Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേന്ദ്രത്തിൽ ഗഡ്കരിയുടെ പിടി അയഞ്ഞപ്പോൾ പിണറായി ബുദ്ധി സാക്ഷാൽ അമിത്ഷായെ പാട്ടിലാക്കാൻ; വള്ളംകളിക്ക് ക്ഷണിച്ച രാഷ്ട്രീയ നയതന്ത്രം തിരിച്ചറിഞ്ഞ് ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്റെ നോ പറയൽ; വിവാദങ്ങളും വിമർശനങ്ങളുമായപ്പോൾ സുരക്ഷാ കാരണങ്ങളുടെ പേരിൽ പിൻവാങ്ങൽ; ലാവലിൻ പേടിക്കിടെ പിണറായിയുടെ തന്ത്രം പാളുമ്പോൾ

കേന്ദ്രത്തിൽ ഗഡ്കരിയുടെ പിടി അയഞ്ഞപ്പോൾ പിണറായി ബുദ്ധി സാക്ഷാൽ അമിത്ഷായെ പാട്ടിലാക്കാൻ; വള്ളംകളിക്ക് ക്ഷണിച്ച രാഷ്ട്രീയ നയതന്ത്രം തിരിച്ചറിഞ്ഞ് ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്റെ നോ പറയൽ; വിവാദങ്ങളും വിമർശനങ്ങളുമായപ്പോൾ സുരക്ഷാ കാരണങ്ങളുടെ പേരിൽ പിൻവാങ്ങൽ; ലാവലിൻ പേടിക്കിടെ പിണറായിയുടെ തന്ത്രം പാളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാവലിൻ കേസ് സെപ്റ്റംബർ 13ന് പരിഗണിക്കാൻ ഇരിക്കവേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ നെഹ്രുട്രോഫി വള്ളംകളി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചത്. ഈ രണ്ട് സാഹചര്യങ്ങളും ഒരുമിച്ചു വന്നതോടെയാണ് ഷായെ ക്ഷണിച്ച നടപടി കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറിയതും. ഒരാഴ്‌ച്ച മുമ്പ് ബിജെപി പാർലമെന്ററി ബോർഡിൽ നിന്നും നിതിൻ ഗഡ്കരിയെ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധം പുലർത്തുന്ന നേതാവാണ് ഗഡ്കരി. അദ്ദേഹത്തിന് കേന്ദ്രത്തിൽ പിടി അയഞ്ഞതോടെ കേന്ദ്രത്തിലെ സുപ്രീം പവറായ അമിത്ഷായുമായി ബന്ധം സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമം നടത്തിയത്. ഈ നീക്കാണ് ഷായുടെ നോ പറയലിൽ പാളുന്നത്.

നെഹ്‌റു ട്രോഫി വള്ളംകളിക്ക് കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കില്ലെന്ന് അറിയിച്ചത് ഇന്നലെയാണ്. സംസ്ഥാനത്തെ ബിജെപിക്കാരുടെ അടക്കം താൽപ്പര്യം പരിഗണിച്ചു കൊണ്ടാണ് ഈ നടപടിയെന്നാണ് അറിയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴ ഉൾപ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നു വ്യക്തമായത്. അമിത്ഷായെ നെഹ്രുട്രോഫി വള്ളംകളിക്ക് ക്ഷണിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കോൺഗ്രസുകാർ വിമർശനവുമായി രംഗത്തു വരികയും ചെയ്തു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റവും. ഇത് രാഷ്ട്രീയമായി പിണറായിക്ക് തിരിച്ചടിയായി മാറിയിരിക്കയാണ്.

സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു സൂചനയാണ് നൽകുന്നതെങ്കിലും നിലവിലെ രാഷ്ട്രീയ വിവാദങ്ങളും പിൻവാങ്ങളിന് പിന്നിലുണ്ടെന്് അനുമാനങ്ങളുണ്ട്. സംസ്ഥാന സർക്കാർ അമിത് ഷായെ വള്ളംകളിക്കു ക്ഷണിച്ചതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് അദ്ദേഹം എത്തില്ലെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

സെപ്റ്റംബർ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിനെത്തുന്ന അമിത് ഷായെ, നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് കത്തയച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച മുഖ്യമന്ത്രിയുടെ ഓഫിസ്, കോവളത്തെത്തുന്ന എല്ലാ മുഖ്യാതിഥികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അനൗദ്യോഗികമായി വിശദീകരിച്ചിരുന്നു.

അതേസമയം, അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി വിവിധ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു എന്ന് ആരോപിച്ച് എൻ.കെ.പ്രേമചന്ദ്രൻ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കളെന്നും സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു.

''ബിൽക്കിസ് ബാനു സംഭവം നടക്കുമ്പോൾ അമിത് ഷാ ആയിരുന്നു ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രി. ബിൽക്കിസ് ബാനുവിന്റെ കേസിൽ ആളുകളെയൊക്കെ വെറുതെ വിട്ടത് ദേശീയ തലത്തിൽ ചർച്ചയാകുമ്പോൾ എന്താണ് കേരളത്തിലെ മുഖ്യമന്ത്രി അമിത് ഷായെ വിളിച്ചതിനു പിന്നിലെന്ന് പറയണം. ലാവ്ലിൻ കേസ് സുപ്രീംകോടതി എടുക്കാൻ പോകുന്നതാണോ അതോ സ്വർണക്കടത്തു കേസാണോ പ്രശ്‌നം? പകൽ ബിജെപി വിരോധവും രാത്രിയിൽ ബിജെപി നേതാക്കളുമായുള്ള ചർച്ചയുമാണ് കുറേ കാലങ്ങളായി കേരളത്തിൽ നടക്കുന്നത്' സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ ചെരുപ്പ് നക്കുന്ന സ്വഭാവമാണെന്നായിരുന്നു കെ.മുരളീധരൻ എംപിയുടെ പ്രതികരണം. അമിത് ഷായെ ക്ഷണിച്ചതിനെ 'സ്വാഭാവികം' എന്ന് പരിഹസിച്ച് വി.ടി.ബൽറാമും ഫേസ്‌ബുക് പോസ്റ്റിട്ടു. അതേസമയം, അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ചതിനെതിരായ വിമർശനങ്ങൾ തള്ളുകയാണ് നിയുക്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ ചെയ്തത്. വള്ളംകളിയിൽ അമിത് ഷാ പങ്കെടുക്കുന്നതിൽ അദ്ഭുതമില്ല. കേന്ദ്ര ഭരണാധികാരിയെ കാണാനും മിണ്ടാനും പാടില്ലെന്നു പറയുന്നത് തെറ്റാണ്. എൽഡിഎഫ് രാഷ്ട്രീയ നിലപാട് വച്ചല്ല ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുക. ലാവ്‌ലിൻ കേസ് ബിജെപി കോടതിയിലല്ല, സുപ്രീംകോടതിയിലാണുള്ളതെന്നും വിമർശനങ്ങൾക്കു മറുപടിയായി എം.വി ഗോവിന്ദൻ പറഞ്ഞു.

ശനിയാഴ്ച കോവളത്തു നടക്കുന്ന സതേൺസോണൽ കൗൺസിൽ യോഗമാണ് അമിത്ഷായുടെ പ്രധാന പരിപാടി. രണ്ടിന് വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന അമിത്ഷായ്ക്ക് വിമാനത്താവളത്തിൽ ബിജെപി. സ്വീകരണമൊരുക്കും. കോവളത്തെ ഹോട്ടൽ റാവീസിൽ സതേൺ കൗൺസിൽ യോഗത്തിൽ സംബന്ധിക്കുന്ന വിശിഷ്ടാതിഥികൾക്കുള്ള സാംസ്‌കാരികപരിപാടികളിൽ സംബന്ധിക്കും.

മൂന്നിന് 11-ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ലക്ഷദ്വീപ്, അന്തമാൻ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ള ഭരണാധികാരികളും പങ്കെടുക്കുന്ന സതേൺ കൗൺസിൽ യോഗം അമിത്ഷാ ഉദ്ഘാടനംചെയ്യും. ഉച്ചഭക്ഷണത്തിനുശേഷം സർക്കാർതലത്തിലുള്ള യോഗത്തിൽ സംബന്ധിക്കും. മൂന്നുമണിക്ക് കഴക്കൂട്ടം അൽസാജിൽ നടക്കുന്ന പട്ടികജാതിസംഗമം ഉദ്ഘാടനംചെയ്യും. രാത്രി മടങ്ങും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP