Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണ്ണിനടിയിൽ നിന്നും ആളുകളുടെ കൂട്ടനിലവിളികൾ കേൾക്കാം; പാറക്കെട്ടുകൾക്കിടയിൽ നിന്ന് കണ്ടെത്തിയവരിൽ പലരും അടുത്തറിയുന്നവരും ബന്ധുക്കളും; കരയാതിരിക്കാൻ പരമാവധി ശ്രമിച്ചു; കൂടെയുള്ളവർക്ക് ധൈര്യം നൽകി മണ്ണിലേക്കിറങ്ങി; ദുരന്തത്തെ പുറംലോകമറിയിച്ച രാക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെകെ സഹദ് മറുനാടനോട് പറഞ്ഞത്

മണ്ണിനടിയിൽ നിന്നും ആളുകളുടെ കൂട്ടനിലവിളികൾ കേൾക്കാം; പാറക്കെട്ടുകൾക്കിടയിൽ നിന്ന് കണ്ടെത്തിയവരിൽ പലരും അടുത്തറിയുന്നവരും ബന്ധുക്കളും; കരയാതിരിക്കാൻ പരമാവധി ശ്രമിച്ചു; കൂടെയുള്ളവർക്ക് ധൈര്യം നൽകി മണ്ണിലേക്കിറങ്ങി; ദുരന്തത്തെ പുറംലോകമറിയിച്ച രാക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെകെ സഹദ് മറുനാടനോട് പറഞ്ഞത്

ജാസിം മൊയ്ദീൻ

കൽപറ്റ: ഇക്കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം മനുഷ്യരുടെ മരണം സംഭവിച്ച രണ്ടാമത്തെ സ്ഥലമാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ പെട്ട പുത്തുമല. വയനാടിന്റെ കാശ്മീർ എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. സഞ്ചാരികളുടെ മനം കവരുന്ന ഒരു കൊച്ചുകാശ്മീർ തന്നെയായിരുന്നു ഓഗസറ്റ് 8 വരെ പുത്തുമല. എന്നാൽ ഓഗസ്റ്റ് 8നുണ്ടായ ഉരുൾപൊട്ടൽ ഈ പ്രദേശത്തെയാകെ തകിടം മറിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 17 പേരെ കാണാതായി. അതിൽ 12 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. വീടുകൾ, പാടികൾ, പള്ളി, അമ്പലം, കാന്റീൻ തുടങ്ങി ഈ പ്രദേശത്തെ സർവ്വവും ഉരുൾപൊട്ടൽ കൊണ്ടുപോയി. നാടിനെ നടുക്കിയ ഈ ദുരന്തത്തെ ആദ്യമായി പുറം ലോകത്തെത്തിച്ചത് ഒരു 16 സെകന്റ് വീഡിയോയിലൂടെയായിരുന്നു. അത് പകർത്തിയതാകട്ടെ ദുരന്തസ്ഥലത്ത് ആദ്യമെത്തിയ മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദായിരുന്നു. പിന്നീടിത്രയും ദിവസം, ഇപ്പോഴും നാടിന്റെ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും നേതൃത്വം നൽകുന്ന കെകെ സഹദ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു

ദുരന്തത്തെ കുറിച്ച് പുറം ലോകമറിഞ്ഞത് 16 സെകന്റ് വീഡിയോയിലൂടെ.

ഓഗസ്റ്റ് 8ന് നാല് മണിയോടടുത്ത സമയത്താണ് പുത്തുമലയിൽ ഒരു പാടി(തോട്ടം തൊഴിലാളികൾ താമസിക്കുന്ന ഇടം) ഒന്നാകെ മണ്ണിനോടൊപ്പം ഒലിച്ചുപോയതായുള്ള വിവരം ലഭിക്കുന്നത്. വിവരം ലഭിക്കുന്ന സമയത്ത് പഞ്ചായത്തിന്റെ മറ്റുഭാഗങ്ങളിൽ വെള്ളം കയറിയ ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ഈ വിവരം ലഭിച്ച ഉടനെ തന്നെ വാർഡ്മെമ്പർമാരോടൊപ്പം പുത്തുമലയിൽ ദുരന്തം നടന്ന പച്ചക്കാട് എന്ന പ്രദേശത്ത് എത്തിയിട്ടുണ്ട്. പാടിയിൽ ആളുകളുണ്ടായിരുന്നു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. അതുകൊണ്ട് തന്നെ മരണ സംഖ്യയെ കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ കണ്ട്ത ആ പ്രദേശം മുഴുവനായും മണ്ണിനടിയിൽ അകപ്പെട്ട അവസ്ഥയാണ്. മേൽമണ്ണ് ചളിയായി ഒഴുകുന്നുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന വീടുകൾ, പാടികൾ, പള്ളി, അമ്പലം, കാന്റീൻ എല്ലാം മണ്ണിനടയിലായിരിക്കുന്നു.

ചുറ്റുപാടും ആളുകളുടെ കൂട്ടനിലവിളികൾ കേൾക്കാം. മണ്ണിനടിയിൽ നിന്നും മനുഷ്യരുടെ കരച്ചിലുകൾ. വെറുംകയ്യോടെ വന്ന ഞങ്ങൾ നിസ്സഹായരായിരുന്നു. മനസ്സിൽ ആധിയുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതെ ജനങ്ങളോടൊപ്പം നിന്നു. ആദ്യം ലഭിച്ച വിവരമനുസരിച്ച് ഈ പാടികളിലെല്ലം ആളുകളുണ്ടായിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ നൂറിലധികം ആളുകൾ മണ്ണിനടിയിലുണ്ടായിരിക്കുമെന്നാണ് കരുതിയിരുന്നത്. നിമിഷനേരത്തെ ഞെട്ടലിന് ശേഷം ആദ്യം ചെയ്തത് കയ്യിലുണ്ടായിരുന്ന ഫോണിൽ 16 സെകന്റ് വീഡിയോ എടുക്കുകയായിരുന്നു.

10 ശതമാനം മാത്രമാണ് ഫോണിൽ ആ സമയത്ത് ബാറ്ററി ചാർജ്ജുണ്ടായിരുന്നത്. ഉരുൾപ്പോട്ടലോട്കൂടി പ്രദേശത്തെ നെറ്റ് വർക്കുകളെല്ലാം പ്രവർത്തനരഹിതമായിരുന്നു. ദുരന്തസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ മുകളിലുള്ള കുന്നിൽ കയറി ആ വീഡിയോ ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകനായ സുഹൃത്തിന് അയച്ചുകൊടുക്കുകയാണ് ചെയ്തത്. അങ്ങനെ ചെയ്തത് കൂടുതൽ രക്ഷാപ്രവർത്തകരെ ഇങ്ങോട്ട് എത്തിക്കാനും ഈ വിവരം പുറംലോകത്തെ അറിയിക്കാനുമായിരുന്നു. ഈ വീഡിയോ പുറത്ത് വന്നതോടെയാണ് സർക്കാർപോലും ഇങ്ങനൊരു ദുരന്തം നടന്നതായി അറിയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ രക്ഷാപ്രവർത്തകരടക്കം ഇങ്ങോട്ടെത്തുന്ന സ്ഥിതിയുണ്ടായത്.

മരണ സംഖ്യയെ കുറിച്ച് ആശങ്കകളുണ്ടായിരുന്നു.

ആദ്യം ലഭിച്ച വിവരമനുസരിച്ച് മണ്ണിനടിയിലായ കെട്ടിടങ്ങളിലെല്ലാം ആളുകളുണ്ടായിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ നൂറിലധികം ആളുകൾ മണ്ണിനടയിൽ ഉണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ തലേദിവസം തന്നെ ചെറിയ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ വാർഡ് മെമ്പർമാരായ സീനത്ത്, ചന്ദ്രൻ, സബിജ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈജ സന്നദ്ധ പ്രവർത്തർ തുടങ്ങിയവരെല്ലാം ഇടപെട്ട് വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇത് മരണ സംഖ്യ 17 എണ്ണമായി കുറയാൻ കാരണമായി. മരണപ്പെട്ടവരിൽ പലരും മാറ്റിപ്പാർപ്പിച്ച ഇടങ്ങളിൽ നിന്ന് ഓരോരോ ആവശ്യങ്ങൾക്കായി വീടുകളിലേക്ക് മടങ്ങിയവരാണ്. അതിൽ വളർത്തു മൃഗങ്ങൾക്ക് തീറ്റ കൊടുക്കാൻ പോയവർ മുതൽ മകളുടെ കല്യാണത്തിന് വാങ്ങിയ ആഭരണം എടുക്കാൻ പോയവർ വരെ ഉണ്ട്. കുടുംബശ്രീ അടക്കമുള്ള സംഘങ്ങളുടെ സഹായത്തോടെ ഓരോ വീട്ടിലെയും കാണാതായവരുടെ ലിസ്റ്റ് എടുത്ത് പല തവണ പരിശോധിച്ചാണ് 17 പേരെയാണ് കാണാതായിട്ടുള്ളത് എന്ന അവസാന നിഗമനത്തിലെത്തിയത്. തുടക്കത്തിൽ നൂറിലധികം പേരെ കാണാതായാതയുള്ള ആശങ്കകളുണ്ടായിരുന്നു.

രക്ഷാപ്രവർത്തനം

8ാം തിയ്യതി ഇവിടെ നിന്ന് ആർക്കെങ്കിലും പുറത്തേക്ക് പോകാനോ ആർക്കെങ്കിലും ഇങ്ങോട്ട് വരാനോ പറ്റുന്ന സാഹചര്യമുണ്ടായിരുന്നില്ല. ഇങ്ങോട്ടെത്താനുള്ള മുഴുവൻ വഴികളും അടഞ്ഞിരുന്നു. കൽപറ്റ എംഎൽഎ സികെ ശശീന്ദ്രനടക്കം രാത്രി രണ്ട് മണിക്ക് റോഡിന് അക്കരെയെത്തിയിട്ടുണ്ട്. എന്നാൽ കുത്തിയൊഴുകുന്ന വെള്ളത്തെ മറികടന്ന് ആർക്കും ഇങ്ങോട്ട് വരാൻ കഴിയുമായിരുന്നില്ല. അങ്ങനെ എട്ടാം തിയ്യതി രാത്രി ഞങ്ങളെല്ലാവരും ഇവിടെ തന്നെ കഴിച്ച്കൂട്ടുകയായിരുന്നു. പിന്നീട് നേരംവെളുത്തതിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്. അപ്പോഴും പുറത്ത് നിന്ന് ആരും എത്തിയിരുന്നില്ല. മണ്ണിനടിയിൽ നിന്ന് ഉയർന്ന് നിൽക്കുന്ന ഒരു കൈപ്പത്തി കണ്ടതിന്റെ അടിസ്ഥാനത്തിൽ ആഭാഗത്താണ് ആദ്യമായി തിരച്ചിൽ നടത്തുന്നത്.

ആ ദിവസം നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശത്തെ ചെറുപ്പക്കാരുടെ സംഘമാണ് ആദ്യമായി തെരച്ചിലിന് തുടക്കമിടുന്നത്. അപ്പോഴും ഫയർഫോഴ്സടക്കമുള്ള സംഘങ്ങൾക്ക ദുരന്തസ്ഥലത്തേക്ക് എത്തിപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഇത്തരത്തിൽ തങ്ങളുടെ ജീവൻപോലും അപകടത്തിലാകാൻ സാധ്യതയുള്ള സമയത്താണ് പ്രദേശത്തെ പത്തോളം ചെറുപ്പക്കാരെയും കൂട്ടി ഞാനടക്കമുള്ള ആളുകൾ മണ്ണിലേക്കിറങ്ങുന്നത്. മുകളിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന കൂറ്റൻ മൺകൂനകളുണ്ടായിരുന്നു. എന്നാൽ ഉറ്റവരെ കാണാതായ ബന്ധുക്കളുടെ കരച്ചിലിന് മുന്നിൽ തലക്ക് മുകളിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ശ്രദ്ധിക്കാനാകുമായിരുന്നില്ല. രാവിലെ കണ്ട് മൃതദേഹങ്ങൾ പുറത്തെടുക്കാനായത് വൈകിട്ടോടെയാണ്.

ഇങ്ങനെ 4 മൃതദേഹങ്ങളാണ് ആദ്യദിവസം പ്രദേശത്തെ ചെറുപ്പക്കാരുടെയും കാരുണ്യ എന്ന സംഘടനയുടെ പ്രവർത്തകരുടെയും നേതൃത്വത്തിൽ കണ്ടെടുത്തത്. മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ കണ്ടപ്പോൾ പലപ്പോഴും നിയന്ത്രണം വിട്ട് പോയിട്ടുണ്ട്. മരിച്ചുകിടക്കുന്നവരെല്ലാം വ്യക്തിപരമായി ഏറെ അടുപ്പമുള്ളവരായിരുന്നു. പറഞ്ഞുതുടങ്ങിയാൽ രക്തബന്ധത്തിലുള്ളവരുമാണ്. എന്നാലും ജനങ്ങളുടെ മുമ്പിൽ കരയാതിരിക്കാൻ പരമാവധി ശ്രമിച്ചു. അവർക്ക് ധൈര്യം നൽകി കൂടെ നിന്നു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 4 വരെ പണിയെടുത്തിട്ടാണ് ഒരു ബോഡി പുറത്തെടുക്കാനായത്. അത്രയും സമയം വലിയപാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന അയാളുടെ ശരീരമാണ് കൺമുന്നിലുണ്ടായിരുന്നത്.

പിന്നീടാണ് ഇങ്ങോട്ടുള്ള വഴികൾ പനർസ്ഥാപിച്ച് സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള കൂടുതൽ രക്ഷാപ്രവർത്തകർ സബ് കളക്ടർ ഉമേഷിന്റെ നേതൃത്വത്തിൽ എത്തുന്നത്. തഹസിൽദാർ, കൽപറ്റ എംഎൽഎ ശശീന്ദ്രൻ തുടങ്ങിയവരൊക്കെ ആ സംഘത്തിലുണ്ടായിരുന്നു. പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ്, വനംവകുപ്പ് തുടങ്ങിയ ഏജൻസികളുടെയൊക്കെ രക്ഷാപ്രവർത്തകരടങ്ങുന്ന സംഘം ഇവരോടൊപ്പമെത്തി. സർക്കാർ സഹായത്തോടെ സാധ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് പിന്നീട് രക്ഷാപ്രവർത്തനം നടന്നത്. ആദ്യം മൂന്ന് ഹിറ്റാച്ചികളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 17 എണ്ണമാക്കി ഉയർത്തി. റഡാർ സംവിധാനമുപയോഗിച്ചു. വിദഗ്ധമായ സ്‌കെച്ച് വരച്ചുകൊണ്ടുള്ള തിരച്ചിൽ നടത്തി. ഒരു ഘട്ടത്തിൽ 30 കിലോമീറ്റർ അകലെ നിലമ്പൂർ ഭാഗങ്ങളിൽ വരെ തിരച്ചിൽ നടത്തി. ദുരന്തം നടന്ന സ്ഥലത്ത് നിന്ന് 7 കിലോമീറ്റർ അകലെ നിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. 40 പേരടങ്ങുന്ന സംഘമാണ് 30 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് വരെ പുഴയിലൂടെ തിരച്ചിൽ നടത്തിയത്.
ആദ്യ ദിവസം നാല് മൃതദേഹങ്ങൾ കണ്ടെത്തിയതിന് ശേഷം തുടർച്ചയായ ഏഴ് ദിവസം ഇവരെല്ലാമടങ്ങുന്ന സംഘം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബോഡികളൊന്നും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് പല ദിവസങ്ങളിലായി 8 മൃതദേഹങ്ങൾ കണ്ടെത്തിയത്. 12 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 20 ദിവസം സർക്കാർ സംവിധാനത്തിന്റെ ഭാഗമായുള്ള തിരച്ചിലുകൾ നടന്നു. പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു. കാണാതായവരുടെ ബന്ധുക്കളുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ച് അവർ പറയുന്ന സ്ഥലങ്ങളിലും തിരിച്ചിൽ നടത്തി.

നഷ്ടങ്ങൾ

17 പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. അതിൽ 5 പേരെ ഇനിയും കണ്ടത്താനായിട്ടില്ല. തീർച്ചയായും ആ 17 ജീവനുകൾ തന്നെയാണ് ഏറ്റവും വലിയ നഷ്ടം. അതിന് പുറമെ 63 വീടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. അതിൽ 54 എണ്ണം പൂർണ്ണമായും തകർന്നും. ബാക്കിയുള്ളവയിലും ഇനി താമസിക്കാൻ കഴിയില്ല. കൂടാതെ പ്രദേശത്തെ തോട്ടംതൊഴിലാളികൾ താമസിച്ചിരുന്ന പാടി, ഫോറസ്റ്റ് ഓഫീസ്, അവരുടെ കാന്റീൻ, പള്ളി, അമ്പലം തുടങ്ങി ഈ പ്രദേശത്തെ ചെറുതും വലുതുമായ എല്ലാ കെട്ടിടങ്ങളും ഇനിയൊരു ഉപയോഗം സാധ്യമാകാത്ത രീതിയിൽ നശിച്ചു. ഈ പ്രദേശത്ത് തന്നെ ഇനിയൊരു പുനർനിർമ്മാണം സാധ്യമാകില്ല.

താത്കാലിക പുനരധിവാസം

ദുരന്തം നടക്കുന്നതിന് മുമ്പ് തന്നെ എല്ലാവരെയും പ്രദേശത്തെ സ്‌കൂൽലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് വിവിധ ആവശ്യങ്ങൾക്കായി വീട്ടിലേക്ക് പോയവരാണ് മരണപ്പെട്ടവരിലേറെയും. പിന്നീട് സ്‌കൂളും സുരക്ഷിതമല്ലെന്ന് കണ്ടതോടെ എല്ലാവരെയും സമീപത്തെ പള്ളിയിലേക്കും ഫോറസ്റ്റ് ഓഫീസിലേക്കും മാറ്റുകയായിരുന്നു. നിലവിൽ ഇപ്പോൾ ബന്ധുവീടുകളിലേക്ക് മാറാൻ കഴിയുന്നവർ അങ്ങനെ മാറിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് മേപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി വാടകവീടുകൾ കണ്ടെത്തി നൽകിയിട്ടുണ്ട്. ഇവർക്കുള്ള വാടകയും മറ്റുചിലവുകളും പൂർണ്ണമായും പഞ്ചായത്ത് വഹിക്കും. കുട്ടികളെ അവരിപ്പോൾ പഠിക്കുന്ന ക്ലാസുകളിൽ തന്നെ അവർക്ക് താമസം ശരിയാകുന്ന സ്ഥലത്തിനടുത്ത സ്‌കൂളുകളിൽ പഠിപ്പിക്കാനുള്ള സൗകര്യമുണ്ടാക്കും.

പുനർനിർമ്മാണം-പുത്തുമല മോഡൽ വില്ലേജ്

താത്കാലിക പുനരധിവാസം ഇപ്പോൾ പൂർത്തിയായി. ഇനി പുനർനിർമ്മാണത്തിലേക്ക് കടക്കുകയാണ്. ഇതിനായി പുത്തുമല മോഡൽ വില്ലേജ് എന്നൊരു ആശയം മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനായൊരു കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. എംപി, എംഎൽഎ, ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡണ്ട്,സെക്രട്ടറി എന്നിവർ അതിന്റെ കൺവീനറും ചെയർമാനുമായിട്ടുള്ള കമ്മറ്റിയാണത്. നാട്ടിലെ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോട് കൂടി പുത്തുമലയിൽ ദുരന്തത്തിലകപ്പെട്ടവരെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണത്. 106 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടതുള്ളത്. അതിനായി 20 ഏക്കർ സ്ഥലം കണ്ടെത്തി 106 വീടുകൾ അവിടെ നിർമ്മിക്കും. പരസിസ്ഥിതിക്ക് അനുയോജ്യമായി ബദൽ മാർഗങ്ങൾ അവലംബിച്ചായിരിക്കും നിർമ്മാണം. ഇതിനായി പ്രശ്സ്ത ആർകിടെക്ട് ശങ്കറിന്റെ നിർദ്ദേശം തേടും. അ്ദ്ദേഹം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിട്ടുണ്ട്. സ്‌കൂൾ, ആശുപത്രി, ആരാധനാലയങ്ങൾ, വായനശാല എല്ലാമടങ്ങിയ പുതിയൊരു പുത്തുമല മോഡൽ വില്ലേജിലേക്കായിരിക്കും ഇവരെ പുനരധിവസിപ്പിക്കുക. നൂറോളം വീടുകൾ നിർമ്മിച്ച് നൽകാമെന്ന് ഇപ്പോൾ തന്നെ പലരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആറ് മാസങ്ങൾ കൊണ്ട് സർക്കാറിന്റെ കൂടി സഹായത്തോടെ പുത്തുമലയിൽ ദുരന്തത്തെ അതിജീവിച്ചവരെ പൂർണ്ണമായും പുതിയൊരിടത്തേക്ക് പുനരധിവസിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP