Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ തട്ടിപ്പുകളിൽ ആക്ഷേപം ഉന്നയിച്ചിരുന്നു; ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടത്തിയതിനെ ചോദ്യം ചെയ്തു; അക്രമം കാട്ടിയത് പ്രതികാരം തീർക്കാൻ; ഭരണപക്ഷത്തിന്റെ നേതൃത്വത്തിൽ നടന്നത് ആസൂത്രിത നീക്കം; ചർച്ചകൾ കൂടാതെ അജണ്ടകൾ പാസാക്കുന്നത് ചോദ്യം ചെയ്തതും പ്രകോപിപ്പിച്ചു; കോഴിക്കോട് കോർപറേഷനിൽ നടന്ന അടിപിടിയിൽ പ്രതിപക്ഷ നേതാവ് പിഎം നിയാസ് മറുനാടനോട്

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ തട്ടിപ്പുകളിൽ ആക്ഷേപം ഉന്നയിച്ചിരുന്നു; ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടത്തിയതിനെ ചോദ്യം ചെയ്തു; അക്രമം കാട്ടിയത് പ്രതികാരം തീർക്കാൻ; ഭരണപക്ഷത്തിന്റെ നേതൃത്വത്തിൽ നടന്നത് ആസൂത്രിത നീക്കം; ചർച്ചകൾ കൂടാതെ അജണ്ടകൾ പാസാക്കുന്നത് ചോദ്യം ചെയ്തതും പ്രകോപിപ്പിച്ചു; കോഴിക്കോട് കോർപറേഷനിൽ നടന്ന അടിപിടിയിൽ പ്രതിപക്ഷ നേതാവ് പിഎം നിയാസ് മറുനാടനോട്

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഭരണപക്ഷ അംഗങ്ങൾ തന്നെ ആക്രമിക്കാൻ ആസൂത്രിതമായി എത്തിയതായിരുന്നു എന്ന് കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷനിലെ പ്രതിപക്ഷ നേതാവുമായ അഡ്വ. പിഎം നിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിനിടെയാണ് കൗൺസിലർമാർ തമ്മിൽ കയ്യേറ്റവും അടിപിടിയുമുണ്ടായത്. സാമൂഹിക അകലം പാലിച്ച് കൗൺസിലർമാർ നടത്തുന്ന കയ്യാങ്കളിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എന്താണ് കഴിഞ്ഞ ദിവസം കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ സംഭവിച്ചത് എന്ന് മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് കോർപറേഷനിലെ കോൺഗ്രസിന്റെ കക്ഷിനേതാവായ പിഎം നിയാസ്.

പിഎം നിയാസിന്റെ വാക്കുകൾ

വളരെ ആസൂത്രിതമായ അക്രമണമാണ് ഇന്നലെ സിപിഐഎം കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ഉണ്ടായത്.
45 വർഷമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ഭരിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് കോർപറേഷൻ. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകൾക്കെതിരെ ഞാൻ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു.

വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തിരുന്നു. ഇതിന് കൂട്ടുനിൽക്കുന്ന കോർപറേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതിയും നൽകിയിരുന്നു. ഇതിന്റെ പേരിൽ വെള്ളിയാഴ്ച കോർപറേഷനിലെ സിപിഐഎം അനുകൂല സർവ്വീസ് സംഘടനയുടെ നേതൃത്വത്തിൽ തങ്ങളെ പിഎം നിയാസ് ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞ് പ്രതിഷേധ സമരവും നടത്തിയിരുന്നു. വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളാണ് സിപിഎം ഇടപെട്ട് നടത്തുന്നത്. ഇത് ചോദ്യം ചെയ്തതും പൊതുമദ്ധ്യത്തിൽ തുറന്നു കാണിച്ചതും അവരെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം.

നിലവിലുള്ള കോർപറേഷൻ ഭരണാധികാരികൾ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയെയും കെടുകാര്യസ്ഥതയെയും ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയിൽ പൊതുമദ്ധ്യത്തിൽ തുറന്നു കാണിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിന്റെ പേരിൽ തങ്ങളുടെ ഉത്തരവാദിത്വ ബോധം മറന്നുകൊണ്ട് സിപിഎം മെമ്പർമാർ തെരുവ് ഗുണ്ടകളെപോലെ പെരുമാറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമാണ് ഇന്നലെ ചെയ്തത്.ഇത് അങ്ങേയറ്റം നിർഭാഗ്യകരവും പ്രതിഷേധാർഹവും അപലപനീയവുമാണ്.

ഇന്ത്യൻ ജനധിപത്യത്തെയും അതിന്റെ അന്തസ്സിനേയും ഒരിക്കലും വകവെച്ചിട്ടില്ലാത്ത ബിജെപിയും സംഘപരിവാർ ശക്തികളും പിന്തുടരുന്ന അതേ മാതൃകയാണ് ഇന്നലെ കോഴിക്കോട് കോർപറേഷൻ ഹാളിൽ വെച്ച് സിപിഎം പുറത്തെടുത്തത്.കൊട്ടിഘോഷിച്ച് ഇടതുപക്ഷം തുടങ്ങിയ മഹിളാമാളും അതിന്റെ പതനവും ഇന്ന് പൂർത്തിയായിരിക്കുന്നു എന്ന യാഥാർഥ്യം കോഴിക്കോട്ടെ ജനങ്ങൾക്കെല്ലാവർക്കും അറിയാം. സിപിഎം നേതൃത്വത്തിൽ നടത്തിയ വമ്പിച്ച അഴിമതിയുടെ മറ്റൊരു ഉദാഹരണമാണ് മഹിളാമാൾ. മഹിളാമാളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇടപാടുകളും ജനാധിപത്യരീതിയിൽ ചർച്ചചെയ്യണമെന്ന് രേഖാമൂലം ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു.

എന്നാൽ ന്യായമായ ഈ ആവശ്യത്തോട് ഭരണസമിതി മുഖംതിരിഞ്ഞുനിന്നു എന്നുമാത്രമല്ല അതുമായി ബന്ധപ്പെട്ട ചർച്ച എന്ന് നടത്തുമെന്ന് അറിയിക്കാൻ തയ്യാറാകാത്ത ഡപ്യൂട്ടിമേയർ തന്റെ സഹപ്രപ്രവർത്തകരായ സഭക്കകത്തെ മെമ്പർമാരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിച്ചു നിശ്ശബ്ദമാക്കാനാണ് ശ്രമിച്ചത്. കോർപറേഷൻ പറയുന്നത് മഹിളമാൾ കോർപറേഷന്റെ നേതൃത്വത്തിലല്ല പ്രവർത്തിക്കുന്നത് എന്നാണ്. ഒരു കുടുംബ ശ്രീ യൂണിറ്റിന്റെ സംരഭമാണത്രെ. മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി ആഘോഷപൂർവ്വം ഉദ്ഘാടനം നടത്തിയ ആ സ്ഥാപനം ഇപ്പോൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഇതിന്റെ ജാള്യതയും മാനക്കേടുമാണ് മഹിളാമാളിനെ തള്ളിപ്പറയുന്നതിലേക്ക് കോർപറേഷനെ നിർബന്ധിതമാക്കിയത്. അവിടെ വ്യാപാരം നടത്താനാവാത്ത അവസ്ഥയിലാണ് സംരംഭകർ.

മറ്റെങ്ങുമില്ലാത്തെ വാടകയാണ് ഈടാക്കുന്നത്. ഇതൊക്കെ പ്രതിപക്ഷം ആരോപിക്കുമ്പോഴും അതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട എന്ന നിലപാടാണ് കോർപറേഷനുള്ളത്.60 അജണ്ടകളാണ് ഇന്നലെ ചർച്ച ചെയ്യേണ്ടയിരുന്നത്. എന്നാൽ ഇതിൽ ഒന്നൊഴികെ ബാക്കിയെല്ലാം ചർച്ച ചെയ്യാതെ പാസാക്കാനുള്ള തീരുമാനമാണ് എടുത്തത്. ഇത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ആരംഭിച്ചത്. ഒന്നുകിൽ എല്ലാ അജണ്ടകളും ചർച്ച ചെയ്യുക. അല്ലെങ്കിൽ എല്ലാ അജണ്ടകളും ചർച്ച കൂടാതെ പാസാക്കുക എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സിപിഐഎമ്മിന് താത്പര്യമുള്ള ഒന്ന് മാത്രം ചർച്ച ചെയ്ത് യോഗം പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബാബുരാജിന്റെ നേതൃത്വത്തിൽ യാതൊരു പ്രകോപനവും കൂടാതെ ഞാനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ മർദ്ദിക്കുകയായിരുന്നു.

അവർ കൃത്യമായി ആസുത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമണമായിരുന്നു അത്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്തതിലെ അമർഷം ഈ രീതിയിൽ തീർക്കുകയായിരുന്നു അവർ.സംഘ് പരിവാർ ശക്തികളുടെ മാർഗം കടമെടുത്ത് ഭീഷണിപ്പെടുത്തിയും മർദിച്ചും എതിർശബ്ദത്തെ നിശബ്ദമാക്കിക്കളയാമെന്നാണ് അവർ കരുതുന്നത്. ജനാധിപത്യ സംവിധാനത്തിൽ അത് വിലപ്പോകില്ലെന്ന് ഏറ്റവും മാന്യമായ ഭാഷയിൽ സിപിഎംനെ ഓർമപ്പെടുത്തുകയാണെന്നും പിഎം നിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP