Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാൻ സാധിച്ചത് 2001ൽ എഐവൈ ഭവന പദ്ധതിയിലൂടെ; വീടിന്റെ മോടിയേക്കാൾ ഞാൻ സുരക്ഷയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്'; തന്നെ എംപിയാക്കിയ ആലത്തൂരുകാർക്കായി ശമ്പളത്തിൽ നിന്നും വരെ തുകയെടുക്കുമെന്ന് തുറന്ന് പറഞ്ഞ് ജനഹൃദയങ്ങളുടെ സ്വന്തം പെങ്ങളൂട്ടി; ആരാണ് രമ്യാ ഹരിദാസ് എന്ന് അറിയാത്തവർക്കായി തന്റെ ജീവിതം വിവരിച്ച് 17ാം ലോക്‌സഭയിലെ 'മലയാളി പെൺതിളക്കം'

'ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാൻ സാധിച്ചത് 2001ൽ എഐവൈ ഭവന പദ്ധതിയിലൂടെ; വീടിന്റെ മോടിയേക്കാൾ ഞാൻ സുരക്ഷയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്'; തന്നെ എംപിയാക്കിയ ആലത്തൂരുകാർക്കായി ശമ്പളത്തിൽ നിന്നും വരെ തുകയെടുക്കുമെന്ന് തുറന്ന് പറഞ്ഞ് ജനഹൃദയങ്ങളുടെ സ്വന്തം പെങ്ങളൂട്ടി; ആരാണ് രമ്യാ ഹരിദാസ് എന്ന് അറിയാത്തവർക്കായി തന്റെ ജീവിതം വിവരിച്ച് 17ാം ലോക്‌സഭയിലെ 'മലയാളി പെൺതിളക്കം'

മറുനാടൻ ഡെസ്‌ക്‌

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിത. റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസാണ് ഇപ്പോൾ വാർത്തകളിലെ താരം. തിരുവനന്തപുരം സന്ദർശിക്കാൻ എത്തിയ വേളയിൽ ടെലിഫോണിൽ വിളിച്ച് ഇവിടെ എത്തണം എന്നറിയിക്കുകയും അനിൽ അക്കരയോടൊപ്പം മറുനാടൻ ഓഫീസിൽ വച്ച് തന്റെ വിശേഷങ്ങളും രമ്യ പങ്കുവെച്ചപ്പോൾ തന്റെ ഇത്രയും നാളത്തെ ജീവിതവും രമ്യ വിവരിച്ചു. രമ്യാ ഹരിദാസ് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖം രണ്ടാം ഭാഗം.

ആരാണീ രമ്യാ ഹരിദാസ് ? ജനങ്ങൾക്ക് രമ്യാ ഹരിദാസിനെ അറിയാം...പെങ്ങളൂട്ടി എന്ന് പറയും...എന്നാൽ ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട് ...

രമ്യാ ഹരിദാസ് ആലത്തൂരിലെ സാധാരണ ഒരു വീട്ടിൽ ജനിച്ചു..സാധാരണ ഒരു കുട്ടിയാണ്. അച്ഛന്റെ സ്ഥലത്താണ് ജനിച്ചത്. ഓലമേഞ്ഞ വീട്ടിലാണ് ജനിച്ചത്. മണിച്ചേട്ടൻ പറയാറുണ്ട്. പാട്ടുകളിലൂടെ വീടിനെ പറ്റി..ചോർന്നൊലിക്കുന്ന വീട്. അപ്പോൾ ഞാൻ ചിന്തിക്കും അയ്യോ മണിച്ചേട്ടൻ പറയുന്നത് എന്റെ കൂടി വീടിന്റെ കാര്യമാണല്ലോ? വെള്ളം ചോർന്നൊലിക്കുന്ന സമയത്ത് അമ്മ എന്തെങ്കിലും പാത്രം കൊണ്ടു വെക്കും. ചിലപ്പോൾ കിടന്നുറങ്ങുന്ന സമയത്താണ് മഴ വീഴുക. നനയാതിരിക്കാൻ അമ്മ ഒട്ടേറെ കഷ്ടപ്പെട്ടിരുന്നു. അങ്ങനെ ജനിച്ച് വളർന്ന ഒരാൾ. അടുത്ത വീട്ടിലെ കുട്ടികൾക്കൊക്കെ ഓണക്കോടി കിട്ടുന്ന സമയത്ത് ഞാനും ചോദിച്ചിട്ടുണ്ട്.

അപ്പോൾ ഒരു തവണ അമ്മ അത് വാങ്ങി തന്നു. പക്ഷേ അതിൽ ഞാൻ ഓടി വലിയ സന്തോഷത്തോടെ ഓടിയ സമയത്ത് വീണു പോയി. അപ്പോൾ ആ ഒരു ഓണക്കോടി അതു കഴിഞ്ഞപ്പോൾ വലിയൊരു വാശിയൊന്നും കാണിച്ചിട്ടില്ല. പിന്നെ അമ്മ എല്ലാ കാര്യത്തിനും ശ്രദ്ധിച്ചിരുന്നു. പാട്ടു പാടും എന്ന് തോന്നിയപ്പോൾ ചെറുപ്പം മുതൽ എന്നെ എല്ലാ പാട്ടുമത്സരത്തിനും ചേർത്തു. നൃത്തം പഠിപ്പിച്ചു.പിന്നീട് സ്‌കൂൾ കലോത്സവങ്ങൾ. സ്‌കൂളിന് വേണ്ടി പോരാടുന്ന രീതിയിൽ നമ്മളെ മാറ്റിയെടുത്തു. ആ ഒരു സമയത്താണ് മാനവേദൻ മാഷ് നമ്മളെ ഫ്രീയായി പാട്ടു പഠിപ്പിക്കാൻ തുടങ്ങി.

അജിത ടീച്ചർ..സ്‌കൂളിൽ കണക്ക് പഠിപ്പിക്കുന്ന ടീച്ചറാണ്. കലോത്സവങ്ങൾക്ക് പോകുന്ന സമയത്ത് അജിത ടീച്ചറുടെ പാട്ടും നമ്മളെ പഠിപ്പിച്ചു. അജിത ടീച്ചർ ഒരു വലിയ കഥാപാത്രമാണ് കാരണം ടീച്ചർ സ്‌കൂളിലെ ടീച്ചറാണെങ്കിലും മട്ടന്നൂർ സിസ്റ്റേഴ്‌സ് എന്ന് പറഞ്ഞ് അവർ മൂന്ന് സഹോദരിമാരാണ് തിരുവാതിരയുടെ കാസറ്റ് ഇറക്കിയത്. ടീച്ചർ നമുക്ക് വലിയ രീതിയിൽ നൃത്തവും ഒക്കെ പഠിപ്പിക്കുന്നതിന് കൂടെ നിന്നു. അതുപോലെ നാട്ടില് ജഗതി മാഷ്, അനീഷേട്ടൻ എന്നിവരൊക്കെ ഒരു കാശുപോലും വാങ്ങാതെ നൃത്തം പഠിപ്പിച്ചു. അമ്മയുടെ അടുത്തുകൊടുക്കാൻ കാശില്ല. സ്‌കൂൾ കലോത്സവും, സബ് ജില്ലാ കലോത്സവും ജില്ലാ കലോത്സവം സംസ്ഥാന കലോത്സവത്തിലൊക്കെ ഒരുപാട് ഐറ്റത്തിൽ പങ്കെടുക്കാൻ സാധിച്ചു.

അന്നൊക്കെ വലിയ ലിമിറ്റില്ല. അതൊക്കെ വലിയ ഭാഗ്യമായി അങ്ങനെ ഒരുപാട് സപ്പോർട്ട് ലഭിച്ചു. അതുപോലെ ഏറ്റവും കൂടുതൽ ക്യാമ്പുകളിൽ പങ്കെടുത്തു. സ്‌കൂളിലെ ഗാന്ധി ദർശൻ ക്യാമ്പിലാണ് ഞാൻ ആദ്യം പങ്കെടുത്തത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ. അതിന് മുൻപ് അമ്മയുടെ കൂടെ പോയിട്ടുണ്ട്. ക്യാമ്പിന് ശേഷം നിരവധി ക്യാമ്പുകളിലൂടെ കടന്നു വന്നു. സ്‌കൂളുകളിൽ കുട്ടികളുടെ അടുത്ത് ഞാൻ ഇപ്പോഴും സംസാരിക്കാൻ പോയാൽ എൻഎസ്എസ് ക്യാമ്പുകളുടെ ഉദ്ഘാടനത്തിനൊക്കെ ഞാൻ പോകുമ്പോൾ പറയാറുണ്ട് ഒരുപാട് ക്യാമ്പുകളിൽ നമുക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ അതിൽ പങ്കെടുക്കണം. ചിലപ്പോൾ ചില ക്യാമ്പുകളിൽ ആസ്വദിക്കാൻ വലിയ കാര്യങ്ങളോന്നും ഉണ്ടാകില്ല. ചില ക്യാമ്പുകളിലെ ചില ക്ലാസുകൾ നമ്മെ ബോറടിപ്പിക്കും.

ചില ക്യാമ്പുകളിൽ ഒക്കെ ഇരുന്നു കഴിയുമ്പോൾ ആ ആത്മവിശ്വാസം നമ്മുടെ ജീവിതത്തിൽ വരാൻ സാധ്യതയുണ്ട്. അത് വന്നു കഴിഞ്ഞാൽ നമുക്ക് ഏതൊരു വിഷയത്തെ കുറിച്ചും ആരുടെ മുൻപിൽ ചെന്ന് നിന്നും സംസാരിക്കാനുള്ള ആത്മവിശ്വാസം നമ്മളിലേക്ക് കടന്നു വരും. അതാണ് എനിക്ക് ഇലക്ഷൻ ക്യാമ്പയിനുകളിൽ ഒക്കെ വന്നു നിൽക്കുന്ന സമയത്ത് ആ ക്യാമ്പുകളിലൂടെയൊക്കെ വന്നിരിക്കുന്ന അനുഭവം. അതുപോലെ തന്നെ ഏകതാ പരിക്ഷത്ത് ക്യാമ്പിൽ പി.വി രാജാജിയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. ജനാദേശ് 2007 എന്ന വലിയ ഭൂമി സമരവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലൊക്കെ ഭാഗബാക്കാവാൻ സാധിച്ചിട്ടുണ്ട്.

അതുപോലെ തന്നെ സേവാഗ്രാം ആശ്രമത്തിലൂടെ സഞ്ചരിക്കുവാനും യാത്ര ചെയ്യുവാനും ഗാന്ധിയൻ ആശയങ്ങളിലൂടെ സഞ്ചരിക്കാനും ഒക്കെ എനിക്ക് അദ്ദേഹത്തിനൊപ്പം സാധിച്ചിരുന്നു. ഏക്താ പരിക്ഷത്തിന്റെ സംസ്ഥാന കമ്മറ്റി അംഗവുമാണ്. അതൊരു വലിയ അംഗീകാരമാണ്. നമ്മൾ എന്ത് ചോദിച്ചാലും വളരെ കൂളായിട്ടാണ് രാജാജി മറുപടി പറയുന്നത്. നമുക്ക് തോന്നും നമ്മളും അങ്ങനെ തന്നെയാകണം. ഗ്വാളിയാർ ടു ഡൽഹി പദയാത്രയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് പാട്ടുകളും ഒക്കെ പാടിയായിരുന്നു അത്. അപ്പോൾ അത്തരത്തിലുള്ള അനുഭവങ്ങളൊക്കെ എന്നെ സഹായിച്ചത് ജനങ്ങളെ സേവിക്കാൻ വേണ്ടിയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു.

ഓല മെഞ്ഞ വീട് എന്നായിരുന്നു നന്നാക്കിയത് ?

2001ൽ ഐഎവൈ ഭവന പദ്ധതിയുടെ ഭാഗമായിട്ടാണ് വീട് നന്നാക്കുന്നത്. അന്ന് വീട് എങ്ങനെ പൂർത്തീകരിച്ചോ അങ്ങനെ തന്നെയാണ് ഇപ്പോഴും. പെയിന്റോന്നും ചെയ്തിട്ടില്ല. വീടെന്ന് പറയുന്നത് താമസിക്കാനാണ് അതിന്റെ മോടി കൂട്ടുക എന്നതിലല്ല. അതിനുള്ള കാശ് വേറെ ആർക്കെങ്കിലും. ഒരു കുട്ടി എവിടെങ്കിലും സുരക്ഷിതമല്ലാതെ കിടക്കുന്നുണ്ടെങ്കിൽ ആ മോടി കൂട്ടി ഞാൻ അതിനകത്ത് കിടന്നുറങ്ങുന്നതിനേക്കാൾ എന്റെ സുരക്ഷയ്ക്ക് മാത്രമാണ് ഞാൻ പ്രാധാന്യം നൽകുന്നത്.

മികച്ച ശമ്പളമാണ് എംപിക്കുള്ളത്..സ്വന്തം ആവശ്യത്തിന് മുകളിൽ കിട്ടുന്ന തുക നാട്ടുകാർക്കായി വിനിയോഗിക്കുമോ ?

പാർലമെന്റ് ജനപ്രതിനിധി എന്ന നിലയിൽ എന്തൊക്കെ ലഭ്യമാകുന്നുണ്ടോ അതെല്ലാം നമുക്ക് തന്നിരിക്കുന്നത് ഒരു ജനപ്രതിനിധിയായതുകൊണ്ടാണ്. അപ്പോൾ എന്നെ ജനപ്രതിനിധിയാക്കിയത് ആലത്തൂരുകാരാണ്. അപ്പോൾ എനിക്ക് കിട്ടുന്ന എന്ത് കാര്യങ്ങളും ആലത്തൂരുകാർക്ക് വേണ്ടി വിനിയോഗിക്കുക എന്നുള്ളതാണ്. അത് രമ്യ എന്ന് പറയുന്ന വ്യക്തിക്കല്ലല്ലോ ലഭിച്ചിരിക്കുന്നത്. ഇതൊക്കെ ആലത്തൂരുകാർക്കാണ്.

ഇതിൽ നിന്നും എന്തൊക്കെ സാധ്യതകളിൽ നിന്നാണോ ആലത്തൂരുകാർക്ക് കൊടുക്കാൻ സാധിക്കുന്നത് അത് മുഴുവനും ആലത്തൂരുകാരെ സഹായിക്കാൻ വേണ്ടിയിട്ടുള്ളതാണ്. അപ്പോൾ അത് ഏതൊക്കെ രീതിയിലാണോ അവർക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് അതെല്ലാം ആലത്തൂരുകാർക്കാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഏറ്റവും കൂടുതൽ കഴിച്ചിട്ടുള്ള ഭക്ഷണം കഞ്ഞിയും പയറുമാണ്. ഇപ്പോഴും പലരും വാങ്ങി തരുന്ന ഭക്ഷണം കഴിക്കുന്നു. അപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ജീവിച്ച് പോകാൻ കഞ്ഞിയും പയറും കഴിച്ചാണേലും ജീവിക്കും.

ആലത്തൂരിൽ തിരഞ്ഞെടുപ്പ് സമയത്ത് പല വീടുകളിൽ നിന്നും പലഭക്ഷണങ്ങളും നമുക്ക് തന്നിട്ടുണ്ട്. പല ആളുകളും പല രീതിയിൽ കഷ്ടപ്പെട്ടിട്ടാണ് എന്നെ പാർലമെന്റ് ജനപ്രതിനിധിയാക്കിയിരിക്കുന്നത്. ആശുപത്രിയിൽ അച്ഛന് ചികിത്സയ്ക്ക് കൊണ്ടുപോകാൻ മാറ്റിവെച്ചിരിക്കുന്ന തുക നമ്മുടെ ജനകീയ ഫണ്ട് ശേഖരണത്തിന്റെയകത്ത് തന്നിട്ടുണ്ട്. പെൻഷൻ തുക തന്നിട്ടുണ്ട്. അങ്ങനെ തിരഞ്ഞെടുത്തിരിക്കുന്ന ജനപ്രതിനിധിയായിരിക്കുന്ന ഞാൻ ആലത്തൂരുകാർക്ക് വേണ്ടിയാണ് ഈ വരുന്ന എന്ത് സൗകര്യങ്ങളാണെങ്കിലും ഉപയോഗിക്കേണ്ടതും അവർക്ക് വേണ്ടിയാണ്.

(അഭിമുഖത്തിന്റെ പൂർണരൂപം വീഡിയോയിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP