Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ മുസ്ലിം വ്യക്തിനിയമം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും; ലക്ഷ്യം സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായം 21 ആക്കുക; ഇത് ഏകീകൃത സിവിൽ കോഡിലേക്കുള്ള ആദ്യ ചുവടോ? ഏഴ് നിയമങ്ങൾ ഭേദഗതിക്ക്

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ മുസ്ലിം വ്യക്തിനിയമം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും; ലക്ഷ്യം സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായം 21 ആക്കുക; ഇത് ഏകീകൃത സിവിൽ കോഡിലേക്കുള്ള ആദ്യ ചുവടോ? ഏഴ് നിയമങ്ങൾ ഭേദഗതിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ മുസ്ലിം വ്യക്തിനിയമം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യുമ്പോൾ അത് ഏകീകൃത സിവിൽ കോഡിലേക്കുള്ള ആദ്യ ചുവടു വയ്‌പ്പെന്ന വിലയിരുത്തൽ ശക്തം. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ച 'ബാല വിവാഹ(ഭേദഗതി)ബിൽ 2021'-ലൂടെ എല്ലാ വ്യക്തിനിയമങ്ങളിലും ഒരുമിച്ചാണ് മാറ്റം വരുത്തുക. താമസിയാതെ ഏകീകൃത സിവിൽ കോഡും പാർലമെന്റിൽ എത്തും.

വ്യക്തി നിയമങ്ങളും മറ്റ് ചില നിയമങ്ങളും വെവ്വേറെ ഭേദഗതി ചെയ്യുന്നത് ഒഴിവാക്കാനാണ് എല്ലാം ഒറ്റ ബില്ലിൽ ഉൾപ്പെടുത്തിയത്. ഏകീകൃത സിവിൽ കോഡുമായി ഇതിന് ബന്ധമില്ലെന്നാണ് സർക്കാർ പറയുന്നത്. അക്കാര്യം തത്കാലം സർക്കാരിന്റെ പരിഗണനയിലില്ല. നിലവിലെ സാമൂഹിക സാഹചര്യങ്ങളും സ്ത്രീകളുടെ പിന്നാക്കാവസ്ഥ, പോഷകാഹരക്കുറവ്, വിളർച്ച തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം. എന്നാൽ പ്രതിപക്ഷം ഇതിനെ ഏകീകൃത സിവിൽ കോഡിന് മുന്നോടിയായുള്ള നീക്കമായി കാണുന്നു.

പാർലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുൻപ്, ബുധനാഴ്ചയായിരിക്കും ബിൽ അവതരിപ്പിക്കുക. സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുമോ അതല്ല, ഉടൻതന്നെ പാസാക്കുമോ എന്ന് ഉറപ്പായിട്ടില്ല. യു.പി.യിൽ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനുള്ള സാധ്യത തള്ളാനാവില്ല.

സ്ത്രീകളുടെ ചുരുങ്ങിയ വിവാഹപ്രായം ഉയർത്തുന്നത് മുസ്ലിം വ്യക്തി നിയമത്തിലുള്ള കൈകടത്താലാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗും മറ്റ് സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും നിർദേശത്തെ എതിർക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ബിൽ കൊണ്ടുവരുമെന്ന സൂചനയിൽ മുസ്ലിം ലീഗ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

നിലവിൽ മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകളുടെ ചുരുങ്ങിയ വിവാഹപ്രായം വർഷത്തിന്റെ അടിസ്ഥാനത്തിൽ നിർവചിച്ചിട്ടില്ലെങ്കിലും പെൺകുട്ടി പ്രായമാകുമ്പോൾ വിവാഹം ചെയ്തുകൊടുക്കാമെന്നാണ് പറയുന്നത്. എന്നാൽ, മറ്റു വ്യക്തിനിയമങ്ങളിലും സ്‌പെഷ്യൽ മാരേജ് ആക്ടിലും ചുരുങ്ങിയ വിവാഹപ്രായം 18 ആണ്. അവയിലെല്ലാം സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായം 21 ആക്കുകയാണ് പുതിയ 'ബാല വിവാഹ(ഭേദഗതി)ബില്ലി'ന്റെ ലക്ഷ്യം.

ഭേദഗതി ചെയ്യുന്ന നിയമങ്ങൾ

1. സ്‌പെഷ്യൽ മാരേജ് ആക്ട്- 1954.
2.ബാല വിവാഹ നിരോധന നിയമം-2006.
3. ഫോറിൻ മാരേജ് ആക്ട്-1969.
2. മുസ്ലിം വ്യക്തിനിയമം-1937.
3. ഹിന്ദു വിവാഹ നിയമം-1955.
4. ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം-1872.
5. പാർസി വിവാഹവും വിവാഹ മോചനവും നിയമം-1955.
6. ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട്-1956.
7. ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് ആക്ട്-1956.

രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽ നിന്നും 21 ആക്കി ഉയർത്താനുള്ള (കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ എതിർപ്പുയർത്തി രാഷ്ട്രീയ പാർട്ടികൾ രംഗത്തുണ്ട്. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ ശക്തമായി എതിർക്കുമെന്ന് സിപിഎമ്മും മുസ്ലിം ലീഗും വ്യക്തമാക്കി. വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും പതിനെട്ടാം വയസിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടിക്ക് അവളുടെ വിവാഹത്തിനും അവകാശമുണ്ടെന്നും അതിനെതിരാണ് പുതിയ നീക്കമെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ദുരൂഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും പ്രതികരിച്ചു. വിവാഹ പ്രായം 18 വയസ് ആയി തന്നെ നിലനിർത്തണമെന്നും പെൺകുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്തിന് ഇപ്പോൾ ആവശ്യമെന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. വിവാഹ പ്രായം 21 ആക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാവുന്ന തീരുമാനമാണ്. ബില്ലിനെ ശക്തമായി എതിർക്കും. ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും ആലോചിച്ച് വേണമായിരുന്നുവെന്ന് ഓർമ്മിപ്പിച്ച പികെ ശ്രീമതി, തീരുമാനത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമുണ്ടെന്നും കുറ്റപ്പെടുത്തി.

സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള ബില്ലിനെതിരെ വനിത സംഘടനകളിൽ നിന്നു തന്നെ എതിർപ്പ് ഉയരുകയാണ്. പങ്കാളിയെ സ്വയം തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ കൂടുതൽ ഹനിക്കുന്നതാണ് നീക്കം. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പോലും ആൺകുട്ടികൾക്കെതിരെ അനാവശ്യകേസുകൾക്കും പെൺകുട്ടികളുടെ സ്വകാര്യതയുടെ ലംഘനത്തിനും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആൺകുട്ടികളുടെ വിവാഹപ്രായം കൂടി കുറച്ചു കൊണ്ടു വരികയാണ് വേണ്ടതെന്നും ഇടത് വനിത സംഘടനകൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP