Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

പൊലീസ് ആക്ടിൽ തിരിച്ചടിയായത് മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന പിണറായി ശൈലിക്ക്! നിയമത്തിനെതിരെ പാർട്ടിക്ക് ഉള്ളിലും പുറത്തും രോഷം അണപൊട്ടിയപ്പോൾ തള്ളി മറിക്കുന്ന സൈബർ പോരാളികൾ പോലും നിശബ്ദരായി; ഹിറ്റ്‌ലർ എന്നു വിളിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ആയുധമാക്കിയപ്പോൾ അപകടം മണത്ത് പിന്മാറ്റം; സുപ്രധാന കാര്യങ്ങളിൽ പിണറായിക്ക് 'വീഴ്‌ച്ച' തുടർക്കഥയാകുമ്പോൾ

പൊലീസ് ആക്ടിൽ തിരിച്ചടിയായത് മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന പിണറായി ശൈലിക്ക്! നിയമത്തിനെതിരെ പാർട്ടിക്ക് ഉള്ളിലും പുറത്തും രോഷം അണപൊട്ടിയപ്പോൾ തള്ളി മറിക്കുന്ന സൈബർ പോരാളികൾ പോലും നിശബ്ദരായി; ഹിറ്റ്‌ലർ എന്നു വിളിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ആയുധമാക്കിയപ്പോൾ അപകടം മണത്ത് പിന്മാറ്റം; സുപ്രധാന കാര്യങ്ങളിൽ പിണറായിക്ക് 'വീഴ്‌ച്ച' തുടർക്കഥയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്നും മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന ശൈലിക്ക് ഉടമയായിരുന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആ പിണറായി ശൈലിക്കാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്. തൊട്ടാൽ പൊള്ളുന്ന സോഷ്യൽ മീഡിയാ വിഷയം അധികം കൂടിയാലോചനകൾ ഇല്ലാതെ നടപ്പിലാക്കിയതിലാണ് മുഖ്യമന്ത്രിക്ക് പണി പാളിയത്. നിയമസഭ കൂടിയും പൊതുജന അഭിപ്രായം സമാഹരിച്ചു നടപ്പിലാക്കേണ്ട കാര്യങ്ങൾ അതിനൊന്നും നില്ക്കാൽ സ്വന്തം ഇഷ്ടപ്രകാരം നടപ്പിലാക്കിയപ്പോൾ ശരിക്കും കൈ പൊള്ളുകയായിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി എണ്ണമറ്റ പ്രമേയങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള ഒരു പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗം കൂടിയാണ് ഇത്തരമൊരു കരിനിയമം കൊണ്ടുവന്നത് എന്നു കൂടിയായപ്പോൾ ശരിക്കും പെട്ടത് സിപിഎം കേന്ദ്ര നേതൃത്വമായിരുന്നു. നരേന്ദ്ര മോദിക്കുള്ള വഴി കാട്ടിക്കൊടുക്കുകയായിരുന്നു പിണറായി എന്നായിരുന്നു പൊതുവികാരം. ഇതോടെ യെച്ചൂരി കർശനമായ നിലപാട് കൈക്കൊള്ളുകയും ചെയ്തു. പാർട്ടിക്കുള്ളിലും പുറത്തുമായി രോഷം അണപൊട്ടിയപ്പോഴുള്ള തിരിച്ചറിവായി അദ്ദേഹത്തിന്റെ പിന്മാറ്റം. പിണറായി അധികാരത്തിൽ എത്തിയ ശേഷം പതിവായി പറയുന്ന 'വീഴ്‌ച്ച പറ്റി' സംഭവങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊരു സംഭവം കൂടിയായി പൊലീസ് ആക്ട്.

ശനിയാഴ്ച ഗവർണർ ഒപ്പുവച്ച ഓർഡിനൻസ് മാധ്യമ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കത്തിവയ്ക്കലാണ് എന്ന വ്യാപക വിമർശനം ഉയർന്നപ്പോൾ തന്നെ സിപിഎം കേന്ദ്ര നേതൃത്വം കേരള നേതൃത്വത്തെ ആശങ്ക അറിയിച്ചു. വിവാദ ഭേദഗതി അനുവദിക്കരുതെന്ന വികാരമാണ് ഉന്നത നേതാക്കൾക്കുമുണ്ടായിരുന്നത്. കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു രണ്ടു പേർക്കെതിരെ യുഎപിഎ ചുമത്തിയപ്പോഴും സമാനമായ എതിർപ്പ് കേന്ദ്രസംസ്ഥാന നേതൃത്വങ്ങളിൽ നിന്ന് ഉയർന്നിരുന്നു. പക്ഷേ, മുഖ്യമന്ത്രി അന്നു വഴങ്ങിയില്ല.

സ്വർണക്കടത്തു വിവാദം സർക്കാരിനെ പിടിച്ചു കുലുക്കുമ്പോൾ പാർട്ടി കൈവിടാതെ നിൽക്കുന്ന സാഹചര്യം പിണറായിക്കു കണക്കിലെടുക്കേണ്ടി വന്നുവെന്നു കരുതുന്നവരുണ്ട്. പാർട്ടിയെ കൂടുതൽ വിശ്വാസത്തിലെടുത്തു നീങ്ങേണ്ടതിന്റെ അനിവാര്യത മുഖ്യമന്ത്രിക്ക് ഉൾക്കൊള്ളേണ്ടി വരികയാണ്. ഇടതുപക്ഷത്തിനു യോജിക്കാനാകാത്ത നിയമം എങ്ങനെ മന്ത്രിസഭ ചർച്ച ചെയ്തു ഗവർണർക്ക് അയച്ചു എന്ന ചോദ്യം പ്രസക്തം. വിശദമായ ഉൾപാർട്ടി ചർച്ചയ്ക്കു ശേഷം സർക്കാർ തീരുമാനം എന്ന മുൻകാല ശൈലിക്കു പകരം തീരുമാനമെടുത്ത ശേഷം പാർട്ടിയിൽ റിപ്പോർട്ട് ചെയ്യുന്ന മാറ്റത്തെ പലരും പഴിക്കുന്നു. എൽഡിഎഫ് നേതൃയോഗങ്ങളും റിപ്പോർട്ടിങ് വേദികൾ മാത്രമായി ചുരുങ്ങി.

പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം വീണു കിട്ടിയ ആയുധമായിരുന്നു ഇത്. പിണറായി വിജയനെ ഹിറ്റ്‌ലർ എന്നുവിളിച്ചു കൊണ്ട് ചെന്നിത്തലയും മുല്ലപ്പള്ളിയും അടക്കമുള്ള കേന്ദ്രനേതാക്കൾ തെരുവിൽ ഇറങ്ങിയതോടെ സിപിഎം ശരിക്കും അപകം മണത്തു. വിവാദം നീണ്ടുപോയാൽ തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ദോഷമുണ്ടാക്കുമെന്നതും സിപിഎം പരിഗണിച്ചു. പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ പോലും എതിർക്കുമെന്നു മനസ്സിലാക്കി. സൈബർ ഇടങ്ങളിലെ പാർട്ടി പോരാളികൾ വരെ നിശ്ശബ്ദരായതിന്റെ ആഘാതം തിരിച്ചറിഞ്ഞു. ഇതോടെ ഓർഡിനൻസ് നടപ്പിലാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തുകയായിരുന്നു.

യുഎപിഎയുടെ കാര്യത്തിൽ കേന്ദ്ര നിയമമാണെന്നു ചൂണ്ടിക്കാട്ടി തലയൂരാമെങ്കിൽ കേരള പൊലീസ് നിയമത്തിലെ ഭേദഗതിയുടെ കാര്യത്തിൽ ആ സാധ്യതയുമില്ല. സംഭവിച്ച വീഴ്ച തിരുത്താൻ തയാറായതു വഴി നല്ല മാതൃകയല്ലേ മുഖ്യമന്ത്രി കാട്ടിയത് എന്നാണു നേതാക്കൾ ചുണ്ടിക്കാട്ടുന്നത്. രണ്ടാം ദിവസം പിൻവാങ്ങാനായി മാത്രം അങ്ങനെ ഒരു മാതൃക സൃഷ്ടിക്കേണ്ടിയിരുന്നോ എന്ന ചോദ്യം നേരിടുന്നതു സിപിഎം കൂടിയാണ്.

സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമമാണു സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം. എത്ര വിമർശനങ്ങൾ ഉണ്ടായാലും താൻ തീരുമാനിച്ച് ഉറപ്പിച്ചത് നടപ്പാക്കാനുള്ള ഇച്ഛാശക്തി തന്നെയാണ് അദ്ദേഹത്തിന് ഇരട്ടച്ചങ്കൻ എന്ന പേര് നേടിക്കൊടുത്തതും. എന്നാൽ മുഖ്യമന്ത്രിയായപ്പോൾ നിലപാടുകളിൽ മലക്കം മറിയുന്ന പിണറായി വിജയനെയാണ് കേരളം കണ്ടത്.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരിനിയമമെന്ന് ഏവരും വിമർശിച്ച പൊലീസ് ആ്ക്റ്റ് ഭേദഗതി നിയമത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. ഏറ്റവും വിചിത്രം തൊട്ടു തലേന്ന് രാത്രിവരെ മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഈ നിയമത്തെ ന്യായീകരിക്കയായിരുന്നു എന്നാണ്. തന്റെ വാർത്താസമ്മേളനത്തിലും പിണറായി പുതിയ നിയമത്തെ ന്യായീകരിക്കുകയും, ദുരുപയോഗം തടയുന്നത് ഉറപ്പുവരുത്തുമെന്നുമാണ് പറഞ്ഞിരുന്നത്.

എന്നാൽ ഇടതുപക്ഷത്തെ ഏക്കാലവും പിന്തണച്ചിരുന്ന സാംസ്‌കാരിക - സാമൂഹിക പ്രവർത്തകർ അടക്കമുള്ള വലിയൊരു വിഭാഗം ശക്തമായി പ്രതിഷേധം ഉയർത്തുകയും സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന്റെ അടുത്തുവരെ പ്രശ്‌നം എത്തുകയും ചെയ്തതോടെയാണ് പിണറായി ഈ നീക്കത്തിൽനിന്ന് പിൻവലിയുന്നത്. ഇത് തെളിയിക്കുന്നത് പാർട്ടിയിലെയും സർക്കാറിലെയും ഏകാധിപത്യ പ്രവണത കൂടിയാണ്. ഇത്രയും നിർണ്ണായകമായ ഒരു തീരുമാനം എടുക്കുന്ന ഘട്ടത്തിൽ പോലും അദ്ദേഹം മുന്നണിയിലോ പാർട്ടിയിലോ ചർച്ച ചെയ്തില്ല എന്നത് വിചിത്രമാണ്. അതുപോലെ തന്നെ ശബരിമല, ബ്രൂവറി, സ്പ്രിംങ്കളർ വിഷയത്തിലും സമാനമായ മലക്കം മറിച്ചിലാണ് മുഖ്യമന്ത്രിയിൽനിന്നും ഉണ്ടായത്. എന്നിട്ടും ഇരട്ടച്ചങ്കൻ എന്ന പേരാണ് താങ്ങാൻ പറ്റാത്തത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരും പരിഹസിക്കുന്നത്.

ശബരിമല വിഷയത്തിലും ബ്രൂവറി, സ്പ്രിൻക്ലർ വിവാദത്തിൽ അടക്കം മുഖ്യമന്ത്രിക്ക് പിഴവു പറ്റിയിരുന്നു. ഇപ്പോൾ വിവാദ നായകനായ ശിവശങ്കറിനെ അന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്പ്രിംങ്കളർ വിവാദകാലത്തും മുഖ്യമന്ത്രി സ്വീകരിച്ചത്. ഡാറ്റ സ്വകാര്യ കമ്പനിക്ക് കൊടുക്കുന്നത് ആപത്താണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ, ആദ്യം ചിരിച്ചു തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നാൽ ഘടകകക്ഷിയായ സിപിഐ വരെ ഈ വിഷയത്തിൽ ഇടഞ്ഞതോടെയാണ് മുഖ്യമന്ത്രി തീരുമാനം റദ്ദാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP