Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ആലപ്പുഴയുടെ മനസ്സ് ഇടതിനൊപ്പം തന്നെ; ഒൻപതിൽ അഞ്ചിടത്തും എൽഡിഎഫിന് സാധ്യത; ആരിഫും തിലോത്തമനും ഐസക്കും സുധാകരനും രാജേഷും മുന്നിൽ; ചെന്നിത്തലയും ഹരിപ്പാട് കടക്കും; കായംകുളവും കുട്ടനാട്ടും പ്രവചനാതീതം; ചെങ്ങന്നൂരിനെ കലക്കിമറിച്ച് ശ്രീധരൻ പിള്ളയും; അഡ്വക്കേറ്റ് ജയശങ്കറിന്റെ വിലയിരുത്തൽ ഇങ്ങനെ

ആലപ്പുഴയുടെ മനസ്സ് ഇടതിനൊപ്പം തന്നെ; ഒൻപതിൽ അഞ്ചിടത്തും എൽഡിഎഫിന് സാധ്യത; ആരിഫും തിലോത്തമനും ഐസക്കും സുധാകരനും രാജേഷും മുന്നിൽ; ചെന്നിത്തലയും ഹരിപ്പാട് കടക്കും; കായംകുളവും കുട്ടനാട്ടും പ്രവചനാതീതം; ചെങ്ങന്നൂരിനെ കലക്കിമറിച്ച് ശ്രീധരൻ പിള്ളയും; അഡ്വക്കേറ്റ് ജയശങ്കറിന്റെ വിലയിരുത്തൽ ഇങ്ങനെ

ലപ്പുഴയുടെ തീരപ്രദേശങ്ങൾ ഇടതുപക്ഷ പ്രസ്ഥാനത്തിന് വളരെ മേൽകൈ ഉള്ളവയാണ്. അരൂർ മുതൽ കായംകുളം വരെയുള്ള തീരപ്രദേശങ്ങളിൽ അൽ ആർഎസ്‌പി അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾക്കു വലിയ പ്രമുഖ്യമുള്ളവയാണ്. അരൂർ, ചേർത്തല, പഴയ മാരാരിക്കുളം മണ്ഡലം ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം തുടങ്ങിയവ ഇടതുപക്ഷ മണ്ഡലങ്ങളാണ്. അവയോടു ചേർന്ന് നിൽക്കുന്ന മണ്ഡലമാണ് മാവേലിക്കര. മാവേലിക്കരയും ഇടതുപക്ഷ സ്വഭാവമുള്ള മണ്ഡലമാണ് എന്നാൽ അതിനടുത്തുള്ള ചെങ്ങന്നൂർ ഏതാണ്ട് തിരുവല്ല, പഴയ കല്ലൂപ്പാറയോടുമൊക്കെ ചേർന്നുകിടക്കുന്ന മണ്ഡലമായതുകൊണ്ട് യുഡിഎഫ് അനുകൂല മണ്ഡലമാണ്. ഇത് പഴയ കണക്കാണ് ഇപ്പോഴത്തെ ആലപ്പുഴ ജില്ലയുടെ കണക്കല്ല.

ഇടക്കാലത്ത് ആലപ്പുഴ ജില്ലയിൽ വൻ വിള്ളലുകൾ ഉണ്ടായി. ഉദാഹരത്തിന് ചേർത്തലയിൽ ഒരു കാലത്ത് എകെ ആന്റണിയും, വയലാർ രവിയും ജയിക്കാൻ തുടങ്ങി. ആലപ്പുഴയിൽ ചുവപ്പ് പൂർണമായി മാഞ്ഞു. കെസി വേണുഗോപാൽ നിരന്തരം ജയിക്കാൻ തുടങ്ങി. മാത്രമല്ല ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥികളായ വക്കം പുരുഷോത്തമൻ, വി എം സുധിരൻ, ഇപ്പോൾ കെസി വേണുഗോപാൽ തുടങ്ങിയവർ ജയിക്കാൻ തുടങ്ങി. പക്ഷെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കാൻ തുടങ്ങിയതിനാൽ ഒരു സങ്കീർണ്ണമായ പ്രതിഭാസമാണ് ആലപ്പുഴ ജില്ല തിരഞ്ഞെടുപ്പിൽ കാണിക്കാറുള്ളത്.

അതിനിടയിൽ മണ്ഡല പുനർവിഭജനം വന്നു രണ്ടു മണ്ഡലങ്ങൾ ഇല്ലാതായി. ഇടതുപക്ഷ കോട്ടയും മാരാരിക്കുളം, ഇടതുപക്ഷത്തിന് പ്രമുഖ്യമുള്ള പന്തളം ഇല്ലാതായി. പുനർവിഭജനത്തിന് ശേഷം 9 മണ്ഡലങ്ങളായി നിൽക്കുകയാണ് ആലപ്പുഴ ജില്ല. ആലപ്പുഴ ജില്ലയിൽ ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ആയിരിക്കും മുൻതൂക്കം. മൂന്നു സീറ്റുകളിൽ മുകളിൽ യുഡിഎഫിന് നേടാൻ കഴിയില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. എൻഡിഎയെ സംബന്ധിച്ച് കുട്ടനാട്ടിലും, ചെങ്ങന്നൂരും ഒഴിച്ചാൽ ഒരു പ്രബല ശക്തിയുമല്ല.

അരൂരിൽ ആരിഫ് ഹാട്രിക്കിലേക്ക്

വടക്കു നിന്ന് തെക്കോട്ടു പോകുമ്പോൾ ജില്ലയിലെ ആദ്യ മണ്ഡലം അരൂർ ആണ്. ഗൗരിയമ്മയുടെ തട്ടകമായിരുന്നു ഒരു കാലത്തു അരൂർ മണ്ഡലം. 1965 മുതൽ 1977 ഒഴിച്ച് ഗൗരിയമ്മ സ്ഥിരമായി മത്സരിച്ചു ജയിച്ച മണ്ഡലമാണ് അരൂർ. വി എസ് തരംഗം ആഞ്ഞടിച്ച 2006 ലാണ് ഗൗരിയമ്മ പിന്നെ വീണത്. ആർ ബാലകൃഷ്ണ പിള്ള, ടിഎം ജേക്കബ്, കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ഇടി മുഹമ്മദ് ബഷീർ തുടങ്ങിയ വന്മരങ്ങൾ മലർന്നടിച്ചു വീണ സമയത്താണ് ഗൗരിയമ്മയും അന്ന് വീണത്. അന്ന് എഎം ആരിഫ് എന്ന ചെറുപ്പക്കാരൻ അരൂരിൽ ജയിച്ചു.

അന്നുമുതൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ജനകീയനായ എംഎൽഎ ആണ് ആരിഫ്. വികസന പ്രവർത്തനങ്ങൾ വലിയ കാര്യമായി ഒന്നും ചെയ്തിട്ടില്ല. നാഷണൽ ഹൈവേ അഥോറിറ്റി അരൂരിലൂടെ കടന്നു പോകുന്ന റോഡ് ടാർ ഇടുന്നതൊഴിച്ചാൽ വലിയ വികസനം ഇവിടെ നടന്നിട്ടില്ല. വളരെ ദാരിദ്ര്യം അനുഭവിക്കുന്ന ജനതയാണ് ഇവിടെയുള്ളത് എന്നാലും വോട്ട് അരിവാൾ ചുറ്റികക്കേ കുത്തുകയുള്ളൂ. കഴിഞ്ഞ തവണ ഗൗരിയമ്മ ചേർത്തലയ്ക്ക് പോയതുകൊണ്ട് അന്ന് ആലപ്പുഴ എംഎൽഎ ആയിരുന്ന ഷുക്കൂർ ആലപ്പുഴയിൽ നിന്ന് വന്നു മത്സരിച്ചു തോറ്റു, ആരിഫ് ജയിച്ചു.

ആരിഫ് തന്നെയാണ് ഇക്കുറിയും സിപിഎമ്മിന്റെ സ്ഥാനാർത്ഥി. ആരിഫും ആലപ്പുഴ ജില്ലാ കമ്മറ്റിയുമായി ഒരുപാട് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് കവി ജി സുധാകരനുമായിട്ട് പ്രശ്‌നങ്ങൾ ഉണ്ട്. മുൻപ് ഡിസിസി പ്രസിഡന്റായിരുന്ന ജയപ്രകാശ് ആലപ്പുഴയിലോ അമ്പലപ്പുഴയിലോ സീറ്റു കിട്ടാത്തതുകൊണ്ട് ആരിഫിന്റെ എതിരാളിയായി ഇവിടെ ഇത്തവണ മത്സരിക്കുന്നു. ജയപ്രകാശിന്റെ പേരിൽ മാത്രമേ ജയം ഉണ്ടാകുകയുള്ളൂ. ജയം അരൂരിൽ ആരിഫിനാണ്. ബീഡിജെഎസിലെ ടി അനിയപ്പനാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. വലിയ പ്രാമുഖ്യമൊന്നും എവിടെ ബിജെപിക്കോ ഘടക കക്ഷികൾക്കോ ഉണ്ടാവില്ല. ആരിഫ് ഇവിടെ ജയിക്കും എന്നാണ് വിലയിരുത്തൽ.

ചേർത്തല കയറുക തിലോത്തമൻ

എകെ ആന്റണി ഉൾപ്പടെയുള്ളവർ ജയിച്ച സ്ഥലമാണ് ചേർത്തലയെങ്കിലും മണ്ഡല പുനർവിഭജനത്തിന് ശേഷം പഴയ മാരാരിക്കുളത്തിന്റെ വടക്കു ഭാഗം കൂടി ഇപ്പോൾ ചേർത്തലയുടെ ഭാഗമായി. ഇപ്പോൾ ചേർത്തല ഒരു ഉറച്ച മാർക്‌സിസ്റ്റ് മണ്ഡലമാണ്. അവിടെ തിലോത്തമനാണ് സിപിഐ സ്ഥാനാർത്ഥി. തിലോത്തമൻ 10 വർഷമായി ഇവിടെ എംഎൽഎയാണ്. ജനകീയനും ജനസമ്മതിയുള്ളയാളുമാണ്.

കഴിഞ്ഞ തവണ അദ്ദേഹത്തെ എതിർത്തത് സാക്ഷാൽ ഗൗരിയമ്മയായിരുന്നു. അന്ന് വലിയ ഭൂരിപക്ഷത്തിലായിരുന്നു ഗൗരിയമ്മയെ പരാജയപ്പെടുത്തിയത്. ഇക്കുറി എൻഎസ്‌യു ദേശീയ സെക്രട്ടറി എസ് ശരത് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. അരൂർ സീറ്റിനായി ഇദ്ദേഹം ശ്രമിച്ചു പക്ഷേ കിട്ടിയത് ചേർത്തലയാണ്. അരൂർ ആയിരുന്നുവെങ്കിൽ ശരത്തിനു വിജയ സാദ്ധ്യതകൾ ഉണ്ടാകുമായിരുന്നു. ചേർത്തലയിൽ നിന്ന് ജയിച്ചു കയറാൻ തിലോത്തമനാണു സാധ്യത. ബീഡിജെഎസിന്റെ സ്ഥാനാർത്ഥി പിഎസ് രാജീവ് ആണ്. ചേർത്തല വെള്ളാപ്പള്ളിയുടെ തട്ടകമാണ്.

പക്ഷെ തിലോത്തമൻ ആദ്യം മത്സരിച്ചപ്പോൾ ഇദ്ദേഹത്തിനെ എതിർത്ത് ഷാജി മോഹൻ എന്ന ആളെ കൊണ്ടുവന്നു അയാൾ തോറ്റു. വെള്ളാപ്പള്ളി ആരെ ആലപ്പുഴയിൽ സപ്പോർട്ട് ചെയ്യുന്നോ അയാൾ തോൽക്കുമെന്നുള്ളതാണ് ഇതുവരെയുള്ള വെള്ളാപ്പള്ളി ഇഫക്ട്. എന്നാലും രാജീവ് കഴിഞ്ഞ തവണത്തേക്കാൾ എൻഡിഎയ്ക്ക് വോട്ടുകൾ നേടിക്കൊടുക്കാൻ സാധ്യതയുണ്ട്.

ആന കുത്തിയാലും ആലപ്പുഴയിൽ ഐസകിന് ഇളക്കമുണ്ടാകില്ല

പഴയ ആലപ്പുഴ ഇടതു വലതു മുന്നണികൾക്ക് തുല്യതയുള്ള മണ്ഡലമായിരുന്നു. ഒരുപാടു കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ച മണ്ഡലവുമായിരുന്നു. ഇപ്പോഴത്തെ ആലപ്പുഴ മണ്ഡലം പഴയ മാരാരിക്കുളം മണ്ഡലത്തിന്റെ തെക്കു ഭാഗവും, ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ നേർ പകുതി ഡിവിഷനുകളും ചേർന്നതാണ്. ബാക്കി പകുതി ഡിവിഷനുകൾ അമ്പലപ്പുഴ മണ്ഡലത്തിലാണ്. ഇപ്പോഴത്തെ ആലപ്പുഴ മണ്ഡലം ആന കുത്തിയാൽ ഇളകാത്ത മാർക്‌സിസ്റ്റ് മണ്ഡലമാണ്. അവിടെ ശക്തനായ ഡോ. തോമസ് ഐസക് ആണ് സിപിഐ(എം) സ്ഥാനാർത്ഥി.

തോമസ് ഐസക് വെറും ഒരു എംഎൽഎയല്ല അദ്ദേഹം വികസന രാഷ്ട്രീയത്തിന് ഒരു പുത്തൻ പരിപ്രേക്ഷ നൽകിയ ആളാണ്. വഴുതനങ്ങ കൃഷി ആണെങ്കിലും ടോയ്‌ലെറ്റുകൾ വൃത്തിയാക്കുന്ന കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. ഇത്തവണ നോമിനേഷൻ കൊടുക്കുന്നതിനു മുൻപ് 10000 പ്ലാവിൻ തയ്യുകൾ നട്ടു പത്രിക കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ മുക്ക് മുറിച്ചായാലും ശകുനം മുടക്കിയാൽ മതി എന്ന കാച്ചിയ കോൺഗ്രസുകാർ ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും, പ്ലാവിൻ തയ് കൊടുത്ത് ആളുകളുടെ വോട്ട് മേടിക്കുകയാണെന്നും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി കൊടുത്തു. പ്ലാവ് ഏറ്റവും കൂടുതൽ കാർബൺ ആഗീകരണം ചെയ്യുകയും ഓക്‌സിജൻ പുറത്തു വിടുന്ന വൃക്ഷം ആയതുകൊണ്ടാണ് എന്നും പ്ലാവിന്റെ ഗുണഗണങ്ങൾ കണ്ടുകൊണ്ടും ഒപ്പം ആലപ്പുഴയിൽ ഒരു ഹരിത കവചം ഉണ്ടാക്കാൻ വേണ്ടിയുമാണ് ഡോക്ടർ ഇത് നാട്ടിൽ വിതരണം ചെയ്യാൻ ഒരുങ്ങിയത്. എന്നാൽ അത് നടന്നില്ല ഇദ്ദേഹത്തെപ്പോലെ ഇദ്ദേഹം മാത്രമേയുള്ളു (പുതുക്കാട്ടെ രവീന്ദ്രനാഥിനെ മറക്കുന്നില്ല)

ലാലി വിൻസെന്റ് ആണ് ഇവിടെ ഡോ. തോമസ് ഐസക്കിന്റെ എതിർ സ്ഥാനാർത്ഥി. ലാലി വിൻസെന്റ് ഒരു സൗമ്യ സ്വഭാവക്കാരിയാണ്. ബിന്ദു കൃഷ്ണയെപ്പോലെയോ, ചിന്ത ജെറോമിനെപ്പോലെയോയുള്ള ഒരു വനിതാ നേതാവല്ലെന്ന് സാരം. കെപിസിസിയുടെ ഏക വനിതാ വൈസ് പ്രസിഡന്റാണ്. കൊച്ചിക്കാരിയും ലത്തീൻ കത്തോലിക്കാ വിഭാഗക്കാരിയുമാണ്. എറണാകുളത്ത് മത്സരിക്കാനാണ് ആദ്യം ആഗ്രഹിച്ചത് അവിടെ ഹെബി ഈഡൻ ഉണ്ടായതുകൊണ്ടു നടന്നില്ല. കൊച്ചിയിൽ ഡൊമിനിക് പ്രസന്റേഷനെ മാറ്റി ലാലിയെ നിർത്താൻ വി എം സുധീരൻ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഉമ്മൻ ചാണ്ടിയെക്കൊണ്ടു പറഞ്ഞ് സീറ്റു വീണ്ടും കരസ്ഥമാക്കി. അപ്പോൾ ലാലി നേരെ ആലപ്പുഴയ്ക്കു വണ്ടി കയറി. സഭയുടെ പിന്തുണ ലാലിക്കുണ്ടാകുമോ എന്നറിയില്ല. അച്ചന്മാരുടെയും പള്ളിയുടെയും വോട്ടുകൾ ആർക്കു വിഴുമെന്നും അറിയില്ല.

എന്നാൽ ആലപ്പുഴയിൽ ജയസാധ്യത നൂറ്റിനു തൊണ്ണൂറും തോമസ് ഐസക്കിനാണ്. ഇവിടെ ആലപ്പുഴ കോടതിയിലെ അഭിഭാഷകനും ബിജെപിയുടെ ആലപ്പുഴ മുനിസിപ്പാലിറ്റി ഉപാധ്യക്ഷനുമായിരുന്ന ധീവര സമുദായാംഗവുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് ആണ് ബിജെപി സ്ഥാനാർത്ഥി. ബിജെപിയുടെ പുറമെ തീരദേശ വോട്ടുകളിൽ കുറച്ച് ഇയാൾക്കു വീഴാനുള്ള സാദ്ധ്യതകൾ ഉണ്ട്.

അമ്പലപ്പുഴയും ഇടത്തോട്ട് തന്നെ

അമ്പലപ്പുഴ ഒരു യുഡിഎഫ് സ്വാഭാവമുള മണ്ഡലമാണ്. 2006 ൽ സുധാകരൻ എന്ന കവി സുധാകർ ജി അമ്പലപ്പുഴയിൽ വന്ന് അങ്കം കുറിച്ചു കൊടി നാട്ടി. 2001 ൽ കായംകുളത്തു പാർട്ടിക്കാർ തന്നെ കാലുമാറി അദ്ദേഹത്തെ തോൽപ്പിച്ചു. പിന്നെ 2006 ലും 2011 ലും സുധാകരൻ വൻ ഭൂരിപക്ഷത്തോടെ അമ്പലപ്പുഴയിൽ ജയിച്ചു. കഴിഞ്ഞ തവണ യൂത്ത് കോൺഗ്രസിന്റെ എം ലിജു ആയിരുന്നു സുധാകരന് എതിരായി നിന്ന് തോറ്റത്.

ഇദ്ദേഹം വളരെ ജനകീയനാണ്. മണ്ഡലം മുഴുവൻ ഇദ്ദേഹത്തിന്റെ ഫ്‌ളക്‌സ് ബോർഡുകളുണ്ട്. കവിത എഴുതും എന്നൊരു കുഴപ്പം സുധാകരനുണ്ടെങ്കിലും അഴിമതിയോ, ദൂർത്തുമില്ലാത്ത ഒരു മന്ത്രിയായിരുന്നു. ഉള്ള കാര്യം ആരോടും തുറന്നടിച്ചു പറയും എന്ന സ്വാഭാവവും അദ്ദേഹത്തിനുണ്ട് എന്നാൽ അതെല്ലാം അമ്പലപ്പുഴക്കാർക്കറിയാം. ഇത്തവണ സുധാകരന്റെ എതിർസ്ഥാനാർത്ഥിയാകാൻ ആദ്യം ആഗ്രഹം പ്രകടിപ്പിച്ചത് ഡിസിസി പ്രസിഡന്റ് എ ഷുക്കൂർ ആയിരുന്നു. പക്ഷെ സീറ്റു കിട്ടിയില്ല.

ജനതാദൾ യു സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയാംഗവുമായിരുന്ന ഷേഖ് പി ഹാരിസ് ആണ് ഇക്കുറി അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി. അദ്ദേഹം വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ജനതദൾ യുക്കാരൻ ആയതിനാൽ അവിടുത്തെ കോൺ്ഗ്രസുകാർക്കും ഒരു 'യു' ക്കാരൻ ജയിക്കുന്നത് ഇഷ്ടമല്ല എന്നുള്ളതുകൊണ്ടും സുധാകരനു അമ്പലപ്പുഴയിലുള്ള ജനസമിതിയും മാനിച്ചു മഹാകവി തന്നെ ഇവിടെ വീണ്ടും ജയിക്കാനാണു സാധ്യത.

ഹരിപ്പാട് ചെന്നിത്തലയ്‌ക്കൊപ്പം

ഇടതുപക്ഷ പ്രാമുഖ്യമുള്ള മണ്ഡലമാണ് ഹരിപ്പാട് എന്നാണ് പറയുകയെങ്കിലും കേരളത്തിൽ ഇടതുപക്ഷ തരംഗം ആഞ്ഞടിച്ച 2006 ലും യൂഡിഎഫിന്റെ ബാബു പ്രസാദ് ജയിച്ച സ്ഥലമാണ് ഹരിപ്പാട്. 2011 ലെ ഇലക്ഷൻ വന്നപ്പോൾ ബാബു പ്രസാദ് മാറി. അവിടെ രമേശ് ചെന്നിത്തല വന്നു ജയിച്ചു. അന്ന് എതിർ സ്ഥാനാർത്ഥി യുവ കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കൃഷ്ണപ്രസാദായിരുന്നു. അയാളെ ചെന്നിത്തല അന്ന് പറപറത്തി. ഇക്കുറിയും രമേശ് ചെന്നിത്തല മത്സരിക്കുന്ന ഇവിടെ എതിർ സ്ഥാനാർത്ഥി സിപിഐയുടെ പി പ്രസാദ് ആണ്.

ചെന്നിത്തല ഇവിടെ വീണ്ടും ജയിക്കും. ഡി അശ്വനി ദേവനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. വിവി രാജേഷിനെ സ്ഥാനാർത്ഥിയാക്കാനാണ് ആദ്യം ശ്രമിച്ചത് പക്ഷെ രമേശിനെ രക്ഷിക്കാൻ ദുർബലനായ ഒരു സ്ഥാനാർത്ഥിയെ നിർത്തി എന്ന ആക്ഷേപം ഇവിടെ കമ്മ്യൂണിസ്റ്റുകാർ ഉന്നയിച്ചിരുന്നു. അതു സത്യമാണോ അസത്യമാണോ എന്നറിയില്ല.

സദാശിവൻ കനിഞ്ഞാൽ പ്രതിഭ ജയിക്കും, അല്ലെങ്കിൽ ലിജുവും

രണ്ടു മുന്നണികളെയും മാറി മാറി ജയിപ്പിക്കാൻ മടിയില്ലാത്ത മണ്ഡലമാണ് കായംകുളം. ഇവിടെ 2006 ലും 2011 ലും സിപിഎമ്മിന്റെ സദാശിവൻ ജയിച്ചു. എന്നാൽ ഇക്കുറി സദാശിവന് ഇവിടെ സീറ്റു നിഷേധിച്ചു. അതിനു പിന്നിൽ ജി സുധാകരന്റെ കുത്തിത്തിരിപ്പാണ് എന്നാണ് ശത്രുക്കൾ പറയുന്നത്. അതിനുപകരം ചെറുപ്പക്കാരിയും, സുന്ദരിയും, സുശീലയുമായ പ്രതിഭ ഹരിക്ക് സീറ്റു കൊടുത്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റാണ് പ്രതിഭാ ഹരി. കായംകുളകാരിയാണ് മണ്ഡലത്തിൽ പരിചയമുള്ള ആളുമാണ്. എം ലിജുവാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.

കഴിഞ്ഞ തവണ അമ്പലപ്പുഴയിൽ തോറ്റ ലൈജു കായംകുളത്ത് ജയിച്ചു. രക്ഷപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും പ്രതിഭയ്ക്കാണ് ഇവിടെ ചെറിയ ഒരു മേൽകൈ. സംസ്ഥാനത്തും ജില്ലയിലും ഒരു ഇടതുപക്ഷ തരംഗമുണ്ട്. പക്ഷെ സികെ സദാശിവൻ എന്ത് നിലപാടെടുക്കും എന്നുള്ളതു പ്രധാനമാണ്. പ്രചാരണത്തിൽ പങ്കെടുക്കാതെയും സദാശിവൻ വിമത പ്രവർത്തനം നടത്തിയാലോ പ്രതിഭ തോൽക്കും. അല്ലെങ്കിൽ പ്രതിഭ ജയിക്കും.

കുട്ടനാട്ടിൽ ത്രികോണ പോര്, സാധ്യത തോമസ് ചാണ്ടിക്കും

1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കുട്ടനാട്ടിൽ ഇരു ഇടതുപക്ഷക്കാരൻ ജയിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വലതുപക്ഷ മണ്ഡലമാണ് കുട്ടനാട്. മിക്കവാറും വലതുപക്ഷക്കാരാണ് ഇവിടെ ജയിക്കാറുള്ളത്. പിന്നീട് ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷ മുന്നണി യിലേക്ക് വരികയും കെസി ജോസഫ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇവിടെ വന്നു മത്സരിക്കുകയും ചെയ്തപ്പോഴാണ് ഇടതുമുന്നണി കുട്ടനാട്ടിൽ ജയിക്കാൻ തുടങ്ങിയത്. ഡോ. കെസി ജോസഫ് നാട്ടുകാരൻ കൂടിയാണ്.

1991 ൽ തൊടുപുഴയിൽ പിജെ ജോസഫ് തോറ്റു പോയപ്പോഴും കുട്ടനാട്ടിൽ ജയിച്ച ആളാണ് കെസി ജോസഫ്. പിന്നീട് 2006 ൽ കെസി ജോസഫ് കുട്ടനാട്ടിൽ പരാജയപ്പെട്ടു. വി എസ് തരംഗത്തിൽ കുട്ടനാട്ടിൽ കാറ്റ് അന്ന് തിരിച്ചടിച്ചു. 2011 ൽ ഇവിടെ ജയിച്ചത് എൻസിപിയുടെ കുവൈറ്റ് ചാണ്ടി എന്ന തോമസ് ചാണ്ടിയാണ്. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്തിന് മുൻപ് സ്വയം സ്ഥാനർത്ഥിത്വം പ്രഖ്യാപിക്കുകയും ഇനി വരുന്ന മന്ത്രിസഭയിൽ മന്ത്രിയായി ഇരിക്കുകയും ജലവിഭവ വകുപ്പായിരിക്കും അതെന്നും പ്രഖ്യാപിച്ച ആളാണ്.

കരുണാകരന്റെ ഡോമോക്രാറ്റിവ് ഇന്ദിര കോൺഗ്രസ് രൂപീകരിച്ചപ്പോൾ ചാണ്ടി അതിലായി. പിന്നീട് അത് കരുണാകരൻ പിരിച്ചുവിട്ടപ്പോൾ കരുണാകരൻ കോൺഗ്രസിലേക്കും മുരളീധരൻ എൻസിപിലേക്കും പോയപ്പോൾ ചാണ്ടി നിന്ന സ്ഥലത്തു തന്നെ നിന്നു. പിന്നീട് കമ്യൂണിസ്റ്റുകാരോട് സൗഹൃദമായി. അങ്ങനെ 2011 ൽ കുവൈറ്റ് ചാണ്ടിക്ക് സീറ്റു കിട്ടി ജയിച്ചു. മാണി ഗ്രൂപ്പിനു കൊടുത്തിരിക്കുന്ന കുട്ടനാട്ടിൽ കുവൈറ്റ് ചാണ്ടിക്കെതിരായി ജോസ് കോയിപ്പിളിയാണ് മത്സരിക്കുന്നത്. ജോസ് ജയിക്കില്ല എന്നുറപ്പാണ്. കാശുണ്ടെങ്കിലും ജനകീയനായ ഒരു എംഎൽഎ ആണ്.

കുട്ടനാട്ടിലെ ഏറ്റവും വലിയ പ്രത്യേകത ബിഡിജെഎസ് വളരെ സ്‌ട്രോങ്ങായി മത്സരിക്കുന്ന മണ്ഡലമാണ് കുട്ടനാട്. സുബാഷ് വാസുവിനായി ബിജെപിയും ബിഡിജെഎസിന്റെയും നന്നായിട്ടുള്ള വർക്കാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടു തോമസ് ചാണ്ടി അൽപ്പം ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. എൻഡിഎയ്ക്ക് വോട്ടുപിടിക്കാൻ പറ്റിയ ആലപ്പുഴ ജില്ലയിലെ നിർണ്ണായക രണ്ടു മണ്ഡലങ്ങളിൽ ഒന്ന് കുട്ടനാട് ആണ്. എന്നാലും ചാണ്ടിയെ തോൽപ്പിക്കാൻ അത്ര എളുപ്പമല്ല. ഒപ്പം സുഭാഷ് ഇവിടെ രണ്ടാം സ്ഥാനത്തത്തൊൻ നല്ല സാധ്യതയുണ്ട്.

ചതുഷ്‌കോണ ചൂടിൽ ചെങ്ങന്നൂർ; പ്രവചനം അസാധ്യം

മധ്യ തിരുവതാം കൂറിന്റെ ഒരു ഭാഗമാണ് ചെങ്ങന്നൂർ. രണ്ടു സിറ്റിങ് എംഎൽഎ വിഷ്ണു നാഥും, സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസുകാരിയായ മുൻ എംഎൽഎ ശോഭന ജോർജും. രണ്ടു പ്രാവശ്യം ഇവിടെ വിഷ്ണുനാഥ് മത്സരിച്ച മണ്ഡലമാണ്. ക്രിസ്ത്യൻ വോട്ടുകൾ ശോഭന ഭിന്നിപ്പിക്കുകയാണെങ്കിൽ വിഷ്ണു തോൽക്കും. അതുപോലെ വിഷ്ണുവിനെ സംബന്ധിച്ച് ആറന്മുള വിമാനത്താവളത്തെ അനുകൂലിക്കുന്ന ആളുമാണ്. വിമാനത്താവള വിരോധികൾ വിഷ്ണുവിന് വോട്ടു കുത്തില്ല. ഇവിടെ മത്സരിക്കുന്ന ഇടതു സ്ഥാനാർത്ഥി മുൻപ് ശോഭന ജോർജിനോട് പണ്ട് മത്സരിച്ചു തൊറ്റുപോയ രാമചന്ദ്രൻ നായർ ആണ്.

ബിജെപി ബീഡിജെഎസിന്റെ പിന്തുണയോട് കൂടി നിർത്തിയിട്ടുള്ള അഡ്വ. ശ്രീധരൻ പിള്ളയാണ് ബിജെപി സ്ഥാനാർത്ഥി. ശ്രീധരൻ പിള്ള നാട്ടുകാരനും പ്രാസംഗികനുമാണ്. ബിജെപി സാന്നിധ്യമുള്ള സ്ഥലമാണ് ചെങ്ങന്നൂർ അതുകൊണ്ടു ബിജെപി ആഞ്ഞു പിടിച്ചു മത്സരിക്കുന്ന മണ്ഡലമാണിത്. സ്ഥാനർത്ഥികളിൽ വിഷ്ണുനാഥ് ഒഴിച്ച് ബാക്കി എല്ലാവരും നാട്ടുകാരാണ് ഒരു ചതുഷ്‌കോണ മത്സരമാണ് എന്ന് പറയാം. ഓരോ വോട്ടിനും വേണ്ടിയുള്ള ഓട്ടമാണ് ഇവിടെ നടക്കുന്നത്. അവസാന വോട്ട് എണ്ണികഴിഞ്ഞാലേ ആരു ജയിക്കൂ എന്ന് പറയാൻ കഴിയൂ.

മാവേലിക്കരയിൽ നിന്ന് രാജേഷിന് രണ്ടാം ജയം

മണ്ഡല പുനർവിഭജനത്തിനു ശേഷം പന്തളം സീറ്റില്ലാതായപ്പോൾ മാവേലിക്കര സംവരണ മണ്ഡലമായി. അപ്പോൾ പന്തളത്തു നിന്നും ഭവന രഹിതനായ കോൺഗ്രസ്സുകാരൻ കെകെ ഷാജു ഇവിടെ വന്ന് ആർ രാജേഷിനോട് തോറ്റു. അങ്ങനെ രാജേഷ് മാവേലിക്കരയിൽ കഴിഞ്ഞ തവണ ജയിച്ചു. മാവേലിക്കര ഉറച്ച ഒരു സിപിഐ(എം) മണ്ഡലമാണ്. ഇവിടെ ആർ രാജേഷ് തന്നെയാണ് ഇക്കുറിയും സിപിഐ(എം) സ്ഥാനാർത്ഥി. ബിജു കലാശാല എന്ന കെപിഎംഎസ് പുന്നല ശ്രീകുമാർ ഗ്രൂപ്പുകാരനായ ബൈജു കലാശാലയാണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിജുവിൽ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷയില്ല. നിയമസഭയിലേക്ക് രാജേഷ് തന്നെയാണ് ഇക്കുറിയും മാവേലിക്കരയിൽ നിന്നും ജയിക്കുക.

ബിജെപിക്ക് കുറച്ചു വോട്ടുകളുള്ള മേഖലയാണ് മാവേലിക്കര. സവർണ മാടമ്പി നായർ വോട്ടുകൾ ഇവിടെ ധാരാളമുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ആർഎസ്എസിലൂടെ പൊതുരംഗത്ത് വന്ന പിഎം വേലായുധനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. കുറച്ചു വോട്ടുകൾ കിട്ടുമെന്നല്ലാതെ അത്ഭുതങ്ങൾ ബിജെപിയിൽ നിന്നും പ്രതീക്ഷിക്കണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP