Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിണഞ്ഞ് പരിശ്രമിച്ചിട്ടും അറിയപ്പെടുന്ന നേതാക്കളെ ഒന്നും എത്തിക്കാൻ കഴിയുന്നില്ല; ഇന്നു പാർട്ടിയിൽ ചേരുമെന്ന് പറഞ്ഞവരെല്ലാം തന്നെ പ്രാദേശിക നേതാക്കൾ; നിലയും വിലയുമില്ലാതെ മറ്റ് പാർട്ടികളിൽ കഴിഞ്ഞവർക്ക് ഉന്നത പദവികൾ; സിപിഎമ്മിനേയും കോൺഗ്രസിനേയും പിളർത്തി നേതാക്കളെ എത്തിക്കുന്നതിനുള്ള ശ്രീധരൻ പിള്ളയുടെ ദൗത്യം പരാജയപ്പെട്ട അവസ്ഥയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി വീണ്ടും എത്തുമോ എന്ന് അറിയാതെ ആരേയും പൊക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് കേരളാ നേതൃത്വം

കിണഞ്ഞ് പരിശ്രമിച്ചിട്ടും അറിയപ്പെടുന്ന നേതാക്കളെ ഒന്നും എത്തിക്കാൻ കഴിയുന്നില്ല; ഇന്നു പാർട്ടിയിൽ ചേരുമെന്ന് പറഞ്ഞവരെല്ലാം തന്നെ പ്രാദേശിക നേതാക്കൾ; നിലയും വിലയുമില്ലാതെ മറ്റ് പാർട്ടികളിൽ കഴിഞ്ഞവർക്ക് ഉന്നത പദവികൾ; സിപിഎമ്മിനേയും കോൺഗ്രസിനേയും പിളർത്തി നേതാക്കളെ എത്തിക്കുന്നതിനുള്ള ശ്രീധരൻ പിള്ളയുടെ ദൗത്യം പരാജയപ്പെട്ട അവസ്ഥയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി വീണ്ടും എത്തുമോ എന്ന് അറിയാതെ ആരേയും പൊക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് കേരളാ നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനും അബ്ദുള്ള കുട്ടിയും ഒന്നും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ പിളർത്തുന്നതും നടക്കില്ല. ഈ തിരിച്ചറിവ് എത്തിയതോടെ കേരളത്തിലെ ബിജെപി നേതൃത്വം കൂടുതൽ വെട്ടിലാകുകയാണ്. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും പ്രമുഖരെ പാർട്ടിയിലെത്തിക്കണമെന്നാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ കേരള ഘടകത്തിന് നൽകിയ നിർദ്ദേശം. വടക്ക് കിഴക്കൻ മോഡലിൽ മറ്റ് പാർട്ടികളെ പിളർത്തി വളരണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വച്ചത്. എന്നാൽ സംസ്ഥാനത്തെ രാഷ്ട്രീയം ഇത്ര വലിയൊരു അട്ടിമറിക്ക് തയ്യാറായില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ നിലപാട്.

കോൺഗ്രസിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂട്ടത്തോടെ നേതാക്കളെ എത്തിക്കാനായിരുന്നു ബിജെപി ഉദ്ദേശിച്ചത്. കെ സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്തൻ, അജയ് തറയിൽ, പ്രയാർ ഗോപാലകൃഷ്ണൻ ഇങ്ങനെ നിരവധി പേരുടെ പട്ടികയും തയ്യാറാക്കി. കോൺഗ്രസിൽ അസംതൃപ്തരായ പ്രമുഖരെയാണ് ഇതിനായി കണ്ടുവച്ചത്. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായി നിലകൊള്ളുന്ന ആരും എത്തിയില്ല. കെ രാമൻനായർ മാത്രമാണ് ബിജെപിയിൽ ചേക്കേറിയത്. രാമൻനായർ ഏറെ നാളായി കോൺഗ്രസുമായി പിണങ്ങിയാണ് നിലകൊണ്ടത്. ആർക്കും വേണ്ടത്ത അവസ്ഥയോടെ കൂടുമാറി. ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ബിജെപിക്ക് ഉണ്ടാവുകയുമില്ല. ഇത് ശ്രീധരൻപിള്ളയ്ക്ക് ചീത്തപേരുമുണ്ടാക്കി. സംസ്ഥാന നേതാക്കളെ വലവിരിച്ചപ്പോൾ കിട്ടിയത് സ്‌കൂൾ കുട്ടിയെ ആണെന്ന് പോലും വ്യാഖ്യാനങ്ങളെത്തി.

എംഎം ലോറൻസിന്റെ മകളുടെ മകനെ ബിജെപി വേദിയിൽ എത്തിച്ചതാണ് ഇതിന് കാരണം. ഇതോടെ സ്‌കൂൾ കുട്ടികളെ മിഠായി കാട്ടി ശ്രീധരൻ പിള്ള തട്ടിക്കൊണ്ടു പോകുന്നുവെന്ന ട്രോളുമെത്തി. എതായാലും വമ്പൻ സ്രാവുകളെ കിട്ടാൻ കാത്തിരിക്കണമെന്നാണ് ശ്രീധരൻ പിള്ളയുടെ പക്ഷം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. മോദി വീണ്ടും അധികാരത്തിലെത്തുമോ എന്ന് ആർക്കും ഉറപ്പില്ല. ഇതാണ് പ്രമുഖർ ബിജെപിയോട് അടുക്കുന്നതിന് മടിക്കാൻ കാരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച് വീണ്ടും മോദി അധികാരം ഉറപ്പിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അങ്ങനൊരു സാഹചര്യത്തിനൊപ്പം കേരളത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപി സ്വന്തം നിലയിൽ കരുത്തു കാട്ടുകയും വേണം. എങ്ങിൽ നിരവധി പേർ ബിജെപിയിലേക്ക് എത്തുമെന്നാണ് ശ്രീധരൻ പിള്ളയുടെ നിലപാട്.

അതിനിടെ പാർട്ടിയിൽ അംഗത്വമെടുത്തവർക്കെല്ലാം പദവികൾനൽകി ബിജെപി. കൂടുതൽപേരെ വലവീശുകയാണ്. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കെപിസിസി. പ്രവർത്തകസമിതി അംഗവുമായിരുന്ന ജി. രാമൻനായരെ സംസ്ഥാന ഉപാധ്യക്ഷനാക്കിയതിനു പിന്നാലെ മറ്റുള്ളവരെ സംസ്ഥാന കമ്മിറ്റിയംഗങ്ങളായി നാമനിർദ്ദേശം ചെയ്തു. ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, മുൻ വനിതാ കമ്മിഷൻ അംഗം പ്രമീളാദേവി, ജെ.ഡി.എസ്. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ നായർ, മലങ്കര സഭാംഗം സി. തോമസ് ജോൺ, സിപിഎമ്മിന്റെ ചെങ്ങന്നൂരിലെ മുതിർന്ന നേതാവായിരുന്ന എം.എ. ഹരികുമാർ എന്നിവരെയാണ് സമിതി അംഗങ്ങളാക്കിയത്.

ഇന്നും ബിജെപിക്കൊപ്പം കൂടുതൽ പേരെത്തുമെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. പത്തനംതിട്ടയിലെ നേതാക്കളാകും ബിജെപിയിൽ ചേരുക. എന്നാൽ ഇവരും വെറും പ്രാദേശിക നേതാക്കൾ മാത്രമാണ്. അതായത് സംസ്ഥാന തലത്തിലെ തലയെടുപ്പുള്ള നേതാക്കൾക്കെല്ലാം ബിജെപിയിൽ നിന്ന് അകലം പാലിക്കാനാണ് താൽപ്പര്യം. ആ വിഷയത്തിൽ സംസ്ഥാന നേതാക്കൾക്ക് കർശന താക്കീത് നൽകിയാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ നിന്ന് മടങ്ങിയത്. ചെറുമീനുകളെ കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്തുകൊണ്ടു വന്ന് ആളാകാൻ ശ്രമിക്കരുതെന്ന നിർദ്ദേശവും അമിത് ഷാ നൽകിയിട്ടുണ്ട്. കണ്ണൂരിൽ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇതിനിടെ ബിജെപി നേതാക്കളുമായി രാഷ്ട്രീയം ചർച്ചയാക്കി. അപ്പോഴാണ് ശ്രീധരൻപിള്ളയെ വിയർപ്പിക്കുന്ന തരത്തിൽ അമിത് ഷാ ക്ഷോഭിച്ചത്.

തിരുവനന്തപുരത്തെ ചർച്ചയ്ക്കിടെയാണ് ശ്രീധരൻപിള്ളയെ അമിത് ഷാ ശാസിച്ചത്. അഞ്ച് പേരാണ് ബിജെപിയിൽ പുതുതായി അംഗത്വമെടുത്തത്. ഐഎസ്ആർഒയുടെ മുൻ ചെയർമാൻ മാധവൻ നായരാണ് ബിജെപിയിൽ ചേർന്ന പ്രമുഖൻ. ഒപ്പം രാമൻ നായരും. ഏറെ നാളായി മാധവൻ നായർ പരിവാർ പ്രസ്ഥാനങ്ങൾക്കൊപ്പമാണുള്ളത്. അതുകൊണ്ട് തന്നെ രാമൻനായരെ സംഭവമായി അമിത് ഷായ്ക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ശ്രീധരൻപിള്ള ശ്രമിച്ചത്. കോൺഗ്രസിന്റെ സർവ്വാദരണീയ നേതാവാണ് രാമൻനായരെന്നും കേരളത്തിൽ ഏറെ സ്വാധീനമുള്ള നേതാവാണെന്നുമെല്ലാം പറഞ്ഞു വയ്ക്കാൻ ശ്രമിച്ചു. ഇതോടെയാണ് അമിത് ഷാ പൊട്ടിത്തെറിച്ചത്. രാമൻനായർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ മാത്രമാണ് കേരളത്തിൽ അറിയപ്പെടുന്നതെന്ന വസ്തുത അമിത് ഷാ മനസ്സിലാക്കിയരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ വിശദീകരണം വേണ്ടെന്നായിരുന്നു ശ്രീധരൻ പിള്ള അമിത് ഷാ പറഞ്ഞത്.

ഇതിനൊപ്പം ശാസനയും എത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ജയിച്ചേ മതിയാകൂവെന്ന് പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെ പോയാൽ ഒരു സാഹായവും കിട്ടില്ലെന്നു അറിയിച്ചു. ഇതോടെ ശ്രീധരൻ പിള്ള പ്രതിരോധത്തിലായി. തിരുവനന്തപുരത്ത് ഉറപ്പായും ജയിക്കുമെന്ന് പറഞ്ഞാണ് അമിത് ഷായെ ആശ്വസിപ്പിച്ചത്. തിരുവനന്തപുരത്ത് ലോക്സഭയിൽ ജയിക്കുന്നതോടെ വലിയ മാറ്റം കേരളത്തിലുണ്ടാകും. ഇതിന് ശബരിമലയിൽ വിശ്വാസികൾക്ക് അനുകൂലമായി നിലപാട് എടുക്കണമെന്നും അഭ്യർത്ഥിച്ചു. എല്ലാ സഹായവും ചെയ്യാമെന്നും ലോക്സഭയിൽ കേരളത്തിൽ നിന്ന് ബിജെപി അംഗം ഉണ്ടായേ മതിയാകൂവെന്നും നിലപാട് അറിയിച്ചാണ് അമിത് ഷാ മടങ്ങുന്നത്. ശബരിമലയിൽ നിരന്തര പ്രക്ഷോഭം വേണമെന്നും ആവശ്യപ്പെട്ടു. പ്രധാന പ്രതിപക്ഷമെന്ന തോന്നൽ ഉണ്ടാക്കിയാൽ മാത്രമേ ജയിക്കാനാവൂവെന്നും അറിയിച്ചു. ഇതെല്ലാം ശ്രീധരൻ പിള്ള ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

വമ്പൻ സ്രാവുകളെ ബിജെപിയിൽ ചേർക്കുക. അതും തീർത്തും അപ്രതീക്ഷിതമായി. ഇതാണ് രാജ്യത്തെങ്ങും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാഷ്ട്രീയ നേട്ടത്തിനുണ്ടാക്കുന്ന തന്ത്രം. എന്നാൽ കേരളത്തിൽ മാത്രം പടിച്ച പണി പതിനെട്ടും നോക്കിയിട്ടും അതിന് കഴിയുന്നില്ല. കേരളത്തിലെ സാമൂഹിക സാസ്‌കാരിക മേഖലയിൽ നിന്ന് വമ്പൻ വ്യക്തിത്വത്തെ ഇനിയും ബിജെപിക്ക് കിട്ടുന്നില്ല. നടൻ സുരേഷ് ഗോപിയും ക്രിക്കറ്റർ ശ്രീശാന്തും മാത്രാണ് ബിജെപിയോട് അടുത്ത സെലിബ്രട്ടികൾ. കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോഴും അമിത് ഷാ പ്രമുഖരെ ബിജെപിയിൽ എത്തിക്കാൻ ശ്രമിച്ചു. അന്ന് വെഞ്ഞാറമൂട് ശശിയെന്ന പ്രാദേശിക നേതാവിനെയാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം അമിത് ഷായെ പരിചയപ്പെടുത്തി. കേരളത്തിലെത്തുമ്പോഴും അമിത് ഷാ പലതും പ്രതീക്ഷിച്ചു. എന്നാൽ ഒന്നും നടന്നില്ല. ഇതിനിടെയാണ് രാമൻനായരുടെ മാഹാത്മ്യം വിളമ്പി ശ്രീധരൻ നായർ എത്തിയത്.

കെ സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ, മോഹൻലാൽ തുടങ്ങിയ വമ്പൻ പേരുകാരെ ബിജെപിയിൽ അടുപ്പിക്കാനാണ് കേരള നേതൃത്വത്തിന് അമിത് ഷാ നൽകിയ നിർദ്ദേശം. സജീവമായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടപെടുന്ന ആരും ബിജെപിക്കൊപ്പം ചേരാൻ തയ്യാറല്ല. ഇത് മറിച്ചു പിടിക്കാനാണ് രാമൻനായരെ ഉയർത്തി ശ്രീധരൻ പിള്ള ശ്രമിച്ചത്. ഇതോടെ ചെറുമീനുകളെ എത്തിച്ച് തന്നെ കേരളാ നേതൃത്വം പറ്റിക്കുകയാണെന്ന തോന്നൽ അമിത് ഷായിൽ സജീവമായി. ഇത് ശ്രീധരൻ പിള്ളയ്ക്ക് തിരിച്ചറിയാനുമായി. അതുകൊണ്ട് കൂടിയാണ് മോദി അധികാരം ഉറപ്പിച്ചാലേ വമ്പൻ സ്രാവുകൾ ബിജെപിയിലേക്ക് വരൂവെന്ന് ശ്രീധരൻ പിള്ള നിലപാട് എടുക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP