Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മേ ഇച്ചീച്ചിയിലൂടെ വന്നതുകൊണ്ടാവുമോ നമ്മളൊക്കെ ഇത്രക്ക് ഇച്ചീച്ചിയായിപ്പോയത്? വാളയാറിലെ നീതികേടിന്റെ പശ്ചാത്തലത്തിൽ ധർമ്മരാജിന്റെ ഉള്ളുപൊള്ളിക്കുന്ന കവിത വീണ്ടും വൈറലാകുന്നു  

അമ്മേ ഇച്ചീച്ചിയിലൂടെ വന്നതുകൊണ്ടാവുമോ നമ്മളൊക്കെ ഇത്രക്ക് ഇച്ചീച്ചിയായിപ്പോയത്? വാളയാറിലെ നീതികേടിന്റെ പശ്ചാത്തലത്തിൽ ധർമ്മരാജിന്റെ ഉള്ളുപൊള്ളിക്കുന്ന കവിത വീണ്ടും വൈറലാകുന്നു   

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്; വാളയാർ പീഡനത്തിലെ അഞ്ചു പ്രതികളിൽ മൂന്നുപേരെ ഇന്നലെയാണ് വെറുതെവിട്ടത്. പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടത്. കഴിഞ്ഞ ആഴ്ച മൂന്നാം പ്രതിയെയും വെറുതെ വിട്ടിരുന്നു. ഇനി അവശേഷിക്കുന്നത് 17കാരനായ പ്രതിയാണ്. ഇയാളുടെ കാര്യത്തിൽ വിധി പറയുന്നത് ജുവനൈയിൽ കോടതിയാണ്. പൊലീസിന്റെ അനാസ്ഥയെ തുടർന്നാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന ആരോപണവും ശക്തമാവുന്നുണ്ട്. അതേസമയം ഈ സംഭവം നടന്ന കാലത്ത് ധർമ്മരാജ് മടപ്പള്ളി എഴുതിയ ഇച്ചീച്ചി എന്ന കവിത വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധിപേരാണ് കവിത വീണ്ടും ഷെയർ ചെയ്യുന്നത്.

ഇച്ചീച്ചി എന്ന കവിത നടത്തുന്ന ഒരു പ്രഖ്യാപനമുണ്ട്, 'ഇച്ചീച്ചി മറ്റൊരു തലത്തിലൂടെയാണ് പോകുന്നത്. എന്നാലും ഞാൻ തറപ്പിച്ചു പറയുന്നു അതൊരു കവിതയല്ല. ഈ ഏറ്റു പറച്ചിൽ കവിതയോടും ആ കുരുന്നിനോടുമുള്ള കരുതലുകൊണ്ടാണ്.പക്ഷേ ഇത്തരം ഒരെഴുത്തിലൂടെ എനിക്ക് കടന്നു പോകാതിരിക്കാ നാവില്ലായി രുന്നു.',ധർമ്മരാജ് ഇത് പറയുമ്പോൾ ഓരോ പുരുഷനും സ്വന്തം പുരുഷൻ എന്ന ലിംഗപദവി വെടിഞ്ഞു മനുഷ്യൻ എന്ന നിലയിലേയ്ക്ക് മാറേണ്ടതുണ്ട്. അത് ഒരു കവിതാ വായനയ്ക്ക് വേണ്ടിയല്ല. മറിച്ചു തൊട്ടു മുന്നിലുള്ള ഓരോ പെൺകുഞ്ഞിനെയും സ്ത്രീ എന്ന അവളുടെ ശരീരത്തിലൂടെയല്ലാതെ മനുഷ്യൻ എന്ന സഹജീവിയായി കാണേണ്ടതിനാണ്. അതിനുള്ള വെളിപാടുകളാകട്ടെ ധർമ്മരാജിന്റെ ഈ കവിത...

 ഇച്ചീച്ചി - ധർമരാജ് മടപ്പള്ളി

ഞായറാഴ്ചയായിരുന്നു.
അച്ഛനുമമ്മയും
പണിക്കുപോയൊരു
ദിവസത്തിന്റെ
നടുപൊള്ളുന്ന
നട്ടുച്ചയായിരുന്നു.
തൊടിയിലെ വാഴക്കൂട്ടങ്ങൾക്കുചുവട്ടിൽ
ഏട്ടത്തിയെ കുഴിച്ചിട്ട
മൺകൂനയിൽ
കണ്ണുനട്ട്
ഉമ്മറത്തിരിക്കുകയായിരുന്നു.

അച്ഛനുമമ്മയും
പണിക്കുപോകുന്ന
ഞായറാഴ്ചകളിൽ
ഏട്ടത്തിക്കൊപ്പം
മുറ്റത്തു
കളിച്ചുകൊണ്ടിരിക്കുമ്പോളാണ്
ആദ്യമായി അവർ വന്നത്.

'മിഠായി വാങ്ങി വന്നോളൂ'
എന്നു പറഞ്ഞ് അവർ
കവിളിലുമ്മവെച്ചിരുന്നു.
ഉമ്മ തീരും മുന്നേ
അന്നു ഞാൻ കടയിലേക്കോടിയിരുന്നു.
തിരിച്ചു വന്നേരം
ചായ്‌പ്പിലെ പുല്ലുപായയിൽ
കമിഴ്ന്നു കിടന്നു കരഞ്ഞ ഏട്ടത്തിയുടെ
ഇച്ചീച്ചിയിലൂടെ ചോരയൊലിക്കുന്നുണ്ടായിരുന്നു.

എന്തിനാണു കരയുന്നതെന്നു
പലതവണ ചോദിച്ചിട്ടും
ഏടത്തിയൊന്നും പറയാതെ ഉച്ചത്തിലുച്ചത്തിൽ
കരഞ്ഞുകൊണ്ടേയിരുന്നു.
അങ്ങിനെയാണ്
ഞാൻ ചോദ്യങ്ങൾ
നിറുത്തിയത്.

ഞായറാഴ്ചകൾ
മാത്രമല്ല
പിന്നീട് ശനിയാഴ്ചകൾക്കും
നട്ടുച്ചകളുണ്ടായി.
തിങ്കളിനും
ചൊവ്വക്കും
ബുധനും
വ്യാഴത്തിനുമൊക്കെ
രാത്രികളുമുണ്ടായി.

രാത്രികളുടെ
ഓടാമ്പലുകൾ നീക്കി,
ഏടത്തി എന്നേയും കടന്ന് മഞ്ഞിലേക്കും
മഴയിലേക്കും പോയി.

തിരിച്ചുവന്ന്
അതേ
കമിഴ്ന്നു കിടപ്പും ചരച്ചിലും...
ഇച്ചീച്ചിയിലെ
ചോരയും,

പിന്നേപ്പിന്നേ
ചോര വരാതായി...
കരച്ചിലു വരാതായി..

അമ്മയുമച്ഛനും എല്ലാ
ഞായറാഴ്ചകളിലും പണിക്കുപോയി.

തിരിച്ചു വരുമ്പോൾ
അവർ കൈനിറയേ
കപ്പയും മീനും
കൊണ്ടു വന്നു.
നല്ല വീടുണ്ടാക്കാനുള്ള
ആശകളും കൊണ്ടു വന്നു.

കുളിക്കുമ്പോൾ
അമ്മ ഇടക്കെന്നെ വിളിക്കും.
പുറത്തെ ചേറ് ഉരച്ചു കഴുകിക്കൊടുക്കാൻ.
ഇത്രയും ചേവിടുന്നാണമ്മേ
എന്നു ഞാൻ ചോദിക്കും.
അമ്മ ദീർഘമായൊരു നിശ്വാസം വിടും.

ശനിയാഴ്ചക്കു ശേഷം
ഞായറാഴ്ച വന്നു.

ഞങ്ങളിപ്പോൾ
പണ്ടത്തേപ്പോലെ
കളിക്കാറില്ല.
ഏട്ടത്തി
ഒന്നും പറയാറില്ല.

നട്ടുച്ചക്ക് അവർ വന്നു.
അതിലൊരാളെന്നെ
ഉമ്മവെച്ചു.
അച്ചനുമമ്മയും വെക്കുന്ന തരത്തിലുള്ള
ഉമ്മയായിരുന്നില്ല അത്.

ഏട്ടത്തി ഓടിവന്ന് അയാളേ പിടിച്ചുവലിച്ചു.
മറ്റൊരാൾ ഏട്ടത്തിക്ക്
രണ്ടു രൂപ കൊടുത്ത്
മിഠായി വാങ്ങിവരാൻ പറഞ്ഞു.
ഞാനല്ലെ എന്നും മിഠായി വാങ്ങിവന്നിരുന്നതെന്ന്
പറയാൻ തുടങ്ങുമ്പോളേക്കും
എന്റെ ചുണ്ടുകൾ
അയാളുടെ
പല്ലുകൾക്കിടയിലായി.

അയാളത് കടിച്ചുപൊട്ടിച്ചു.
എനിക്ക് നീറ്റി.

മറ്റൊരാൾ ഏട്ടത്തിയൊടെന്തോ പറഞ്ഞു.
അവൾ രണ്ടു രൂപയുമായി മുഖം കുനിച്ച് പുറത്തേക്കു പോയി.

മുറ്റത്തെ കൃഷ്ണതുളസിക്കടുത്തു വെച്ച് അവളെന്നെ തിരിഞ്ഞു നോക്കി.

അതിലൊരാൾ
ഏട്ടത്തിയെ വഴക്കു പറഞ്ഞു.
അവൾ മുഖം താഴ്‌ത്തി ഇറങ്ങിപ്പോയി.

അവരെന്നെ ചായ്പിലേക്കു കൊണ്ടുപോയി.

കുഞ്ഞു പാവാട
വലിച്ചഴിച്ചഴിക്കെ
കുടുക്കു പൊട്ടിയപ്പോളെനിക്ക്
കരച്ചിലു വന്നു.
കരഞ്ഞപ്പോൾ
അവരെന്നെ അടിച്ചു.

പാവാടക്ക് പിറകെ
ജഢിയുമഴിച്ചു.
ചന്തികീറിയ ജഡിയിൽ
ചൂണ്ടു വിരലിട്ട്
ചൂഴറ്റിയെറിഞ്ഞ്
അതിലൊരാൾ പൊട്ടിച്ചിരിച്ചു.

നല്ലൊരു ജഢിവാങ്ങിത്തരാൻ
എത്രകാലമായി ഞാൻ പറയുന്നെന്ന്
ഞാനപ്പോൾ
സങ്കടപ്പെട്ടു.

ഉടുതുളിയില്ലാതെ എനിക്കുമേലൊരാൾ
കമിഴ്ന്നു കിടന്നപ്പോൾ
എന്റെ ഇച്ചീച്ചി പൊള്ളി.
അമ്മേയെന്നുച്ചത്തിൽ കരഞ്ഞപ്പോൾ
ഒച്ചവച്ചാൽ കൊന്നുകളയുമെന്നവർ പറഞ്ഞു.
അന്നു മുതലാണ്
എന്റെ
കരച്ചിലിന്
ഒച്ചയില്ലാതായത്.

കടയിൽ നിന്നുവന്ന
ഏട്ടത്തിയെ അതിലോരാൾ
അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
അവളുടെ കയ്യിലെ
കടലമിഠായി ഉമ്മറക്കോലായയിൽ വീണു.

അമ്മയുമച്ഛനും
കയറവന്ന
വൈകുന്നേരത്തിന്റെ
ഉമ്മറത്ത്
ചോരയൊലിക്കുന്ന
രണ്ട് ഇച്ചീച്ചികളായി
ഞങ്ങളിരുന്നു.

പിറ്റേന്ന് പള്ളിക്കൂടത്തിലെ
മൂത്രപ്പുരയിൽ
ശൂശുവെക്കാൻ നേരം
പതിവില്ലാതെ
ഏട്ടത്തിയും കൂടെ വന്നു.
ഇച്ചീച്ചി വല്ലാതെ നീറ്റിയപ്പോൾ
ഏട്ടത്തിയെന്റെ
പുറം തലോടി.
അമ്മയേക്കാളുമാഴത്തിൽ
ഉമ്മവച്ചു.
ഏട്ടത്തി
കരഞ്ഞില്ല.

ഞായർ
തിങ്കൾ
ചൊവ്വ
ബുധൻ
എന്നിങ്ങനെ
പല ടൈം ടേബിളുകൾ.

കടലമിഠായിക്കു തന്നിരുന്ന
രണ്ടു രൂപ
ചുരുങ്ങി നാരങ്ങാമിഠായിയിലെത്തി.
വിയർപ്പിൽ കുതിർന്ന
നാരങ്ങാമിഠായി കൈവെള്ളയിൽ
ചുവന്ന ചായമടിച്ച്
മധുരിച്ചൊരു നട്ടുച്ചക്ക്
ഏട്ടത്തി,
അമ്മയുടെ
സാരിത്തുഞ്ചത്ത്
ചായ്‌പ്പിലെ കഴുക്കോലിലാടി.
അവളുടെ ഇച്ചീച്ചി തോർന്നിറ്റിയ
ഇത്തിരി മൂത്രം
നിലത്തു പുള്ളികുത്തി.

പൊലീസു വന്നാണഴിച്ചു കിടത്തിയത്.
അമ്മ ബോധംകെട്ടു വീണു.
അച്ഛൻ നിശബ്ദനായി
തൂമ്പ ചാരിവെച്ചതുപോലെ
മുറ്റത്തേക്കോണിലിരുന്നു.
ഓടിക്കൂടിയ ആൾക്കൂട്ടത്തിലും അവരുണ്ടായിരുന്നു.
മോസ്റ്റുമോർട്ടം കഴിഞ്ഞെത്തിയ
ഏട്ടത്തിയുടെ
തലക്കൽ
ചന്ദനത്തിരി കുത്തിനിർത്തിയത്
അവരിലൊരാളായിരുന്നു.
കുഴിയെടുത്തതും
പന്തലുകെട്ടിയതും
അവർതന്നേയായിരുന്നു.

പന്തലഴിച്ചു.
അമ്മയുമച്ചനും
പണിക്കുപോയി.
ശനിയും
ഞായറും
പിന്നേയുമുണ്ടായി.
തിങ്കളിനും
ചൊവ്വക്കും
രാത്രികളുണ്ടായി.
ബുധനും
വ്യാഴത്തിനും
പാതിരകളുണ്ടായി.

ഞായറാഴ്ചയായിരുന്നു.
അച്ഛനുമമ്മയും
പണിക്കുപോയൊരു
ദിവസത്തിന്റെ
നടുപൊള്ളുന്ന
നട്ടുച്ചയായിരുന്നു.
തൊടിയിലെ വാഴക്കൂട്ടങ്ങൾക്കുചുവട്ടിൽ
ഏട്ടത്തിയെ കുഴിച്ചിട്ട
മൺകൂനയിൽ
കണ്ണുനട്ട്
ഉമ്മറത്തിരിക്കുകയായിരുന്നു.

അവർ വന്നു.
അയയിലാറിയിട്ട
അമ്മയുടെ സാരിയുമെടുത്ത്
അവർ ഉമ്മറത്തു കയറി.
കഴുത്തിൽ കുരുക്കു മുറുക്കുമ്പോൾ
അതിലൊരാൾ
പറഞ്ഞു.
എനിക്കൊന്നൂടെ വേണം.
കുരുക്ക് ഊരി
അവരെന്നെ
നിലത്തുകിടത്തി.
ഒന്നാമൻ
രണ്ടാമൻ
മൂന്നാമൻ...

ഇച്ചീച്ചി നീറിനീറീ
ഞാനൊന്നു പിടച്ചു.
കഴുത്തിൽ സാരിക്കുരുക്കിട്ട്
അതേ കഴുക്കോലിൽ
ഇച്ചിച്ചി തോർന്ന്
കാലിലൂടെ
മൂത്രമൊഴുകുന്നത്
ഞാനറിഞ്ഞു.
കഴുത്തിനു താഴെ
ഒന്നുമില്ലാത്തതുപോലെ...
പിന്നേ കഴുത്തിനു മീതേയും ഒന്നുമില്ലാത്തതുപോലെ...

മരിച്ചവർ എല്ലാം കാണുന്നു.
തലക്കൽ
ചന്ദനത്തിരി
കുത്തിവെക്കാൻ
ഇക്കുറിയുമവർ വന്നു.
തെക്കേത്തൊടിയിലെ
ഏട്ടത്തിക്കരികിൽ
കുഴിവെട്ടിയതുമവർതന്നെ.
അച്ഛനെ ആശ്വസിപ്പിച്ചതും
അമ്മയെ ആവശ്യത്തിലുമേറെ
ചേർത്തു പിടിച്ചതുമവരുതന്നേ...

അമ്മേ...
ഇച്ചീച്ചിയിലൂടെ
വന്നതുകൊണ്ടാവുമോ
നമ്മളൊക്കെ ഇത്രക്ക്
ഇച്ചീച്ചിയായിപ്പോയത്?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP