Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാൻ പൊങ്കാലയിടുന്നത് അദ്ദേഹം ജയിക്കാനാണ്...എല്ലാവരും ആ മനുഷ്യന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കുമ്മനത്തിന് വോട്ട് ചോദിച്ച് സ്ത്രീകൾ; സ്വീകരണകേന്ദ്രമല്ലാത്ത സ്ഥലങ്ങളിൽ വാഹനം തടഞ്ഞ് സ്വീകരിച്ച് നാട്ടുകാർ; റസിഡൻഷ്യൽ മേഖലകളിൽ കുടുംബ സമേതം എത്തിയും സ്വീകരണം; ഓരോ കേന്ദ്രത്തിലും പടക്കം പൊട്ടിച്ചും ഇരുചക്രവാഹന റാലിയോടെയും കുമ്മനത്തിന്റെ പര്യടനം മുന്നേറുന്നത് ഉത്സവാന്തരീക്ഷത്തിൽ; സ്വീകരിക്കാൻ ഇരച്ചെത്തുന്നത് യുവതീയുവാക്കൾ മുതൽ മുതിർന്നപൗരന്മാർ വരെ

'ഞാൻ പൊങ്കാലയിടുന്നത് അദ്ദേഹം ജയിക്കാനാണ്...എല്ലാവരും ആ മനുഷ്യന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കുമ്മനത്തിന് വോട്ട് ചോദിച്ച് സ്ത്രീകൾ; സ്വീകരണകേന്ദ്രമല്ലാത്ത സ്ഥലങ്ങളിൽ വാഹനം തടഞ്ഞ് സ്വീകരിച്ച് നാട്ടുകാർ; റസിഡൻഷ്യൽ മേഖലകളിൽ കുടുംബ സമേതം എത്തിയും സ്വീകരണം; ഓരോ കേന്ദ്രത്തിലും പടക്കം പൊട്ടിച്ചും ഇരുചക്രവാഹന റാലിയോടെയും കുമ്മനത്തിന്റെ പര്യടനം മുന്നേറുന്നത് ഉത്സവാന്തരീക്ഷത്തിൽ; സ്വീകരിക്കാൻ ഇരച്ചെത്തുന്നത് യുവതീയുവാക്കൾ മുതൽ മുതിർന്നപൗരന്മാർ വരെ

അരുൺ ജയകുമാർ

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കടുത്ത വേനലിനെ പോലും വകവയ്ക്കാതെയാണ് സ്ഥാനാർത്ഥികൾ പര്യടനം നടത്തുന്നതും വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതും. മൂന്ന് മുന്നണികളുടെ കാര്യവും ഇങ്ങനെ തന്നെ. മറുനാടൻ മലയാളിയുടെ സ്ഥാനാർത്ഥിക്കൊപ്പം എന്ന പരിപാടിയിൽ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇന്ന് കണ്ട കാഴ്ചയും വ്യത്യസ്തമായിരുന്നില്ല.

പലപ്പോഴും നിശ്ചയിക്കുന്ന സമയത്ത് ഒരിടത്തും എത്താൻ സ്ഥാനാർത്ഥികൾക്ക് കഴിയാറില്ല. ഓരോ ജംഗ്ഷനിലും തീരുമാനിച്ചുറപ്പിച്ചതിലും അധികം സമയം ചെലവഴിക്കേണ്ടി വരുന്നു എന്നത് തന്നെയാണ് പ്രചാരണം രാത്രി വൈകി അവസാനിക്കുന്നതിന്റെ കാരണം. ഇന്ന് സ്ഥാനാർത്ഥിക്കൊപ്പം പരിപാടിയുടെ ഭാഗമായി രാവിലെ 6:30ന് എത്തുമ്പോൾ സ്ഥാനാർത്ഥിയുടെ സന്തതസഹചാരികൾ പറഞ്ഞത് പുലർച്ചെ രണ്ടര മണിക്കാണ് രാജേട്ടൻ എത്തിയത് എന്നായിരുന്നു.

പ്രചാരണ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ തനിക്ക് ലഭിക്കുന്ന ഈ ജനപിന്തുണ പ്രതീക്ഷിച്ചതിലും വലുതാണെന്ന് കുമ്മനം തുറന്ന് സമ്മതിക്കുന്നു. എല്ലാ വിഭാഗത്തിന്റേയും പിന്തുണ നേടിക്കഴിഞ്ഞുവെന്നും വിജയം സുനിശ്ചിതമായി കഴിഞ്ഞു എന്നും കുമ്മനം പറയുന്നു. അഭിപ്രായ സർവ്വേകളിൽ എല്ലാം തന്നെ തന്റെ വിജയം പ്രവചിക്കുന്നതിനെ കുറിച്ച് കുമ്മനം പറയുന്നത് അത് വലിയ ആത്മവിശ്വാസം പകരുന്ന ഒന്നാണെന്നും എന്നാൽ അതുകൊണ്ട് മാത്രം വെറുതെ ഇരിക്കാൻ പറ്റില്ലെന്നും ഇനിയും വളരെ കഠിനാധ്വാനം ചെയ്ത് വിജയം എന്ന പൂർണതയിലേക്ക് എത്തേണ്ടതുണ്ട് എന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

കഴിഞ്ഞ ദിവസം അപകടം സംഭിച്ച യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ അപകട അവസ്ഥയെ പോലും പരിഹസിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണത്തെ കുറിച്ച് അറിയില്ല. എന്നാൽ തന്റെ പോരാട്ടം ആശയപരം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പല സർവ്വേകൾ നടത്തിയപ്പോഴും തിരുവനന്തപുരത്തെ ഏറ്റവും വലിയ ജനപ്രിയ നേതാവ് കുമ്മനം ആണല്ലോ എന്ന ചോദ്യത്തിന് അത് ജനങ്ങളുടെ അംഗീകാരമാണ് എന്നായിരുന്നു മറുപടി.

കുമ്മനത്തിന് വേണ്ടി പൊങ്കാലയിട്ടും വോട്ടുപിടിച്ചും സ്ത്രീകൾ ഉൾപ്പടെ രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കാത്ത സ്ഥലങ്ങളിൽ പോലും സ്വീകരിക്കാൻ ആളുകൾ കുടുംബ സമേതം എത്തുന്നു. സ്വീകരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടില്ലായിരുന്ന സ്ഥലങ്ങളിൽ പോലും കുമ്മനം രാജശേഖരനെ നേരിൽ കാണാനും ഷാളണിയിച്ച് സ്വീകരിക്കാനും നിരവധിയാളുകൾ എത്തിയിരുന്നു. വിദ്യാർത്ഥികളും യുവാക്കളും യുവതികളും വീട്ടമ്മമാരും മുതൽ വയസ്സായ അപ്പൂപ്പന്മാരും അമ്മൂമ്മമാരും വരെ കുമ്മനത്തെ സ്വീകരിക്കാൻ കാത്ത് നിന്നു. ചിലർ കുടുംബ സമേതം വീടിന് മുന്നിൽ നിന്ന് വാഹനം കൈകാണിച്ച് നിർത്തി എത്തി വീടുകളിൽ നിന്നുള്ള സ്വീകരണം നൽകുകയാണ്. യുവതികളും യുവാക്കളും സ്ഥാനാർത്ഥിയുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും സെൽഫി പകർത്താനും വലിയ തിരക്കാണ് കാണുന്നത്.

സ്ഥാനാർത്ഥിക്കൊപ്പം പരിപാടിയിൽ കുമ്മനം രാജശേഖരന് ഒപ്പം നടത്തിയ യാത്രയിൽ മറുനാടൻ കണ്ട കാഴ്‌ച്ചകൾ

ഉണരുമ്പോൾ മുതൽ തിരക്ക് തന്നെ

രാത്രി വൈകിയാണ് എത്തിയത് എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾക്ക് ആരെയും മാറ്റി നിർത്താൻ കഴിയില്ലല്ലോ. 6:30 ന് ഞങ്ങൾ എത്തുമ്പോൾ തന്നെ കരമന ശാസ്ത്രി നഗറിലെ വീട്ടിൽ കുമ്മനം രാജശേഖരനെ നേരിൽ കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. സ്ഥാനാർത്ഥിയെ നേരിട്ട് കണ്ട് പിന്തുണയറിയിക്കാൻ എത്തിയ ചില സംഘടന നേതാക്കളും നേരിൽ കാണാൻ എത്തിയ ചില യുവ ബിജെപി പ്രവർത്തകരുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ രാജേട്ടൻ കുളി കഴിഞ്ഞ് എത്തി എന്ന് പിഎ അറിയിച്ചപ്പോൾ കാണാനെത്തിയ സമുധായ സംഘടനാ നേതാക്കൾ ആദ്യം ഉള്ളിലേക്ക് പോയി. തങ്ങളുടെ സമുദായത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ട് എന്ന് അറിയിച്ചപ്പോൾ അവരുടെ പ്രവർത്തനത്തെ കുറിച്ച് നേരിട്ട് ചോദിച്ച് മനസ്സിലാക്കി. സ്ഥാനാർത്ഥിയുടെ മുഖത്ത് ക്ഷീണമുണ്ടല്ലോ എന്ന് കാണാനെത്തിയ ഒരാൾ പറഞ്ഞപ്പോൾ മുഴുവൻ ഓട്ടമല്ലേ എന്ന് ചെറു ചിരിയോടെ മറുപടിയെത്തി. പിന്നീട് ബിജെപി പ്രവർത്തകരോട് വിശേഷം തിരക്കി. പ്രവർത്തനം എങ്ങനെ പോകുന്നു എന്ന് ചോദിച്ചപ്പോൾ ജയം ഉറപ്പ് എന്ന് മറുപടി. എന്നുകരുതി പിന്നോട്ട് പോണ്ട എന്ന് തമാശ രൂപേണ പറഞ്ഞ ശേഷം അവരെ മടക്കിയയച്ചു. അര മണിക്കൂർ കാണാനെത്തിയവർക്ക് ഒപ്പം ചെലവഴിച്ച ശേഷം നേരെ പ്രചാരണ രംഗത്തേക്ക്. നേമം നിയോചകമണ്ഡലത്തിലായിരുന്നു ഇന്ന് സ്ഥാനാർത്ഥിയുടെ പര്യടനം.

പഴഞ്ചിറ ദേവി ക്ഷേത്ര ദർശനവും ഭക്തരോട് വോട്ട് ചോദിക്കലും

നേമം മണ്ഡലത്തിന്റെ ഭാഗമായ അമ്പലത്തറ നിന്നുമാണ് പ്രചാരണം ആരംഭം കുറിക്കാനിരുന്നത്. ഇതിന്റെ ഭാഗമായി ആദ്യം പോയത് അമ്പലത്തറയ്ക്ക് സമീപമുള്ള പഴഞ്ചിറ ദേവി ക്ഷേത്രത്തിലേക്ക് ആയിരുന്നു. പൊങ്കാല ദിവസമായതിനാൽ തന്നെ ക്ഷേത്രത്തിൽ നല്ല തിരക്കായിരുന്നു. പ്രധാനവഴിയിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള റോഡിൽ പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്ന സ്ത്രീകൾക്ക് ഇന്നോവ കാറിന്റെ മുൻസീറ്റിലിരുന്ന് പോയ സ്ഥാനാർത്ഥിയെ കണ്ടപ്പോൾ കൗതുകം. ഗതാഗത കുരുക്ക് മറികടന്ന് 8:30 കഴിഞ്ഞപ്പോൾ ക്ഷേത്രത്തിലെത്തി. അകത്ത് തൊഴാനെത്തിയ ഭക്തർക്കും സ്ഥാനാർത്ഥിയെ കണ്ടപ്പോൾ സന്തോഷം. ഓടി അടുത്ത് വന്ന് വിശേഷങ്ങൾ തിരക്കിയും വിജയിക്കും എന്ന ആത്മവിശ്വാസം പകർന്നും ചിലർ അടുത്ത് കൂടി. എന്നാൽ തീരുമാനിച്ചതിലും അര മണിക്കൂർ വൈകി എന്ന് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചപ്പോൾ തിടുക്കത്തിൽ ക്ഷേത്ര ദർശനം നടത്തി പുറത്തേക്ക് ഇറങ്ങി. പിന്നീട് പൊങ്കാലയ്ക്ക് ത്യയാറെടുപ്പ് നടത്തിക്കൊണ്ടിരുന്ന സ്ത്രീകളോട് വോട്ട് ചോദിച്ചു.

പ്രഭാത ഭക്ഷണം പ്രവർത്തകർക്ക് ഒപ്പം

മിക്കവാറും എല്ലാ സ്ഥാനാർത്ഥികളും പ്രഭാത ഭക്ഷണം കഴിക്കുന്നത് വീട്ടിൽ നിന്നാണെങ്കിലും കുമ്മനം രാജശേഖരന്റെ പതിവ് അങ്ങനെ അല്ല. മുൻപ് നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു. ആ പതിവ് തെറ്റിക്കാൻ പറ്റില്ലെന്നും പ്രവർത്തകർക്ക് ഒപ്പം മാത്രം ഭക്ഷണം കഴിച്ചാൽ മതി എന്നതുമാണ് തന്റെ തീരുമാനം എന്ന് കുമ്മനവും പറഞ്ഞു. അവർ നമുക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുമ്പോൾ നമ്മൾ അവർക്കൊപ്പം ഇരുന്ന് ആഹാരം കഴിക്കുന്നതിലും വലിയ സന്തോഷം വേറെ എന്താണ് എന്നും കുമ്മനം ചോദിക്കുന്നു. പിന്നീട് ഒൻപത് മണിയോടെയാണ് ഒരു പ്രവർത്തകന്റെ വീട്ടിൽ ഒരുക്കിയിരുന്ന പ്രഭാതഭക്ഷണം കഴിക്കാൻ പോയത്. അവിടെ എത്തി ആ വീട്ടിലുണ്ടായിരുന്ന അസ്ഥി തറയിൽ വിളക്ക് വെച്ച ശേഷം അകത്തേക്ക് പ്രവേശിച്ചു. പിന്നെ ഇഡ്ലിയും സാമ്പാറും രസവടയും ചമ്മന്തിയും ചായയും പഴവും കഴിച്ച് പര്യടനം പുനരാരംഭിക്കാനുള്ള തിരക്കിലേക്ക്.

കാത്ത് നിന്ന നൂറ് കണക്കിന് പ്രവർത്തകർ സ്വീകരിച്ചത് ജയ് ജയ് രാജേട്ടൻ വിളികളോടെ

എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വാഹന പര്യടനം തുടങ്ങിയത് ഒമ്പതര മണിക്ക്. കുമ്മനം എത്തിയപ്പോൾ പടക്കം പൊട്ടിച്ചും ആർപ്പ് വിളിച്ചുമാണ് പ്രവർത്തകർ സ്വീകരിക്കുന്നത്. ജയ് ജയ് രാജേട്ടൻ എന്ന വിളികളോട് ചിരിച്ചുകൊണ്ടും തൊഴുത്കൊണ്ടുമാണ് കുമ്മനം പ്രതികരിച്ചത്. ഇന്നത്തെ വാഹന പര്യടനം ഉദ്ഘാടന വേദിയിലെത്തി താമസിച്ചതിന് ക്ഷമ പറഞ്ഞും കാത്ത് നിന്നതിന് നന്ദി പറഞ്ഞും തനിക്ക് വോട്ട് അഭ്യർത്ഥിച്ചുമാണ് കുമ്മനം പ്രസംഗം തുടർന്നത്. അക്രമ രാഷ്ട്രീയത്തിന് എതിരെയും ആചാരങ്ങൾ സംരക്ഷിക്കുന്നതിനും തിരുവനന്തപുരത്തിനോടുള്ള അവഗണന അവസാനിപ്പിക്കുന്നതിനുമാണ് താൻ മത്സരിക്കുന്നത് എന്ന് കുമ്മനം പറയുന്നു.

ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കാത്ത് നിന്നത് നൂറ് കണക്കിന് ആളുകൾ

തിരക്കേറിയ നഗര ജീവിതത്തിൽ പലപ്പോഴും സ്ഥാനാർത്ഥികൾ പര്യടനം നടത്തുമ്പോൾ ഓരോ ജംഗ്ഷനുകളിൽ എത്തുമ്പോൾ അങ്ങനെ സ്ഥാനാർത്ഥികളെ കാണാൻ വലിയ ആൾക്കൂട്ടം ഒന്നും ഉണ്ടാകാറില്ല. എന്നാൽ ഈ പറഞ്ഞ കാര്യം കുമ്മനം രാജശേഖരന്റെ കാര്യത്തിൽ ബാധകമല്ല. ഓരോ ജംഗ്ഷനിലും പ്രായഭേദമെന്യനിരവധി ആളുകളാണ് കുമ്മനത്തെ കാത്ത് നിന്നത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലും ബിജെപി പോക്കറ്റുകളിലും എത്തുമ്പോൾ ആൾക്കൂട്ടത്തിന്റെ എണ്ണം പിന്നെയും കൂടുന്ന കാഴ്ചയാണ് കാണുന്നത്. പ്രധാന റോഡുകളിലൂടെ പോകുമ്പോൾ ബസിലിരുന്ന് പോലും ആളുകൾ കുമ്മനത്തെ കൈവീശിക്കാണിക്കുന്നു. തന്റെ പര്യടന വാഹനത്തിൽ അലങ്കരിച്ചിരുന്ന താമര പൂക്കൾ അവർക്ക് എറിഞ്ഞ്കൊടുത്താണ് കുമ്മനം തിരിച്ച് സ്നേഹം പ്രകടിപ്പിച്ചത്.

സ്ഥാനാർത്ഥിയുടെ ചിത്രം പകർത്താനും സെൽഫി എടുക്കാനും വൻ തിരക്ക്

സ്വീകരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടില്ലായിരുന്ന സ്ഥലങ്ങളിൽ പോലും കുമ്മനം രാജശേഖരനെ നേരിൽ കാണാനും ഷാളണിയിച്ച് സ്വീകരിക്കാനും നിരവധിയാളുകൾ എത്തിയിരുന്നു. വിദ്യാർത്ഥികളും യുവാക്കളും യുവതികളും വീട്ടമ്മമാരും മുതൽ വയസ്സായ അപ്പൂപ്പന്മാരും അമ്മൂമ്മമാരും വരെ കുമ്മനത്തെ സ്വീകരിക്കാൻ കാത്ത് നിന്നു. ചിലർ കുടുംബ സമേതം വീടിന് മുന്നിൽ നിന്ന് വാഹനം കൈകാണിച്ച് നിർത്തി എത്തി വീടുകളിൽ നിന്നുള്ള സ്വീകരണം നൽകുകയാണ്. യുവതികളും യുവാക്കളും സ്ഥാനാർത്ഥിയുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും സെൽഫി പകർത്താനും വലിയ തിരക്കാണ് കാണുന്നത്.

കുമ്മനത്തിന് വേണ്ടി പൊങ്കാലയിട്ടും വോട്ടുപിടിച്ചും സ്ത്രീകളും

പഴഞ്ചിറ ക്ഷേത്രത്തിലെ പൊങ്കാല നടക്കുന്ന മറ്റൊരു ഭാഗത്ത് കൂടി പര്യടന വാഹനം കടന്ന് പോയപ്പോൾ ഭക്തകൾ കുമ്മനത്തെ വലിയ ആവേശത്തോടെ സ്വീകരിച്ചു. പൊങ്കാലയിട്ടുകൊണ്ടിരുന്ന ഒരു വീട്ടമ്മ പര്യടനവാഹനം കടന്ന് പോയപ്പോൾ വിളിച്ച് പറഞ്ഞത് അദ്ദേഹം ജയിക്കാൻ വേണ്ടിയാണ് താൻ പൊങ്കാല ഇടുന്നത് എന്നും എല്ലാവരും ആ മനുഷ്യന് വോട്ട് ചെയ്യണമെന്നുമാണ്. പിന്നീട് പര്യടന വാഹനം മുന്നോട്ട് പോയപ്പോഴും നിരവധി സ്ത്രീകൾ കുമ്മനത്തെ കാത്ത് നിൽക്കുന്നുണ്ടിയരുന്നു. കുട്ടികളടക്കം തന്നെ കാത്ത് നിന്നവർക്ക് താമരപൂക്കൾ എറിഞ്ഞ് കൊടുത്താണ് കുമ്മനം മുന്നോട്ട് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP