പടത്തലവൻ ഉമ്മൻ ചാണ്ടിയുടേത്. തന്റെ വിശ്വസ്തരായ തമ്പാനൂർ രവിക്കും പാലോട് രവിക്കുമാണ് ശബരിനാഥനെ ജയിപ്പിക്കേണ്ട പ്രധാന ചുമതല നൽകിയിരിക്കുന്നത്. എല്ലാം മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. പൊതു യോഗങ്ങൾ ഒഴിവാക്കിയതിലും അജണ്ടയുണ്ട്. വിഎസിന്റെ പൊതുയോഗങ്ങളിലെ ജനക്കൂട്ടം കേരളത്തിലെ ഒരു നേതാവിനും ഇല്ലെന്ന നന്നായി അറിയാവുന്ന വ്യക്തിയാണ് ഉമ്മൻ ചാണ്ടി. ആൾക്കൂട്ട താരതമ്യങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി തന്ത്രപരമായി പൊതുയോഗം ഒഴിവാക്കുകയായിരുന്നു. സിപിഎമ്മിന്റെ അഴിമതി വിരുദ്ധ മുദ്രാവക്യത്തിന്റെ മുനയൊടിക്കലാണ് വി എം സുധീരന്റെ ജോലി. ഐ ഗ്രൂപ്പിലെ വോട്ട് ചോർച്ച ഉറപ്പാക്കാൻ രമേശ് ചെന്നിത്തലയുമുണ്ട്. കാരണവരായി എ കെ ആന്റണിയും. ക്രൗഡ് പുള്ളറായി ആരു മാറിയില്ലെങ്കിലും അടിയൊഴുക്ക് ജയമൊരുക്കുമെന്ന് കോൺഗ്രസ് ക്യാമ്പ് പറയുന്നു.

അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രചരണ മുന്നേറ്റവുമാണ് ബിജെപി നടത്തിയത്. ഇന്നലെ സുരേഷ് ഗോപി പങ്കെടുത്ത യോഗങ്ങളിലെ ജനക്കൂട്ടം കണ്ട് ബിജെപി നേതൃത്വം തന്നെ ഞെട്ടി. 'നിങ്ങളുടെ ഒരൊറ്റ ചോദ്യംമതി ഈ നാടിന്റെ ചരിത്രം മാറിമറിയാൻ. ആ ചോദ്യം നിങ്ങൾ ചോദിക്കേണ്ടത് മാറി മാറി ഭരിച്ച മുന്നണികളോടാണ്' സ്വതസിദ്ധമായ ശൈലിയിൽ സൂപ്പർ താരം സുരേഷ് ഗോപി 'ഡയലോഗു' പറഞ്ഞപ്പോൾ സദസ്സിൽ ഉഗ്രൻ കരഘോഷം'നിങ്ങൾ എനിക്കു നൽകുന്ന സ്‌നേഹം രാജഗോപാലിന് വോട്ടായി നൽകണം. നരേന്ദ്ര മോദിയുടെ വികസന പദ്ധതികൾ അരുവിക്കരയ്ക്ക് ലഭിക്കാൻ രാജേട്ടനെ തന്നെ വിജയിപ്പിക്കണം' കയ്യടി മാത്രമല്ല, നരേന്ദ്ര മോദിക്കും രാജഗോപാലിനും സുരേഷ് ഗോപിക്കും ജയ് വിളികൾ ഉയർന്നു.

വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ് സുരേഷ് ഗോപിക്ക് ലഭിച്ച പിന്തുണയെന്ന് ബിജെപി പറയുന്നു. നെയ്യാറ്റിൻകരയിൽ മുപ്പതിനായിരം മാർക്ക് കടന്ന രാജഗോപാൽ അരുവിക്കരയിൽ നാൽപ്പതിനായിരം കടക്കുമെന്നും ജയിക്കുമെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP