Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

മുക്താർ അബ്ബാസ് നഖ് വിയും നജ്മ ഹെപ് ത്തുള്ളയും ഇന്ത്യയിൽ ഒട്ടും സ്വാധീനമില്ലാത്ത ഷിയാ വിഭാഗത്തിന്റെ പ്രതിനിധികൾ; ഷാനവാസ് ഹുസൈൻ മുഖ്യധാരയിൽ നിന്നും മാറി കഴിഞ്ഞു; അബ്ദുള്ളകുട്ടിയെ കൊണ്ട് പോയത് ഇന്ത്യയിലെ സുന്നി മുസ്ലീങ്ങളുടെ പ്രതിനിധിയായി; മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്നും രാജ്യസഭയിൽ എത്തിച്ച് കേന്ദ്രമന്ത്രി പദവി നൽകിയേക്കും; അബ്ദുള്ളകുട്ടിയെ കാത്തിരിക്കുന്നത് കേരളാ നേതാക്കൾക്ക് സ്വപ്‌നം കാണാൻ കഴിയാത്ത അത്യുന്നത പദവികൾ

മുക്താർ അബ്ബാസ് നഖ് വിയും നജ്മ ഹെപ് ത്തുള്ളയും ഇന്ത്യയിൽ ഒട്ടും സ്വാധീനമില്ലാത്ത ഷിയാ വിഭാഗത്തിന്റെ പ്രതിനിധികൾ; ഷാനവാസ് ഹുസൈൻ മുഖ്യധാരയിൽ നിന്നും മാറി കഴിഞ്ഞു; അബ്ദുള്ളകുട്ടിയെ കൊണ്ട് പോയത് ഇന്ത്യയിലെ സുന്നി മുസ്ലീങ്ങളുടെ പ്രതിനിധിയായി; മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്നും രാജ്യസഭയിൽ എത്തിച്ച് കേന്ദ്രമന്ത്രി പദവി നൽകിയേക്കും; അബ്ദുള്ളകുട്ടിയെ കാത്തിരിക്കുന്നത് കേരളാ നേതാക്കൾക്ക് സ്വപ്‌നം കാണാൻ കഴിയാത്ത അത്യുന്നത പദവികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബിജെപി ദേശീയ ഉപാധ്യക്ഷനായി എ.പി.അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിന് പിന്നിൽ മോദിയുടേയും അമിത് ഷായുടേയും വ്യക്തമായ പദ്ധതികൾ.നിലവിൽ കേന്ദ്രമന്ത്രിസഭയിൽ ബിജെപി.യുടെ മുസ്ലിം മുഖം മുക്താർ അബ്ബാസ് നഖ്വിയാണ്. രണ്ട് മോദി മന്ത്രിസഭയിലും അംഗമായ അദ്ദേഹം ഷിയ വിഭാഗക്കാരനാണ്. മറ്റൊരു ബിജെപി. നേതാവായ നജ്മ ഹെപ്ത്തുള്ളയും ഷിയ വിഭാഗക്കാരിയാണ്. മറ്റൊരു നേതാവായ ഷാനവാസ് ഹുസൈൻ ഇപ്പോൾ അത്ര സജീവമല്ല. ഇതാണ് അബ്ദുള്ളകുട്ടിക്ക് ഭാഗ്യം എത്തിക്കുന്നത്. പ്രബലമായ സുന്നിവിഭാഗത്തിൽ നിന്നുള്ള അബ്ദുള്ളക്കുട്ടിയെ ഉയർത്തിക്കാട്ടാനാണ് ബിജെപിയുടെ നീക്കം.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അബ്ദുള്ളകുട്ടിയെ വൈകാതെ മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിച്ചേക്കും. ചിലപ്പോൾ കേന്ദ്രമന്ത്രിസഭയിലേക്കും പരിഗണിച്ചേക്കുമെന്ന് പാർട്ടിയിൽ അടക്കംപറച്ചിലുണ്ട്. അടുത്ത കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അബ്ദുള്ളകുട്ടിയെ കാബിനറ്റ് പദവിയോടെ മന്ത്രിയാക്കുമെന്നും സൂചനകളുണ്ട്. അബ്ദുള്ളക്കുട്ടി സിപിഎമ്മിൽനിന്ന് രണ്ടുതവണ എംപി.യും കോൺഗ്രസിൽനിന്ന് രണ്ടുതവണ എംഎ‍ൽഎ.യുമായിട്ടുണ്ട്. അദ്ദേഹത്തെ ബിജെപി.യിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദേശീയമുഖമാക്കി മാറ്റാനാണ് കേന്ദ്രനേതൃത്വത്തിന്റെ ശ്രമം. ബിഹാർ, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അബ്ദുള്ളക്കുട്ടിയെ ഉപയോഗപ്പെടുത്തിയേക്കും. പ്രത്യേകിച്ച് ബംഗാളിൽ. ഇവിടെ അബ്ദുള്ളകുട്ടിയെ പ്രചാരണത്തിൽ നിറയ്ക്കും.

മലയാളിയായ അരവിന്ദ് മേനോനാണ് ബിജെപി. ബംഗാളിൽ തിരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുള്ളത്. ഗുരുവായൂർ സ്വദേശിയാണ് അരവിന്ദ് മേനോൻ. ലക്ഷക്കണക്കിന് ബംഗാളികൾ കേരളത്തിൽ ജോലിചെയ്യുന്നുണ്ട്. ഈ സാധ്യതയൊക്കെ അബ്ദുള്ളക്കുട്ടിയിലൂടെ ഉപയോഗപ്പെടുത്തും. കേരള നേതൃത്വം അറിയാതെയാണ് അബ്ദുള്ളക്കുട്ടി ദേശീയസമിതിയിലെത്തുന്നത്. അതേസമയം, ഇക്കാര്യം നേരത്തെ അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി.നഡ്ഡ, ദേശീയ സെക്രട്ടറി ബി.എൽ.സന്തോഷ്, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ ചർച്ചചെയ്തിരുന്നതായും അറിയുന്നു. ദേശീയതലത്തിൽ പാർട്ടിക്കുവേണ്ടി കഠിനമായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് അബ്ദുള്ളകുട്ടി പറയുന്നു. ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ പലരും വിളിച്ച് അഭിനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വളരെ മുമ്പ് തന്നെ മോദിയുടെ മനസ്സിലേക്ക് കുടിയേറിയ അത്ഭുതക്കുട്ടിയാണ് അബ്ദുള്ളകുട്ടി. ഗുജറാത്ത് മോഡൽ വികസനത്തെ പരസ്യമായി അനുകൂലിച്ച നേതാവായിരുന്നു അബ്ദുള്ളകുട്ടി മുമ്പ്. കോൺഗ്രസിൽ നിൽക്കുമ്പോൾ മോദിക്ക് അനുകൂലമായി അബ്ദുള്ളക്കുട്ടി നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ദേശീയതലത്തിൽ തന്നെ ചർച്ചായായി. കോൺഗ്രസിൽ ഒതുക്കപ്പെട്ട അബ്ദുള്ളക്കുട്ടി ബിജെപിയിൽ എത്തി. സിപിഎമ്മിലും കോൺഗ്രസിലും സംഭവിക്കാത്തതാണ് ബിജെപിയിൽ എത്തിയപ്പോൾ അബ്ദുള്ളക്കുട്ടിക്ക് കിട്ടുന്നത്. നല്ലൊരു മുസ്ലിം നേതൃമുഖം ഇല്ലാത്ത ബിജെപി അബ്ദുള്ളക്കുട്ടിയെ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനാക്കി.

വളരെ കുറച്ച് പേർക്ക് മാത്രമേ ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ മലയാളി മുഖമായി നിറയാൻ കഴിഞ്ഞിട്ടുള്ളൂ. കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും പദവികൾ പ്രതീക്ഷിച്ചു. രണ്ടു പേരേയും നിരാശരായി. ശോഭാ സുരേന്ദ്രനെ തീർത്തും ഒഴിവാക്കിയെന്ന് വേണം വിലയിരുത്താൻ. ബിജെപിയിലെ പ്രമുഖർക്കൊപ്പമാണ് അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റാകുന്നത്. രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹൻ സിങ്, ബൈജയന്ത് ജയ് പാണ്ഡ, രഘുബർ ദാസ്, മുകുൾ റോയ്, രേഖ വർമ, അന്നപൂർണ ദേവി, ഭാരതി ബെൻ ഷിയാൽ, ഡി.കെ. അരുണ, ചുബ ആവോ എന്നിവരാണ് മറ്റ് നാഷണൽ വൈസ് പ്രസിഡന്റുമാർ. ഇതിൽ മുൻ മുഖ്യമന്ത്രിമാർ പോലുമുണ്ട്. അതുകൊണ്ട് തന്നെ അബ്ദുള്ളക്കുട്ടിയുടെ നേട്ടം സമാനതകളില്ലാത്തതാണ്.

പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ താൽപ്പര്യമാണ് ദേശീയ അധ്യക്ഷൻ നദ്ദയുടെ പ്രഖ്യാപനത്തിൽ നിറയുന്നത്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടു മാത്രമേ അതിനുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന. സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറിയായ ബിഎൽ സന്തോഷിന്റെ തീരുമാനങ്ങളും ഭാരവാഹി നിർണ്ണയത്തെ സ്വാധീനിച്ചു. മംഗളൂരുവിൽ ബന്ധമുള്ള അബ്ദുള്ളക്കുട്ടിക്ക് തുണയായതും സന്തോഷിന്റെ ഉറച്ച പിന്തുണയാണ്. കേരളത്തിലെ ഗ്രൂപ്പുകളെ സന്തോഷും തള്ളിക്കളയുന്നുവെന്നതാണ് തീരുമാനങ്ങളിൽ നിറയുന്നത്. അതിനിടെ പാർട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരെ ഒഴിവാക്കി മറ്റ് പാർട്ടികളിൽ നിന്ന് ചേക്കേറിയവർക്ക് സ്ഥാനമാനങ്ങൾ നൽകിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

എ പി അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതോടെ പാർട്ടിയുടെ ന്യൂനപക്ഷ നിലപാട് ഒന്നു കൂടി വ്യക്തമാക്കാനാണ് ദേശീയ നേതൃത്വം ശ്രമിച്ചത്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളാരും പട്ടികയിൽ ഇടംപിടിക്കാതിരുന്നത് സംസ്ഥാനത്തെ ഗ്രൂപ്പ് പോരിലുള്ള ദേശീയ നേതൃത്വത്തിന്റെ അതൃപ്തി മൂലമാണെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP