Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭീകരന്മാർ വാ തുറന്നില്ല; ഹുറിയത്തിലെ ഒരു ഗ്രൂപ്പുകാരും ബന്ദ് പ്രഖ്യാപിച്ചില്ല; ഒറ്റക്കടകളും അടഞ്ഞ് കിടക്കുകയോ ആരെങ്കിലും ബഹിഷ്‌കരിക്കുകയോ ചെയ്തില്ല; മുപ്പതു കൊല്ലത്തെ കാശ്മീരി ചരിത്രത്തിൽ ആദ്യമായി വിഘടനവാദികളും രാഷ്ട്രീയക്കാരും ബഹിഷ്‌കരിക്കുകയോ ബന്ദു നടത്തുകയോ ചെയ്യാതെ സന്ദർശനം നടത്തുന്ന ആഭ്യന്തര മന്ത്രിയായി അമിത് ഷാ; താടിയുള്ള അപ്പനേയേ പേടിയുള്ളൂ എന്ന പഴഞ്ചൊല്ല് അർത്ഥവത്താക്കി അമിത് ഷായുടെ കാശ്മീർ സന്ദർശനം

ഭീകരന്മാർ വാ തുറന്നില്ല; ഹുറിയത്തിലെ ഒരു ഗ്രൂപ്പുകാരും ബന്ദ് പ്രഖ്യാപിച്ചില്ല; ഒറ്റക്കടകളും അടഞ്ഞ് കിടക്കുകയോ ആരെങ്കിലും ബഹിഷ്‌കരിക്കുകയോ ചെയ്തില്ല; മുപ്പതു കൊല്ലത്തെ കാശ്മീരി ചരിത്രത്തിൽ ആദ്യമായി വിഘടനവാദികളും രാഷ്ട്രീയക്കാരും ബഹിഷ്‌കരിക്കുകയോ ബന്ദു നടത്തുകയോ ചെയ്യാതെ സന്ദർശനം നടത്തുന്ന ആഭ്യന്തര മന്ത്രിയായി അമിത് ഷാ; താടിയുള്ള അപ്പനേയേ പേടിയുള്ളൂ എന്ന പഴഞ്ചൊല്ല് അർത്ഥവത്താക്കി അമിത് ഷായുടെ കാശ്മീർ സന്ദർശനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: താടിയുള്ള അപ്പനെയേ പേടിയുള്ളൂ.. ഈ പഴഞ്ചൊല്ല് അർത്ഥവത്താക്കിയാണ് അമിത് ഷാ ജമ്മു-കാശ്മീരിൽ നിന്ന് മടങ്ങുന്നത്. ആർക്കും അമിത് ഷായുടെ വരവിനോട് എതിർപ്പില്ലായിരുന്നു. പ്രധാനമന്ത്രിമാർ എത്തുമ്പോൾ പോലും ബന്ദും ഹർത്താലും നടത്തുന്നവരൊന്നും അമിത് ഷായുടെ വരവിൽ വിവാദമുണ്ടാക്കാൻ പോയില്ല. അതിശക്തനായ ആഭ്യന്തര മന്ത്രി കാശ്മീരിൽ എത്തിയപ്പോൾ എല്ലാവരും നിശബ്ദരായി. ലക്ഷ്യമെല്ലാം നിറവേറ്റിയാണ് അമിത് ഷാ മടങ്ങുന്നത്. അതായത് കേന്ദ്ര സർക്കാരിനെതിരെ ഒരു പ്രതിഷേധവും അമിത് ഷാ എത്തിയപ്പോൾ കാശ്മീരിൽ ഉയർന്നില്ല.

സാധാരണ ഗതിയിൽ ഏതെങ്കിലും കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ കശ്മീർ സന്ദർശനത്തിനെത്തുമ്പോൾ സംഭവിക്കാറുള്ള ഒന്നും ഇത്തവണ അമിത് ഷാ എത്തിയപ്പോൾ സംഭവിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് ശേഷം അമിത് ഷായുടെ ആദ്യ ജമ്മു കശ്മീർ സന്ദർശനം ആയിരുന്നു ഇത്. കേന്ദ്ര പ്രതിനിധികൾ എത്തുമ്പോൾ സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്താണ് വിഘടനവാദ ഗ്രൂപ്പുകൾ അവരെ സ്വാഗതം ചെയ്തത്. എന്നാൽ അമിത് ഷാ എത്തിയപ്പോൾ എല്ലാം ശാന്തമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ സന്ദർശിച്ചിരുന്നു. അതിന് മുമ്പ് 2017 ൽ അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും കശ്മീർ സന്ദർശനം നടത്തിയിരുന്നു. ഈ രണ്ട് സമയത്തും ഹുറിയത്ത് കോൺഫറൻസിന്റെ ഘടകങ്ങൾ സമ്പർണ ബന്ദ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 30 വർഷമായി ഇങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങൾ. എന്നാൽ അമിത് ഷാ എത്തിയപ്പോൾ സയ്യിദ് അലി ഷായുടേയും മിർവൈസ് ഉമർ ഫറൂഖിന്റേയും നേതൃത്വത്തിലുള്ള ഹുറിയത്ത് കോൺഫറൻസ് ഗ്രൂപ്പുകൾ ഇത്തവണ പരിപൂർണ നിശബ്ദതയിൽ ആയിരുന്നു. അമിത് ഷായെ പ്രകോപിപ്പിച്ചാൽ പ്രശ്‌നമാകുമെന്ന തിരിച്ചറിവിലായിരുന്നു ഈ നിശബ്ദത.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയും എന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നാണ്. അതുപോലെ തന്നെ കശ്മീരിലെ വിഘടന വാദം അവസാനിപ്പിക്കും എന്നതും ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖ്യപരിഗണനയിൽ എത്തുന്ന വിഷയങ്ങൾ തന്നെയാണ് ഇവ. ഏത് വിധേനയേയും ഈ ലക്ഷ്യം നേടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. കാശ്മീരിലേക്കുള്ള ഫണ്ട് ഒഴുക്കു തടഞ്ഞും തീവ്രവാദികളെ കർശനമായി നേരിട്ടും കരുത്ത് കാട്ടാനാണ് തീരുമാനം. ഇത് വിജയിക്കുന്നതിന്റെ സൂചനയാണ് ആദ്യ കാശ്മീർ സന്ദർശനത്തിൽ അമിത് ഷാ കാണുന്നതും. അതുകൊണ്ട് തന്നെ കൂടുതൽ കരുത്തനായി മുമ്പോട്ട് പോകും.

സംസ്ഥാനത്തെ സുരക്ഷ വിലയിരുത്തുന്നതിനായി ഗവർണർ സത്യപാൽ മല്ലികുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. അമർനാഥ് തീർത്ഥാടന യാത്രയുടെ പശ്ചാത്തലത്തിൽ സുരക്ഷ വിലയിരുത്തിയ അമിത് ഷാ പിന്നീട് സംസ്ഥാനത്തെ ആകെ സുരക്ഷ വിലയിരുത്താനുള്ള വിശദമായ യോഗവും വിളിച്ചു ചേർത്തു. ഗവർണർ സത്യപാൽ മാലിക്, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള സംസ്ഥാനത്തെ സുരക്ഷ സംബന്ധിച്ച് വിലയിരുത്തൽ ഉയർന്ന ഇന്റലിജൻസ്, സൈനീക ഉദ്യോഗസ്ഥർ എന്നിവര് ആഭ്യന്തരമന്ത്രിക്ക് മുൻപാകെ അവതരിപ്പിച്ചു. ജമ്മുകാശ്മീരിലെ ഭീകരപ്രവർത്തനങ്ങളോട് വിട്ടുവീഴ്ചയില്ലാത്തെ സമീപനമാണ് സർക്കാരിനെന്ന് യോഗത്തിൽ അമിത് ഷാ വ്യക്തമാക്കി.

മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണു പ്രതിഷേധങ്ങൾ നേരിടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി കശ്മീർ സന്ദർശനം പൂർത്തിയാക്കുന്നത്. ഭീകരരോടും വിഘടനവാദികളോടും സഹിഷ്ണുത വേണ്ടെന്ന് നിർദ്ദേശിച്ച അദ്ദേഹം ജമ്മു കശ്മീർ പൊലീസിനെ പ്രശംസിച്ചു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമർനാഥ് യാത്രയുടെ ഒരുക്കങ്ങളും അമിത് ഷാ വിലയിരുത്തി. സംസ്ഥാനത്ത് ഭീകരരാൽ കൊല്ലപ്പെട്ട ബിജെപി , പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ കുടംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അർഷാദ് ഖാന്റെ കുടംബവുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. അനന്ത്‌നാഗിൽ ഇക്കഴിഞ്ഞ ജൂൺ 12 ന് നടന്ന ഭീകരാക്രമണത്തിലാണ് അർഷാദ് ഖാൻ കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ സുരക്ഷക്കായുള്ള അർഷദ് ഖാന്റെ ജീവത്യാഗത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം അമിത് ഷാ ട്വീറ്റ് ചെയ്തു. അർഷാദ് ഖാന്റെ ഭാര്യക്ക് സംസ്ഥാന സർക്കാരിൽ നൽകുന്ന ജോലിയുടെ നിയമന ഉത്തരവും അദ്ദേഹം കൈമാറി. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അമിത് ഷാ മടങ്ങുമ്പോൾ അത് ശക്തമായ ഇടപെടൽ കേന്ദ്രം കാശ്മീരിൽ നടത്തുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.

ജമ്മുകശ്മീർ അന്താരാഷ്ട്ര അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ലോക്‌സഭയിൽ അമിത് ഷാ അവതരിപ്പിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ ഇന്തോ- പാക് അതിർത്തി മേഖലയിൽ കഴിയുന്നവർക്ക് സംവരണം നൽകുന്ന ബില്ല് ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഇതും ഏറെ നിർണ്ണായകമാണ്. നിയന്ത്രണ രേഖയിൽ താമസിക്കുന്നവർക്ക് മാത്രമാണ് നിലവിൽ സംവരണമുള്ളത്. ഫെബ്രുവരി 28 ന് ജമ്മു കശ്മീർ ബിൽ ലോക്സഭ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബില്ലിന് അനുവാദവും നൽകിയിട്ടുണ്ട്. ജമ്മു കശ്മീരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഓർഡിനൻസ് ആയി മാറ്റി സ്ഥാപിക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് സംവരണം നൽകാനാണ് ബിൽ ലക്ഷ്യമിടുന്നത്.

ശ്മീരി വിഘടനവാദി സംഘടന ഹൂറിയത് കോൺഫറൻസ് സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ് ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറുടേയും ജിതേന്ദ്ര സിംഗിന്റേയും സാന്നിദ്ധ്യത്തിലാണ് ശ്രീനഗറിലെ ദൂരദർശൻ കേന്ദ്രത്തിലെ പരിപാടിക്കിടെ സത്യപാൽ മാലിക് ഇക്കാര്യം പറഞ്ഞത്. താൻ ഗവർണറായി വന്നതോടെ എല്ലാ പ്രശ്നങ്ങളും ശരിയായി തുടങ്ങിയതായും സത്യപാൽ മാലിക് അവകാശപ്പെട്ടു. ജമ്മുവിൽ നിന്നുള്ള എക്സെൽസിയർ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹുറിയത് കോൺഫറൻസ് നേതാവ് മിർവായിസ് ഉമർ ഫാറൂഖ് പറയുന്നത് ചർച്ചയ്ക്ക് തയ്യാറാണ് എന്നാണ്. മിർവായിസ് ഉമർ ഫാറൂഖിന്റെ ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. അമിത് ഷായുടെ തീരുമാനമാകും ചർച്ചയിലും മറ്റും നിർണ്ണായകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP