Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ കൈപിടിച്ച് അവർ പറയും...വേറെ രക്ഷയില്ലാത്തതു കൊണ്ട് ചെയ്യുന്നതാണ്..പക്ഷേ ഞങ്ങൾ മനസ്സുകൊണ്ട് നിങ്ങളുടെ കൂടെയുണ്ട്; ജയിലിലും സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥർ ഒഴിച്ചുള്ളവർ സഹാനുഭൂതിയോടെ പെരുമാറി; ഭയപ്പെടുത്തി കീഴപ്പെടുത്താനാണ് പിണറായി സർക്കാർ കിണഞ്ഞ് പരിശ്രമിച്ചത്; അയ്യപ്പന്റെ കളി പിണറായിക്ക് അത്ര എളുപ്പം മനസ്സിലാകില്ല; തന്റെ ജയിൽ അനുഭവങ്ങൾ മറുനാടനുമായി പങ്കുവയ്ക്കുന്നു കെ.സുരേന്ദ്രൻ

എന്റെ കൈപിടിച്ച് അവർ പറയും...വേറെ രക്ഷയില്ലാത്തതു കൊണ്ട് ചെയ്യുന്നതാണ്..പക്ഷേ ഞങ്ങൾ മനസ്സുകൊണ്ട് നിങ്ങളുടെ കൂടെയുണ്ട്; ജയിലിലും സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥർ ഒഴിച്ചുള്ളവർ സഹാനുഭൂതിയോടെ പെരുമാറി; ഭയപ്പെടുത്തി കീഴപ്പെടുത്താനാണ് പിണറായി സർക്കാർ കിണഞ്ഞ് പരിശ്രമിച്ചത്; അയ്യപ്പന്റെ കളി പിണറായിക്ക് അത്ര എളുപ്പം മനസ്സിലാകില്ല; തന്റെ ജയിൽ അനുഭവങ്ങൾ മറുനാടനുമായി പങ്കുവയ്ക്കുന്നു കെ.സുരേന്ദ്രൻ

ആർ പീയൂഷ്

തിരുവനന്തപുരം: ജയിൽവാസം അനുഭവിക്കുമ്പോഴും പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. പിണറായി സർക്കാരിന്റെ പ്രതികാര നടപടികളായിരുന്നു തനിക്കെതിരെ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തിനെതിരെ നടത്തിയ നാമജപ സമരങ്ങളെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്ത് ഒരു മാസത്തോളം സുരേന്ദ്രൻ ജയിലിലായിരുന്നു. ജീവിതത്തിലെ വ്യത്യസ്തമായ ജയിൽ അനുഭവങ്ങൾ കെ. സുരേന്ദ്രൻ മറുനാടനുമായി പങ്കുവെയ്ക്കുന്നു.

ചോദ്യം: വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായിട്ട് നിരവധി നാമജപ പ്രതിഷേധത്തിലൊക്കെ പങ്കെടുത്തിരുന്നു. അതിന്റെ ഭാഗമായി നിരവധി കേസുകളുണ്ടായി. ഒരു മാസം ജയിലിൽ അടയ്ക്കപ്പെട്ടു. ഈ സമയത്തെ അനുഭവങ്ങൾ?

കെ സുരേന്ദ്രൻ: ഗവൺമെന്റ് വളരെ ആസൂത്രിതമായി ഈ പ്രക്ഷോഭത്തെയാകെ അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ കള്ളക്കേസുകളായിരുന്നു അതെല്ലാമെന്ന് എല്ലാവർക്കും അറിയുന്നതാണ്. ജയിലിലും പൊലീസ് സ്റ്റേഷനിലുമൊക്കെ കൊണ്ടുപോയി ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണ് അവർ യഥാർത്ഥത്തിൽ ശ്രമിച്ചത്. പക്ഷേ നമ്മൾ വളരെ ശക്തമായി നിലപാട് എടുത്തതുകൊണ്ട് അവർ ഉദ്ദേശിച്ച നിലയിൽ കാര്യങ്ങൾ കൊണ്ടെത്തിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. എന്റെ ഒരു അനുഭവം, പൊലീസിനെ ഉപയോഗിച്ച് അവർ പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ, പൊലീസിനകത്തുനിന്നു തന്നെ വലിയ സഹാനുഭൂതി എനിക്ക് ലഭിക്കുകയുണ്ടായി. ഏ.ആർ ക്യാമ്പിൽ കൊണ്ടുപോകുമ്പോൾ, കസ്റ്റഡി ഉദ്യോഗസ്ഥന്മാരെ വിനിയോഗിക്കുമ്പോഴുമെല്ലാം ആദ്യമൊക്കെ പൊലീസുകാര് വലിയ ബഹളം കാണിക്കുമെങ്കിലും പിന്നീട് പൊലീസ് വണ്ടിയിലും ക്യാമ്പിലും പൊലീസ് സ്റ്റേഷനകത്തുമൊക്കെ വ്യക്തിപരമായിട്ട് കാണുമ്പോൾ മുക്കാൽ ഭാഗം ആളുകളും എന്റെ കൈപിടിച്ച് അവർക്ക് വേറെ രക്ഷയില്ലാത്തതു കൊണ്ട് ചെയ്യുന്നതാണ്, പക്ഷേ ഞങ്ങൾ മനസ്സുകൊണ്ട് നിങ്ങളുടെ കൂടെയുണ്ട് എന്ന നിലയിൽ പറയുകയുണ്ടായി.

ജയിലിൽ ഹൃദയസ്പർശിയായിട്ടുള്ള പല അനുഭവങ്ങളുമുണ്ടായി. മിക്കവാറും ജയിൽ ഉദ്യോഗസ്ഥന്മാർ എല്ലാം ഒരു വലിയ അനീതി ഒരു പൊതുപ്രവർത്തകനോട് ഒരു ഗവൺമെന്റ് കാണിക്കുന്നതിന്റെ ഫലമായിട്ടാണ് ഇതുണ്ടാകുന്നത് എന്ന് ബോധ്യമുള്ളതു കൊണ്ട് അവരുടെ പെരുമാറ്റത്തിൽ നിന്ന്, അവരുടെ നോട്ടത്തിൽ നിന്നൊക്കെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവരുടെയെല്ലാം ഒരു വലിയ പിന്തുണ എനിക്ക് പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. സിപിഎമ്മിന്റെ പ്രവർത്തകരായിട്ടുള്ള ചില ഉദ്യോഗസ്ഥന്മാർ അപമാനിക്കാൻ ശ്രമിച്ചെങ്കിലും വലിയ വിഭാഗം ഉദ്യോഗസ്ഥരിൽ നിന്ന് വളരെ വലിയ സഹാനുഭൂതിയാണ് എനിക്ക് ലഭിച്ചത്. അവർ വളരെ താല്പര്യത്തോടും വളരെ വിഷമത്തോടും കൂടി പ്രതികരിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.

ചോദ്യം: ജയിലിലെ ആഹാരരീതികളൊക്കെ എങ്ങനെയായിരുന്നു?

കെ സുരേന്ദ്രൻ: നമ്മളൊരു സാധാരണക്കാരനായതു കൊണ്ട് ആഹാരത്തിന്റെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ എന്റെയൊരു പ്രശ്നം വൈകുന്നേരം നാലുമണിക്ക് വാങ്ങിവെച്ചിട്ട് രാത്രി കഴിക്കാനെടുക്കുമ്പോൾ തണുത്ത്, മാത്രമല്ല, ടോയ്ലെറ്റുകൾക്കൊന്നും ഡോറില്ലല്ലോ. ഭക്ഷണം വാങ്ങി അവിടെ വക്കുന്നു. വലിയ ഹാളിനകത്ത് ഒരുപാടുപേര് കിടക്കുന്നു. ടോയ്ലെറ്റുകൾക്ക് ഡോറില്ല. ആളുകൾ ടോയ്ലെറ്റിൽ പോകുന്നു. തിരിച്ചു വരുന്നു. അപ്പോഴൊക്കെ നമ്മുടെ ഫുഡ്.. അതിന്റെയൊരു വിഷമം. അല്ലാതെ ഞാനൊരു സൗകര്യവും അഡീഷണലായിട്ട് ഒരു ജയിലിലും ചോദിച്ചിട്ടില്ല. വേണമെങ്കിൽ ചെറിയ ചില സൗകര്യങ്ങൾ എനിക്ക് കിട്ടുമായിരുന്നു. കാരണം ആദ്യത്തെ പിരിമുറുക്കം കഴിഞ്ഞ് ഞാൻ ജയിലിലെ അന്തേവാസികളും ജീവനക്കാരുമൊക്കെയായിട്ട് പല സ്ഥങ്ങളിൽ, കുറേദിവസം കിടന്ന സ്ഥലങ്ങളിലൊക്കെ വലിയ സൗഹൃദമായിരുന്നു. എല്ലാ തടവുകാരും കിടക്കുന്നപോലെയാണ് ഞാനും കിടന്നത്. എന്തെങ്കിലും സൗകര്യം ആവശ്യമുണ്ടോ എന്ന് അവസാന ഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഞാൻ പോയപ്പോൾ സൂപ്രണ്ടുമൊക്കെ ചോദിച്ചിരുന്നു. ഇനിയുമിങ്ങനെ പിടിച്ചുവെക്കുന്നതിൽ കാര്യമില്ലെന്ന് അവർക്കുതന്നെ ബോധ്യമുണ്ടായിരുന്നു. പക്ഷേ അപ്പോഴും ഞാൻ അതിന്റെയൊന്നും ആവശ്യമില്ലെന്ന സ്റ്റാന്റ് എടുത്തതുകൊണ്ട് ബുദ്ധിമുട്ട് എനിക്ക് തോന്നിയില്ല. കാരണം ചെന്നുകയറുമ്പോൾ തന്നെ എന്റെ മനസ്സിൽ ഞാൻ തീരുമാനിച്ചിരുന്നു കുറച്ചൂടി കഠിനമായിട്ടുള്ള നീക്കങ്ങളുണ്ടാകും, ആ നിലയിലുള്ള ഒരു പ്ലാനിങ് നടന്നിരിക്കുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ.

സത്യത്തിൽ എന്നെ രണ്ട്-രണ്ടര മാസം കിടത്താനുള്ള പ്ലാനായിരുന്നു. അങ്ങനെയാണ് ഓരോ കേസും അവർ ചാർജ്ജ് ചെയ്ത് ഒന്നിന്റെ കാലാവധി കഴിയുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ വന്നത്. പക്ഷേ, ഭാഗ്യവശാൽ മാധ്യമങ്ങളുടെ വലിയ ഇടപെടൽ ഒരു ഘട്ടത്തിൽ ഉയർന്നുവന്നു. അതിന്റെ പ്രധാനകാരണം, അഞ്ച് കള്ളക്കേസുകൾ, അതായാത്, ഒരു രാഷ്ട്രീയപ്രവർത്തകനും ഒരുകാലത്തും ഉൾപ്പെടാത്ത അഞ്ച് കേസുകൾ ഇവർ അഡീഷണലായി എഴുതി ചേർത്തതു കൊണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരത്തെ ഒരു അൺ നാച്വറൽ ഡെത്ത്, ഓട്ടോറിക്ഷയിൽ മദ്യം കടത്തിയത്, ഇങ്ങനെയുള്ള അഞ്ച് കേസുകൾ ഹൈക്കോടതിയിൽ അവർ അഫിഡവിറ്റായിട്ട് കൊടുത്തത് പുറത്തു വന്നതോടുകൂടിയാണ് മാധ്യമങ്ങൾക്കൊക്കെ കുറച്ചുകൂടി ഇതിനകത്ത് നടക്കുന്ന കള്ളക്കളി ബോധ്യമാകുന്നത്. സിഎമ്മിന്റെ ഓഫീസിൽ നിന്നാണ് അത് ചെയ്തത് എന്നത് പകൽപോലെ വ്യക്തമാണ്. അതിന് ശേഷം മാധ്യമങ്ങളുടെ ഇടപെടൽ വളരെ ശക്തമായി ഉണ്ടായിരുന്നു. ഓരോ കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും എനിക്ക് പറയാനുള്ളത് മുഴുവൻ ഞാൻ പറഞ്ഞു. കാരണം മറ്റൊരു മാർഗ്ഗവും ഇതിനകത്തില്ല. പൊലീസ് ബലംപ്രയോഗിച്ച് വണ്ടിയിൽ കയറ്റാൻ ശ്രമിക്കുമ്പോഴും ഞാൻ പറയാനുള്ളത് പുറംലോകത്തോടു പറഞ്ഞു. മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്ന കാര്യം മാധ്യമങ്ങൾക്ക് ബോധ്യപ്പെട്ടു. വളരെയധികം സാമൂഹിക പ്രവർത്തകർ രംഗത്തുവന്നു. എം.ജി.എസ്. നാരായണൻ, തായാട്ട് ബാലൻ, സെൻകുമാർ തുടങ്ങി ധാരാളം ആളുകൾ അത്തരത്തിൽ വലിയൊരു അനീതിയാണ് ഒരു പൊതുപ്രവർത്തകനോട് കാണിക്കുന്നത് എന്നുള്ള നിലയിൽ രംഗത്തുവന്നതോടു കൂടി ഗവൺമെന്റ് പ്രതിരോധത്തിലായി. അതുകൊണ്ടാണ് രണ്ടുമാസത്തേക്ക് കരുതിവെച്ചത് 23 ദിവസം കൊണ്ട് അവസാനിച്ചത്. ഞാനിറങ്ങിപ്പോരുമ്പോൾ അവർ പറഞ്ഞ പ്രകാരമായിരുന്നെങ്കിൽ നാല് കേസുകളിൽക്കൂടി ജാമ്യമെടുക്കാനുണ്ടായിരുന്നു. അതിൽ ഞാൻ പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം എടുക്കുകയായിരുന്നു.

ഗവൺമെന്റ് ആദ്യം ആഗ്രഹിച്ചതുപോലെ അവർക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ആദ്യം ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് വിചാരിച്ചു. പക്ഷേ നമ്മൾ ഭയപ്പെടാൻ തയ്യാറല്ല. പകരം കുറച്ചുകൂടി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. എല്ലായിടത്തും പറയാൻ സാധിക്കുന്നതിന്റെ പരമാവധി ഉച്ചത്തിൽ പറഞ്ഞതുകൊണ്ട് പിണറായി വിജയൻ പലപ്പോഴും പ്രതിരോധത്തിലായി. ആ ഒരു സാഹചര്യത്തിലാണ് അവരുടെ പദ്ധതികളെല്ലാം പൊളിഞ്ഞുപോയത്.

ഞാൻ കൊട്ടാരക്കര സബ്ജയിലിൽലേക്ക് പോകുമ്പോൾ അന്ന് എഡിജിപി അവിടെ വരികയും ഉദ്യോഗസ്ഥർക്കെല്ലാം വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. ഞാൻ ചെന്നപാടെ തന്നെ എന്നോടു പറഞ്ഞു, എഡിജിപി വന്ന് പോയതേയുള്ളൂ എന്ന്. ആ നിലയിലുള്ള കർശന നിർദ്ദേശങ്ങളുണ്ട്. അതുകൊണ്ടാണ് എനിക്കൊരു ചായ പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിത്തന്നത്. ഒരു ചായ കുടിക്കണമെന്ന് പറഞ്ഞു. ചായ വാങ്ങിത്തന്നു സിഐ. വളരെ നല്ല മനുഷ്യനാണദ്ദേഹം. അദ്ദേഹത്തിന്റെ റിട്ടയർമെന്റിന് രണ്ടു മാസമേ ബാക്കിയുള്ളു. ജീവിതത്തിലിന്നുവരെ ഒരു അച്ചടക്ക നടപടിക്കും വിധേയനായിട്ടില്ലാത്ത സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ. കസ്റ്റഡി ഉദ്യോഗസ്ഥന്മാർക്കാണ് ഒരു പ്രതിയെ കൊണ്ടുപോകുമ്പോൾ പൂർണ്ണമായ അധികാരം. കൊല്ലം റൂറൽ എസ്‌പി പിണറായി വിജയന്റെ വലം കയ്യാണ്. അദ്ദേഹമാണ് മോണിട്ടർ ചെയ്യുന്നത്.

രാവിലെ ജയിലിൽ നിന്ന് പോകുമ്പോൾ അവിടെ ചായ ആയിട്ടില്ല. ആറ് മണിക്ക് ജയിലിൽ നിന്നും ഇറങ്ങുകയാണ്. കോടതിയിൽ ഹാജരാക്കുന്നത് 11 മണിക്കാണ്. ഇതിനിടയിൽ ഒരു ചായ കുടിക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ? അദ്ദേഹം പറഞ്ഞു ചായ കൊടുത്തേ പറ്റു. അപ്പോൾ മുന്നിലുള്ള എസ്‌കോർട്ട് ഉദ്യോഗസ്ഥന്മാരുമായിട്ട് ബഹളം. അവസാനം അദ്ദേഹം പറഞ്ഞു, ഇതെന്റെ കടമയിൽപെട്ടതാണ്, ഞാൻ അദ്ദേഹത്തിന് ചായ കുടിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കും. ആ ദിവസം നിലയ്ക്കലിലെത്തുമ്പോൾ രാവിലെ മുതൽ എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിരുന്നു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു പൊലീസുകാരൻ നമ്മുടെ ഒരു പ്രവർത്തകനോട് ചോദിച്ചു, ഇവിടെ സുരേന്ദ്രന്റെ പേരിൽ എന്തെങ്കിലും കേസുകൾ ഉണ്ടോയെന്ന് പൊലീസ് ആസ്ഥാനത്തു നിന്ന് അന്വേഷണം വന്നിട്ടുണ്ടെന്ന്. അപ്പോൾതന്നെ എനിക്ക് ഏതാണ്ട് മനസ്സിലായിരുന്നു.

കാരണം പലയിടങ്ങളിലും അവർ പരിശോധിക്കുന്നു. മറ്റ് കേസുകൾ പരിശോധിക്കുന്നുണ്ടെങ്കിൽ അവർ കുറച്ചുദിവസത്തേക്ക് തയ്യാറായിട്ടു തന്നെയാണല്ലോ. പൊലീസിനെ അവർ പലരീതിയിൽ പ്ലാൻ ചെയ്ത് വച്ചിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ അവർ തയ്യാറാക്കി വച്ചിരുന്നു. അതുകൊണ്ടാണ് അവർ വനത്തിലൂടെ കൊണ്ടുപോയത്. നിലയ്ക്കലിൽ നിന്നും അറസ്റ്റ് ചെയ്തിട്ട് വനത്തിലൂടെ പോകേണ്ട കാര്യമില്ലല്ലോ. റാന്നി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകാമല്ലോ. ശശികല ടീച്ചറെ അവിടെയാണ് കൊണ്ടുപോയത്. ശശികല ടീച്ചറെ കൊണ്ടുപോയപ്പോൾ വലിയ ആൾക്കൂട്ടം അവിടെ വന്നു എന്നതുകൊണ്ട് എന്നെ ചിറ്റാറിലേക്ക്, അവിടെ വലിയ സ്വാധീനമില്ല, കൊണ്ടുപോയി. സത്യം എന്താണെന്നുവച്ചാൽ അവരുടെ എല്ലാ പദ്ധതിയും പൊളിഞ്ഞു. ചിറ്റാർ സ്റ്റേഷനിൽ രാത്രി പത്ത്-പതിനൊന്ന് മണിയോടുകൂടി എവിടെനിന്നൊക്കെയോ ആൾക്കാർ വന്നു. അയ്യപ്പന്റെ കളി അത്ര എളുപ്പത്തിൽ പിണറായി വിജയന് മനസ്സിലാകില്ല. നമ്മളാരും ഓർഗനൈസ് ചെയ്യുന്നതല്ല ഇത്. ജനങ്ങളുടെ ഒരു രോഷപ്രകടനം. അമ്മമാരുടെ ഒരു വലിയ സംഖ്യ ആ രാത്രിയിൽ. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല രാത്രിയിൽ അവിടെ ചെല്ലുമ്പോൾ ഇത്രയും അമ്മമാരവിടെ എത്തുമെന്ന്. അമ്മമാരുടെ വലിയൊരു സംഖ്യ എല്ലാപൊലീസ് സ്റ്റേഷനുകൾക്കും ജയിലുകൾക്കും മുന്നിൽ ഉണ്ടായിരുന്നു. രാത്രിയും പകലും.

നമ്മൾ സംഘടിപ്പിച്ച് ആൾക്കാർ വരുന്നതല്ല. സ്വമേധയാ ആൾക്കാർ വന്ന് അവരുടെ നാമജപ പ്രതിഷേധം നടത്തുന്നു എന്ന് പറയുന്നത്, അത്രയും ഗവൺമെന്റ് പ്രതീക്ഷിച്ചില്ല. ഗവൺമെന്റ് വിചാരിച്ചത്, പിണറായി വിജയൻ വലിയ ശക്തനായ ഭരണാധികാരിയാണ്. പൊലീസ് കയ്യിലുണ്ട്. എന്നാൽ പിന്നെ നടക്കും. അങ്ങനെയാണല്ലോ എല്ലാ സ്ഥലത്തും അവർ ചെയ്തിട്ടുള്ളത്. ബംഗാളിലുമൊക്കെ ഇത്തരം കാര്യങ്ങൾ അവർ ധാരാളം നടത്തിയിട്ടുണ്ട്. അത് നടത്താനായിരുന്നു അവരുടെ പ്ലാൻ. പക്ഷേ അത് വിജയിച്ചില്ല. കാരണം, വലിയ പ്രതിഷേധം ജനങ്ങൾക്കിടയിലും മാധ്യമങ്ങൾക്കിടയിലുമുണ്ടായി. എന്നെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന അവരുടെ ധാരണ നടന്നില്ല. ഞാൻ ഭയപ്പെടാൻ തയ്യാറല്ല. എന്തു സംഭവിച്ചാലും അവിടെ പിടിച്ചുനിൽക്കുകയാണ് എന്ന നിലപാട് എടുത്തതോടു കൂടി അവർ പെട്ടു. അപ്പോ പിന്നെ പൊലീസിനും ഒന്നും ചെയ്യാൻ പറ്റില്ല.

ഏ.ആർ ക്യാമ്പിൽ എറണാകുളത്തുകൊണ്ടുപോയിട്ട്, സാധാരണ ഗതിയിൽ കസ്റ്റഡി ഉദ്യോഗസ്ഥന്മാരെ ക്യാമ്പിൽ കൊണ്ടുപോകേണ്ട ആവശ്യമില്ല. എന്നാൽ സെക്യൂരിറ്റി ആസ്പെറ്റൊക്കെ പറഞ്ഞിട്ട് ഏ.ആർ ക്യാമ്പിൽ കൊണ്ടുപോയി. ക്യാമ്പിലാകുമ്പോ പരിചയമുള്ള പൊലീസുകാരൊന്നും ഉണ്ടാകില്ലല്ലോ. പത്തഞ്ഞൂറ് പേരുള്ള സ്ഥലത്തേക്കാണ് കൊണ്ടുപോകുന്നത്. ഞാനൊറ്റയ്ക്ക്. ബാക്കിയുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോൾ പ്രവർത്തകരൊക്കെ വന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ നിൽക്കും. ക്യാമ്പിനകത്ത് കടക്കാൻ പറ്റില്ല. അത് ഭയപ്പെടുത്താനുള്ള ശ്രമമായിരുന്നു. എറണാകുളം ക്യാമ്പിൽ കൊണ്ടുപോയി എനിക്ക് ഊണ് വാങ്ങിച്ചു തന്നു. അപ്പോ ഉത്തരവാണ്.

ഊണ് കഴിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ ഇവിടെ നിന്ന് ഇറങ്ങണം. ഞാൻ പറഞ്ഞു നടക്കില്ല. 12 മണിക്കൂർ ഒറ്റ സ്ട്രച്ചിൽ യാത്രയാണ്. കൊട്ടാരക്കരയിൽ നിന്ന് കണ്ണൂരിലേക്ക്. ഞാൻ പറഞ്ഞു എനിക്ക് അര മണിക്കൂർ വിശ്രമിക്കാതെ പറ്റില്ല. പൊലീസ് ഉദ്യോഗസ്ഥർ അത് പ്രതീക്ഷിച്ചില്ല. ഞാൻ ഊണുകഴിച്ച് തോർത്തുമുണ്ട് വിരിച്ച് അവിടെ കിടന്നു. അവിടെ വളഞ്ഞ് നിൽക്കുകയല്ലാതെ ഇവർക്ക് വേറെ മാർഗ്ഗമുണ്ടായിരുന്നില്ല. ചുറ്റിനും അവർ നിൽക്കുകയാണ്. പക്ഷേ എന്നെ എന്തു ചെയ്യാൻ പറ്റും? ഞാൻ അരമണിക്കൂർ സുഖമായിട്ട് അവിടെ കിടന്നു. ഏ.ആർ ക്യാമ്പിനകത്ത് എന്തുവേണമെങ്കിലും അവർക്ക് ചെയ്യാം. പക്ഷേ ഇത്രയും പൊലീസുകാർ ഉണ്ടായിട്ടും അവർ പറഞ്ഞതുപോലെ ഞാൻ കേൾക്കുന്നില്ല എന്നവർക്ക് മനസ്സിലായി. അര മണിക്കൂർ കിടന്നു. ടോയ്ലെറ്റിലൊക്കെ പോയി. സാവധാനത്തിൽ ഞാൻ ഇറങ്ങി. ഇതുപോലെ ഭയപ്പെടുത്താൻ അവർ പരമാവധി ശ്രമിച്ചു. പക്ഷേ അത് വിജയിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് കാര്യങ്ങൾ അവരുടെ കൈവിട്ട് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP