Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഎമ്മിന് ടിപിയെ കൊല്ലാനേ സാധിക്കൂ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ സാധിക്കില്ല; കൊന്നിട്ടും ആ പക ഇനിയും തീർന്നിട്ടില്ല; സ്ഥാനാർത്ഥിയായപ്പോഴും ഞാൻ തേജോവധം ചെയ്യപ്പെട്ടു; എംഎൽഎ സ്ഥാനത്തിലൂടെ ടി പി ഏൽപ്പിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകും; ടിപിയുടെ ബാഡ്ജ് ധരിച്ചത് സത്യപ്രതിജ്ഞയ്ക്ക് മുമ്പ്; മറുനാടനോട് മനസ്സു തുറന്ന് കെ കെ രമ എംഎൽഎ

സിപിഎമ്മിന് ടിപിയെ കൊല്ലാനേ സാധിക്കൂ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ സാധിക്കില്ല; കൊന്നിട്ടും ആ പക ഇനിയും തീർന്നിട്ടില്ല; സ്ഥാനാർത്ഥിയായപ്പോഴും ഞാൻ തേജോവധം ചെയ്യപ്പെട്ടു; എംഎൽഎ സ്ഥാനത്തിലൂടെ ടി പി ഏൽപ്പിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകും; ടിപിയുടെ ബാഡ്ജ് ധരിച്ചത് സത്യപ്രതിജ്ഞയ്ക്ക് മുമ്പ്;  മറുനാടനോട് മനസ്സു തുറന്ന് കെ കെ രമ എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടി പി എന്ന രണ്ടക്ഷരം കേരള രാഷ്ട്രീയം ഒരിക്കലും മറക്കാൻ ഇടയാല്ലാത്ത അക്ഷരങ്ങളാണ്. സിപിഎം എന്ന കരുത്തുറ്റ പാർട്ടിയെ നേരിട്ടു വെല്ലുവിളിച്ചു രക്തസാക്ഷിയായ രാഷ്ട്രീയ നേതാവ്. ആർഎംപി എന്ന പ്രസ്ഥാനം തുടങ്ങി സിപിഎമ്മിനെ നേരിട്ടു എന്ന ഒറ്റ ക്കാരണം കൊണ്ടാണ് അദ്ദേഹത്തെ സിപിഎം ഗുണ്ടകൾ 51 വെട്ടുവെട്ടി കൊന്നൊടുക്കിയത്. എന്നാൽ, കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖൻ ജീവിച്ചിരുന്ന വ്യക്തിയേക്കാൾ പതിന്മടങ്ങ് കരുത്തനാകുന്ന കാഴ്‌ച്ചയാണ് കേരളം പിന്നീട് കണ്ടത്. വടകര ലോക്‌സഭാ നിയോജക മണ്ഡലത്തിൽ പിന്നീട് ജയിച്ചു കയറാൻ സിപിഎമ്മിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ അവർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയം നിയമസഭയ്ക്കുള്ളിൽ പിണറായിക്ക് മുന്നിൽ സധൈര്യം തല ഉയർത്തി നിൽക്കുന്നു. കെ കെ രമ എന്ന ടിപിയുടെ വിധവ വടകരയിൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ മലർത്തിയടിച്ചു നേടിയ വിജയം കേരള രാഷ്ട്രീയത്തിന്റെ കണക്കൂ തീർക്കൽ കൂടിയാണ്.

വടകരയിൽ എംൽഎയായി വിജയിച്ചു കയറിയത് ടിപിയുടെ രാഷ്ട്രീയമാണെന്നാണ് കെ കെ രമ തുറന്നു പറയുന്നത്. ടി പി ഏൽപ്പിച്ച രാഷ്ട്രീയ ദൗത്യം എംഎൽഎ എന്ന നിലയിൽ പൂർത്തിയാക്കുമെന്നും അവർ വ്യക്തമാക്കി. മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിൽ സംസാരിക്കവേയാണ് അവർ നിലപാട് വ്യക്തമാക്കിയത്. വിയോജിപ്പുകളെ കൊന്നുതള്ളരുതെന്ന രാഷ്ട്രീയസന്ദേശം ഉണ്ടാകണം. അതാണ് തന്റെ എംഎൽഎ സ്ഥാനത്തിലൂടെ വ്യക്തമാകുന്നതെന്നും രമ വ്യക്തമാക്കി.

ടിപി ചന്ദ്രശേഖരനെ കൊന്നു തള്ളിയിട്ടും അദ്ദേഹത്തോടുള്ള പക അവസാനിച്ചില്ലെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പു വേളയിൽ തനിക്ക് നിരവദി തേജോവധങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ,വിജയിച്ചു കഴിഞ്ഞപ്പോൾ സിപിഎമ്മിലെ തന്നെ പ്രമുഖർ ആശംകൾ അറിയിച്ചു വിളിച്ചുവെന്നും രമ അഭിമുഖത്തിൽ വ്യക്തമാക്കി. ഭാവി രാഷ്ട്രീയ നിലപാടുകളെ കുറിച്ചു വ്യക്തമായി തന്നെ രമ എംഎൽഎ മറുനാടൻ അഭിമുഖത്തിൽ വ്യക്തമക്കി. അഭിമുഖത്തിലേക്ക്...

 രമ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത് ജനപ്രതിനിധിയാകാനല്ല. എന്നാൽ രമ ഇന്ന് എംഎൽഎ ആണ്. എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തോന്നിയതെന്താണ്?

തികച്ചും അപ്രതീക്ഷിതമായിരുന്നു. ജനപ്രതിനിധിയാകുമെന്നോ നിയമസഭയിലെത്തുമെന്നോ ഒരിക്കലും കരുതിയിരുന്നില്ല. ഇതൊരു രണ്ടാം ജന്മമാണ്. സ. ടിപി ഏൽപ്പിച്ച ദൗത്യം ശക്തമായി മുന്നോട്ടുകൊണ്ടുപോകണം. ആ ദൗത്യത്തിന്റെ പുതിയ അധ്യായമായി ഇതിനെ കാണുന്നു.

ആദ്യമായി നിയമസഭയിലെത്തുമ്പോഴുള്ള വികാരം എന്തായിരുന്നു?

നല്ല ആശങ്ക ഉണ്ടായിരുന്നു. ഒരു ചെറിയ കുട്ടി ഒരു പുതിയ ഇടത്ത് എത്തുമ്പോഴുള്ള ആകാംഷ തന്നെയായിരുന്നു മുഖത്ത്. എതിരാളികൾ ഉണ്ടാകുമോ, എന്തൊക്കെയാണ് സംഭവിക്കുക എന്നൊന്നും അറിയില്ലല്ലോ. എത്തി കുറച്ചുകഴിഞ്ഞപ്പോൾ ആശങ്കയൊക്കെ മാറി.

ടിപിയുടെ ബാഡ്ജ് ധരിക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് എടുത്തത്?

തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സ.ടിപിയാണ് മൽസരിക്കുന്നതെന്ന് ഞാൻ പറഞ്ഞിരുന്നു. ജയിച്ചപ്പോഴും ഞാൻ പറഞ്ഞു ടിപിയാണ് ജയിച്ചതെന്ന്. ടിപിയുടെ രാഷ്ട്രീയമാണ് ജയിച്ചത്. അദ്ദേഹം മുന്നോട്ടുവച്ച രാഷ്ട്രീയത്തിന്റെ വിജയമാണിത്. ജനങ്ങളുടെ മനസിൽ ടിപി ഇന്നും ജീവിക്കുന്നുണ്ട്. സിപിഎമ്മിന് ടിപിയെ കൊല്ലാനെ കഴിയൂ.. എന്നാൽ അന്നത്തതിനെക്കാൾ പ്രബലനായി ടിപി ഇന്നും ജീവിക്കുന്നു. അതിന്റെ ഫലമാണ് ഈ വിജയം.

വിയോജിപ്പുകളെ കൊന്നുതള്ളരുതെന്ന രാഷ്ട്രീയസന്ദേശം ഉണ്ടാകണം. വ്യത്യസ്തമായ രാഷ്ട്രീയം പറയുന്നവരെ മോശക്കാരായി ചിത്രീകരിക്കാനും അവരെ അവസാനിപ്പിക്കാനും തീരുമാനിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരായ സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് വിധി. ജനങ്ങൾ ടിപിയെ ആണ് വിജയിപ്പിച്ചത്. ആ ശബ്ദമാകണം സഭയ്ക്കുള്ളിൽ മുഴങ്ങേണ്ടതെന്നും അതൊരു രാഷ്ട്രീയ സന്ദേശമാകണമെന്നും ആഗ്രഹിച്ചിരുന്നു.

ഈ ബാഡ്ജും ധരിച്ച് സഭയ്ക്കുള്ളിൽ ചെല്ലുമ്പോൾ എന്തായിരുന്നു നേതാക്കളുടെ പ്രതികരണം?

എല്ലാവരും ഒരു നിമിഷം സ്തബ്തരായി പോയെന്നാണ് ഞാൻ കരുതുന്നത്. സഭയിൽ കയറിയപ്പോൾ ബാഡ്ജ് ഉണ്ടായിരുന്നില്ല. സത്യപ്രതിജ്ഞയ്ക്ക് മുമ്പായാണ് ഞാൻ ബാഡ്ജ് ധരിച്ചത്.

സഭയിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടിരുന്നോ?

സ്വാഭാവികമായും കാണുമല്ലോ. സത്യപ്രതിജ്ഞ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ സ്വാഭാവികമായും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നോക്കി കൂപ്പേണ്ട ബാധ്യത നമുക്കുണ്ട്. അവിടെ മറ്റൊരു പരിഗണനയുമില്ല. കേരളത്തിന്റെ മുഴുവൻ മുഖ്യമന്ത്രി ആണല്ലോ. ആ ബഹുമാനവും അന്തസും എപ്പോഴും കാണിക്കണം.

അദ്ദേഹം പ്രത്യഭിവാദ്യം ചെയ്തിരുന്നോ?

ആ സമയത്ത് വല്ലാത്തൊരു മാനസികാവസ്ഥയിലാണല്ലോ. അത് മൂലം പ്രത്യഭിവാദ്യം ചെയ്തോ എന്ന് എനിക്ക് അറിയില്ല. ചെയ്തിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

വടകര എംഎൽഎ എന്ന നിലയിൽ അടുത്ത അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കും?

ജനങ്ങളുടെ ശബ്ദമായി മാറുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യം. അനീതിക്കെതിരായ പോരാട്ടം തുടരും. ഈ ഗവൺമെന്റിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തിക്കാൻ മുന്നിലുണ്ടാകും. ജനങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കാനും നിയമങ്ങൾ നിർമ്മിക്കാനും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകും. അങ്ങനെ എല്ലാ അർത്ഥത്തിലും ആ സഭയെ ഏറ്റവും ശക്തമായും യുക്തിഭദ്രമായും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുംവിധത്തിൽ പ്രവർത്തിക്കും.

യുഡിഎഫിന്റെ ഭാഗമായാണ് വിജയിച്ചതെങ്കിലും ആ മുന്നണിയുടെ എല്ലാ നയങ്ങളോടും ആർഎംപിക്ക് യോജിക്കാൻ കഴിഞ്ഞെന്ന് വരില്ല. ആ പ്രതിസന്ധിയെ എങ്ങനെയാകും നേരിടുക?

ഞങ്ങൾ യുഡിഎഫിന്റെ ഘടകകക്ഷി അല്ല. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഞങ്ങൾ പിന്തുണ തന്നത് ഏതെങ്കിലും ഉപാധിയുടെ ഭാഗമായും അല്ല. യുഡിഎഫ് നേതൃത്വം അന്നുതന്നെ വളരെ കൃത്യമായി പ്രഖ്യാപിച്ചതാണ് പിന്തുണ നീരുപാതികമാണെന്ന്. സ്വാഭാവികമായും ഞങ്ങൾക്ക് ഞങ്ങളുടെ രാഷ്ട്രീയ അസ്തിത്വം നിലനിർത്തികൊണ്ടുതന്നെ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ യോജിക്കേണ്ടതിനോട് യോജിച്ചും വിയോജിക്കേണ്ടതിനോട് വിയോജിച്ചും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് യുഡിഎഫ് എന്ന മുന്നണിയുടെ വിശാലമായ രാഷ്ട്രീയ തീരുമാനമായാണ് ഞാൻ കാണുന്നത്. അവരുടെ പിന്തുണ ലഭിച്ചതിന്റെ ഭാഗമായി കൂടി തന്നെയാണ് ഞങ്ങൾക്ക് ജയിക്കാൻ സാധിച്ചതും. എന്നാൽ അതൊരിക്കലും ഞങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ അടിയറവ് വയ്ക്കലല്ല.

ടിപിയുടെ രാഷ്ട്രീയം കമ്മ്യൂണിസത്തിന്റെ അപചയത്തിനെതിരെയായിരുന്നു. അത് കുറേക്കൂടി ഇടതോരം ചോർന്നതായിരുന്നു. കുറെക്കൂടി വിപ്ലവവീര്യമുള്ളതായിരുന്നു. അവിടെയാണ് എല്ലാവരും ചോദിക്കുന്നത് എങ്ങനെയാണ് ആർഎംപിക്ക് വലതുപക്ഷ മുന്നണിയുമായി സഖ്യമുണ്ടാക്കാൻ കഴിയുന്നതെന്ന്?

അത്തരമൊരു സഖ്യമല്ലല്ലോ യുഡിഎഫുമായി ഉള്ളത്. തെരഞ്ഞെടുപ്പിൽ മാത്രമാണ് പിന്തുണ സ്വീകരിച്ചത്.തിരിച്ചൊരു ചോദ്യമുള്ളത് ഇപ്പോൾ ആരാണ് ഇടതുപക്ഷം, ആരാണ് വലതുപക്ഷം എന്നാണ്.

ഞങ്ങളിന്ന് സിപിഎമ്മിന്റെ സോഷേയൽ ഫാസിസത്തിനെതിരെ ശക്തമായി പോരാടുകയാണ്. വ്യത്യസ്തമയൊരു നിലപാടുയർത്തി ഞങ്ങളൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന്റെ പേരിലാണ് സ. ടിപിയെ അരുംകൊല ചെയ്തത്. അതിന്റെ പേരിലാണ് ഞങ്ങളുടെ അനവധി സഖാക്കളെ അക്രമിക്കുകയും ഇപ്പോഴും വേട്ടയാടുകയും ചെയ്യുന്നത്. അതിനെതിരെ ഞങ്ങൾ ജനകീയ പ്രതിരോധമുയർത്തിയത് ഇത്തരത്തിലുള്ള ജനാധിപത്യ കക്ഷികളെ കൂട്ടിയോജിപ്പിച്ചുകൊണ്ടു തന്നെയാണ്. അതൊന്നുമൊരു രാഷ്ട്രീയസഖ്യമല്ല. അതൊന്നുമൊരു നയപരമായ യോജിപ്പിന്റെ ഭാഗമല്ല. അതൊക്കെ ഈ ഫാസിസത്തിനെതിരായ നിലപാടുകളാണ്. അങ്ങനെയെങ്കിൽ സിപിഎമ്മിന്റെ കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങളിലെ നിലപാടുകളെന്താ? എങ്ങനെയാണ് സിപിഎമ്മിന്റെ മൂന്നിൽ രണ്ട് എംപിമാരും പാർലമെന്റിലെത്തിയത്? അതൊക്കെ ഓരോ കാലഘട്ടങ്ങളിലുള്ള സമീപനങ്ങളുടെ ഭാഗമായിട്ടാണ്, വർഗീയ ഫാസിസത്തിനെതിരായ നിലപാടിന്റെ ഭാഗമായിട്ടാണ് കേന്ദ്രത്തിൽ സിപിഎം കോൺഗ്രസിനെ പിന്തുണയ്ക്കുന്നതെങ്കിൽ ഞങ്ങളിവിടെ സിപിഎമ്മിന്റെ സോഷ്യൽ ഫാസിസത്തിനെതിരെയാണ് ഇത്തരത്തിലുള്ള ജനാപത്യ കക്ഷികളുമായി കൈകോർത്തത്.

അതൊരു നയപരമായ യോജിപ്പല്ല. അത് നേരത്തെ തുടർന്നിട്ടുണ്ട്, ഇപ്പോഴും തുടരുന്നു. അതിന്റെ ഭാഗമായിരുന്നു തെരഞ്ഞെടുപ്പും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വടകരയിൽ എൽഡിഎഫിന് ഒരു എംഎൽഎ ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഞങ്ങൾ ഒറ്റയ്ക്ക് മൽസരിക്കാനാണ് തീരുമാനിച്ചത്. ഞങ്ങൾ ജയിക്കാനല്ല, ഞങ്ങളുടെ രാഷ്ട്രീയം പറയാനാണ് ആ തെരഞ്ഞെടുപ്പിൽ മൽസരിച്ചത്. എന്നാൽ ഫലം വന്ന ശേഷം ഏറ്റവുമധികം ആക്രമിക്കപ്പെട്ടത് ഞങ്ങളാണ്. നാലാമത്തെ കക്ഷിയായി മൽസരിച്ച ഞങ്ങൾ ഫലം വന്ന ശേഷം മൂന്നാമത്തെ കക്ഷിയായി. അന്ന് ആ തെരുവിൽ ഏറ്റവുമധികം അക്രമം ഏറ്റുവാങ്ങേണ്ടി വന്നവിഭാഗമാണ് ആർഎംപി. സ്ഥാനാർത്ഥിയായിരുന്ന ഞാനടക്കം വ്യക്തിപരമായി തേജോവധം ചെയ്യപ്പെട്ടു. എന്തുകൊണ്ട് ഇപ്പോഴും അതിനൊരു മാറ്റമുണ്ടാകുന്നില്ല. സോഷ്യൽ മീഡിയയിലൊക്കെ ഇപ്പോഴും വലിയ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. എവിടെയാണ് മാറ്റം വരേണ്ടത്? സാമൂഹ്യമാറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് മാർക്സിസത്തിൽ വിശ്വസിക്കുന്ന സംഘടനകൾ. അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ കെട്ടുപടുക്കാൻ ശ്രമിക്കുന്നവർ. അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാൻ ഇന്ന് ഇവർക്ക് കഴിയുന്നുണ്ടോ? ആ ശബ്ദം കേൾക്കുമ്പോഴുള്ള അസ്വസ്ഥത നമ്മൾ കണ്ടില്ലെ. ഞാൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സിപിഎമ്മിന്റെ പാർട്ടി ചാനൽ സംപ്രേഷണം നിർത്തുകയാണ്. ഇതാണോ ജനാധിപത്യബോധം. പിന്നെങ്ങനെയാണ് സാമൂഹ്യമാറ്റത്തിന് സിപിഎം ആഹ്വാനം ചെയ്യുന്നത്.

വടകരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ ആർഎംപിക്ക് തുടക്കത്തിലൊരു ആശയക്കുഴപ്പമുണ്ടായിരുന്നല്ലോ?

എനിക്ക് മൽസരിക്കാൻ വ്യക്തിപരമായി ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. പാർലമെന്ററി രാഷ്ട്രീയമല്ല ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ പാർട്ടിയുടെ ഭാഗത്ത് നിന്നും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ സമ്മർദ്ദമുണ്ടായി. അങ്ങനെ പാർട്ടി തീരുമാനത്തിന് വഴങ്ങുകയായിരുന്നു.

2012 ൽ ടിപിയുടെ കൊലപാതകം നടന്ന ശേഷം അവർ അധികാരത്തിൽ വന്നു. ഇപ്പോഴും സിപിഎമ്മിന് കോഴിക്കോട് ജില്ലയിലെ സമഗ്രാധിപത്യം തുടരുന്നു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇത്രയേറെ പ്രചരണങ്ങൾ നടന്നിട്ടും എന്തുകൊണ്ടാണ് അവരെ പരാജയപ്പെടുത്താൻ കഴിയാത്തത്?

സിപിഎമ്മിന്റെ കൊലപാത രാഷ്ട്രീയത്തിനുള്ള അംഗീകാരം കൂടിയാണ് ഈ ജനവിധി എന്ന് പറയാൻ കഴിയുമോ? കഴിഞ്ഞ അഞ്ച് വർഷവും എൽഡിഎഫ് സർക്കാർ ജനവിരുദ്ധമായ നയങ്ങൾ എടുത്തിട്ടില്ല എന്നല്ല ഈ വിജയത്തിന്റെ അർത്ഥം. ഈ വിജയത്തിന് പിന്നിൽ പ്രത്യേക രാഷ്ട്രീയസാഹചര്യങ്ങളുണ്ട്. ഒന്ന് ഇത്തരമൊരു മഹാമാരിക്കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ ഒരു സർക്കാരിരുണ്ടായിരുന്നു എന്ന തോന്നലുണ്ടാക്കാൻ അവർക്ക് സാധിച്ചു. ശരിക്കും ജനങ്ങൾക്കൊപ്പം നിന്നോ എന്നത് മറ്റൊരു കാര്യം. കഴിഞ്ഞ ഒരു വർഷത്തോളമായി വൈകുന്നേരങ്ങളിൽ എല്ലാ മാധ്യമങ്ങളിലും മുഖ്യമന്ത്രി വന്നിരുന്ന് ഒന്നര മണിക്കൂറോളം എല്ലാ കാര്യങ്ങളും വിശദീകരിക്കുമ്പോൾ നാടിനൊരു നാഥനായി മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന തോന്നൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. അത് വലിയൊരു രാഷ്ട്രീയ പ്രചാരണമായിരുന്നു. അതോടൊപ്പം ജാതി- മത സംഘടനകളുടെ നിലപാടുകളൊക്കെ നിർണായകമായി. അതിന്റെയൊക്കെ ഒരു ആകെതുകയായിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയം.

കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന അഴിമതികേസുകൾ, സ്വർണകള്ളക്കടത്ത്, ആഴക്കടൽ മൽസ്യ ബന്ധന കരാർ, പിൻവാതിൽ നിയമനങ്ങൾ, ബന്ധുനിയമനങ്ങൾ, തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്നങ്ങൾ, വാളയാറിലുൾപ്പെടെ സർക്കാരിന്റെ സ്ത്രീവിരുദ്ധനയങ്ങൾ ഇതൊക്കെ ചർച്ചയായിരുന്നു. എന്നാൽ അതിനെല്ലാം അപ്പുറം മുമ്പ് പറഞ്ഞ കാര്യങ്ങളുടെ സ്വാധീനമുണ്ടായി. എന്നുകരുതി ഈ വിഷയങ്ങളൊന്നും അപ്രസക്തമായെന്ന് ഞാൻ കരുതുന്നില്ല.

കോഴിക്കോട് ഇത്രത്തോളം ഇടതുതരംഗം ആഞ്ഞ് വീശിയിട്ടും വടകര ജയിച്ചതിന്റെ കാരണമെന്താണ്?

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയമായിരുന്നു വടകര തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. ഈ രെഞ്ഞെടുപ്പ് കാലത്ത് ഞാൻ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്. ജനങ്ങളുടെ മനസിൽ സ. ടിപി ഇപ്പോഴും ജീവിക്കുന്നുണ്ട്. ആ കൊലപാതകത്തിൽ കോംപ്രമൈസ് ചെയ്യാൻ അവർ ഇപ്പോഴും തയ്യാറല്ല. പ്രത്യേകിച്ച് സ്ത്രീകളുടെ മനസിൽ ഇപ്പോഴും കത്തിനിൽക്കുകയാണ് ആ കൊലപാതകവും സ. ടിപിയും. അതിന്റെ പ്രതിഫലനം കൂടിയാണ് എന്റെ വിജയം. എല്ലാ പാർട്ടികളിലും വിശ്വസിക്കുന്നവരുടെ പിന്തുണ എനിക്കുണ്ടായിരുന്നു.

പ്രചരണരംഗത്ത് പിടിച്ചുലച്ച അനുഭവങ്ങളുണ്ടായിട്ടുണ്ടോ?

പ്രായമായവർ വരെ വടിയും കുത്തിപ്പിടിച്ച് കാണാൻ വന്നതും കടപ്പുറപ്രദേശങ്ങളിലെ പര്യടനവേളയിൽ സാധാരണക്കാരായ നിരവധി സ്ത്രീകൾ ഇട്ടിരുന്ന വസ്ത്രത്തോടെ തന്നെ കാണാനായി ഓടി വന്നതുമൊക്കെ ഹൃദയത്തിൽ തൊട്ട അനുഭവങ്ങളായിരുന്നു. അവരുടെ സ്നേഹമാണ് എന്നെ എംഎൽഎ ആക്കിയത്.

സഖാവ് രക്തസാക്ഷിയായിട്ടും അന്ന് ഒപ്പമുണ്ടായിരുന്ന നിരവധിപേർ പിന്നീട് സിപിഎമ്മിലേയ്ക്ക് തിരിച്ചുപോയി. ഭയന്നിട്ടാണോ അവരുടെ ഈ പിന്മടക്കം?

ഭയം വലിയൊരു ഘടകമാണ്. ഒറ്റയ്ക്ക് നിന്ന് പോരാടുക എന്നത് ചെറിയ കാര്യമല്ല. സ.ടിപി പുതിയ പാർട്ടി രൂപീകരിക്കുമ്പോൾ ആ പ്രദേശത്തെ 80% പാർട്ടി പ്രവർത്തകരും ഞങ്ങൾക്കൊപ്പം വന്നിരുന്നു. എന്നിട്ടുപോലും ഞങ്ങൾ അനുഭവിക്കേണ്ടിവന്ന അക്രമങ്ങൾക്ക് കണക്കില്ലായിരുന്നു. അപ്പോൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ അവസ്ഥ പറയണ്ടല്ലോ. എന്നാൽ ഇന്നും മനസിൽ ഈ ആശയം സൂക്ഷിക്കുന്ന മനസ് കൊണ്ട് ഞങ്ങളോട് ഐക്യപ്പെടുന്ന നിരവധിപേർ ജില്ലയുടെ പല ഭാഗങ്ങളിലുണ്ട്.

പിണറായിസത്തിനെതിരായ പോരാട്ടം തുടരുമോ?

ഒരു പാർട്ടി ഒരു വ്യക്തിയിലേയ്ക്ക് ചുരുങ്ങുന്നത് ഏറ്റവും അപകടകരമാണ്. അങ്ങനെവന്നാൽ ആ പാർട്ടിയുടെ എല്ലാ മൂല്യങ്ങളും നഷ്ടപ്പെടും. അത് തിരിച്ചറിയാൻ ആ പാർട്ടിക്ക് കഴിയണം. സിപിഎം ഏകാധിപത്യത്തിലേയ്ക്ക് പോകുന്നതാണ് ഇപ്പോൾ കാണുന്നത്. മന്ത്രിസഭാ രൂപീകരണം വിപ്ലവകരമെന്നൊക്കെ പുറമെ പറയുന്നുണ്ടെങ്കിലും അതിൽ എത്രത്തോളം ജനാധിപത്യം ഉണ്ടായിരുന്നു എന്നതൊക്കെ മനസിലാക്കാൻ കഴിയാവുന്നതെ ഉള്ളു.

സിപിഎമ്മിനുള്ളിൽ പിണറായി തുടങ്ങിവച്ച പുതിയ പ്രവണതകൾക്കെതിരായ പോരാട്ടമായിരുന്നില്ലെ ടിപിയെ പാർട്ടിക്ക് പുറത്തേയ്ക്ക് നയിച്ചത്?

തീർച്ചയായും. പാർട്ടിക്കുള്ളിൽ സ. വി എസ് നയിച്ച ഒരു രാഷ്ട്രീയമുണ്ടായിരുന്നു. അതായിരുന്നല്ലോ ഞങ്ങളൊക്കെ മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ അതിനെ എങ്ങനെയാണ് ക്രമേണ വെട്ടിചുരുക്കിയതെന്നും തങ്ങളുടെ പക്ഷത്തേയ്ക്ക് അവരെയൊക്കെ കൊണ്ടുവന്നതെന്നും നമ്മൾ കണ്ടതാണല്ലോ. ഇപ്പോൾ പാർട്ടിയെ പൂർണമായും ഒരു ഭാഗത്തേയ്ക്ക് കേന്ദ്രീകരിക്കാൻ അവർക്ക് കഴിഞ്ഞു. ഇത് തന്നെയാണ് സ.ടിപി പറഞ്ഞത്. പാർട്ടി പൂർണമായും കോർപ്പറേറ്റ്‌വൽക്കരിക്കുകയും പൂർണമായും മൂലധനതാൽപര്യങ്ങൾക്ക് വഴങ്ങുകയുമാണെന്നാണ് ടിപി പറഞ്ഞത്.

പാർട്ടി എന്നാൽ പിണറായി വിജയനായെങ്കിലും അധികാര രാഷ്ട്രീയത്തിൽ അവർക്ക് വിജയിക്കാൻ സാധിച്ചല്ലോ?

ജനങ്ങൾ കൊടുത്ത അംഗീകാരത്തെ ആ തലത്തിൽ തന്നെ കാണുന്നു. എന്നാൽ അത് ഇവരുടെ എല്ലാ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി കാണണ്ട എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. അവർക്ക് അങ്ങനെ അവകാശപ്പെടാം. എന്നാൽ അങ്ങനെയാണെങ്കിൽ 140 മണ്ഡലങ്ങളിലും അവർ തന്നെ ജയിക്കണ്ടെ.

പിണറായി വിജയനെ എങ്ങനെയാണ് താങ്കൾ ഡിഫൈൻ ചെയ്യുന്നത്?

അദ്ദേഹം ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഞാൻ ആ സഭയിലെ ഒരംഗവും. അതുകൊണ്ട് തന്നെ ആ തരത്തിൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ജനപ്രതിനിധി എന്നത് മാറ്റിനിർത്തിയാൽ ഒരു സ്വച്ഛാധിപതിയായി തന്നെയാണ് ഞാൻ എല്ലാക്കാലത്തും അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ഇന്നും ആ അഭിപ്രായത്തിൽ മാറ്റമൊന്നുമില്ല.

ഒരു വ്യക്തി കൊല്ലപ്പെട്ട ശേഷം അനുശോചനം തേടിയ മാധ്യമപ്രവർത്തകരോട് അത് ഓരോ മനുഷ്യരുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ചിരിക്കുമെന്ന് പറയാൻ തോന്നിക്കുന്ന വികാരം എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഏത് ശത്രു മരിച്ചാലും ഏതൊരാളും നല്ലത് മാത്രമെ പറയുകയുള്ളു. എന്നാൽ മരിച്ചാലും കുലംകുത്തി കുലംകുത്തി തന്നെ എന്ന് പറയാൻ കഴിയുന്ന മാനസികാവസ്ഥ എങ്ങനെയുണ്ടാകുന്നു എന്നുള്ളതാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനും ഈ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഞങ്ങൾ ആരോപിക്കുന്നതും.

സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിൽ ഇപ്പോഴും മാനസികമായി പിന്തുണയ്ക്കുന്നവരുണ്ടോ?

തീർച്ചയായും. ഞാൻ വിജയിച്ചപ്പോൾ എന്നെ നേരിട്ട് വിളിച്ച് ആശംസിച്ചവരുണ്ട്. ഈ പാർട്ടിയുടെ പോക്കിൽ വേദനിക്കുന്ന, തിരുത്താൻ ശ്രമിക്കുന്ന ഒരുപാട് നേതാക്കളും പ്രവർത്തകരും ഇന്നും ഈ പാർട്ടിക്കുള്ളിലുണ്ട്. ഒരുപാട് സിപിഎം പ്രവർത്തകരുടെ വോട്ടും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

തെരെഞ്ഞെടുപ്പ് സമയത്തോ മറ്റോ വിഎസിനെ കാണാൻ ശ്രമിച്ചിരുന്നോ?

ഇല്ല. അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിച്ച് വിളിച്ചിരുന്നു. മോശമാണെന്നാണ് എനിക്ക് മനസിലായത്. കണ്ടാലും ആളെ മനസിലാകുന്ന അവസ്ഥയാണെന്ന് തോന്നുന്നില്ല.

വിഎസിനെ എങ്ങനെയാണ് പാർട്ടിക്ക് നിയന്ത്രിക്കാൻ പറ്റിയത്? അന്ന് അദ്ദേഹം വീട്ടിൽ വന്നതൊക്കെ വേറൊരു സിപിഎം നേതാവും ചെയ്യാത്ത കാര്യമാണ്.

ശരിയാണ്. പ്രത്യേകിച്ച് ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാലം കൂടിയായിരുന്നു. വേറൊരു സിപിഎം നേതാവും ഇങ്ങനെ ചെയ്യില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ നിലപാട് എന്തെന്ന് അറിയില്ല. അദ്ദേഹം അന്ന് പൂർണമായും ഞങ്ങൾക്കൊപ്പമായിരുന്നു. മനസുകൊണ്ട് ഇപ്പോഴും ഞങ്ങളെ പിന്തുണയ്ക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. അന്ന് ഞങ്ങൾക്കൊപ്പം നിന്നവരിൽ ഒരുപാട് പേർ പിന്നീട് പിന്മാറി. അധികാരം കിട്ടുമ്പോൾ ആളുകൾ നിലപാട് മറക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാവാം അത്.

ടിപിക്ക് നിലകൊണ്ടവരിൽ ആരെങ്കിലും പിന്മാറിയത് വേദനിപ്പിച്ചോ? ടിപിയുടെ മരണശേഷം വേദനിപ്പിച്ച സംഭവം എന്താണ്?

അങ്ങനെ ആരെയെങ്കിലും ഒപ്പം പ്രതീക്ഷിച്ചല്ല നമ്മൾ മുന്നോട്ടുപോകുന്നത്. നമ്മൾ ഒരു രാഷ്ട്രീയം പറയുന്നു. അത് പറയാൻ ധൈര്യമുള്ളവർ കൂടെ വരുക എന്നുള്ളതാണ്. അക്കാര്യത്തിലാണ് ഒഞ്ചിയത്തെ ധീരരായ ഞങ്ങളുടെ പ്രവർത്തകരെ ബഹുമാനിക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ പോലും ഒരു രാഷ്ട്രീയത്തിനൊപ്പം ഉറച്ചുനിൽക്കുന്നത് ഒന്നും കിട്ടാനല്ല. സിപിഎം നിരനധി ദുഷ്പ്രചരണങ്ങൾ നടത്തിയിട്ടും അതിനെയൊക്കെ അതിജീവിച്ച് ആർഎംപിക്കൊപ്പം നിലകൊള്ളുന്ന പവർത്തകരാണ് ഞങ്ങളുടെ ശക്തി.

ആർഎംപി ഉണ്ടാകുന്ന പശ്ചാത്തലം ഒന്ന് വിശദീകരിക്കാമോ?

2008 ലാണ് ആർഎംപി ഉണ്ടാകുന്നത്. ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയതല്ല. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് ആർഎംപി ഉണ്ടാകുന്നതെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. എന്നാൽ അങ്ങനെയല്ല. അതൊരു നിമിത്തം മാത്രമായിരുന്നു. സിപിഎമ്മിന്റെ ഉൾപാർട്ടി ജനാധിപത്യസ്വഭാവം ഇല്ലാതായതിനെതിരെ പാർട്ടിക്കുള്ളിൽ നടന്ന സമരങ്ങൾ, അതിന്റെ കോർപ്പറേറ്റ്‌വൽക്കരണത്തിനും അഴിമതികൾക്കുമെതിരെ പാർട്ടിക്കുള്ളിൽ നടന്ന പ്രതിഷേധങ്ങൾ എന്നിവയ്ക്കൊടുവിലാണ് ഏറാമല പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിച്ച ഏകാധിപത്യ തീരുമാനം കൂടിയായപ്പോൾ പൊട്ടിത്തെറി ഉണ്ടായത്. ഏകദേശം 2000 മുതൽ പാർട്ടിയുടെ നയങ്ങളിലുണ്ടായ വ്യതിയാനങ്ങൾക്കെതിരെ തുടങ്ങിയ ഉൾപാർട്ടി സമരങ്ങളുടെ ബാക്കിപ്പത്രമാണത്.

പിണറായി വിജയനും ടിപിയും തമ്മിൽ മുൻപരിചയമുണ്ടായിരുന്നോ?

തീർച്ചയായും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ഭാരവാഹി, കേന്ദ്രകമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചയാളാണല്ലോ. അങ്ങനെയുള്ള പരിചയമുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്ന നിലയിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ വരേണ്ടിരുന്നു. പക്ഷെ കടുത്ത വിഭാഗിയത മൂലം അദ്ദേഹം പാർട്ടി വിടുമ്പോൾ ഏര്യാ കമ്മിറ്റി അംഗം മാത്രമായിരുന്നു. അദ്ദേഹം പാർട്ടി വിടുമ്പോൾ പ്രദേശത്തെ 80% പാർട്ടി പ്രവർത്തകരും ഒപ്പം പോയി. വേറെ ഏത് പാർട്ടിക്ക് അവകാശപ്പെടാനാകും ഈ ശക്തി. അവർ ഇപ്പോഴും കൂടെയുണ്ട്.

(തുടരും) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP