Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെയ്മറുണ്ടെങ്കിലും ബ്രസീലിന് സാധ്യതയില്ല; ലോകകപ്പ് നേടാൻ യോഗ്യർ ഹോളണ്ട് തന്നെ

നെയ്മറുണ്ടെങ്കിലും ബ്രസീലിന് സാധ്യതയില്ല; ലോകകപ്പ് നേടാൻ യോഗ്യർ ഹോളണ്ട് തന്നെ

ബ്രസീലിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ ഏതു ടീം ജയിക്കും എന്നൊരു പ്രവചനം നടത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. എങ്കിലും, ഏതു ടീം ജയിക്കണമെന്നാണ് എന്റെ ആഗ്രഹം എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ബ്രസീൽ ജയിക്കണം എന്നാണെന്റെ ആഗ്രഹം. അങ്ങു ദൂരെ, ഭൂഗോളത്തിന്റെ മറുവശത്തുള്ള ബ്രസീൽ ജയിക്കണം എന്നു ഞാനാഗ്രഹിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യമുയർന്നേക്കാം. ഫുട്‌ബോളിനെപ്പറ്റി കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ കേട്ടിട്ടുള്ള പേരാണ്, പെലെ. പെലെ ബ്രസീലുകാരനായിരുന്നു. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പന്തു തട്ടിക്കളിച്ചിരുന്നവരെല്ലാം പെലെയെപ്പോലെയാകണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പന്ത്രണ്ടു വർഷത്തിനിടയിൽ ബ്രസീൽ മൂന്നു തവണ ലോകകപ്പു നേടി: 1958, 62, 70 എന്നീ വർഷങ്ങളിൽ. 1966ലെ കപ്പിൽ പ്രഥമറൗണ്ടിൽത്തന്നെ പുറത്തായ ബ്രസീൽ വീരോചിതമായ പ്രകടനത്തോടെ 1970ൽ വീണ്ടും കിരീടം നേടി. അതോടെ കേരളത്തിലെ ഫുട്‌ബോൾ പ്രേമികളൊന്നടങ്കം ബ്രസീലിന്റെ ആരാധകരായി മാറി. അന്ന് അവരുടെ ക്യാപ്റ്റനായിരുന്ന ജേർസിഞ്ഞോ ആകെ ഏഴു ഗോളടിച്ചു. ജേർസിഞ്ഞോ ആയിരുന്നു, ടോപ് സ്‌കോറർ. പെലെ നാലും.


1958-ൽ ഒരു ഗറിഞ്ചയുണ്ടായിരുന്നു. പിൽക്കാലത്തു വന്ന ഒരു സിനിമയിൽ പെലെയേക്കാൾ ഒരല്പം കൂടി ആകർഷകമായി കളിച്ചത് ഗറിഞ്ചയല്ലേ എന്നു പോലും തോന്നിച്ചിരുന്നു. ബ്രസീലിൽ എക്കാലവും പ്രസിദ്ധരായ കളിക്കാരുണ്ടായിരുന്നു. സോക്രട്ടീസ്, സീക്കോ, റൊമാറിയോ, ബെബറ്റോ, പിന്നെ ലോകകപ്പിൽ ഏറ്റവുമധികം ഗോളടിച്ച റൊണാൾഡോ (ഈയ്യിടെ ജർമ്മനിയുടെ ക്ലോസെ ആ റെക്കോർഡിനൊപ്പമെത്തി), റിവാൾഡോ, റൊണാൾഡിനോ, റോബർട്ടോ കാർലോസ്, ഡുംഗ...അങ്ങനെ നീളുന്നു ആ ലിസ്റ്റ്. ബ്രസീൽ ആകെ അഞ്ചു തവണ കപ്പു നേടിയതിനേക്കാൾ പ്രാധാന്യം ഞാൻ കല്പിക്കുന്നത് അവർ നാലു തവണ ഫെയർ പ്ലേ അവാർഡു വാങ്ങിയതിനാണ്. മഞ്ഞക്കാർഡും ചുവപ്പുകാർഡും ഒരൊറ്റ കളിയിൽ പോലും കാണേണ്ടി വരാഞ്ഞതിനാണ് ആ അവാർഡ്. മറ്റൊരു ടീമിനും ആ റെക്കോർഡു ഭേദിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതിനകം നാലു തവണ മഞ്ഞക്കാർഡു കണ്ടു കഴിഞ്ഞതിനാൽ ഈ അവാർഡ് ഇത്തവണ ബ്രസീലിനു കിട്ടുകയില്ലെങ്കിലും ഫൗളിലല്ല, കളിയിലാണ് ബ്രസീൽ ശ്രദ്ധയൂന്നാറ്. ഒരിക്കൽ ബ്രസീലിന് 'മോസ്റ്റ് എന്റർടെയിനിങ് ടീ'മിനുള്ള അവാർഡും ലഭിച്ചു. ഒരു 'ജെന്റിൽ ജയന്റ്' ആണ് ബ്രസീൽ. ശാന്തനായ രാക്ഷസൻ!

ബ്രസീൽ കഴിഞ്ഞാൽ അർജന്റീനയാണ് എന്റെ അടുത്ത ഇഷ്ട ടീം. മാറഡോണയുടെ കാലത്താണ് അർജന്റീനയെ ശ്രദ്ധിച്ചു തുടങ്ങിയത്. മാറഡോണ എന്റെ ആരാധനാപാത്രമായിരുന്നു. 1986-ൽ ഇംഗ്ലണ്ടിനെതിരേയുള്ള ക്വാർട്ടർ ഫൈനലിൽ മാറഡോണ നേടിയ രണ്ടാമത്തെ ഗോൾ ഞാനൊരി#്ക്കലും മറക്കില്ല. ഇംഗ്ലണ്ടിന്റെ ഗോളിയുൾപ്പെടെ അഞ്ചു കളിക്കാരെ ഒറ്റയ്ക്കു വെട്ടിച്ചു മുന്നേറിയ ശേഷം മാറഡോണ അടിച്ചുകയറ്റിയതുപോലൊരു ഗോൾ പിന്നീടു ഞാൻ കണ്ട ഒരു ലോകകപ്പു മാച്ചിലും കാണാനിട വന്നിട്ടില്ല. അത്ര അതുല്യമായിരുന്നു, ആ ഗോൾ. അതുകൊണ്ടു തന്നെ ആ ഗോൾ ഈ നൂറ്റാണ്ടിലെ ഗോളായി അറിയപ്പെടുകയും ചെയ്തു. എന്നാൽ ഗോളടിക്കുന്നതിന് അല്പം മുൻപ് മാറഡോണ മറ്റൊരു ഗോളടിച്ചിരുന്നു. ഹെഡ്ഡു ചെയ്ത്. പക്ഷേ, കുറേ നാൾ കഴിഞ്ഞപ്പോൾ മാറഡോണ കുമ്പസാരം നടത്തി, ഹെഡ്ഡു ചെയ്യുന്നതിനിടയിൽ തന്റെ കൈയും പന്തിൽ സ്പർശിച്ചിരുന്നെന്ന്. 'എന്റെ ശിരസ്സ് അല്പവും ദൈവത്തിന്റെ കൈ അല്പവും' എന്നാണ് മാറഡോണ അതിനെ വിശേഷിപ്പിച്ചത്. 'ഹാന്റ് ഓഫ് ഗോഡ് ഗോൾ' എന്ന പേരിൽ അതു പിന്നീട് കുപ്രസിദ്ധമായി. അക്കാരണത്താൽ മാറഡോണയോട് എനിക്കുണ്ടായിരുന്ന ആരാധന വളരെക്കുറഞ്ഞു. എന്നാലിപ്പോൾ ലയണൽ മെസ്സിയെന്ന ഒരൊറ്റ കളിക്കാരൻ മൂലം അർജന്റീനയെ വീണ്ടും എനിക്കിഷ്ടമായി. മാറഡോണയുടെ ഡ്രിബ്ലിങ്ങിലുള്ള പാടവവും റോബർട്ടോ കാർലോസിന്റെ ഷോട്ടുകൾക്കുള്ള കഴിവും ഇവർ രണ്ടു പേർക്കുമില്ലാത്ത സ്പീഡും കൂടിച്ചേർന്നതാണു മെസ്സി. ഇവയ്‌ക്കൊക്കെപ്പുറമേ മുഖത്തെ കുസൃതിച്ചിരിയും. (ഈ അവസാനം പറഞ്ഞ ഗുണം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖത്തു ഞാൻ കണ്ടിട്ടില്ല.)

മുകളിൽ പറഞ്ഞിരിക്കുന്നത് എന്റെ ആശകളാണ്. എന്നാൽ ഗ്രൂപ്പു മത്സരങ്ങളിൽ ടീമുകൾ കാഴ്ച വച്ച പ്രകടനങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു പ്രവചനത്തിലേയ്ക്ക് നമുക്കെത്താൻ ശ്രമിക്കാം. ഫുട്‌ബോളിലെ വിജയം കണക്കാക്കുന്നത് ഗോളുകളുടെ എണ്ണമാണ്. മിഡ്ഫീൽഡിൽ പല ടീമുകളും കസർത്തുകൾ പലതും കാണിച്ചെന്നു വരും. പക്ഷേ തങ്ങളുടെ കഴിവു മുഴുവനും ഉപയോഗിച്ച് ഗോളുകൾ അടിച്ചു കയറ്റുന്നില്ലെങ്കിൽ മിഡ്ഫീൽഡിലെ കസർത്തുകൾ കൊണ്ട് പ്രയോജനമില്ലാതെ പോകും. ഗോളടിക്കുക മാത്രമല്ല, ഗോൾ വഴങ്ങാതെ ഇരിക്കുകയും വേണം. പ്രീക്വാർട്ടറിൽ കടന്നിരിക്കുന്ന ടീമുകൾ എത്ര ഗോളുകൾ വീതം അടിച്ചെന്നും വഴങ്ങിയെന്നും അവയുടെ വ്യത്യാസമെത്രയെന്നും നമുക്കൊന്നു പരിശോധിക്കാം:


                            അടിച്ചത്   വഴങ്ങിയത്   വ്യത്യാസം
നെതർലന്റ്‌സ് :     10                  3                     7
കൊളമ്പിയ :            9                  2                     7
ഫ്രാൻസ് :                 8                  2                     6
ജർമ്മനി :                 7                  2                     5
ബ്രസീൽ :                7                  2                     5
അർജന്റീന :            6                   3                    3
കോസ്റ്റാറിക്ക :         4                  1                     3
ബെൽജിയം :         4                  1                     3
മെക്‌സിക്കോ :       4                  1                     3
ചിലി :                      5                  3                     2
സ്വിറ്റ്‌സർലന്റ് :      7                  6                      1
അൾജീരിയ :         6                   5                     1
നൈജീരിയ  :        3                   3                     0
ഉറുഗ്വായ് :              4                    4                     0
യു എസ് എ :          4                   4                     0
ഗ്രീസ് :                    2                    4                    2

മുകളിൽ കൊടുത്തിരിക്കുന്ന ടേബിളനുസരിച്ച് നെതർലന്റ്‌സും കൊളമ്പിയയുമാണ് ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്ന ടീമുകൾ. വ്യത്യാസം ഏഴു ഗോളുകൾ വീതം. തുടർന്നു വരുന്നു, ഫ്രാൻസ്. ഈ മൂന്നു ടീമുകളുടെ പുറകിൽ വരുന്ന ജർമ്മനിയും ബ്രസീലും ഒരേ നിലയിലാണുള്ളത്. ഈ അഞ്ചു ടീമുകളുടേയും പിന്നിലാണ് അർജന്റീന. സ്വിറ്റ്‌സർലന്റ് ഏഴു ഗോളുകളും അൾജീരിയ ആറു ഗോളുകളും അടിച്ചിരിക്കുന്നതും വിസ്മരിക്കുക സാധ്യമല്ല. സ്വിറ്റ്‌സർലന്റ് അർജന്റീനയേക്കാൾ ഒരു ഗോൾ കൂടുതലടിച്ചപ്പോൾ അൾജീരിയ അർജന്റീനയുടേതിനു തുല്യമായ ഗോളുകളടിച്ചു. എങ്കിലും ആഫ്രിക്കയിൽ നിന്നുള്ള ഒരു ടീം കപ്പു നേടുന്ന കാര്യം ആലോചിക്കാവുന്ന സ്ഥിതിയിൽ ആഫ്രിക്കൻ ഫുട്ബോൾ എത്തിയിട്ടില്ല.

ക്വാർട്ടർ ഫൈനലിലെ ലൈനപ്പ് ഒന്നൂഹിച്ചു നോക്കാം.

(1) ബ്രസീൽ ത കൊളമ്പിയ
(2) ഫ്രാൻസ് ത ജർമ്മനി
(3) നെതർലന്റ്‌സ് ത കോസ്റ്റാറിക്ക
(4) അർജന്റീന ത ബെൽജിയം

സെമിഫൈനൽ ലൈനപ്പിന്റെ കാര്യമോർക്കുമ്പോൾ ഭയാശങ്കകളുണ്ടാകുന്നുണ്ട്. കാരണം, ബ്രസീലിനെ ഉൾപ്പെടുത്താൻ കഴിയുന്നില്ല. കൊളമ്പിയയെന്ന കടമ്പ ബ്രസീൽ കടക്കുമോയെന്ന കാര്യം സംശയമാണ്. താഴെപ്പറയുന്നതായിരിക്കാം.

സെമി ലൈനപ്പ്:

(1) കൊളമ്പിയ ത ഫ്രാൻസ്
(2) നെതർലന്റ്‌സ് ത അർജന്റീന

ഫൈനൽ:

കൊളമ്പിയ ത നെതർലന്റ്‌സ്: നെതർലന്റ്‌സ് ജയിക്കുന്നു.

ഇതിനു മറ്റൊരു കാരണം കൂടി ഞാൻ കാണുന്നുണ്ട്. ഗ്രൂപ്പുതലത്തിലുള്ള കളികളിൽ ഏറ്റവുമധികം ഫൗളുകൾ ചെയ്തിരിക്കുന്നത് നെതർലന്റ്‌സാണ്. 68 തവണ. അവർ അഞ്ചു തവണ മഞ്ഞക്കാർഡു കാണുകയും ചെയ്തു. (കൊളമ്പിയ രണ്ടു തവണ മാത്രം.) ഇത്രയധികം ഫൗളുകൾ ചെയ്തു കൂട്ടുന്ന ഒരു ടീമിൽ ഗോളടിക്കാനുള്ള കഴിവും (ആകെ പത്തു ഗോളുകൾ) ഗോളുകൾ വഴങ്ങാതിരിക്കാനുള്ള കഴിവും (മൂന്നു ഗോളുകൾ മാത്രം) കൂടി ഒത്തു ചേരുമ്പോൾ ജയിക്കാനുള്ള സാധ്യത അവർക്കു കൂടുതലായിരിക്കും.

ബ്രസീലിന്റെ നാട്ടിൽ വച്ചുള്ള കളിയായതുകൊണ്ട് സ്വന്തം ജനതയുടെ പിന്തുണ ടീമിന് ആവേശം പകരുമെങ്കിലും, ആ ആവേശം ബ്രസീലിന്റെ ഗ്രൂപ്പുതലത്തിൽ നടന്ന കളികളിൽ കാര്യമായി പ്രതിഫലിച്ചു കണ്ടില്ല. മെക്‌സിക്കോയുമായുള്ള കളി ഗോൾരഹിത നിലയിലെത്തുകയാണുണ്ടായത്. ക്വാർട്ടർഫൈനലിൽ കൊളമ്പിയയേയും സെമിയിൽ ഫ്രാൻസിനേയും തോൽപ്പിക്കാൻ ബ്രസീലിന്നാകുമോ? സംശയമാണ്. ബ്രസീൽ ഫൈനലിൽ കടന്നു കൂടിയെന്നിരിക്കട്ടെ. എതിരാളി നെതർലന്റ്‌സായിരിക്കും. ബ്രസീലിനു നെതർലന്റ്‌സിനെ തോൽപ്പിക്കാനാകുമോ? സംശയമാണ്. ബ്രസീലിനു കപ്പു കിട്ടാനുള്ള സാധ്യത കാണുന്നില്ല. നെയ്മറുണ്ടായിട്ടും.

ഗ്രൂപ്പു തലത്തിലേതിൽ നിന്നും വിശേഷപ്പെട്ട പ്രകടനം നോക്ക് ഔട്ട് റെ#ൗണ്ടിൽ ടീമുകൾ കാഴ്ച വച്ച ചരിത്രമുണ്ട്. ഇത്തരം ചരിത്രമാവർത്തിച്ചാൽ മുന്നോട്ടു വരാൻ സാദ്ധ്യതയുള്ള ഒരു ടീമാണ് ജർമ്മനി. ജർമ്മനി മുന്നോട്ടു വന്നാൽ, ഫ്രാൻസ് പിൻതള്ളപ്പെടും. ജർമ്മനി കൊളമ്പിയയെ തോൽപ്പിച്ചാൽ പ്രയാസമാണ്, എങ്കിലും ഫൈനൽ നെതർലന്റ്‌സും ജർമ്മനിയും തമ്മിലാകാം. ജർമ്മനിക്ക് നെതർലന്റ്‌സിനെ പരാജയപ്പെടുത്താൻ കഴിയുമോ? സംശയമാണ്.

നെതർലന്റ്‌സിനു തന്നെയാണ് കപ്പു നേടാനുള്ള സാധ്യത കൂടുതൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP