Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെയ്‌മർക്കു വേണ്ടി ആരെങ്കിലും വിളിച്ചോ എന്ന് ആർക്കും ഉറപ്പില്ല; എന്നിട്ടും ബ്രസീലിയൻ താരത്തെ ചികിത്സിക്കാൻ ഏഴംഗ സംഘത്തെ ഒരുക്കി സർക്കാർ

നെയ്‌മർക്കു വേണ്ടി ആരെങ്കിലും വിളിച്ചോ എന്ന് ആർക്കും ഉറപ്പില്ല; എന്നിട്ടും ബ്രസീലിയൻ താരത്തെ ചികിത്സിക്കാൻ ഏഴംഗ സംഘത്തെ ഒരുക്കി സർക്കാർ

തിരുവനന്തപുരം: നെയ്മറിനു ഞവരക്കിഴി വയ്ക്കാഞ്ഞിട്ട് ഉറക്കമില്ലെന്ന് തോന്നുന്നു, സർക്കാരിന്. വീണിടത്തുകിടന്ന് ഉരുളുന്നതും പോര, ചെളിയും വാരി മേലാകെ പൂശുകയാണ്. അല്ലെങ്കിൽ പിന്നെ തിരിച്ചടിച്ച ഒരു പബ്ലിസിറ്റി സ്റ്റണ്ടിനു പിന്നാലെ വീണ്ടും ഇങ്ങനെ പാടുകിടക്കുമോ?

ലോകകപ്പ് മത്സരത്തിനിടെ നട്ടെല്ലിന് പരിക്കേറ്റ ബ്രസീൽ ഫുട്ബോൾ താരം നെയ്മറെ ചികിത്സിക്കാൻ സംസ്ഥാനത്തെ ഏഴ് വിദഗ്ദ്ധ ആയുർവേദ ഡോക്ടർമാരുടെ പാനലിന് രൂപം നൽകി എന്നാണ് പുതിയ വിശേഷം. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. അശോകിന്റെ നേതൃത്വത്തിലാണ് പാനൽ.

കൊളംബിയയുമായുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ നട്ടെല്ലിന്റെ കശേരുക്കൾക്ക് പരിക്കേറ്റ ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്മർ ഡ സിൽവ സാന്റോസ് ജൂണിയറിന്റെ പരിക്ക് വേഗം ഭേദമാക്കാൻ ആയുർവേദ ചികിത്സയ്ക്ക് സാധ്യതയുണ്ടോ എന്നാരാഞ്ഞ് ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിലേക്ക് കത്തെഴുതി എന്നായിരുന്നു മനോരമ ന്യൂസ് ലേഖിക ബ്രേക്ക് ചെയ്ത വാർത്ത. വിവിധ ചാനലുകളും പത്രങ്ങളും വാർത്ത ഏറ്റെടുത്തെങ്കിലും പിറ്റേദിവസം ദേശാഭിമാനിയാണ് അപഹാസ്യമായ വാർത്തയുടെ ഉറവിടം വെളിപ്പെടുത്തി, ആവേശക്കമ്മിറ്റിക്കാരെ ഇളിഭ്യരാക്കിയത്.

ഇപ്പോൾ ബ്രസീലിലുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഴയ ഫുട്‌ബോൾ കോച്ചിന്റെ തലയിൽ വിരിഞ്ഞ ബുദ്ധിയായിരുന്നു, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തിക്കിട്ടിയ വാർത്തയായി ചാനലുകൾ ആഘോഷിച്ചത്. നെയ്മറിന് നട്ടെല്ലിനേറ്റ പരിക്ക് ആയുർവേദ ചികിത്സയിലൂടെ മാറ്റാൻ കഴിയുമോയെന്ന് ഈ കോച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവനോട് ഇമെയ്ൽ ചെയ്തു ചോദിക്കുന്നത്, ആരും ഏൽപ്പിച്ചിട്ടായിരുന്നില്ല. ഉണ്ടിരുന്ന നായർക്ക് ഉൾവിളി തോന്നി എന്നു പറയുമ്പോലെ, ഒരു ഏർപ്പാട്. ഓർത്തോപീഡിക് സർജൻ കൂടിയായ ഡോ. ഇളങ്കോവൻ കയ്യോടെ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെ ഇക്കാര്യം അറിയിച്ചു. മന്ത്രിയും മുഖ്യമന്ത്രിയും കൂടിയാലോചിച്ച് നെയ്മറിന് ആയുർവേദ ചികിത്സ നൽകാമെന്നു ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷനെ അറിയിക്കാൻ കലിക്കറ്റ് സർവ്വകലാശാലയുടെ പഴയ കോച്ചിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ തെക്കേയറ്റത്ത് കേരളമെന്നൊരു ദേശമുണ്ടെന്നും ഇവിടെ കുറേ ബ്രസീൽ ആരാധകരുണ്ടെന്നും കേരളത്തിലെ ആയുർവേദം പേരുകേട്ടതാണെന്നും അറിയാവുന്ന ഏതെങ്കിലും ബ്രസീലുകാർ ഉണ്ടാവുമോ? ഇനി അങ്ങനെ ആർക്കാനും തോന്നിയാൽ തന്നെ, അന്താരാഷ്ട്ര സ്‌പോൺസർമാരുടെയും സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷ്യലിസ്റ്റുകളുടെയും കണ്ണുവെട്ടിച്ച് ഏതെങ്കിലും നാടൻ ചികിത്സയ്ക്ക് തയ്യാറായി അവരുടെ പ്രധാന താരം ഇവിടെയെത്തുമോ? ഇതൊന്നും ആലോചിക്കാതെയായിരുന്നു, വാർത്ത. എന്നാൽ ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രതികരണത്തിനു പോലും കാത്തുനിൽക്കാതെ ഈ കത്തിടപാട് ആഘോഷമാക്കിയ മാദ്ധ്യമങ്ങളുടെ വീഴ്ച കേരള സർക്കാർ അവസരമാക്കി മാറ്റി. ആയുർവേദ വിദ്യാഭ്യാസ ഡയറക്റ്റർ ഡോ. കെ ശിവദാസൻ, ആയുർവേദ ഡയറക്റ്റർ ഡോ. അനിത ജേക്കബ്, ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. പി കെ. അശോകൻ എന്നിവരുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൂടിയാലോചന നടത്തി, സംഭവങ്ങൾക്ക് ഔദ്യോഗിക പരിവേഷവും നൽകി.

ഇപ്പോഴിതാ, ഒട്ടും കൂസാതെ നെയ്മറിനെ ചികിത്സിക്കാൻ ഡോക്ടർമാരുടെ പാനലിനെ തന്നെ തയ്യാറാക്കി നിർത്തിയിരിക്കയാണ്, ആയുർവേദ ഡോക്ടർമാർ. കിട്ടിയ അവസരം മാർക്കറ്റിങ്ങിന് എങ്ങനെ മുതലാക്കണമെന്ന് അവർക്കാരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ? മുതലക്കുഞ്ഞിനെ ആരെങ്കിലും നീന്തൽ പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ! നെയ്മർക്ക് വിദഗ്ദ്ധ ചികിത്സ നൽകാനുള്ള പരിപൂർണ സംവിധാനം ആയുർവേദ കോളേജിലുണ്ടെന്നാണ് ആയുർവേദ മെഡിക്കൽ സംഘം സർക്കാരിന് നൽകിയ റിപ്പോർട്ട്. നടപടികൾ വിലയിരുത്താൻ സർക്കാർ തലത്തിൽ അഡൈ്വസറി കമ്മിറ്റി രൂപീകരിക്കണമെന്നും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നു. നെയ്മറുടെ പരിക്കിന്റെ സ്‌കെച്ച് ഉൾപ്പെടെ സമ്പൂർണ റിപ്പോർട്ടാണ് സമർപ്പിച്ചത്. നട്ടെല്ലിന്റെ പരിക്ക് ഭേദമാക്കാൻ കിടത്തി ചികിത്സിക്കണം. ആയുർവേദ കോളേജിലെ സുരക്ഷ പോരെങ്കിൽ മാസ്‌കോട്ട് ഹോട്ടലിലോ, സർക്കാർ അതിഥി മന്ദിരത്തിലോ താമസിപ്പിച്ച് ചികിത്സിക്കാം. രോഗിയെ നേരിൽ കണ്ടാലേ ചികിത്സാവിധി നിർണയിക്കാനാവൂ. ചികിത്സാ കാലാവധി ഇപ്പോൾ തീർച്ചപ്പെടുത്താനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നെയ്മർ ഇതൊക്കെ അറിഞ്ഞിട്ടുതന്നെയുണ്ടാവില്ല എന്നതു വേറെ കാര്യം. എങ്കിലെന്താണ്? നെയ്മറുടെ ചെലവിൽ ആളുകളിക്കാൻ കുറേപേർക്ക് ഒരു കാരണമായില്ലേ?

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP