Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ചായത്തിൽ ബിജെപി-എസ്എൻഡിപി സഖ്യം? ശക്തി കേന്ദ്രങ്ങളിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി; ജയം ഉറപ്പാക്കാൻ യോഗം പ്രവർത്തകരും; പകരം വെള്ളാപ്പള്ളിക്കും തുഷാറിനും അർഹമായ സ്ഥാനങ്ങൾ; ഗുരുവിന്റെ പേരിൽ യൂണിവേഴ്‌സിറ്റി: കേരളം പിടിക്കാൻ അമിത് ഷാ-വെള്ളാപ്പള്ളി ആക്ഷൻ പ്ലാൻ

പഞ്ചായത്തിൽ ബിജെപി-എസ്എൻഡിപി സഖ്യം? ശക്തി കേന്ദ്രങ്ങളിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി; ജയം ഉറപ്പാക്കാൻ യോഗം പ്രവർത്തകരും; പകരം വെള്ളാപ്പള്ളിക്കും തുഷാറിനും അർഹമായ സ്ഥാനങ്ങൾ; ഗുരുവിന്റെ പേരിൽ യൂണിവേഴ്‌സിറ്റി: കേരളം പിടിക്കാൻ അമിത് ഷാ-വെള്ളാപ്പള്ളി ആക്ഷൻ പ്ലാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ മുന്നേറ്റമുണ്ടാക്കാനുള്ള ബിജെപി അധ്യക്ഷൻ അമിതാ ഷായുടെ തന്ത്രങ്ങൾക്ക് പിന്തുണ നൽകാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളിയെ ഗവർണറായും മകൻ തുഷാറിനെ രാജ്യസഭാംഗമായും പരിഗണിക്കുമെന്ന് അമിത് ഷായും ഉറപ്പു നൽകി.

എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സ്ഥാനമാനങ്ങളിൽ തീരുമാനം ഉണ്ടാകൂ. തെക്കൻ ജില്ലകളിൽ എസ്എൻഡിപിയുമായി ചർച്ച ചെയ്താകും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. ശക്തി കേന്ദ്രങ്ങളിൽ എസ്എൻഡിപി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥികളെ നിർത്തിയാൽ ജയം ഉറപ്പാക്കാമെന്ന് അമിത് ഷായ്ക്ക് വെള്ളാപ്പള്ളി ഉറപ്പ് നൽകി.

കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എസ്എൻഡിപിയുടെ വേദികൾ പരസ്യ രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കില്ല. എന്നാൽ ബിജെപിക്കാകും പിന്തുണയെന്ന് വ്യക്തമാക്കുന്ന പരോക്ഷ പ്രസ്താവനകൾ വെള്ളാപ്പള്ളി തുടരും.

വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാൾ, ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ. അടുത്ത മാസം വീണ്ടും കൂടിക്കാഴ്ച നടക്കും. കൊല്ലത്ത് ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇതോടെ രാഷ്ട്രീയ കൂട്ടുകെട്ട് വ്യക്തമാകുന്ന പ്രസ്താവനകളുമായി വെള്ളാപ്പള്ളി നിറയും. ബിജെപിയിലാണ് ഭാവിയെന്ന തരത്തിലാകും നീക്കം. മോദി പിന്നോക്കകാരനാണെന്ന വാദമാകും ഇതിന് വെള്ളാപ്പള്ളി ഉയർത്തിക്കാട്ടുക.

എസ്എൻഡിപിക്കു 6500 ശാഖകളും 74,000 മൈക്രോ ഫിനാൻസ് യൂണിറ്റുകളുമുള്ളത്. ഈ സംഘടനാ സംവിധാനത്തെ ബിജെപിക്ക് അനുകൂലമാക്കി മാറ്റുകയാണ് ലക്ഷ്യം. സമൂഹത്തിന്റെ താഴെ തട്ടിൽ പ്രവർത്തിക്കുന്ന ഈ സംഘടനകൾക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയും. ഈ സാഹചര്യത്തിൽ ഈ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ളവരെ തന്നെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് നീക്കം. ഇതിലൂടെ അൻപത് ശതമാനം വനിതാ സംവരണമുള്ള പഞ്ചായത്ത്-കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ വേഗത്തിൽ കണ്ടെത്താനും കഴിയും.

ഇത്തരത്തിൽ ബിജെപിയെ സഹായിക്കുന്നതിന് എസ്എൻഡി പിക്കും ഗുണം കിട്ടും. വെള്ളാപ്പള്ളിക്കും തുഷാർ വെള്ളാപ്പള്ളിക്കും അർഹമായ സ്ഥാനം നൽകും. തൂഷാറിനെ രാജ്യസഭാ അംഗമാക്കാനും വെള്ളാപ്പള്ളിയെ ഗവർണ്ണറാക്കാനും നീക്കമുണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം തനിക്കെടുക്കാൻ കഴിയില്ലെന്ന സൂചനയാണ് വെള്ളാപ്പള്ളിക്ക് അമിത് ഷാ നൽകിയത്. പ്രധാനമന്ത്രി മോദിയുമായി കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യും. ഈ ഘട്ടത്തിൽ എസ്എൻഡിപിയുടെ ആവശ്യങ്ങളും വയ്ക്കും. മാന്യമായ സ്ഥാനങ്ങൾ നൽകാൻ പ്രധാനമന്ത്രി തയ്യാറാകുമെന്നാണ് അമിത് ഷാ അറിയിച്ചത്. മോദിയുമായി കാര്യങ്ങൾ സംസാരിച്ച ശേഷം അന്തിമ തീരുമാനം എടുക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തത വരും. മഹാരാഷ്ട്ര ഗവർണ്ണർ സ്ഥാനം വെള്ളാപ്പള്ളിക്ക് നൽകണമെന്ന് ബിജെപിയോട് തൊഗാഡിയ ആവശ്യപ്പെട്ടതായാണ് സൂചന. വെള്ളാപ്പള്ളിക്ക് മികച്ച സ്ഥാനം നൽകിയാൽ കേരളത്തിൽ അത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് തൊഗാഡിയയുടെ നിലപാട്.

കേരളത്തിൽ വർഗ്ഗീയമായ ചേരിതിരിവ് വ്യാപകമാണ്. എന്നാൽ അധികാര രാഷ്ട്രീയത്തോടാണ് ഏവർക്കും താൽപ്പര്യം. അതുകൊണ്ട് മാത്രമാണ് കോൺഗ്രസിലും സിപിഎമ്മിലും മാത്രമായി സാമുദായിക സംഘടനകളുടെ പിന്തുണ ഒതുങ്ങുന്നത്. വെള്ളാപ്പള്ളിക്കും മകനും ബിജെപി സ്ഥാനങ്ങൾ നൽകിയാൽ മറ്റുള്ളവർക്കും അത് പ്രചോദനമാകും. ഭൂരിപക്ഷ സമുദായത്തിലെ മറ്റ് വിഭാഗങ്ങളും ബിജെപിയോട് അടുക്കും. മുസ്ലിം ലീഗും ക്രൈസ്തവ സംഘടനകളും ഭരണത്തിലെ സ്വാധീനത്തിലൂടെ നേട്ടമുണ്ടാക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഈ വോട്ടുകളെല്ലാം സിപിഎമ്മിനാണ് കാലാകാലങ്ങളിൽ ലഭിക്കുന്നത്. വെള്ളാപ്പള്ളി ഓപ്പറേഷനിലൂടെ ഇതെല്ലാം ബിജെപി പക്ഷത്ത് എത്തിക്കും. ഇടുക്കിയിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മെഡിക്കൽ കോളേജിന്റെ ചുമതലയും വെള്ളാപ്പള്ളിക്കായിരിക്കും. അടുത്ത മാസം ഡൽഹിയിൽ അമിത് ഷായുമായി വെള്ളപ്പാള്ളി വീണ്ടും ചർച്ച നടത്തുന്നതോടെ കാര്യങ്ങൾക്ക് വ്യക്തത വരും.

പഞ്ചായത്ത് തെരഞ്ഞെടുപ്പു വരെ എസ്എൻഡിപിയുടെ ഭാഗത്ത് നിന്ന് രാഷ്ട്രീയ പാർട്ടീ രൂപീകരണം ഉണ്ടാകില്ല. അതിന് ശേഷം തുഷാർ വെള്ളാപ്പള്ളി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങും. അത് ബിജെപിയിലൂടെ വേണമോ സ്വന്തം പാർട്ടിയുണ്ടാക്കണമോ എന്നതിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. വരും ദിനങ്ങളിലാകും ഇക്കാര്യത്തിൽ വ്യക്തത വരിക. രാജ്യസഭാംഗമാക്കി കേന്ദ്ര മന്ത്രിസഭയിൽ എടുക്കാമെന്ന ഉറപ്പ് ലഭിച്ചാൽ തുഷാർ വെള്ളാപ്പള്ളി ബിജെപിയിൽ ചേരുമെന്നാണ് സൂചന. എന്നാൽ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാകില്ലെന്നാണ് ഇന്നത്തെ ചർച്ചയിൽ അമിത് ഷാ എടുത്ത നിലപാട്. ബിജെപിയുടെ സംസ്ഥാന നേതൃത്വവും തുഷാറിനെ പാർട്ടിയിൽ എടുക്കുന്നതിന് അനുകൂലമാണ്.

കേരളത്തിൽ ഭൂരിപക്ഷ സമുദായ ഐക്യം അനിവാര്യമാമെന്ന സന്ദേശമായി ഹൈന്ദവ ഏകീകരണത്തിന് വെള്ളാപ്പള്ളി മുൻകൈയെടുക്കും. ബിജെപിയുമായി അയിത്തമില്ല. എസ്.എൻ.ഡി.പിയുടെ താൽപര്യം സംരക്ഷിക്കുന്ന ആരുമായും സഹകരിക്കുമെന്നും വിശദീകരിക്കും. കേരളത്തിൽ ഭൂരിപക്ഷ സമുദായങ്ങൾക്ക് അവഗണനയാണ്. ന്യൂനപക്ഷങ്ങൾ എല്ലാം കൊണ്ടുപോകുകയാണ്. ഹൈന്ദവർക്ക് രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക നീതി ലഭിക്കണം. ഏതെങ്കിലും വിഭാഗത്തിന് നീതി നിഷേധിച്ചുകൊണ്ട് നേടണമെന്നല്ല എസ്.എൻ.ഡി.പി പറയുന്നത്. ഭൂരിപക്ഷ സമുദായ ഐക്യത്തിലൂടെ സാമൂഹിക നീതി നടപ്പാക്കണമെന്നാണ് ആവശ്യം. ബിജെപി ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ്. അവരുമായി സഹകരിക്കില്‌ളെന്ന് പറയാൻ എനിക്ക് ഭ്രാന്തുണ്ടോ? എന്നായിരുന്നു അമിതാ ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇടതു പക്ഷ വോട്ട് ബാങ്കുളിൽ വിള്ളലുണ്ടാക്കാൻ എസ് എൻ ഡി പിക്ക് കഴിയുമെന്നാണ് വെള്ളാപ്പള്ളിയുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത്.

കേന്ദ്രസർവകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഉടൻ നടക്കുമെന്നാണ് സൂചന. ആർ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ വച്ച് പ്രധാനമന്ത്രി മോദി തന്നെ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP