Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗാഡ്ഗിൽ റിപ്പോർട്ട് ഒരു വലിയ ശരി; നിയമസഭയിൽ ഈ വലിയശരി ഉദ്ധരിക്കാൻ ശ്രമിച്ചപ്പോൾ ഭരണപക്ഷ എംഎൽഎമാർ എന്നെ കൂവിയിരുത്തി; അത് തങ്ങളുടെ നിലപാടല്ല എന്നവർ വിളിച്ചുകൂവി; ലോറി വെള്ളമല്ല ഗാഡ്ഗിൽ റിപ്പോർട്ടും ദീർഘകാല പദ്ധതികളുമാണ് വേണ്ടതെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് കൂവൽ കേട്ടത്; അച്ചന്മാരും വൈദികരും എന്റെ ശവഘോഷയാത്ര നടത്തി പോത്തിനെ വെട്ടി ആഘോഷിച്ചു; പുത്തുമലയും കവളപ്പാറയും ആവർത്തിക്കാതിരിക്കാൻ റിപ്പോർട്ടിന്റെ അന്തസത്ത കേരളം മനസിലാക്കണം: മറുനാടനോട് മനസു തുറന്ന് പി ടി തോമസ്

ഗാഡ്ഗിൽ റിപ്പോർട്ട് ഒരു വലിയ ശരി; നിയമസഭയിൽ ഈ വലിയശരി ഉദ്ധരിക്കാൻ ശ്രമിച്ചപ്പോൾ ഭരണപക്ഷ എംഎൽഎമാർ എന്നെ കൂവിയിരുത്തി; അത് തങ്ങളുടെ നിലപാടല്ല എന്നവർ വിളിച്ചുകൂവി; ലോറി വെള്ളമല്ല ഗാഡ്ഗിൽ റിപ്പോർട്ടും ദീർഘകാല പദ്ധതികളുമാണ് വേണ്ടതെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് കൂവൽ കേട്ടത്; അച്ചന്മാരും വൈദികരും എന്റെ ശവഘോഷയാത്ര നടത്തി പോത്തിനെ വെട്ടി ആഘോഷിച്ചു; പുത്തുമലയും കവളപ്പാറയും ആവർത്തിക്കാതിരിക്കാൻ റിപ്പോർട്ടിന്റെ അന്തസത്ത കേരളം മനസിലാക്കണം: മറുനാടനോട് മനസു തുറന്ന് പി ടി തോമസ്

എം മനോജ് കുമാർ

തിരുവനന്തപുരം: ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ അന്നും ഇന്നും ഒരേ നിലപാടാണ് തനിക്കുള്ളതെന്ന് കോൺഗ്രസ് എംഎൽഎ പി.ടി.തോമസ്. പശ്ചിമഘട്ടസംരക്ഷണത്തിന്റെ കാര്യത്തിൽ ഗാഡ്ഗിൽ വലിയ ശരിയാണെന്ന് അന്ന് തന്നെ ബോധ്യമായിരുന്നതായും പി.ടി.തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഉരുൾപൊട്ടലും പ്രളയവും കാലാവസ്ഥാ മാറ്റത്തിന്റെയുമൊക്കെ സാഹചര്യത്തിൽ പശ്ചിമഘട്ട മലനിരകൾ കേരളത്തിന്റെ ജീവവായുവാണെന്ന ഉറച്ച വിശ്വാസവും ബോധ്യവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇടുക്കി എംപി എന്ന നിലയിൽ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ അടിസ്ഥാന കാര്യങ്ങൾ ജനങ്ങളെ പറഞ്ഞു മനസിലാക്കിക്കാനാണ് ശ്രമിച്ചത്. പക്ഷെ രാഷ്ട്രീയ നേതൃത്വവും ക്രിസ്തീയ സഭാ നേതൃത്വവും ഒക്കെ അടങ്ങുന്ന വലിയ ലോബി അന്ന് എനിക്കെതിരെ നിന്നു. അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഗാഡ്ഗിൽ റിപ്പോർട്ടിനു പിന്നിൽ ഉറച്ചു നിന്നതിന്റെ പേരിൽ രാഷ്ട്രീയമായി കുരിശിൽ തറയ്ക്കപ്പെടുകയും രാഷ്ട്രീയ ഭാവി തന്നെ അവതാളത്തിൽ ആവുകയും ചെയ്ത പി.ടി.തോമസ് പറയുന്നു.

  • കവളപ്പാറയും പൂത്തുമലയും നമ്മുടെ തന്നെ സൃഷ്ടി

പ്രകൃതി ചൂഷണം കേരളത്തിനു ഗുണകരമല്ല. കവളപ്പാറയും പൂത്തുമലയുമൊക്കെ നമ്മുടെ തന്നെ സൃഷ്ടിയാണ്. പ്രകൃതി ദുരന്തങ്ങളെ ഒരു പരിധിവരെ തടയാൻ സഹായകമാകുന്ന റിപ്പോർട്ട് ആണ് ഗാഡ്ഗിൽ റിപ്പോർട്ട്. അത് പക്ഷെ നടപ്പിലാക്കാൻ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വമോ സഭാ നേതൃത്വമോ തയ്യാറായില്ല. വലിയ കലാപം തന്നെ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ നടന്നു. എല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു.പക്ഷെ സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ, പൊതുപ്രവർത്തകൻ എന്ന നിലയിലും ഒരാൾ എടുക്കേണ്ട നിലപാടാണ് എടുത്തതെന്നുള്ള ഉറപ്പും ആത്മവിശ്വാസവുമാണ് എനിക്കുള്ളത്. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിന്റെ പേരിൽ എനിക്ക് പിന്നീട് എംപിയാകാനോ പാർലമെന്റിൽ പോകാനോ കഴിഞ്ഞില്ല. രാഷ്ട്രീയമായ ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും ഞാൻ എടുത്ത നിലപാട് ശരിയായിരുന്നു എന്നാണ് എന്റെ ഇപ്പോഴുമുള്ള ഉറച്ച വിശ്വാസം.

നൂറു ശതമാനം ബോധ്യമായ തീരുമാനത്തിനു ഒപ്പം നിൽക്കുക എന്നത് കടമയായി കരുതി ഗാഡ്ഗിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് മാധവ് ഗാഡ്ഗിൽ അടക്കം ജയറാം രമേശ് അടക്കം പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ജനപ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടിയിരുന് ഗോവ മുതൽ കന്യാകുമാരി വരെയുള്ള എല്ലാ ജനപ്രതിനിധികളുടെ യോഗമായിരുന്നു അത്. ഒരു ദിവസത്തെ ശില്പശാലയാണ് നടന്നത്. മാധവ് ഗാഡ്ഗിലും അ ദ്ദേഹത്തിന്റെ കമ്മറ്റിയിലുണ്ടായ അംഗങ്ങളും ഉൾപ്പെടെ, ജയറാം രമേശ് അടക്കം പങ്കെടുത്ത ശിൽപശാലയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. നിരവധി ചോദ്യങ്ങളാണ് ശില്പശാലയിൽ ഉയർന്നത്. ഉയരുന്ന ചോദ്യങ്ങളും അതിനു നല്കിയ ഉത്തരങ്ങളിൽ നിന്നും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ എനിക്ക് നൂറു ശതമാനം വിശ്വാസ്യതയുണ്ടാക്കി. നൂറു ശതമാനം ബോധ്യമായ തീരുമാനത്തിനു ഒപ്പം നിൽക്കുക എന്നത് എന്റെ കടമയായി തന്നെ ഞാൻ കരുതി. അതിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നിലപാടുമായി മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ ഞാൻ ഉറച്ചു നിന്നത്.

നിക്ഷിപ്ത താത്പര്യക്കാരായ ആളുകളാണ് ലോബിയാണ് ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരെ നിന്നത്. അതിൽ പലരും അനധികൃത പാറമട ഖനനം നടത്തുന്നവരാണ്. പതിനായിരക്കണക്കിന് പാറമടകൾ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. പാറമട ലോബിയും ഭൂമി കയ്യേറ്റക്കാരുമാണ് ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരെ നിലകൊണ്ടത്. ഒരു വിഭാഗം സഭാ നേതാക്കൾ ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരായി നിലകൊണ്ടപ്പോൾ ഒറ്റപ്പെട്ട അച്ചൻന്മാരും ബിഷപ്പുമാരും ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചിട്ടുണ്ട്. അത് കാണാതിരിക്കാൻ സാധ്യവുമല്ല. പക്ഷെ നിക്ഷിപ്ത താത്പര്യക്കാരുടെ സ്വരമാണ് എല്ലാത്തിനും മുകളിൽ മുഴങ്ങിയത്. വലിയൊരു ബഹുജനമുന്നേറ്റം എന്ന രീതിയിലാണ് പള്ളികൾ കേന്ദ്രീകരിച്ച് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ നീക്കങ്ങൾ വന്നത്. എല്ലാത്തിലും ഞാനൊരു വില്ലൻ കഥാപാത്രമായി മാറി.

  • യുഡിഎഫ് എംപിമാർ ഗാഡ്ഗിലിനെ ചിത്രീകരിച്ചത് വ്യാളിയാക്കി

ഗാഡ്ഗിൽ റിപ്പോർട്ട് വന്നപ്പോൾ മുല്ലപ്പെരിയാർ പ്രശ്‌നവും കത്തി നിൽക്കുകയാണ്. അപ്പോൾ ഡൽഹിയിൽ മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ ദിവസവും പാർലമെന്റിനു മുന്നിൽ കേരള എംപിമാരുടെ പ്രതിഷേധം കാണും. എല്ലാ ദിവസവും പാർലമെന്റിനു മുന്നിൽ ഗാന്ധി പ്രതിമയുടെ മുന്നിൽ എംപിമാരുടെ പ്രതിഷേധം കാണും. ഒരു ദിവസം യുഡിഎഫ് എംപിമാർ പ്രക്ഷോഭം നടത്തിയത് ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരായിട്ടായിരുന്നു. ഇതറിയാതെയാണ് ഞാൻ സമരപ്പന്തലിൽ കയറി നിന്നത്. ഗാഡ്ഗിൽ ഒരു ഭീകരസത്വം ആണെന്ന രീതിയിൽ വ്യാളിയുടെ പടം ഒക്കെവച്ചാണ് പ്രതിഷേധം വന്നത്. ഇതറിയാതെയാണ് ഞാൻ കയറി നിന്നത്. മുദ്രാവാക്യം കേട്ടപ്പോൾ അത് ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരെ, ഞാൻ ഇറങ്ങിപ്പോന്നു. അപ്പോൾ പടം ഒക്കെ എടുത്ത് ഇതും എനിക്കെതിരെ ആയുധമാക്കി.പ്രതിഷേധം വന്നപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർത്തു. അങ്ങിനെ വെള്ളം ചേർത്ത റിപ്പോർട്ട് ആണ് കസ്തുരിരംഗൻ റിപ്പോർട്ട്. ആ റിപ്പോർട്ടിലും വെള്ളം ചേർത്ത റിപ്പോർട്ട് ആണ് ഉമ്മൻ വി ഉമ്മന്റെ റിപ്പോർട്ട്. ഇതൊക്കെയാണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത്.

  • എനിക്ക് കാണേണ്ടിവന്നത് എന്റെ തന്നെ ശവഘോഷയാത്ര; ഒപ്പം പോത്തുവെട്ടി ആഘോഷവും

ഗാഡ്ഗിൽ റിപ്പോർട്ട് എംപി എന്ന നിലയിൽ ഏകപക്ഷീയമായ ഒരു നിലപാടല്ല ഞാൻ കൈക്കൊണ്ടത്. എന്റെ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ഞാൻ കട്ടപ്പന വിളിച്ചു. ഇടുക്കിയിലെ എല്ലാ ജനപ്രതിനിധികളെയും നേരിട്ട് ബന്ധപ്പെട്ട് ഞാൻ യോഗത്തിനു വരാൻ പറഞ്ഞു. 700 ഓളം ആളുകൾ ആണ് യോഗത്തിന് എത്തിയത്. അവരുടെ അടുത്ത് ഇതിന്റെ ഗുണദോഷങ്ങൾ എന്നത് സംബന്ധിച്ച് ഒരു ഡിബേറ്റ് ഞാൻ സംഘടിപ്പിച്ചു. ആ ഡിബേറ്റിലും അനുകൂലവും പ്രതികൂലവുമായ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായിരുന്നു. ആളുകൾക്ക് ഉണ്ടായിരുന്ന ആശങ്ക ദുരീകരിക്കുക ആയിരുന്നു ഡിബേറ്റിന്റെ ഉദ്ദേശ്യം. പക്ഷെ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളും ക്രൈസ്തവ സഭാ നേതൃത്വവും റിപ്പോർട്ടിന് എതിരെ നിന്നു.

യോഗം സംഘർഷത്തിലേക്ക് നീങ്ങി. പിന്നീട് എനിക്ക് നേരെ വ്യക്തിപരമായ ആരോപണങ്ങളാണ് ഉയർന്നു വന്നത്. എനിക്ക് കേരളത്തിനു പുറത്ത് ലക്ഷക്കണക്കിന് രൂപയുടെ മുന്തിരി തോട്ടമുണ്ട്.സമ്പാദ്യങ്ങളുണ്ട്. കൊച്ചിയിൽ വൻകിട കെട്ടിട സമുച്ചയമുണ്ട്. അങ്ങിനെ സ്ഥിരമായ അധിക്ഷേപങ്ങൾ എനിക്ക് എതിരെ ഉയർന്നു വന്നു. എനിക്ക് സമൂഹത്തിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. അതിനു ശേഷമാണ് പ്രതീകാത്മകമായ എന്റെ ശവഘോഷയാത്ര നടത്തിയത്. എന്നെ അക്ഷരാർത്ഥത്തിൽ സംസ്‌ക്കരിക്കുകയും ആ സംസ്‌ക്കാര ചടങ്ങിൽ അച്ചന്മാരും വൈദികരും ഒക്കെ സംബന്ധിക്കുകയും ശവസംസ്‌കാരം നടത്തിയതിന്റെ സന്തോഷ സൂചകമായി പോത്തിനെ വെട്ടുകയും ആഘോഷിക്കുകയും ഒക്കെ ചെയ്യുകയുണ്ടായി. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ സാമൂഹികമായ ബഹിഷ്‌ക്കരണമാണ് എനിക്ക് നേരിടേണ്ടി വന്നത്.

  • എനിക്ക് ലഭിച്ചത് വ്യക്തിപരമായ അധിക്ഷേപവും എതിർപ്പുകളും

എന്നെ പിന്തുണയ്ക്കും എന്ന് ഞാൻ കരുതിയിരുന്ന കോൺഗ്രസ് പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളും പുരോഗമന പാർട്ടിയെന്നു അവകാശപ്പെടുന്ന സിപിഎമ്മിന്റെ പ്രധാന നേതാക്കളും എന്നെ വ്യക്തിപരമായി ആക്ഷേപിക്കാനും എതിർത്ത് തോൽപ്പിക്കാനുമാണ് ശ്രമിച്ചത്. ഇതെല്ലാം ഞാൻ നേരിട്ട സങ്കടവും ദുഃഖവുമായി ഇപ്പോഴും അവശേഷിക്കുന്നു. യുപിഎ സർക്കാരിന്റെ പദ്ധതിയാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്. അപ്പോൾ സ്വാഭാവികമായും ഞാൻ പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്തുണ ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല എന്നെ തള്ളിപ്പറയുകയും ചെയ്തു. അതിന്റെ പേരിൽ എനിക്ക് പാർലമെന്റിൽ മത്സരിക്കാൻ കഴിയാത്ത അവസ്ഥ വരുകയും സീറ്റ് നിഷേധിച്ച സാഹചര്യം വരുകയും ചെയ്തു. എനിക്ക് സീറ്റ് നിഷേധിക്കാനായി കോൺഗ്രസ് നേതാക്കൾ ഗാഡ്ഗിൽ റിപ്പോർട്ട് കരുവാക്കി മാറ്റി. ആരാണ് സീറ്റ് നിഷേധത്തിനു പിന്നിൽ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ആരും സപ്പോർട്ട് ചെയ്തില്ല എന്ന് തന്നെയാണ്.

  • കോൺഗ്രസിലെ വളർച്ച ഗോഡ്ഫാദർമാരില്ലാതെ

എനിക്ക് ഗോഡ്ഫാദർമാരില്ല. കോൺഗ്രസിന്റെ ഏറ്റവും താഴെതട്ടിൽ നിന്നും വളർന്നു വന്ന നേതാവാണ് ഞാൻ. ആരുടെയെങ്കിലും തണലിലോ പ്രത്യേക താത്പര്യത്തിലോ ഞാൻ ഒരിക്കലും നിലകൊണ്ടില്ല. പെട്ടെന്ന് ഒരുൾപൊട്ടലിൽ പൊന്തി വന്ന നേതാവല്ല ഞാൻ. അന്ന് ഗാഡ്ഗിൽ റിപ്പോർട്ടിനു വേണ്ടി ഞാൻ നിലകൊണ്ടു.കഴിഞ്ഞ പ്രളയം, ഇക്കുറി വന്നെത്തിയ പ്രളയവും ഉരുൾപൊട്ടലും ഒക്കെ കണ്ട് അന്ന് എന്നെ ശക്തിയായി എതിർത്ത ആളുകൾ അതേ ശക്തിയോടെ എന്നെ ഇപ്പോൾ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിലുള്ള എന്റെ നിലപാടിന് പൊതുവായ ആളുകൾ എന്നെ അന്നും പിന്തുണച്ചിരുന്നു.മാധ്യമ പ്രവർത്തകരും ബുദ്ധിജീവികളും ശാസ്ത്രജ്ഞരും ഉൾപ്പെട്ട ആളുകളാണ് എനിക്ക് അന്ന് പിന്തുണയായി നിലകൊണ്ടത്. ആ പിന്തുണ ഇപ്പോഴുമുണ്ട്.

  • ഗാഡ്ഗിൽ റിപ്പോർട്ട് നിയമസഭയിൽ പരാമർശിച്ചപ്പോൾ എന്നെ കൂവിയിരുത്തി

അതിനു ശേഷമാണ് ഞാൻ തൃക്കാക്കര എംഎൽഎയായത്. ഇപ്പോൾ ഈ പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ ഒരു വരൾച്ചയുടെ ചർച്ചയിൽ ഗാഡ്ഗിൽ റിപ്പോർട്ട് ഉദ്ധരിക്കാൻ ശ്രമിച്ചപ്പോൾ ഭരണപക്ഷത്തെ എംഎൽഎമാർ എല്ലാം ഒറ്റക്കെട്ടായി എന്നെ കൂവിയിരുത്തി. ഞാൻ എന്തോ അശ്ലീലം പറഞ്ഞ മാതിരിയാണ് നിയമസഭയിലെ ബഹുമാനപ്പെട്ട അംഗങ്ങൾ ആ നിമിഷം എന്നോടു പെരുമാറിയത്. യുഡിഎഫ് എംഎൽഎമാരും, കോൺഗ്രസ് എംഎൽഎമാരും അത് പാർട്ടിയുടെ നിലപാടല്ല, തങ്ങളുടെ നിലപാടല്ല എന്ന് അതേ നിമിഷം വിളിച്ചു പറയുന്നുണ്ടായിരുന്നു. കേരളം രൂക്ഷമായ വരൾച്ചയെ നേരിടാൻ പോകുന്നു എന്ന കാര്യത്തിൽ പ്രമേയം വന്നപ്പോൾ ലോറിയിൽ കൊണ്ടുപോയി വെള്ളം എത്തിക്കുകയല്ലാ വേണ്ടത് ഗാഡ്ഗിൽ റിപ്പോർട്ട് പോലുള്ള പദ്ധതികൾ നടപ്പിലാക്കി ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആണ് വേണ്ടത് എന്നാണ് ഞാൻ പറഞ്ഞത്. അതിന്റെ പേരിലാണ് നിയമസഭയിൽ ബഹളം നടന്നത്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ അത് നടപ്പിലാക്കാതിരിക്കാൻ വിവിധ ലോബികൾ ശ്രമിച്ചു. അത് സംബന്ധിച്ചുള്ള ചർച്ചകൾ പോലും ഇവർ ബഹളത്തിൽ മുക്കി നശിപ്പിച്ചു കളഞ്ഞു.

  • ഗാഡ്ഗിൽ റിപ്പോർട്ട് കേരളം ഒരിക്കലും ഉൾക്കൊണ്ടില്ല

ഗാഡ്ഗിൽ റിപ്പോർട്ട് കേരളം ഉൾക്കൊള്ളാൻ തയ്യാറായില്ല. ഗാഡ്ഗിൽ റിപ്പോർട്ടിൽ പള്ളിയായി മതമായി ആത്മീയതയായി. ഞാൻ പള്ളി തകർക്കാൻ വരുന്ന ആളാണ് അല്ലെങ്കിൽ കൃസ്തുമതത്തെ തകർക്കാൻ വരുന്ന ആളാണ് എന്നെല്ലാം ആക്ഷേപങ്ങൾ വന്നു. എന്നെ രീതിയിൽ ചില ആളുകൾ ചിത്രീകരിച്ചു. ഒടുവിൽ ഞാൻ കത്തോലിക്കാ സഭയ്ക്ക് എതിരെയുള്ള ആൾ എന്നുവരെ ചിത്രീകരിച്ചു.കോൺഗ്രസ് നേതൃത്വം മനസില്ലാക്കേണ്ട ഒരു കാര്യമുണ്ട്. ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയിച്ചു കയറാൻ പ്രയാസമില്ലാത്ത സാഹചര്യമാണ് എപ്പോഴും നിലനിൽക്കാറുള്ളത്. അവിടെ ഡീൻ അല്ല, പി.ടി.തോമസ് അല്ല ഒരുമാതിരി നല്ല സ്ഥാനാർത്ഥി വന്നാൽ എല്ലാവരും ജയിച്ചു കയറും. ആ സാഹചര്യമാണ് ഇടുക്കിയിൽ നിലനിൽക്കുന്നത്. പക്ഷെ കോൺഗ്രസ് കൂടി പക്ഷം ചേർന്നതോടെ ഗാഡ്ഗിൽ റിപ്പോർട്ട് കാര്യത്തിൽ ഇടുക്കിയിൽ തെറ്റിദ്ധാരണ വന്നു. അത് ഡീനിന്റെ പരാജയത്തിനു വഴി വയ്ക്കുകയും ജോയ്‌സ് ജോർജിന്റെ വിജയം ഉറപ്പാക്കുകയും ചെയ്തു.

ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ എനിക്കെതിരെ കലാപം വന്നെങ്കിലും എനിക്ക് ഉറപ്പായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർത്ഥിയായെങ്കിൽ ഇടുക്കി സീറ്റ് കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമായിരുന്നു. ഇടുക്കി സീറ്റിൽ ഞാൻ തന്നെ വിജയിയാകുമായിരുന്നു. പക്ഷെ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ സ്ഥാനത്തും ആസ്ഥാനത്തും വിമർശനം തൊടുത്തു വിടുകയാണ് കോൺഗ്രസ് നേതാക്കൾ അടക്കം ചെയ്തത്. ഇത് ഡീനിന്റെ വിജയസാധ്യതകളെ ബാധിച്ചു. വോട്ടു ചോദിക്കാൻ ചെന്നപ്പോഴും ജനങ്ങളുടെ തെറ്റിദ്ധാരണ മാറിയില്ല. ഇത് ജോയ്‌സ് ജോർജിന്റെ വിജയത്തിന് വഴി തെളിച്ചത്. കേരളം ജാലിയാൻ വാലാബാഗ് ആകും, കേരളത്തിൽ കശ്മീർ ആവർത്തിക്കും, പ്രക്ഷോഭത്തിനു നേതൃത്വം നൽകാൻ ഞങ്ങളൊക്കെ എത്തും എന്നുള്ള പ്രസ്താവനകളാണ് താമരശ്ശേരി ബിഷപ്പ് പോലുള്ള സഭാ നേതാക്കളിൽ നിന്നും വന്നത്. അവനെ ക്രൂശിക്കുക എന്ന രീതിയിലുള്ള പ്രക്ഷോഭമാണ് എനിക്ക് എതിരെ വന്നത്. ജാഥകളും പ്രതിഷേധങ്ങളും വന്നത് പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു. ഇത് പ്രക്ഷോഭത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു.

ഇനിയെങ്കിലും ഗാഡ്ഗിൽ റിപ്പോർട്ടിന്റെ അന്തസത്ത മനസിലാക്കാൻ കേരളത്തിലെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ തയ്യാറാകണം. ജനങ്ങൾക്ക് ഇതേക്കുറിച്ച് ഇപ്പോൾ ബോധ്യമുണ്ട്. പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കപ്പെടണം. കേരളത്തിലെ പ്രകൃതി ചൂഷണങ്ങൾക്ക് അന്ത്യവുമാകണം. കഴിഞ്ഞ മഹാപ്രളയവും കവളപ്പാറയും പൂത്തുമലയുമൊക്കെ നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാൻ, പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കാൻ അടിയന്തിരമായ നടപടികൾ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ ഉള്ളിൽ നിന്നും വരേണ്ടതുമുണ്ട്-പി.ടി.തോമസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP