Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.ജയരാജൻ വടകരയിൽ ജയിക്കാൻ പാടില്ല; ആർ.എംപിക്ക് ഒരു വലതുപക്ഷ വ്യതിയാനും സംഭവിച്ചിട്ടില്ല; ഇതൊക്കെ സിപിഎം ഉണ്ടാക്കുന്ന വേല; ആർ.എംപി പ്രവർത്തകർ ഒറ്റക്കെട്ടായി കെ.മുരളീധരന്റെ പ്രചരണത്തിനുണ്ട്; പി.ജയരാജൻ കൊലയാളിയാണെന്ന് താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു; വേണുവും ഹരിഹരിനും തമ്മിൽ ഭിന്നതയില്ല; പാർട്ടിയിൽ കൊഴിഞ്ഞുപോക്കും ഉണ്ടായിട്ടില്ല; കെ.കെ രമ മറുനാടനുമായ് നടത്തിയ പ്രത്യേക അഭിമുഖം

പി.ജയരാജൻ വടകരയിൽ ജയിക്കാൻ പാടില്ല; ആർ.എംപിക്ക് ഒരു വലതുപക്ഷ വ്യതിയാനും സംഭവിച്ചിട്ടില്ല; ഇതൊക്കെ സിപിഎം ഉണ്ടാക്കുന്ന വേല; ആർ.എംപി പ്രവർത്തകർ ഒറ്റക്കെട്ടായി കെ.മുരളീധരന്റെ പ്രചരണത്തിനുണ്ട്; പി.ജയരാജൻ കൊലയാളിയാണെന്ന് താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു; വേണുവും ഹരിഹരിനും തമ്മിൽ ഭിന്നതയില്ല; പാർട്ടിയിൽ കൊഴിഞ്ഞുപോക്കും ഉണ്ടായിട്ടില്ല; കെ.കെ രമ മറുനാടനുമായ് നടത്തിയ പ്രത്യേക  അഭിമുഖം

സജീവൻ വടക്കുമ്പാട്

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ പിന്തുണക്കാ്നുള്ള തീരുമാനത്തെ തുടർന്ന് ആർഎംപിയിൽ ഭിന്നതയില്ലെന്ന് കെ കെ രമ. ഇതിൽ പ്രതിഷേധിച്ച് ആർഎംപി പ്രവർത്തകർ കൂട്ടുത്തോടെ പാർട്ടി വിട്ടു എന്നതൊക്കെ സിപിഎം ഉണ്ടാക്കുന്ന നുണക്കഥകളാണ്. ആർ.എംപിക്ക് ഒരു വലതുപക്ഷ വ്യതിയാനും സംഭവിച്ചിട്ടില്ല. യുഡിഎഫുമായി വേദി പങ്കിടാതെ ഒറ്റക്കുള്ള പ്രചാരണമാണ് തങ്ങൾ നടത്തുന്നത്.പി.ജയരാജൻ കൊലയാളിയാണെന്ന് താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും കെ കെ രമ വ്യക്താമാക്കി. മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കയായിരുന്നു അവർ.

  • വടകരയിൽ ആർ.എംപി സ്വീകരിച്ച യു.ഡി.എഫ് ഇനുകൂല നിലപാട് മൂലം മണ്ഡലത്തിൽ യു.ഡി.എഫിന്റെ വിജയ പ്രതീക്ഷ  എത്രത്തോളമാണ്?

കെ.കെ രമ: നല്ല ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഇവിടെ വിജയിക്കും. അക്രമ രാഷട്രീയം വളരെ ശക്തമായി ഇവിടെ ചർച്ച ചെയ്യപ്പെടുകയാണ്. അതിനാൽ തന്നെ വലിയ ഭൂരിപക്ഷത്തിന് വടകരയിൽ യു.ഡി.എഫ് വിജയം ഉറപ്പിക്കും.

  • വടകരയിൽ വിജയം സുനിശ്ചിതമാണെന്ന് ഉറപ്പിക്കാൻ അനുകൂലമായ ഘടകങ്ങൾ എന്തൊക്കെയാണ്.

കെ.കെ രമ- ഇവിടുത്തെ ജനങ്ങൾ തന്നെയാണ് പ്രധാന അനുകൂല ഘടകം. പി.ജയരാജൻ എതിർ സ്ഥാനാർത്ഥിയായി വന്നത് തന്നെ യു.ഡി.എഫ് വിജയം ഉറപ്പിച്ച് കഴിഞ്ഞു. ജയരാജൻ സ്ഥാനാർത്ഥിയായതോടെ വടകരയിലെ ചർച്ച അക്രമ രാഷട്രീയം തന്നെയാണ്. മറു അഭിപ്രായം ഇവിടുത്തെ ജനങ്ങൾക്കില്ല.

  •  പി.ജയരാജനെക്കുറിച്ച് കൊലയാളിയെന്ന പരാമകർശം കെ.കെ രമ നേരത്തെ തന്നെ നടത്തിയിരുന്നു. ഈ പരാമർശത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടോ

കെ.കെ രമ- രണ്ട് കൊലപാതക കേസിൽ സിബിഐ നേരത്തെ തന്നെ ജയരാജനെതിരെ കുറ്റപത്രം സമർപ്പിച്ചതാണ്. പത്ത് ക്രിമിനൽ കേസിലെ പ്രതിയാണെന്ന് നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ രേഖപ്പെടുത്തിയത് ഞങ്ങളല്ല. താൻ പറഞ്ഞ വാക്കിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. ഇതിന് എത്ര തെളിവുകൾ വേണമെങ്കിലും എന്റെ കൈയിലുണ്ട്. എന്റെ ബോധ്യമാണ് ഞാൻ പറഞ്ഞത്. സിപിഎം നേതാക്കന്മാർക്ക് എന്തും വിളിക്കാമെന്നാണോ. എം.വി രാഘവനെ കൊലയാളി രാഘവനെന്ന് വിളിച്ചത് ഞങ്ങളല്ല. കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം രാഘവൻ കൊലയാളി രാഘവനായിരുന്നു സിപിഎമ്മിന്. കെ.കരുണാകരനെ കൊലയാളിയെന്ന് വിളിച്ചില്ലേ. ജയരാജൻ കൊലയാളിയായതിനാൽ തന്നെയാണ് താൻ കൊലയാളിയെന്ന് വിളിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു എംപിയെ പരനാറിയെന്ന് വിളിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അഞ്ച് വർഷം കഴിഞ്ഞിട്ടും വീണ്ടും അത് തന്നെ മുഖ്യമന്ത്രി ആവർത്തിക്കുകയാണ്.

  •  അക്രമ ഭീഷണി മൂലം ആർ.എംപി പ്രവർത്തകർ മറ്റ് പാർട്ടികളിൽ പ്രത്യേകിച്ച് ബിജെപി-ആർഎസ്എസ് സംഘടനകളിലേക്ക് ചേക്കേറുന്നതായി വിവരമുണ്ടല്ലോ.

കെ.കെ രമ- ആർ.എംപി പ്രവർത്തകകർ അക്രമം ഭയന്ന് ഇതുവരെ മറ്റ് പാർട്ടികളിലേക്ക് പോയിട്ടില്ല. ഒട്ടേറെ അടിയും പിടിയും കിട്ടിയവരാണ് ആർ.എംപി പ്രവർത്തകർ.എന്നിട്ടും അവർ രക്ഷ തേടി മറ്റ് പാർട്ടികളിൽ ചേക്കേറിയിട്ടില്ല.

  • ആർ.എംപിക്ക് ഇപ്പോൽ വന്ന വലതുപക്ഷ വ്യതിയാനം മൂലം ആർ.എംപി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും അവർ പ്രവർത്തന രംഗത്ത് സജീവമല്ലാതിരിക്കുകയും ചെയ്യുന്നുണ്ടോ?

കെ.കെ രമ- ആർ.എംപിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചെന്ന് സിപിഎം പറഞ്ഞു നടക്കുന്നതാണ്. നമ്മൾ എടുത്ത നിലപാട് അണികളോട് പരസ്യമായി പറഞ്ഞതിന് ശേഷമാണ്. തങ്ങളുടെ അണികൾക്ക് ഈ തീരുമാനം യാതോരു തരത്തിലുള്ള പ്രയാസവും ഉണ്ടാക്കിയില്ല. എല്ലാവരും ഒറ്റസ്വരത്തിലാണ്. ഈ തീരുമാനം അനിവാര്യമാണ്.നമ്മുടെ നിലനിൽപ്പ് നിവാര്യമായ സമയമാണിത്. ജനാധിപത്യം പുനഃസ്ഥാപിക്കുകയെന്നത് ഞങ്ങളുടെ മാത്രം കാര്യമല്ല.ഇത് ഒരു പക്ഷെ കേരളത്തിലെ വടകരയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ആവശ്യമാണ് പി.ജയരാജൻ ജയിച്ച് പോകരുതെന്നത്. ഇവിടെ എല്ലാവരും ജീവിച്ച് പോകണം. എതിർ അഭിപ്രായം പറയുന്നവരെയൊക്കെ കൊന്ന് തള്ളുന്ന രാഷട്രീയം അവസാനിപ്പിക്കണം. മനുഷ്യത്വമുള്ള ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് അതാണ്.

  • ആർ.എംപി നേതാവ് ഹരിഹരനെ ഇപ്പോൾ വേദികളിൽ കാണാരില്ല. എൻ.വേണുവും ഹരിഹരനും തമ്മിൽ അഭിപ്രായ വ്യത്യാസം വല്ലതുമുണ്ടോ?

കെ.കെ രമ- ഇതൊക്കെ സിപിഎം ഉണ്ടാക്കുന്ന വേലകളാണ്. ഹരിഹരൻ ഞങ്ങളുടെ കേന്ദ്ര കമ്മറ്റി മെമ്പറാണ്. അടിസ്ഥാന രഹിതമായ ആരോപണമാണിത്.

  • എല്ലാ ആർ.എംപി പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇപ്പോൾ സജീവമായുണ്ടോ?

കെ.കെ രമ-തീർച്ചായും എല്ലാവരും രംഗത്തുണ്ട്. യു.ഡി.എഫുമായ് യോജിച്ച് വേദി പങ്കിടില്ലെന്ന് നേരത്തെ തന്നെ ഞങ്ങൾ പ്രഖ്യാപിച്ചതാണ്. യു.ഡി.എഫുമായ് യോജിച്ച് പ്രവർത്തിക്കില്ല. ഞങ്ങൾ ഞങ്ങളുടേതായ തനതായ പ്രവർത്തനമാണ് നടത്തുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കണമെന്ന് ആർ.എംപി എടുത്ത പരസ്യ നിലപാടിന് അനുകൂല പ്രവർത്തനമാണ് ഞങ്ങൾ നടത്തുന്നത്. മറിച്ച് യു.ഡി.എഫുമായ് ചേർന്നുള്ള പ്രവർത്തനമല്ല.

  • കേരളത്തിൽ ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആർക്കാവും ഭൂരിപക്ഷം.

കെ.കെ രമ- രണ്ടോ മൂന്നോ സീറ്റ് മാത്രമേ ഇടതുപക്ഷത്തിന് ഇത്തവണ ലഭിക്കുകയുള്ളൂ. ബാക്കി മുഴുവൻ യു.ഡി.എഫ് നേടും. യു.ഡി.എഫി്ന അനുകൂലമായ സാഹചര്യമാണിവിടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. സിപിഎം അത്രക്ക് മോശം അവസ്ഥയിലുമാണ്.

  • ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഭരണം ആരുടെ കൈകളിലെത്തിപ്പെടുമെന്നാണ് കെ.കെ രമ പ്രതീക്ഷിക്കുന്നത്.

കെ.കെ രമ-കേരളത്തിലെ അസഹിഷ്ണുതയും ഇന്ത്യയിലെ അസഹിഷ്ണുതയും വർധിച്ച് കൊണ്ടിരിക്കുകയാണ്. എതിർ അഭിപ്രായത്തെ അടിച്ചമർത്തുന്ന രാഷട്രീയമാണിവിടെ. അതിനെതിരെയുള്ള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ്. രാജ്യം മുഴുവൻ ആഗ്രഹിക്കുന്നത് അസഹിഷ്ണുതക്കെതിരെയുള്ള ഇരട്ട പ്രഹരമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നത്.അതുകൊണ്ട് തന്നെ ഒരു ഇടത് മതേതര ജനാധിപത്യ കക്ഷി അധികാരത്തിൽ വരണമെന്ന് തന്നെയാണ് മുഴുവൻ ആളുകളും പ്രതീക്ഷിക്കുന്നത.അങ്ങിനെ തന്നെ വരണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP