Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനം ഭരിക്കാൻ അനുമതി നൽകിയത് അഞ്ച് വർഷത്തേക്ക്; അപ്പോൾ ഞാൻ പറയുന്നത് നിങ്ങൾ കേട്ടേ മതിയാവൂ; കോൺഗ്രസ് ചെയ്ത പലതും തിരുത്താൻ കൂടിയാണ് ഞങ്ങൾക്കുള്ള ജനവിധി; ഉറച്ച സ്വരത്തിൽ അമിത് ഷാ പറഞ്ഞപ്പോൾ നിശബ്ദരായി എംപിമാർ; ഒരു കാലത്ത് ആലോചിക്കാൻ പോലും കഴിയാത്ത നിലപാടുകൾ എടുക്കുകയും വിമർശനങ്ങളെ ഒറ്റയ്ക്ക് നേരിടുകയും ചെയ്ത അമിത് ഷാ മുന്നേറുമ്പോൾ അമ്പരന്ന് പ്രതിപക്ഷം; മോദിയുടെ ഇന്ത്യ അമിത് ഷായുടെ ഇന്ത്യയായി മാറുന്നത് നോക്കി നിൽക്കുമ്പോൾ

ജനം ഭരിക്കാൻ അനുമതി നൽകിയത് അഞ്ച് വർഷത്തേക്ക്; അപ്പോൾ ഞാൻ പറയുന്നത് നിങ്ങൾ കേട്ടേ മതിയാവൂ; കോൺഗ്രസ് ചെയ്ത പലതും തിരുത്താൻ കൂടിയാണ് ഞങ്ങൾക്കുള്ള ജനവിധി; ഉറച്ച സ്വരത്തിൽ അമിത് ഷാ പറഞ്ഞപ്പോൾ നിശബ്ദരായി എംപിമാർ; ഒരു കാലത്ത് ആലോചിക്കാൻ പോലും കഴിയാത്ത നിലപാടുകൾ എടുക്കുകയും വിമർശനങ്ങളെ ഒറ്റയ്ക്ക് നേരിടുകയും ചെയ്ത അമിത് ഷാ മുന്നേറുമ്പോൾ അമ്പരന്ന് പ്രതിപക്ഷം; മോദിയുടെ ഇന്ത്യ അമിത് ഷായുടെ ഇന്ത്യയായി മാറുന്നത് നോക്കി നിൽക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രോട്ടോകോൾ അനുസരിച്ച് കേന്ദ്ര മന്ത്രിസഭയിലെ ഒന്നാമൻ പ്രധാനമന്ത്രി. രണ്ടാമത്തെ ഇരിപ്പിടം പ്രതിരോധ മന്ത്രിക്ക്. അമിത് ഷാ മൂന്നാമനാണ്. എന്നാൽ കാര്യങ്ങളിൽ കളി മറിച്ചാണ്. മോദിയുടെ ഇന്ത്യ... അമിത് ഷായുടെ ഇന്ത്യയായി മാറുകയാണ്. കാശ്മീരിലേയും ദേശീയ പൗരത്വ ഭേദഗതിയിലേയും നിയമ നിർമ്മാണം അമിത് ഷായുടെ കരുത്തിന്റെ പ്രതിഫലനമായി വിലയിരുത്തുന്നവരുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധങ്ങളെ തകർത്തെറിഞ്ഞാണ് അമിത് ഷാ നിയമ നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകുന്നത്. രാജ്യസഭയിൽ ഇല്ലാത്ത ഭൂരിപക്ഷത്തെ അമിത് ഷാ ഉണ്ടാക്കിയെടുക്കുന്നത് ചില പ്രാദേശിക കക്ഷികളെ കണ്ണുരുട്ടി കാട്ടിയാണെന്ന വിമർശനവും ഉണ്ട്. മുന്നണിയിൽ ഇല്ലാത്ത ടിഡിപിയും വൈ എസ് ആർ കോൺഗ്രസും ബിജു ജനതാദള്ളും അനുസരിക്കുന്നതും അമിത് ഷായെയാണ്.

ഞങ്ങൾക്കു ജനം ഭരിക്കാൻ അധികാരം തന്നിരിക്കുന്നത് അഞ്ചു വർഷത്തേക്കാണ്. അപ്പോൾ ഞാൻ പറയുന്നതു നിങ്ങൾ കേട്ടേ മതിയാകൂ... ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശക്തമായ സ്വരം പ്രതിപക്ഷത്തെ പോലും നിശബ്ദരാക്കുന്നു. 'മോദിയുടെ ഇന്ത്യയിൽ ഭരണഘടനയാണു മതം. ബില്ലിന്റെ ചർച്ചാവേളയിൽ കൊണ്ടും കൊടുത്തും ലോക്‌സഭയിൽ മുന്നേറിയ അമിത് ഷായുടെ നിലപാടു തന്നെയാണ് രാജ്യസഭയിലും താരമായത്. 'മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത് പലതും തിരുത്താൻ കൂടിയാണ്.' ഷാ വിശദീകരിച്ചു. കശ്മീരിനു പ്രത്യേക പദവി നൽകുന്ന. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയപ്പോഴും പൗരത്വ ഭേദഗതി ബിൽ ഇരുസഭയിലും വോട്ടിനിട്ടപ്പോഴും വിജയിച്ചത് അമിത് ഷായുടെ തന്ത്രങ്ങളാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെന്ന നേതാവിനെ ഉയർത്തിക്കാട്ടി വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബിജെപിയുടെ അടുത്ത മുഖം അമിത് ഷായാണെന്ന സൂചനകളാണ് ഇതെല്ലാം നൽകുന്നത്.

തന്ത്രങ്ങളിലൂടെ പ്രതിപക്ഷത്തെ ചതിച്ചു വീഴ്‌ത്തി നേട്ടമുണ്ടാക്കുന്ന പാർലമെന്റേറിയനാണ് അമിത് ഷാ. ഇന്ത്യ അതിർത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെയാണ് പൗരത്വ ബില്ലിൽ പരിഗണിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ഒറ്റ മറുചോദ്യമെറിഞ്ഞു പ്രതിപക്ഷ ബെഞ്ചുകളെ അമിത് ഷാ നിശബ്ദതയിൽ മൂടി. 'ഇന്ത്യയും അഫ്ഗാനിസ്ഥാനും 106 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ടെന്നാണു എന്റെ ധാരണ. പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമല്ല എന്നാണോ പ്രതിപക്ഷം കരുതുന്നത്.' അമിത് ഷായുടെ ആ മറുചോദ്യത്തിന് മുമ്പിൽ പ്രതിപക്ഷം ചൂളി പോയി. ഒരോ വാക്കും വ്യക്തമായ ധാരണയോടെയാണ് പറയുന്നതെന്നും ബിജെപിയുടെയും സംഘപരിവാരിന്റെയും പ്രത്യയശാസ്ത്രം അമിത് ഷാ കൗശലത്തോടെ നടപ്പാക്കുകയാണെന്നും ഏവരും തിരിച്ചറിയുന്നുണ്ട്. പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ വോട്ടിനിട്ടപ്പോൾ പ്രതീക്ഷിച്ചത്ര വോട്ട് പ്രതിപക്ഷത്തിനു ലഭിക്കാതിരുന്നത് അവരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായി. ശിവസേനയുടെ എംപിമാർ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുന്നതു തടയാൻ പോലും പ്രതിപക്ഷത്തിനു കഴിയാതെ വന്നു. ഇതെല്ലാം ബിജെപിയുടെ ചടുലമായ നീക്കങ്ങളുടെ വിജയമായിരുന്നു.

മോദിയുടെ പിൻഗാമിയായി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്നായിരുന്നു 2014ൽ ഏവരും കരുതിയത്. എന്നാൽ അമിത് ഷായുടെ മോഹങ്ങൾ ഡൽഹിയിലേക്കാണ് നോട്ടമിട്ടത്. അതുകൊണ്ട് തന്നെ മോദി പ്രധാനമന്ത്രിയായപ്പോൾ അമിത് ഷാ ബിജെപിയുടെ അധ്യക്ഷനായി. ബിജെപിയെ ദേശീയ രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായി വളർത്തിയത് എൽകെ അദ്വാനിയാണ്. അദ്വാനിയുടെ ശക്തമായ ഇടപെടലുകളാണ് ബിജെപിയെ വാജ്പേയിലൂടെ ഭരണത്തിലെത്തിച്ചത്. അന്ന് അദ്വാനി എടുത്തതിനേക്കാൾ അതിശക്തമായ നിലപാടാണ് 2014ൽ പാർട്ടി പ്രസിഡന്റായ അമിത് ഷാ എടുത്തത്. 2019ൽ ബിജെപിയെ 303 സീറ്റുമായി അമിത് ഷാ അധികാരത്തിലേക്ക് എത്തിച്ചു. മോദിയെ ബ്രാൻഡ് കൃത്യമായി വിപണനം ചെയ്തായിരുന്നു അമിത് ഷാ ഉത്തരേന്ത്യയിൽ പിടിമുറുക്കിയത്. രണ്ടാം വട്ടം ബിജെപി അധികാരത്തിൽ എത്തിയപ്പോൾ പാർട്ടിക്കൊപ്പം ഭരണത്തിലും പിടിമുറുക്കുകയാണ് അമിത് ഷാ. ലക്ഷ്യം മോദി വിരമിക്കുമ്പോൾ പ്രധാനമന്ത്രിയാവുക എന്നതു തന്നെ.

ആദ്യ മോദി മന്ത്രിസഭയിൽ രാജ്നാഥ് സിംഗിനായിരുന്നു ആഭ്യന്തരം. മോദിയോളം പാർട്ടിയിൽ സീനിയർ. എന്നാൽ രണ്ടാം തവണ അധികാരം കിട്ടുമ്പോൾ ആഭ്യന്തരം അമിത് ഷായ്ക്കാണ് മോദി നൽകിയത്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മോദിക്കും രാജ്നാഥ് സിംഗിനും പിന്നാലെ മൂന്നാമനായിട്ടായിരുന്നു അമിത് ഷായുടെ അധികാരമേൽക്കൽ. എന്നാൽ മന്ത്രി കസേരയിൽ എത്തിയതോടെ മോദിയുടെ യഥാർത്ഥ രണ്ടാമനായി അമിത് ഷാ മാറി. മന്ത്രിമാരെ നിയന്ത്രിക്കുന്നതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമെല്ലാം അമിത് ഷായാണ്. വ്യക്തമായ തീരുമാനങ്ങളാണ് അമിത് ഷായ്ക്കുള്ളത്. നേതാക്കൾ ചർച്ചയ്ക്കെത്തുന്നതും മന്ത്രിമാരെ നിയന്ത്രിക്കുന്നതും വരെ ആഭ്യന്തര മന്ത്രിയാണ്. പ്രധാന തീരുമാനങ്ങളിൽ ഒഴികെ ഒന്നിലും മോദി ഇടപെടില്ല. ഏകാധിപതിയാണ് താനെന്ന പ്രചരണങ്ങളെ ചെറുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 75 വയസ്സു കഴിയുന്നവർ മന്ത്രിമാർ ആകേണ്ടതില്ലെന്നാണ് മോദിയുടെ തീരുമാനം. ബിജെപിയിലെ പ്രമുഖരെ പലരേയും മോദി മൂലയ്ക്കിരുത്തിയത് ഈ വാദമുയർത്തിയാണ്. മോദിക്ക് ഇപ്പോൾ 69 വയസ്സായി. അതായത് ആറ് കൊല്ലം കഴിയുമ്പോൾ രാഷ്ട്രീയ റിട്ടയർമെന്റിന് മോദി തയ്യാറാകും. അതിന് മുമ്പ് രാജ്യത്തെ അതിശക്തനായ ഭരണാധികാരിയായി അമിത് ഷായെ മാറ്റുകയാണ് ലക്ഷ്യം.

ഇതിന് വേണ്ടിയാണ് ഭരണത്തിലെ നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അധികാരം അമിത് ഷായ്ക്ക് മോദി വിട്ടു നൽകുന്നത്. ഗുജറാത്തിലെ കച്ചവട കുടംബത്തിലെ അംഗമായ അമിത് ഷായ്ക്ക് കാര്യങ്ങൾ ഏകോപിപ്പിക്കാനുള്ള മിടുക്കുണ്ടെന്ന് മോദിക്കും അറിയാം. അങ്ങനെ ഭാവി പ്രധാനമന്ത്രിയായി അമിത് ഷായെ ഉയർത്തിക്കാട്ടുകയാണ് ബ്രാൻഡ് മോദി ഇപ്പോൾ. മോദി സർക്കാരിൽ സുപ്രധാന അധികാര കേന്ദ്രമായി മാറിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫിസ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഷാ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. അയൽപക്കത്തുള്ള ശാഖകളിൽ ഷാ, സ്ഥിരം സാന്നിദ്ധ്യമായിരുന്നു. അഹമ്മദാബാദിലെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഒരു സന്നദ്ധപ്രവർത്തകനായി സംഘത്തിൽ ചേരുന്നത്. ആർ.എസ്സ്.എസ്സ് പ്രവർത്തനകാലഘട്ടത്തിലാണ് 1982 ൽ അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കാണുന്നത്. അഹമ്മദാബാദിലെ യുവതലമുറയെ സംഘടിപ്പിക്കാനുള്ള ചുമതലയുള്ള ആർ.എസ്സ്.എസ്സ് പ്രചാരക് ആയിരുന്നു അക്കാലത്ത് നരേന്ദ്ര മോദി. അന്ന് തുടങ്ങിയ അടുപ്പം ഇപ്പോഴും തുടരുന്നു. 1990 കളിൽ നരേന്ദ്ര മോദി ബിജെപിയുടെ ജനറൽ സെക്രട്ടറിയായതോടെ, ഷായുടെ ഉയർച്ചകൾ തുടങ്ങി.

നരേന്ദ്ര മോദിയുടെ അനുഗ്രാഹിശ്ശിസുകളോടെ, ഷാ ഗുജറാത്ത് സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്തു. ശങ്കർസിങ് വഗേല മുതലായ വിമതർ പാർട്ടിയിൽ മോദിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ, ഭാരതീയ ജനതാ പാർട്ടി, മോദിയെ ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്കു മാറ്റി. മോദി മുഖ്യമന്ത്രിയായപ്പോൾ അമിത് ഷാ ഗുജറാത്തിലെ അധികാര കേന്ദ്രമായി. ഇത് തന്നെയാണ് മോദി ഡൽഹിയിൽ കാലുറപ്പിച്ചപ്പോഴും സംഭവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP