Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അരുവിക്കരയിൽ സരിതയെ നിറച്ച്‌ നേട്ടമുണ്ടാക്കി ഇടതു പക്ഷം; പ്രതിരോധമുയർത്തി വോട്ടിൽ വിള്ളലുണ്ടാക്കാതിരിക്കാൻ കോൺഗ്രസ്; ഒത്തു തീർപ്പ് രാഷ്ട്രീയവും അഴിമതിയും ചർച്ചയാക്കി മുന്നേറാൻ ബിജെപിയും; ഉപതെരഞ്ഞെടുപ്പിൽ എല്ലാവരും സോളാറിനു പുറകേ; പ്രവചനം അസാധ്യമാക്കി ത്രികോണപോര് മുറുകുന്നു

അരുവിക്കരയിൽ സരിതയെ നിറച്ച്‌ നേട്ടമുണ്ടാക്കി ഇടതു പക്ഷം; പ്രതിരോധമുയർത്തി വോട്ടിൽ വിള്ളലുണ്ടാക്കാതിരിക്കാൻ കോൺഗ്രസ്; ഒത്തു തീർപ്പ് രാഷ്ട്രീയവും അഴിമതിയും ചർച്ചയാക്കി മുന്നേറാൻ ബിജെപിയും; ഉപതെരഞ്ഞെടുപ്പിൽ എല്ലാവരും സോളാറിനു പുറകേ; പ്രവചനം അസാധ്യമാക്കി ത്രികോണപോര് മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണ വിഷയങ്ങൾ മാറി മാറി വന്നു. ഒടുവിൽ യഥാർത്ഥ താരമെത്തി. ഇനി സരിതാ നായരും സോളാറും തന്നെയാകും പ്രധാന തെരഞ്ഞെടുപ്പ് വിഷയം. പിസി ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണി സോളാർ കഥകളുയർത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ മുന്നിലുണ്ട്. വോട്ട് കിട്ടിയില്ലെങ്കിലും മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനാണ് ജോർജിന്റെ നീക്കം. ഇടതു പക്ഷവും സരിതാ മയത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നു. മുഖ്യ പ്രചാരകനായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സരിതാ വിഷയമുയർത്തിയാണ് കത്തിക്കയറുന്നത്. രണ്ട് കൂട്ടരുടേയും ഒത്തുകളി രാഷ്ട്രീയവുമായി സോളാർ ബിജെപിയും നിറയ്ക്കുന്നത്.

കോൺഗ്രസിനായി സരിത പ്രചരണത്തിന് വരുമെന്ന കളിയാക്കലുമായാണ് വിജയകുമാറിന് വേണ്ടി സിപിഐ(എം) പ്രചരണം തുടങ്ങിയത്. സോളാർ കേസിലെ വിധി അവരും മുന്നിൽ കണ്ടില്ല. സേളാർ എന്നത് വെറുമൊരു തട്ടിപ്പ് കേസ് അല്ലെന്ന് തെളിഞ്ഞില്ലേ എന്നാണ് കോടതി വിധിയോടെ സിപിഐ(എം) ഉയർത്തുന്നത്. മുഖ്യമന്ത്രിയെ മാത്രം പൊലീസ് രക്ഷപ്പെടുത്തിയെന്നും വിമർശനം ഉയർത്തുന്നു. പുതിയ സാഹചര്യത്തിൽ സർക്കാരിനെ കടന്നാക്രമിക്കാൻ സരിത പുതിയ വെളിപ്പെടുത്തൽ നടത്തിയാൽ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കാര്യങ്ങൾ കൂടുതൽ അനുകൂലമാകുമെന്ന് സിപിഐ(എം) കരുതുന്നു.

സോളാറിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയുമാണ് ജോർജ് ആക്രമിക്കുന്നത്. കുടുംബത്തെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ജോർജ് പറയുമ്പോൾ മറ്റ് ചിലത് കൂടി സംശയ നിഴലിലാകുന്നു. സരതിയുടെ വാട്‌സ് ആപ്പിലൂടെ പ്രചരിച്ച ആറ് മിനിറ്റ് ദൃശ്യത്തിലെ വെളിപ്പെടുത്തൽ ജോർജ് ഇനിയും നടത്തിയിട്ടില്ല. മുമ്പ് എല്ലാം പറയുമെന്ന് പറഞ്ഞ് നടന്നെങ്കിലും അതുണ്ടായില്ല. ഈ വാട്‌സ് ആപ്പ് ദൃശ്യം പിസിയുടെ കൈയിലുണ്ടെന്നാണ് വിലയിരുത്തൽ. അതെങ്ങാനും പുറത്തുവിടുമോ എന്ന ഭയവും കോൺഗ്രസിനുണ്ട്. എന്നാൽ അങ്ങനൊന്ന് ജോർജിന്റെ കൈയിൽ ഇല്ലെന്ന് ഉറപ്പാക്കും തരത്തിലാണ് മുഖ്യമന്ത്രിയുടെ പോക്ക്. ചിലപ്പോൾ വാട്‌സ് ആപ്പ് ദൃശ്യങ്ങളും പുറത്തു വന്നേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കിൽ സരിതാ കഥയ്ക്ക് അരുവിക്കരയിൽ പുതിയ മാനം വരും.

എന്നാൽ ജോർജ് ഒന്നിലും പഴയ പോലെ മനസ്സ് തുറക്കുന്നില്ല. അരുവിക്കരയിൽ തന്റെ സ്ഥാനാർത്ഥി നാലാം സ്ഥാനത്തേക്ക് പോകുമെന്ന് ജോർജിന് അറിയാം. അതുണ്ടാക്കാവുന്ന നാണക്കേടിനെ പ്രതിരോധിക്കാനാണ് ശ്രമം. അതുകൊണ്ട് തന്നെ സോളാറിൽ കോടതി വിധിക്കപ്പുറമൊന്നും സംഭവിക്കാൻ ഇടയില്ല. ഉമ്മൻ ചാണ്ടിക്ക് അടി കൊടുക്കാൻ പറ്റിയ ആയുധമാണ് സരിതയുടെ വാട്‌സ് ആപ്പ് ദൃശ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അറിയാം. അരുവിക്കര തെരഞ്ഞെടുപ്പ് വിജയമുറപ്പാക്കിയ ശേഷം വാട്‌സ് ആപ്പ് ദൃശ്യം പുറത്ത് വിട്ട് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനാണ് ഐ ഗ്രൂപ്പ് തന്ത്രം.

ഏതായാലും തെരഞ്ഞെടുപ്പ് വേദികളിൽ കോൺഗ്രസും സോളാറാണ് ഉയർത്തുന്നത്. സരിതയെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന് കോടതി വിധി ഉയർത്തി വാദിക്കുന്നു. ഇതോടെ കോൺഗ്രസിന് പോലും ജി കാർത്തികേയന്റെ സഹതാപത്തേയും വിഴിഞ്ഞത്തിന്റെ വികസന രാഷ്ട്രീയത്തേയും മാറ്റി നിർത്തേണ്ടി വന്നു. സിപിഎമ്മിനെ പിന്നിലാക്കി മുന്നേറിയ പ്രചരണത്തിന് തിരിച്ചടിയാണ് സരിതാ സംഭവമെന്ന് കോൺഗ്രസുകാർക്ക് അറിയാം. അവഗണിച്ചു മുന്നേറുന്നതും അപകടമാണ്. അതുകൊണ്ട് തന്നെ കരുതലോടെ പ്രതികരിച്ച് സോളാർ കേസിൽ നേട്ടമുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടേയും ശ്രമം.

സിപിഎമ്മിന്റെ സ്ഥാനാർത്ഥി എം വിജയകുമാറും ആശ്വാസത്തിലാണ്. സോളാർ തന്നെയാണ് അദ്ദേഹത്തിന്റേയും പ്രചരണ യോഗങ്ങളിലെ മുഖ്യ അജണ്ട. ശബരിനാഥൻ സോളാർ തൊടുന്നില്ല. വികസനവും അച്ഛന്റെ ഓർമ്മകളും തന്നെയാണ് കരുത്ത്. ഇത് രണ്ടുമായി ജയിച്ച് കയറാമെന്നാണ് പ്രതീക്ഷ. വികസനവും അഴിമതിയും ഒത്തു തീർപ്പ് രാഷ്ട്രീയവുമായിരുന്നു ബിജെപി നിറച്ചിരുന്നത്. അതിന് കരുത്ത് പകരുന്നതാണ് കോടതിയുടെ വിധി. സോളാറിൽ നിറയുന്നത് അഴിമതിയും ഒത്തു തീർപ്പ് രാഷ്ട്രീയവുമാണെന്ന് അവർ വാദിക്കുന്നു. അങ്ങനെ രാജഗാപാലും പ്രചരണത്തിൽ മുന്നേറുന്നു.

പിറവം ഉപതെരഞ്ഞെടുപ്പിൽ സഹതാപമാണ് വിജയിയെ നിശ്ചയിച്ചത്. നെയ്യാറ്റിൻകരിയിൽ ടിപി കൊലപാതകവും. അരുവിക്കരയിൽ സരിത തന്നെയാകും താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP