Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിസിസി സെക്രട്ടറിമാരെ രാജിയ്‌ക്കൊരുക്കിയത് വിനയായി; സീറ്റ് കൊടുത്താൽ രാജി വയ്ക്കുമെന്ന് പറഞ്ഞ് അതിലേറെ സെക്രട്ടറിമാർ രംഗത്ത്; വെള്ളാപ്പള്ളിയുമായി ചേർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് അടൂർ പ്രകാശിന്റെ ഭീഷണി; ജോസഫിനെ ഒഴിവാക്കുന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമായി

ഡിസിസി സെക്രട്ടറിമാരെ രാജിയ്‌ക്കൊരുക്കിയത് വിനയായി; സീറ്റ് കൊടുത്താൽ രാജി വയ്ക്കുമെന്ന് പറഞ്ഞ് അതിലേറെ സെക്രട്ടറിമാർ രംഗത്ത്; വെള്ളാപ്പള്ളിയുമായി ചേർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് അടൂർ പ്രകാശിന്റെ ഭീഷണി; ജോസഫിനെ ഒഴിവാക്കുന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കോൺഗ്രസ് അധ്യക്ഷ സോണി ഗാന്ധി തന്നെ നേരിട്ട് ചർച്ച നടത്തിയിട്ടും ഉമ്മൻ ചാണ്ടിയും വി എം സൂധീരനും സമവായമാകാത്ത സാഹചര്യത്തിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടിയത്. അതിനിടെ കോൺഗ്രസ് സീറ്റ് നൽകിയില്ലെങ്കിൽ കോന്നിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് ഐ ഗ്രൂപ്പ് നേതൃത്വത്തെ അറിയിച്ചു. പത്തനംതിട്ട ഡി.സി.സി. നേതൃത്വത്തെയും മന്ത്രി ഇക്കാര്യം അറിയിച്ചുകഴിഞ്ഞെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ഗ്രൂപ്പുകാരായ ഡി.സി.സി. ഭാരവാഹികൾ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഔദ്യോഗിക ഭാരവാഹിത്വം രാജിവയ്ക്കുമെന്നു പരസ്യനിലപാടെടുത്തിട്ടുള്ളത്.

വെള്ളാപ്പള്ളി നേടശനുമായി അടൂർ പ്രകാശിന് അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ബിഡിജെഎസിന്റെ പിന്തുണയോടെ മത്സരിക്കാൻ കഴിയുമെന്നാണ് അടൂർ പ്രകാശിന്റെ വിലയിരുത്തൽ. സ്വതന്ത്രനായി മത്സരിക്കുന്നതു സംബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടൂർ പ്രകാശ് ചർച്ച നടത്തിയതായാണ് സൂചന. അത്തരമൊരു അവസ്ഥ വരുകയാണെങ്കിൽ എല്ലാപിന്തുണയും നൽകുമെന്നു വെള്ളാപ്പള്ളി ഉറപ്പുനൽകിയതായാണ് പ്രചരിക്കുന്നത്. അങ്ങനെയാണെങ്കിൽ ബിജെപിബി.ഡി.ജെ.എസ്. മുന്നണിയുടെ പിന്തുണയും അടൂർ പ്രകാശിനു ലഭിച്ചേക്കും. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനം വരുന്നതോടെ അടൂർ പ്രകാശ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കും.

കോന്നിയിൽ കോൺഗ്രസിന് ഉറപ്പുള്ള വിജയം അട്ടിമറിക്കാനാണ് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ ശ്രമിക്കുന്നതെന്നാണ് അടൂർ പ്രകാശിന്റെ ആരോപണം. ജില്ലയിൽ ഇത്രയേറെ ഉറപ്പുള്ള മറ്റൊരു സീറ്റില്ല. തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ പാർട്ടി നേരിടേണ്ടതായിരുന്നു. എന്നാൽ, അതിന് എണ്ണ പകരുന്ന സമീപനമാണ് പാർട്ടി സംസ്ഥാന അധ്യക്ഷനിൽനിന്നുണ്ടായതെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് സുധീരന്റെ ഭീഷണി. അതിനിടെ പത്തനംതിട്ട കോൺഗ്രസിൽ അടൂർ പ്രകാശിനെതിരായ വികാരം ശക്തമാണ്. ഭീഷണി എത്തിയ സാഹചര്യത്തിൽ എല്ലാവശവും പരിശോധിച്ച് മാത്രമേ കോന്നിയിൽ കോൺഗ്രസ് ഹൈക്കമാണ്ട് തീരുമാനം എടുക്കൂ. ഇരിക്കൂർ മണ്ഡലത്തിൽ തുടർച്ചയായി മത്സരിക്കുന്ന കെസി ജോസഫിനെ ഇത്തവണ ഒഴിവാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കോട്ടയംകാരനായ കെസി ജോസഫിനെ കണ്ണൂരിൽ ഇനിയും മത്സരിപ്പിക്കുന്നതിന്റെ സാങ്കേതികത്വം സുധീരൻ സോണിയാ ഗാന്ധിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

അടൂർ പ്രകാശിനേയും കെസി ജോസഫിനേയും ഒഴിവാക്കുന്ന സമവായത്തിനാണ് സാധ്യത. തൃപ്പുണ്ണിത്തുറയിൽ കെ ബാബു മത്സരിക്കുമെന്നാണ് സൂചന. തൃക്കാക്കരയിൽ ബെന്നി ബെഹന്നാനും പ്രശ്‌നം വരില്ല. പാറശ്ശേലയിൽ എടി ജോർജ് സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ നിലപാടാണ് എടി ജോർജിന് തുണയായത്. സീറ്റില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജോർജ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് നൽകിയത്. ഇത് മനസ്സിലാക്കിയാണ് സ്വതന്ത്ര ഭീഷണിയുമായി അടൂർ പ്രകാശ് എത്തിയത്. എന്നാൽ നാടാർ സമുദായം എതിരാകാതിരിക്കാനാണ് ജോർജിന് സീറ്റ് നൽകിയത്. പക്ഷേ അടൂർ പ്രകാശിന്റെ കാര്യം അങ്ങനെയല്ല. എസ് എൻ ഡി പിയും ബിജെപിയും സഖ്യമാണ്. അതുകൊണ്ട് തന്നെ അടൂർ പ്രകാശിനെ ഒഴിവാക്കിയെന്നതു കൊണ്ട് സമുദായത്തിന്റെ എതിർപ്പ് ഉയരില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സുധീരൻ കോന്നിയിൽ നിലപാട് കടുപ്പിക്കുന്നത്.

കോന്നിയിലെ വിജയത്തിനുവേണ്ടി സംസ്ഥാനത്തൊട്ടാകെ കോൺഗ്രസിനെ ബലികൊടുക്കാനാവില്ലെന്നാണ് കെപിസിസി. പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്. കോൺഗ്രസിനെ ഇത്രത്തോളം നാണംകെടുത്തിയ അഴിമതിയാരോപണങ്ങൾ ഇതിനുമുമ്പുണ്ടായിട്ടില്ല. ഈ ആരോപണങ്ങൾ കാരണം കുറഞ്ഞത് 25 സീറ്റിലെങ്കിലും യു.ഡി.എഫിനു തിരിച്ചടിയുണ്ടാകും. അത് തടയിടാനാണ് ആ അഴിമതി ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുധീരൻ രംഗത്തെത്തിയത്. ഇതിലൂടെ പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് ഒഴിവാക്കാനായി എന്നു മാത്രമല്ല, മന്ത്രിമാർ അഴിമതി കാട്ടിയാൽ പാർട്ടി നേതൃത്വം ചെവിക്കു പിടിക്കുമെന്ന സന്ദേശം പൊതുസമൂഹത്തിന് നൽകാനായി എന്നും സുധീരൻ അനുകൂലികൾ പറയുന്നു.

ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള കെ.സി. ജോസഫ്, കെ. ബാബു, അടൂർ പ്രകാശ് എന്നീ മന്ത്രിമാർക്കും ബെന്നി ബെഹനാൻ എംഎ‍ൽഎയ്ക്കും ഇത്തവണ സീറ്റ് നൽകാനാകില്ലെന്ന നിലപാടിൽ സുധീരൻ ഇന്നലെയും ഉറച്ചുനിന്നു. കഴിഞ്ഞദിവസം മധ്യസ്ഥന്റെ വേഷത്തിലെത്തിയ രമേശ് ചെന്നിത്തല ഇന്നലെയും ആ തന്ത്രം തുടർന്നതോടെ ഉമ്മൻ ചാണ്ടി പൊട്ടിത്തെറിച്ചു. കെ. മുരളീധരൻ കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്ത ഗ്രൂപ്പ് യോഗത്തിനുശേഷമാണ് ഉമ്മൻ ചാണ്ടിയെ രമേശ് കേരളാ ഹൗസിൽ സന്ദർശിച്ചത്. നാലിൽ രണ്ടുപേരെയെങ്കിലും മാറ്റിനിർത്തി പ്രശ്‌നം പരിഹരിക്കുകയെന്ന ഫോർമുല മുന്നോട്ടുവച്ച രമേശിനോട് ഉമ്മൻ ചാണ്ടി ക്ഷുഭിതനായി. ഇതോടെ കാര്യങ്ങൾ വ്യക്തമാക്കി. കെസി ജോസഫും അടൂർ പ്രകാശും മാത്രമാകും ഇത്തവണ വെട്ടിനിരത്തലിന് ഇരയാവുക. വിശ്വസ്തരെ വെട്ടിനിരത്തി തന്നെ ഒറ്റപ്പെടുത്താനും അപമാനിക്കാനുമാണു സുധീരന്റെ നീക്കമെന്ന് ഉമ്മൻ ചാണ്ടി ആരോപിക്കുന്നു. എന്നാൽ, സംശുദ്ധരാഷ്ട്രീയത്തിനായുള്ള ശ്രമമാണു തന്റേതെന്നാണു സുധീരൻ ചർച്ചകളിൽ ആവർത്തിക്കുന്നത്.

സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ ഇന്ന് ഉച്ചയോടെ സോണിയയുടെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പുസമിതി ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും തർക്ക സീറ്റുകളിൽ തീരുമാനമാകാത്തതിനാൽ മാറ്റിവച്ചേക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് ധാരണയും എങ്ങുമെത്തിയില്ല. ഇന്നലെ രാത്രിയോടെ നിർത്തിവച്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം ഇന്നു രാവിലെ പുനരാരംഭിച്ചേക്കും.നാലാംദിവസവും നേതാക്കൾ നിലപാടിൽ അയവുവരുത്തിയില്ലെങ്കിൽ ഹൈക്കമാൻഡ് അന്തിമതീരുമാനമെടുക്കാൻ നിർബന്ധിതമാകും. ഏതുവിധേനയും പ്രശ്‌നപരിഹാരത്തിനു ഫോർമുലയുണ്ടാക്കണമെന്ന ആവശ്യവുമായി എ.ഐ.സി.സി. ഭാരവാഹികളെയും എ.കെ. ആന്റണിയേയും സോണിയ ബന്ധപ്പെട്ടു. രാത്രി വൈകിയും തിരക്കിട്ട ശ്രമങ്ങൾ തുടരുകയാണ്. തർക്കം നിലനിൽക്കുന്ന 30 മണ്ഡലങ്ങളിൽ പാനൽ തയാറാക്കി ഹൈക്കമാൻഡിനു നൽകാനാണ് നീക്കം.

ഈ പാനലിൽ കോന്നിയിലും ഇരിക്കൂറും ഒന്നിലേറെ പേരുകളുണ്ടാകും. ഇതിൽ നിന്ന് ഹൈക്കമാണ്ട് ഉചിതമായ തീരുമാനം എടുക്കട്ടേ എന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷം. ഇരിക്കൂറിൽ സതീഷൻ പാച്ചേനി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കോന്നിയിൽ അടൂർപ്രകാശിനെ വെട്ടി മോഹൻരാജും. എന്നാൽ അടൂർ പ്രകാശ് ബിഡിജെഎസിലൂടെ ബിജെപിയിൽ പോയി സ്വതന്ത്രനാകുന്നതിനെ കോൺഗ്രസ് ഹൈക്കമാണ്ട് എപ്രകാരം കാണുമെന്നതാണ് പ്രധാനം. ഈ നീക്കത്തെ ചെറുക്കാൻ തീരുമാനിച്ചാൽ കോന്നിയിൽ അടൂർ പ്രകാശിന് സീറ്റ് നൽകിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP