Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല ബിജെപിക്ക് വെറും രാഷ്ട്രീയ നേട്ടത്തിന്റെ ഉപാധി മാത്രം; ലോക്‌സഭയിൽ ഭൂരിപക്ഷമുള്ള ബിജെപി നിയമനിർമ്മാണത്തിനു ഒരു ചെറുവിരൽ പോലും അനക്കിയില്ല; മതപരമായ പ്രശ്‌നങ്ങളിൽ കോടതി ഇടപെട്ടാൽ എന്തായിരിക്കും രാജ്യത്തിന്റെ അവസ്ഥ; നാടിന്റെ മകൻ നാട്ടിൽ തന്നെയിരിക്കട്ടെ; ബിജെപിയല്ല കേന്ദ്രത്തിൽ വേണ്ടത് ഒരു കോൺഗ്രസ് സർക്കാരാണ് വേണ്ടത്; തിരുവനന്തപുരം മണ്ഡലത്തിൽ ഹാട്രിക് ജയം സാധ്യമാകും: മറുനാടനോട് മനസ് തുറന്നു ശശി തരൂർ

ശബരിമല ബിജെപിക്ക് വെറും രാഷ്ട്രീയ നേട്ടത്തിന്റെ ഉപാധി മാത്രം; ലോക്‌സഭയിൽ ഭൂരിപക്ഷമുള്ള ബിജെപി നിയമനിർമ്മാണത്തിനു ഒരു ചെറുവിരൽ പോലും അനക്കിയില്ല; മതപരമായ പ്രശ്‌നങ്ങളിൽ കോടതി ഇടപെട്ടാൽ എന്തായിരിക്കും രാജ്യത്തിന്റെ അവസ്ഥ; നാടിന്റെ മകൻ നാട്ടിൽ തന്നെയിരിക്കട്ടെ; ബിജെപിയല്ല കേന്ദ്രത്തിൽ വേണ്ടത് ഒരു കോൺഗ്രസ് സർക്കാരാണ് വേണ്ടത്; തിരുവനന്തപുരം മണ്ഡലത്തിൽ ഹാട്രിക് ജയം സാധ്യമാകും: മറുനാടനോട് മനസ് തുറന്നു ശശി തരൂർ

എം മനോജ് കുമാർ

തിരുവനന്തപുരം: ഹാട്രിക് ജയം തേടി തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂർ വീണ്ടും മത്സരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായുള്ള മൂന്നാം അങ്കത്തെ തരൂർ എങ്ങനെ വീക്ഷിക്കുന്നു. മൂന്നാം ജയം തരൂരിന് വീണ്ടും കരഗതമാകുമോ? വ്യക്തിപരമായ ഒട്ടനവധി പ്രശ്‌നങ്ങളും കടുത്ത രാഷ്ട്രീയ മത്സരവും തിരുവനന്തപുരത്ത് തരൂരിനെ കാത്തിരിക്കുകയാണ്. ബിജെപിയുടെ കുമ്മനം രാജശേഖരനും ഇടതുമുന്നണിയുടെ സി ദിവാകരനുമാണ് തരൂരിന്റെ എതിരാളികൾ. രണ്ടാമൂഴത്തിൽ ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാലിനോട് മത്സരിച്ചപ്പോൾ കടുത്ത അങ്കത്തിനു ഒടുവിലാണ് തരൂർ വിജയിയായത്. പക്ഷെ അന്ന് ദൃശ്യമായിരുന്നു മോദി തരംഗം ഇപ്പോൾ ദൃശ്യമല്ല. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ പരകോടിയിൽ നിന്നാണ് ഇക്കുറി തരൂർ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. നാടിന്റെ മകൻ നാട്ടിൽ തന്നെയിരിക്കട്ടെ. ഡൽഹിയിൽ കാര്യങ്ങൾ ചെയ്യാൻ സ്വാധീന ശക്തിയുള്ളവർ തന്നെ വേണം. തന്റെ പ്രവർത്തന പരിചയം ആധാരമാക്കി മറുനാടൻ മലയാളിയോട് ശശി തരൂർ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വലിയ തിരക്കുകൾക്കിടയിൽ മറുനാടനോട് തരൂർ മനസ് തുറക്കുന്നു. അഭിമുഖത്തിലേക്ക്

  • എന്തുകൊണ്ട് ശശി തരൂരിനു തിരുവനന്തപുരത്തെ ജനങ്ങൾ വീണ്ടും വോട്ടു ചെയ്യണം?

പത്തു വർഷമായി ഈ നഗരത്തിനു വേണ്ടി, ലോക്‌സഭാ മണ്ഡലത്തിനു വേണ്ടി ചെയ്ത ചെയ്ത പ്രവർത്തനങ്ങൾ എല്ലാവര്ക്കും അറിയാം. അതിന്റെ റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. എംപി ഫണ്ട് ചിലവഴിച്ച പണത്തിന്റെ കണക്ക് ജനങ്ങളുടെ മുന്നിൽ വെച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ ശബ്ദം പാർലമെന്റിൽ, വിവിധ മന്ത്രാലയങ്ങളിൽ എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ജനങ്ങൾക്ക് അറിയാം. ഞാൻ എന്റെ വ്യക്തിബന്ധം ഉപയോഗിച്ച് ഈ നാട്ടിലെ ആളുകൾക്ക് സഹായം മാത്രമേ ചെയ്തിട്ടുള്ളൂ. അഭിമാനത്തോടെ പറയാൻ സാധിക്കും. ലോകത്ത് ആളുകൾക്ക് സംഭവിക്കുന്ന ഓരോ പ്രശ്‌നങ്ങളിൽ ഇടപെടാനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും എനിക്കും എന്റെ ഓഫീസിനും സാധിച്ചിട്ടുണ്ട്. വിദേശ മന്ത്രാലയങ്ങളിൽ ബന്ധപ്പെട്ടിട്ടും അംബാസഡർമാർ വഴിയും കഷ്ടപ്പെടുന്ന ജനങ്ങൾക്ക് സഹായം എത്തിച്ചിട്ടുണ്ട്.

ഈ പത്ത് വർഷക്കാലം പല എംപിമാരും എന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പല എംപിമാർക്കും സാധിക്കാത്ത കാര്യങ്ങൾ വരെ നിറവേറ്റിക്കൊടുത്തിട്ടുണ്ട്. പല കാര്യങ്ങൾക്കും പല എംപിമാരും എന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. അതെല്ലാം നിറവേറ്റിക്കൊടുത്തിട്ടുമുണ്ട്. ഇതെല്ലാം ഉന്നയിച്ചാണ് വീണ്ടും വോട്ടു തേടുന്നത്. കോൺഗ്രസ് സർക്കാരിനെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിക്കേണ്ടതിന് വേറൊരു കാരണമുണ്ട്. മോദി സർക്കാരിന്റെ കഴിവില്ലായ്മയും കുഴപ്പവും കണ്ടിട്ട് ഇനി ഒരു തവണകൂടി അവരെ അധികാരത്തിൽ എത്തിക്കരുത് എന്ന ആവശ്യവും ജനങ്ങൾക്കിടയിൽ നിന്നും ഉയരുന്നുണ്ട്. ബിജെപിയല്ല കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരാണ് വേണ്ടത് എന്ന ആവശ്യം ജനങ്ങൾക്ക് മുൻപിലുണ്ട്. അതുകൊണ്ട് തന്നെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയെ തന്നെ മണ്ഡലത്തിൽ ജയിപ്പിക്കണം എന്ന ആവശ്യം ഉയരുന്നുമുണ്ട്. ബിജെപിയല്ല കേന്ദ്രത്തിൽ വേണ്ടത് ഒരു കോൺഗ്രസ് സർക്കാരാണ് വേണ്ടത് എന്ന ആവശ്യവും ജനങ്ങൾക്ക് മുൻപാകെയുണ്ട്.

  • മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ ജനങ്ങൾക്ക് മുന്നിൽ എത്തിയിട്ടുണ്ടോ?

പല കാര്യങ്ങളും ജനങ്ങൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പല കാര്യങ്ങളെക്കുറിച്ചും ജനങ്ങൾക്ക് പൊതുവിൽ അറിവുണ്ടാകണമെന്നില്ല. നാല്പത് വർഷം തടസപ്പെട്ട നാഷണൽ ഹൈവേ ബൈപ്പാസ് യാഥാർഥ്യമായിരുന്നില്ല. കല്ലിടൽ മാത്രമാണ് നടന്നത്. ജനങ്ങൾ എന്നോട് പറഞ്ഞു. ഒന്നുകിൽ പകുതിയെങ്കിലും ഒഴിവാക്കിത്തരൂ. അല്ലെങ്കിൽ നാഷണൽ ഹൈവേ നടപ്പിലാക്കിത്തരൂ. ഞാൻ അത് ഒരു വെല്ലുവിളിയായി എടുത്തിട്ട് ആദ്യത്തെ ടേമിൽ തന്നെ നാല് വർഷം ചെലവാക്കി മൂന്നു മന്ത്രാലയങ്ങളിൽ കയറിയിറങ്ങി. 2013 ബഡ്ജറ്റിൽ ഹൈവേ ഉൾപ്പെടുത്തിവെച്ചു. അവസാന സമയത്ത് ലാപ്‌സാകുന്നതിനു മുൻപ് സർക്കാർ ഗസറ്റിൽ വരെ ഉൾപ്പെടുത്തി. എല്ലാ കാര്യങ്ങളും ചെയ്തു

ഫിനാൻസ് ഓഫീസറോട് സംസാരിച്ച് 2014 പൊതു തിരഞ്ഞെടുപ്പ് വരുന്നതിനു മുൻപ് പണം പാസാക്കി. ഭൂമി വാങ്ങാൻ ചെക്കുകൾ വരെ വരുത്തിച്ചു. ഇത് ജനങ്ങൾക്ക് മുൻപിലുണ്ട്. ബിജെപി സർക്കാർ വന്ന ശേഷം അവരാണ് ചെയ്തത് എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്. അതിലൊന്നും തന്നെ ഒരു യാഥാർഥ്യവുമില്ല. ദേശീയ പാതയുടെ ബന്ധപ്പെട്ടു പല വീടുകളും ഞാൻ കയറിയിറങ്ങി. ജനങ്ങളും ആവശ്യങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ആ പ്രശ്‌നങ്ങൾ എല്ലാം തന്നെ നാഷണൽ ഹൈവേ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു പല പ്രശ്‌നങ്ങൾക്കും നിവൃത്തിയുണ്ടാക്കി. ഈ പ്രവർത്തനം ജനങ്ങൾ കണ്ടിട്ടില്ല എന്ന് പറയാൻ കഴിയില്ല. എല്ലാവരും കണ്ടതാണ്. പല ജംഗ്ഷനിലും ആളുകൾ തന്നെ എന്റെ പേരിൽ ബാനറുകൾ ഉയർത്തിവെച്ചിരുന്നു. .

കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു 230 കോടിയുടെ പദ്ധതി കൊണ്ടുവന്നു. ആദ്യ ടേമിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി കൊണ്ടുവന്നു. പേരൂർക്കട ആശുപത്രിക്ക് മൂന്നു കോടി നൽകി. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം കൊണ്ടുവന്നു. റെയിൽവേ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 18 ട്രെയിനുകൾ കൊണ്ടുവന്നു. ആദ്യ ടേമിൽ 14 ട്രെയിനുകൾ കൊണ്ടുവന്നു. രണ്ടാമത് ടേമിൽ ബിജെപി സർക്കാർ ആയിട്ടുകൂടി നാല് പുതിയ ട്രെയിനുകൾ കൊണ്ടുവന്നു. പല എംപിമാർക്കും ട്രെയിനുകൾ കൊണ്ട് വരാൻ സാധിക്കാത്തപ്പോഴാണ് എന്റെ മണ്ഡലം വഴി കൂടുതൽ ട്രെയിനുകൾ വന്നത്. എല്ലാ പ്രധാന കാര്യങ്ങളെക്കുറിച്ചും പാർലമെന്റിൽ സംസാരിച്ചു.

 

മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി അഞ്ചു തവണ പാർലമെന്റിൽ സംസാരിച്ചു. തിരുവനന്തപുരത്തുള്ള പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി എല്ലാ പാര്‌ലമെന്റേറിയൻ രീതികളിലും സഞ്ചരിച്ചു, എല്ലാ പാര്‌ലമെന്റേറിയൻ രീതികളും ഉപയോഗിച്ചു. പാര്‌ലമെന്റ് ഡിബേറ്റിൽ കൂടുതൽ സംസാരിച്ചിട്ടുണ്ട്. പാർലമെന്റിൽ പ്രൈവറ്റ് ബില്ലുകൾ കൊണ്ടുവന്നിട്ടുണ്ട്. എല്ലാം എംപിയായിട്ട് ആണ് ചെയ്തത്. ഹൈക്കോടതി ബെഞ്ച് പ്രശ്‌നം വരെ പാർലമെന്റിൽ ഉയർത്തിക്കാട്ടി. എല്ലാ മന്ത്രിമാരെയും ഉപയോഗിച്ചിട്ടുണ്ട്. എല്ലാം തിരുവനന്തപുരത്തിന് വേണ്ടി. എല്ലാ ആഴ്‌ച്ചയിലും തിരുവനന്തപുരത്ത് വന്നു ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി.

  • എംപി എന്ന രീതിയിലുള്ള വിലയിരുത്തൽ പ്രകാരം ഹാട്രിക് ജയത്തിലേക്ക് നീങ്ങുകയാണോ?

ഒരു ത്രികോണ മത്സരത്തിൽ ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മൂന്നു പാർട്ടികൾ ആണ് മത്സരിക്കുന്നത്. ഞാൻ ശ്രദ്ധിക്കുന്നത് വ്യക്തിപരമായ രാഷ്ട്രീയമല്ല. എന്റെ രാഷ്ട്രീയം വ്യക്തിപരമായ രാഷ്ട്രീയമല്ല. എന്റെ ജീവിതത്തിൽ ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. എല്ലാവരും നല്ല മനുഷ്യന്മാരായി കരുതുന്നു. പക്ഷെ നമുക്ക് വേണ്ടത് ശരിയായ രീതിയിലുള്ള പ്രതിനിധാനമാണ്. ആർക്കാണ് തിരുവനന്തപുരത്തിന് വേണ്ടി ശരിയായ രീതിയിൽ ഡൽഹിയിൽ പോയി പ്രവർത്തിക്കാൻ സാധിക്കുക. എനിക്കറിയാം. ഒരാൾ പറയുന്നു. ഞാൻ ഈ നാടിന്റെ മകനാണ്. ഈ നാടിന്റെ മകൻ ഈ നാട്ടിൽ തന്നെ ഇരിക്കുകയാണ് നല്ലത്. അദ്ദേഹത്തിനു ഡൽഹിയിൽ പോയി എന്ത് സ്വാധീനം ചെലുത്താൻ സാധിക്കും. ഇനി വേറെ ഒരാൾ ഉണ്ട്. അതിൽ ശ്രദ്ധിക്കേണ്ട കാര്യം. ഡൽഹിയിൽ വരാൻ പോകുന്ന കോൺഗ്രസ് ഭരണത്തിൽ വേറെ ആർക്ക് പോയി എന്ത് ചെയാൻ സാധിക്കും. ഞാൻ പറയുന്നു. പത്ത് വർഷം ഞാൻ പാർലമെന്റിൽ കാണിച്ച ആ കഴിവ് വരുന്ന അഞ്ച് വർഷവും അതേ രീതിയിൽ കാണിക്കാൻ സാധിക്കും. ആ പ്രവർത്തനം ചെയ്യാൻ സാധിക്കുന്ന രീതിയിൽ തന്നെയാണ് വീണ്ടും തിരുവനന്തപുരത്ത് ജനവിധി തേടുന്നത്.

  • ലിംഗസമത്വത്തിനു വേണ്ടി വാദിക്കുന്നു; പക്ഷെ ശബരിമല പ്രശ്‌നത്തിൽ വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ചു?

ലിംഗസമത്വത്തിനു വേണ്ടി വാദിക്കുന്ന ആൾ തന്നെയാണ് ഞാൻ. ശബരിമല പ്രശ്‌നത്തിൽ ഞാൻ കുറെ നേരം ആലോചിച്ചു. പല സ്ത്രീകളോടും ഈ കാര്യത്തിൽ സംസാരിച്ചു മനസിലാക്കി. ശബരിമല പ്രശ്‌നം ലിംഗസമത്വത്തിന്റെ പ്രശ്‌നമല്ല. ശബരിമല പ്രശ്‌നം പവിത്രമായ ഒരു പ്രശ്‌നമാണ്. സ്ത്രീകൾ പറയുന്നു. ആചാരലംഘനം ശബരിമലയുടെ പവിത്രതയെ ബാധിക്കുമെന്ന് അവർ ആശങ്കപ്പെടുന്നു. ഇത് കേട്ടപ്പോൾ ഞാനും ആലോചിച്ചു. ഭാരതം മുഴുവൻ പല തരത്തിൽ ക്ഷേത്രങ്ങളുണ്ട്. ആ ഓരോ ക്ഷേത്രത്തിനും സ്വന്തമായ ആചാര രീതികളുണ്ട്. വിശ്വാസ സംഹിതകളുണ്ട്. കോടതി വഴി അത് ചെയ്യാൻ പാടില്ല, ഇത് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞാൽ എവിടെയാണ് നിൽക്കാൻ സാധിക്കുന്നത്.

ചില ക്ഷേത്രങ്ങളിൽ പുരുഷന്മാരെ അകത്ത് കയറ്റില്ല. ദേവിയുടെ അടുത്ത് പുരുഷന്മാർക്ക് പ്രവേശനമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയായ കണ്ണൂരിൽ എട്ടു ക്ഷേത്രങ്ങളിൽ സ്ത്രീകളെ അകത്തു കയറ്റുന്നില്ല. ഒരു ക്ഷേത്രമല്ല, എട്ടു ക്ഷേത്രങ്ങളിൽ മഹിളകൾ അകത്ത് കയറ്റുന്നില്ല. ചില ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരാകാൻ സമ്മതിക്കുന്നില്ല. എല്ലാം ആണുങ്ങൾ തന്നെയാകും ചെയ്യുന്നത്. കോടതി ഇങ്ങിനെ എല്ലാ കാര്യത്തിലും ഇടപെട്ടാൽ എന്തായിരിക്കും നമ്മുടെ രാജ്യത്തിന്റെ സ്ഥിതി, മതങ്ങളുടെ സ്ഥിതി. അതുകൊണ്ട് തന്നെയാണ് ഞാൻ പറയുന്നത് ഈ വിഷയത്തിൽ മത വിശ്വാസികളുടെ വികാരങ്ങൾ മനസിലാക്കി തീരുമാനമെടുക്കണം.

ഞങ്ങൾ ഈ പ്രശ്‌നത്തിൽ വിശ്വാസികൾക്കൊപ്പം നിന്നു. പക്ഷെ ഞങ്ങൾ തെരുവിൽ ഇറങ്ങിയില്ല, കല്ലെറിഞ്ഞില്ല. ഒരു പവിത്ര സ്ഥലത്തെ ഞങ്ങൾ രാഷ്ട്രീയ നാടക വേദിയാക്കി മാറ്റിയില്ല. ഞങ്ങൾ പറഞ്ഞു. ഭരണഘടന വഴി ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന്. സുപ്രീം കോടതി തീരുമാനം. സുപ്രീം കോടതിക്ക് മാത്രമേ മാറ്റാൻ കഴിയൂ. അല്ലെങ്കിൽ നിയമം പാസാക്കണം. നിയമം പാസാക്കാൻ ബിജെപിക്ക് കഴിയുമായിരുന്നു. അവർക്ക് അത് ചെയ്യാൻ സാധിച്ചില്ല.

സുപ്രീംകോടതി വിധി സെപ്റ്റംബറിൽ വന്ന ശേഷം ഡിസംബർ, ജനുവരി, ഫെബ്രുവരി എല്ലാം പാർലമെന്റ് നടന്നു. ബിജെപി എന്ത് ചെയ്തു. ഒരു നിയമം കൊണ്ടുവരാൻ എന്തെങ്കിലും ചെയ്‌തോ? ബിജെപിക്ക് ശബരിമല പ്രശ്‌നത്തിൽ പരിഹാരമല്ല വേണ്ടത്. ബഹളമാണ് വേണ്ടത്. പബ്ലിസിറ്റിയാണ് വേണ്ടത്. ഒരു സുവർണ അവസരമായാണ് തങ്ങൾ ശബരിമല പ്രശ്‌നം കാണുന്നത് എന്ന് ബിജെപി തന്നെ പറഞ്ഞു. ഏത് തരത്തിലും വിശ്വാസികളുടെ ആവശ്യത്തിന് വേണ്ടി ബിജെപി നിന്നിട്ടില്ല. ശബരിമല വിഷയത്തിൽ രാഷ്ട്രീയം മാത്രമാണ് അവർ ശ്രദ്ധിച്ചത്. ഈ രാഷ്ട്രീയത്തിന്മേൽ മാത്രമാണ് അവർ ബഹളം ഉണ്ടാക്കിയത്. ശബരിമല പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയുന്ന പാർട്ടി, ലോക്സഭയിൽ ഭൂരിപക്ഷമുള്ള ഒരു പാർട്ടി ബിജെപി ശബരിമല പ്രശ്‌നത്തിൽ ഒന്നും ചെയ്തിട്ടില്ല. അതാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം.

  • വ്യക്തിപരമായ പ്രശ്‌നങ്ങൾ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമെന്നു ഭയക്കുന്നുണ്ടോ?

രാഷ്ട്രീയ എതിരാളികൾക്ക് എനിക്കെതിരെ തിരുവനന്തപുരം മണ്ഡലത്തിൽ കാര്യമായൊന്നും പറയാനില്ല. അതുകൊണ്ടാണ് വ്യക്തിപരമായ പ്രശ്‌നങ്ങൾ അവർ ആയുധമാക്കുന്നത്. എന്റെ പ്രവർത്തനത്തിന്റെയോ പെരുമാറ്റത്തിന്റേയോ കുറ്റങ്ങൾ ഒന്നും അവർക്ക് ചൂണ്ടിക്കാട്ടാൻ കഴിയില്ല. അതുകൊണ്ടാണ് വ്യക്തിപരമായ എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ രാഷ്ട്രീയ എതിരാളികൾ എനിക്കെതിരെ ഉയർത്തുന്നത്. ഞാൻ കാണാത്ത ഒരു വ്യക്തിയെ ഞാൻ കല്യാണം കഴിച്ചു. പിന്നെ അവർ ആത്മഹത്യ ചെയ്തു. ബിജെപി അതുമായി നടക്കുകയാണ്. ഞാൻ കോടതിയിൽ ഈ കാര്യത്തിന് കേസ് നൽകിയിട്ടുണ്ട്. അതുപോലെ തന്നെ ഞാൻ മുപ്പത് വർഷം മുൻപ് എഴുതിയ സങ്കൽപ്പ നോവൽ, ആ നോവലിലെ ഒരു സങ്കൽപ്പ കഥാപാത്രം സംസാരിക്കുന്ന വാക്കുകൾ എടുത്തിട്ടു ഞാൻ നായർ സ്ത്രീകളെ ആക്ഷേപിക്കുന്നു എന്ന് പറയുന്നു.

ഞാൻ നായർ സമുദായത്തിൽ പിറന്ന ആളാണ്. എന്റെ അച്ഛനും അമ്മയും എല്ലാവരും നായർ സമുദായാംഗങ്ങൾ ആയിരുന്നു. ഞാൻ വർഗീയത പറയുന്ന ആളല്ല. സ്വന്തം സമുദായത്തെക്കുറിച്ച് അഭിമാനിക്കുന്നതിൽ തെറ്റ് കാണുന്നില്ല. സ്വന്തം സമുദായത്തെ എനിക്കെതിരെ തിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. നാണക്കേടാണിത്. പക്ഷെ അവർക്ക് നാണക്കേട് ഇല്ലാത്തവരാണ്. അവരുടെ ഗതികേടിന്റെ ഒരു തെളിവ് ആണിത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് എനിക്കെതിരെ ഉന്നയിക്കുന്നത്. അവരുടെ ഗതികേടിന്റെ ഒരു തെളിവ് കൂടിയാണിത്-തരൂർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP