Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്ക് ദേശീയ മുഖം ഒരുക്കി നൽകാൻ ചുക്കാൻ പിടിച്ചു; അമേരിക്കയ അടക്കമുള്ള പശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം വിജയമാക്കിയതിന്റെ അണിയറയിലും പ്രവർത്തിച്ചു; മനോഹരമായ ഇംഗ്ലീഷും അസാധാരണമായ ഭാവനയും ആരേയും ആകർഷിക്കുന്ന ലാളിത്വവും മുതൽകൂട്ടായി; കണ്ണന്താനെത്തെ മന്ത്രിയാക്കിയത് ബിജെപിയുടെ ന്യൂനപക്ഷമുഖമായി ദേശീയ തലത്തിൽ ഉയർത്താൻ

മോദിക്ക് ദേശീയ മുഖം ഒരുക്കി നൽകാൻ ചുക്കാൻ പിടിച്ചു; അമേരിക്കയ അടക്കമുള്ള പശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം വിജയമാക്കിയതിന്റെ അണിയറയിലും പ്രവർത്തിച്ചു; മനോഹരമായ ഇംഗ്ലീഷും അസാധാരണമായ ഭാവനയും ആരേയും ആകർഷിക്കുന്ന ലാളിത്വവും മുതൽകൂട്ടായി; കണ്ണന്താനെത്തെ മന്ത്രിയാക്കിയത് ബിജെപിയുടെ ന്യൂനപക്ഷമുഖമായി ദേശീയ തലത്തിൽ ഉയർത്താൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപിയെയും ക്രൈസ്തവ സഭകളെയും ബന്ധിപ്പിക്കുന്ന പാലമാണ് അൽഫോൻസ് കണ്ണന്താനം. ഗോവയി്ൽ മനോഹർ പരീക്കർ സർക്കാർ യാഥാർത്ഥ്യമായത് ക്രൈസ്തവ സഭകളുടെ പിന്തുണകാരണമാണ്. കേരളത്തിലും ഇത് തന്നെ വേണം. ഇത് മോദിയും അമിത് ഷായും തിരിച്ചറിയുന്നു. അതുകൊണ്ടാണ് അൽഫോൻസ് കണ്ണന്താനം മന്ത്രിയാകുന്നതും.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്ത വർഷം നാല് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് മന്ത്രിസഭ പുനഃസംഘടന. കേരളത്തിൽ അൽഭുതം കാട്ടാൻ ക്രൈസ്തവ സഭകളെ അടുപ്പിക്കണം. ഇതിനുള്ള ചെപ്പടി വിദ്യകളാണ് കണ്ണന്താനത്തിൽ നിന്ന് മോദി പ്രതീക്ഷിക്കുന്നത്. നരേന്ദ്ര മോദിയുമായുള്ള ബന്ധമാണ് അൽഫോൻസ് കണ്ണന്താനത്തെ ബിജെപി പാളയത്തിൽ എത്തിക്കുന്നത്. ഗുജറാത്ത് മുഖ്യമന്തിയായിരിക്ക തുടങ്ങിയ ബന്ധം ഇപ്പോഴും ശക്തമാണ്. അതിന്റെ തെളിവ് കൂടിയാണ് കേന്ദ്രമന്ത്രിപദത്തിൽ മണിമലക്കാരൻ എത്തുന്നത്. മനോഹരമായ ഇംഗ്ലീഷും അസാധാരണമായ ഭാവനയും ആരേയും ആകർഷിക്കുന്ന ലാളിത്വവുമാണ് കണ്ണന്താനത്തിന്റെ കരുത്ത്. തന്റെ മന്ത്രിസഭയ്ക്ക് മതേതര പരിവേഷം നൽകാൻ ഈ മണിമലക്കാരനെ സമർത്ഥമായി ഉപയോഗിക്കാൻ തന്നെയാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

കുളം തോണ്ടികിടന്ന രാജ്യത്ത് മോദി പ്രധാനമന്ത്രി ആകണമെന്ന് ആവിശ്യപ്പെട്ട് സി.പി.എം പിന്തുണയുള്ള എംഎൽഎ സ്ഥാനം രാജി വച്ചയാളാണ് താൻ. ജീവിച്ചാൽ മനുഷ്യനായി ജീവിക്കണം അതിനാണ് ഒരു ക്രിസ്ത്യൻ വിശ്വാസി കൂടിയായ താൻ ബിജെപിയിലേക്ക് എത്തിയതെന്ന് തുറന്ന് പറഞ്ഞ നേതാവാണ് അൽഫോൻസ് കണ്ണന്താനം. മോദിയുടെ സ്വപ്നം യാഥാർത്യമാകണം, കേരളത്തെ പിന്നോട്ടടിക്കുന്ന ഇടത് വലത്-മുന്നണി രക്ഷിക്കണമെന്നതാണ് കണ്ണന്താനം പങ്കുവച്ച ഏറ്റവും വലിയ ആഗ്രഹം. ലോകത്തെപ്പോലും മാറ്റിമറിച്ചാണ് പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതികൾ മുന്നേറുന്നതെന്നും പറയുന്ന നേതാവ്. ഇടത് എംഎൽഎയായിരിക്കുമ്പോൾ തന്നെ മോദിയുമായുള്ള അടുപ്പം കണ്ണന്താനം തുടങ്ങിയിരുന്നു. ബിജെപിക്കാർക്ക് പോലും മോദിയോട് താൽപ്പര്യമില്ലാതിരുന്ന കാലം. ഗുജറാത്തിലെ കൂട്ടക്കുരിതിയുടെ പേരിൽ ഏവരും മോദിയെ ഒറ്റപ്പെടുത്തിയ നാളുകൾ. ഗുജാറാത്ത് വികസന നായകനായി മോദിയെ അവതരിപ്പിക്കാൻ അഹോരാത്രം തന്ത്രങ്ങളൊരുക്കിയവരിൽ പ്രധാനിയാണ് കണ്ണന്താനം. ഇടതു പക്ഷത്തു നിന്ന് ബിജെപിയിലെത്തിയ കണ്ണന്താനത്തിന്റെ മോദി ഭക്തി ബിജെപിക്കാരെ പോലും ഞെട്ടിച്ചു. ദേശീയ തലത്തിൽ മോദിയെ വികസന നായകനാക്കാൻ കണ്ണന്താനത്തിന്റെ വാക്കുകളും സഹായകമായിട്ടുണ്ട്.

മതേതര പരിവേഷത്തിന് പുതിയ മാനങ്ങൾ നൽകി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി മാറി ബിജെപി രാഷ്ട്രീയത്തിലും സജീവമായി വ്യക്തിയാണ് കണ്ണന്താനം. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ അൽഫോൻസ് കണ്ണന്താനം നരേന്ദ്ര മോദിക്ക് ഒപ്പം കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മോദി നടപ്പാക്കിയ ഗുജറാത്ത് വികസന മാതൃക വ്യാപിപ്പിക്കാൻ പ്രചരണത്തിനിറങ്ങിയ വ്യക്തികളിൽ ഒരാളുമായിരുന്നു. ഗുജറാത്ത ്‌കേന്ദ്രീകരിച്ചായിരുന്നു ഈ സമയത്ത് അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രവർത്തനം. ദേശീയ തലത്തിൽ അർഹിക്കുന്ന അംഗീകാരം കണ്ണന്താനത്തിന് നൽകുമെന്ന് അന്ന് തന്നെ മോദി സൂചന നൽകിയിരുന്നു. ഉചിതമായ സമയത്ത് തന്റെ വിശ്വസ്തനെ കാബിനറ്റിലേക്ക് എത്തിക്കുകയാണ് മോദി. കണ്ണന്താനത്തിന്റെ പേര് ആദ്യ ഘട്ടത്തിൽ മന്ത്രിസഭാ പുനഃസംഘടനയിൽ ഉയർന്നു കേട്ടിരുന്നില്ല. കേരളത്തിലെ നേതാക്കളുടെ പാര ഭയന്നായിരുന്നു ഇത്. രാഷ്ട്രപതിഭവനിലേക്ക് മന്ത്രിമാരുടെ പേര് പോയ ശേഷമാണ് കുമ്മനം പോലും കണ്ണന്താനത്തിന്റെ മന്ത്രിപദത്തെ കുറിച്ച് അറിഞ്ഞത്.

ഭരിക്കാൻ അറിയാവുന്നവരെ അധികാരം ഏൽപ്പിക്കുക എന്ന മോദിയുടെ നയം തന്നെയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിസഭാ പ്രവേശത്തിലൂടെ തെളിയുന്നത്. മോദി- അമിത് ഷാ ദ്വയം എടുത്ത തീരുമാനം കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുക കൂടി ലക്ഷ്യമിട്ടാണ്. പ്രതീക്ഷയോടെയാണ് വെള്ളാപ്പള്ളി നടേശനേയും ബിഡിജെഎസിനേയും എൻഡിഎയിൽ കൊണ്ടു വന്നത്. എന്നാൽ എന്നും സ്ഥാനമാനങ്ങൾക്ക് വേണ്ടി ബഹളമുണ്ടാക്കുകയാണ് വെള്ളാപ്പള്ളി. മുന്നണി വിടുമെന്ന ഭീഷണി പോലും മുഴക്കുന്നു. എന്നാൽ ഇത്തരം കളികളൊന്നും വിലപോകില്ലെന്ന് തെളിയിക്കുകയാണ് മോദി. വെള്ളാപ്പള്ളിയുടെ സമ്മർദ്ദ തന്ത്രം തള്ളിക്കളയുകായണ് മോദി. മകൻ തുഷാറിനെ മന്ത്രിയാക്കാൻ ആഗ്രഹിക്കുന്ന വെള്ളാപ്പള്ളിക്ക് നിരാശ നൽകുക കൂടി കണ്ണന്താനത്തിന്റെ മന്ത്രി പദത്തിൽ ഒളിച്ചിരിപ്പുണ്ട്. വെള്ളാപ്പള്ളിയെ പോലെ കുമ്മനവും സംഘവും അക്ഷരാർത്ഥത്തിൽ ഞെട്ടിയിട്ടുമുണ്ട്. മെഡിക്കൽ കോഴ വിവാദത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരായ അതൃപ്തിയാണ് കണ്ണന്താനത്തിന്റെ സ്ഥാനലബ്ദിയിൽ നിറയുന്നത്.

അൽഫോൻസ് കണ്ണന്താനത്തിന്റെ പേര് ചണ്ഡിഗഢ് അഡ്‌മിനിസ്‌ട്രേറ്ററായി നേരത്തേ പരിഗണിച്ചെങ്കിലും പഞ്ചാബിലെ അകാലിദൾ സർക്കാരിന്റെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. ഡൽഹിയെ അടുത്തറിയാവുന്ന നേതാവുകൂടിയാണ് കണ്ണന്താനം. എല്ലാത്തിനുമുപരി മോദിയുടെ വിശ്വസ്തൻ. ഡൽഹിയെ ഇളക്കി മറിച്ച ഐഎസ്എസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു കണ്ണന്താനം. ഡൽഹിയിലെ അനധികൃത കെട്ടിട നിർമ്മാണമെല്ലാം പൊളിച്ചു കളഞ്ഞ് വിപ്ലവമുണ്ടാക്കിയ ഉദ്യോഗസ്ഥൻ. കണ്ണന്താനത്തിന്റെ ജെസിബി പ്രയോഗത്തെ ഇന്നും ആരാധനയോടെ കാണുന്ന സമൂഹം ഡൽഹിയിലുണ്ട്. ഇതുകൊണ്ട് തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വരച്ച വരയിൽ നിർത്താൻ കണ്ണന്താനത്തെ നിയോഗിക്കാനും മോദി ആലോചിച്ചു. അതും തടസ്സങ്ങൾ കാരണം നടന്നില്ല. കേജരിവാൾ അർബൻ മാവോയിസ്റ്റാണ്. രാജ്യത്തു കള്ളം പറയുന്നതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ രണ്ടാം സ്ഥാനം കേജരിവാളിനാണ് പറഞ്ഞ് മോദി അനുകൂല തരംഗം ആളിക്കത്തിക്കാൻ ശ്രമിച്ച നേതാവാണ് കണ്ണന്താനം. മോദിയുടെ അമേരിക്ക അടക്കമുള്ള വിദേശയാത്രകളുടെ അണിയറയിലും കണ്ണന്താനം ഉണ്ടായിരുന്നു. കണ്ണന്താനത്തിന്റെ അമേരിക്കൻ ബന്ധങ്ങൾ പോലും ഇതിന് ഗുണകരമാക്കി മോദി മാറ്റിയിട്ടുണ്ട്.

ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധമാണ് കണ്ണന്താനത്തിനുള്ളത്. ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാൻ കരുക്കൾ നീക്കുന്നതും കണ്ണന്താനമാണ്. കേരളത്തിൽ വലിയൊരു രാഷ്ട്രീയമാറ്റം സാധ്യമാക്കാൻ ക്രൈസ്തവ പിന്തുണ അനിവാര്യമാണെന്ന് മോദി മനസ്സിലാക്കുന്നു. ഈ തിരിച്ചറിവാണ് കേന്ദ്രമന്ത്രി പദത്തിൽ ക്രൈസ്തവ മുഖത്തെ എത്തിക്കുന്നത്. സഭയുമായി അടുപ്പമുള്ള കണ്ണന്താനം തന്നെയാകും ഇനി ബിജെപിയുടെ ക്രൈസ്തവ മുഖം. വത്തിക്കാൻ അടക്കമുള്ള സഭാ നേതാക്കളുമായും നല്ല ബന്ധം മോദി ആഗ്രഹിക്കുന്നുണ്ട്. മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനം മുന്നിൽ കണ്ടാണ് മോദിയുടെ പുതിയ നീക്കമെന്ന വിലയിരുത്തലും സജീവമാണ്. ആ തീരുമാനത്തോടെ വെട്ടിലായത് കുമ്മനവും സംഘവുമാണ്.

കടുത്ത ഗ്രൂപ്പ് മത്സരം നടക്കുന്ന സംസ്ഥാന ഘടകത്തിന്റെ പട്ടികയിൽ നിന്നുള്ള കുമ്മനത്തിന്റെയും സുരേഷ്ഗോപിയുടെയും വരെ പേരുകൾ തട്ടിയായിരുന്നു അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാന ബിജെപി, ആർഎസ്എസ് നേതൃത്വത്തോട് പോലും ആലോചിച്ചില്ല. സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലും വിഭാഗീകതയിൽ പങ്കാളിയാകാതെയായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ നിൽപ്പ്. ഗ്രൂപ്പ് കളിക്ക് പുറമേ മെഡിക്കൽ കോളേജ് കോഴവിവാദവും ദേശീയ നേതൃത്വത്തെ വരെ പ്രതിസന്ധിയിലാക്കിയിരുന്നു. അതുകൊണ്ടാണ് സംസ്ഥാന ഘടകം നിർദ്ദേശിച്ച കുമ്മനം രാജശേഖരനെ മന്ത്രിയാക്കാതെ തള്ളിയതെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് രണ്ടു തവണ ഉയർന്ന പദവിയിലേക്ക് പേര് പരിഗണിക്കുകയും തള്ളുകയും ചെയ്ത ശേഷമാണ് ഇത്തവണ മന്ത്രിയാക്കാൻ തീരുമാനിച്ചത്.

ഇടതു എംഎൽഎയായിരുന്ന അൽഫോൻസ് കണ്ണന്താനം സി.പി.എം വീണ്ടും സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിക്കുമ്പോഴാണ് ബിജെപിയിലേക്ക് പോയത്. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമായ കണ്ണന്താനം പാർട്ടിയുടെ സദ്ഭരണ സെല്ലിൽ സജീവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺജെയ്റ്റ്ലിയും ഭരണകാര്യത്തിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ റിപ്പോർട്ട് തേടിയിരുന്നു. കറൻസി അസാധുവാക്കൽ തീരുമാനത്തിൽ കണ്ണന്താനത്തിന്റെ വിമർശനാത്മക വിലയിരുത്തലുകളും ബിജെപി ഗൗരവമായി എടുത്തിരുന്നു.ഐഎഎസ് ഉപേക്ഷിച്ചാണ് കണ്ണന്താനം പൊതുപ്രവർത്തനത്തിനിറങ്ങിയത്. 2006ൽലാൻഡ് റവന്യൂ കമ്മീഷണറായിരിക്കെ പദവി രാജിവച്ച് ഇടതുമുന്നണിക്കുവേണ്ടി മത്സരിച്ച് കാഞ്ഞിരപ്പള്ളിയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 ൽ കാലാവധി തികയ്ക്കുന്നതിന് മുമ്പ് രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു.

നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. 'ദേവികുളം സബ്കളക്ടർ,'മിൽമ' മാനേജിങ്ങ് ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്‌മെന്റ് അഥോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇതിൽ ഡൽഹിയിലെ പ്രവർത്തനങ്ങളാണ് കണ്ണന്താനത്തെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവ നേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇന്റർനാഷണൽ മാഗസീൻ തിരഞ്ഞെടുക്കുകയുണ്ടായി.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP