Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഞ്ചാവും കള്ളും കിറുക്കും. അതായത് ഫുട്ബോളും 'ഞമ്മളും'

കഞ്ചാവും കള്ളും കിറുക്കും. അതായത് ഫുട്ബോളും 'ഞമ്മളും'

1. കഞ്ചാവ്
God is the only being who, in order to reign, doesn't even need to exist. Charles Baudelaire
എമിർ കസ്റ്റൂറികയുടെ 'മാറഡോണ' എന്ന ഡോക്യുമെന്ററി തുടങ്ങുന്നത് ഈ വാചകം എഴുതിക്കാണിച്ചുകൊണ്ടാണ്. ഫുട്‌ബോളിൽ എന്നെങ്കിലും ഒരു ദൈവമുണ്ടായിട്ടുണ്ടെങ്കിൽ അതു മാറഡോണയാണ്. അയാൾ ഫുട്ബാളിലെ ക്രൈസ്റ്റ് ആകുന്നു. 'ബിഫോർ ഓർ ആഫ്റ്റർ മാറഡോണ' എന്ന് അയാൾക്കു മുൻപും ശേഷവും ആയി വേർതിരിക്കപ്പെട്ടിരിക്കുന്നു, ഫുട്‌ബോൾ ചരിത്രം. മാറഡോണ ബൂട്ടഴിച്ച് വച്ചിട്ട് രണ്ട് ദശകങ്ങളായിട്ടും, മെസ്സിക്കും റൊണാൾഡോയ്ക്കും മറ്റും അയാളോട് മത്സരിച്ച് നിരന്തരം തോൽക്കേണ്ടി വരുന്നു. അയാൾ ദൈവത്തെപ്പോലെ മൈതാനങ്ങൾ ഭരിച്ചിരുന്ന കാലത്തേക്കെത്താനോ, പിന്നെയും കുറച്ച് വർഷങ്ങൾ പുറകോട്ട് സഞ്ചരിക്കണം. നമ്മളിലെത്രപേർ അയാൾ രചിച്ച ഇതിഹാസങ്ങൾ യുട്യൂബ് ഉണ്ടാകുന്നതിനും മുൻപ് കണ്ടിട്ടുണ്ട്? എന്നിട്ടും മാറഡോണയ്ക്ക് പകരം വയ്ക്കാനാളെ തിരയുകയാണ് സാർഥവാഹകസംഘങ്ങൾ, വ്യർഥമായി, ഓരോ തവണയും നിരാശയേറ്റുവാങ്ങിക്കൊണ്ട്.

മാറഡോണ ദൈവമോ ചെകുത്താനോ ആകട്ടെ. (മഹാമൂരാച്ചികളായ അത്തീയിസ്റ്റുകളോടെനിക്ക് കലഹിക്കുവാൻ മനസ്സില്ല.) അയാളെനിക്ക് കഞ്ചാവാണ്. അടിമുടി ലഹരിയാണ്. ഒടുക്കത്തെ ഉന്മാദമാണ്. മലപ്പുറത്ത് വളാഞ്ചേരിക്കയ്ടുത്തുള്ള പാങ്ങിൽ എനിക്കൊരു ചങ്ങായിയുണ്ട്. ഓന്റെ നാട്ടിൽ മൂപ്പരുടെ പേരു കഞ്ചാവ് എന്നാണ്! മാറഡോണ എന്ന മനുഷ്യനെ, അയാളുടെ പന്തുകളിയെ വിശേഷിപ്പിക്കാൻ ഇതിലും നല്ലൊരു പേരെനിക്ക് വേറെ കിട്ടിയിട്ടില്ല. മാറഡോണ എപ്പോളും ജയിക്കാനായി മാത്രം കളിച്ചവനല്ല. തോൽക്കാൻ വേണ്ടിയും കളിച്ചട്ടുണ്ടാവില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. അയാൾ കളിച്ചതെല്ലാം കളിക്കാൻ വേണ്ടിയായിരുന്നു. അയാൾ അടിമുടി കരിയറിസ്റ്റായ, പെർഫക്ഷനിസ്റ്റായ ഒരു പ്രൊഫഷണലായിരുന്നില്ല. കളി ലഹരിയാക്കിയ, ആ ലഹരി കണ്ട് നിന്നവനിലേക്ക് പകർന്നു നൽകിയ ഉന്മാദിയായിരുന്നു. പരിശീലകന്റെ കളി നിയമങ്ങളുടെ കാർക്കശ്യത്തെ നിരന്തരം ഭേദിച്ച് കൊണ്ടിരുന്ന അയാൾ കലാപകാരിയായ കലാകാരനെപ്പോലെ, ഓരോ തവണയും പുതിയ സൃഷ്ടികൾ രചിച്ചുകൊണ്ടിരുന്നു.

കളിപ്രാന്തനായ മൂത്താപ്പയിൽ നിന്നാണെന്ന് തോന്നുന്നു, ഓർമ്മ വച്ചപ്പോൾ മുതൽ മാറഡോണ മനസ്സിലോട്ട് കയറിയിരുന്നു. പക്ഷേ, ഒന്ന് കാണാൻ, ആറു വയസ്സാകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. 1990ലെ ഇറ്റാലിയ വേൾഡ്കപ്പിലെ അർജന്റീന കാമറൂൺ ഉൽഘാടനമൽസരം കാണാൻ ഉറക്കമൊഴിച്ച് കാത്തിരുന്ന സമയത്ത് എന്റെ ഹൃദയം മിടിച്ചതിന്റെ ഒച്ച, ദാ, ഇതെതെഴുതുമ്പോളും കേൾക്കാം. ചിത്രത്തിലല്ലാതെ ചലിക്കുന്ന മാറഡോണയെ ആദ്യമായ് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. അയാളുടെ കാലുകളിൽ പന്തു തൊടുമ്പോൾ ആവേശം കൊണ്ട് അലറി വിളിച്ചു. കാമറൂണിന്റെ ആറടി പൊക്കമുള്ള മതിലിൽ തടഞ്ഞ് ആ അഞ്ചടി അഞ്ചിഞ്ച് വീണപ്പോളൊക്കെ, ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ അന്നറിയാവുന്ന ഗമണ്ടൻ തെറികൾ ആ കുഞ്ഞു വായിലൂടെ പുറത്ത് വന്നു. വാപ്പയുടെ ശാസന കാരണം വാ മൂടിക്കെട്ടിയാണ് ബാക്കി കളി കണ്ട് തീർക്കേണ്ടി വന്നത്. എന്നിട്ട് കട്ടിലിൽ പോയി കിടന്ന് ഒച്ചയുണ്ടാക്കാതെ ഒറ്റ കരച്ചിലായിരുന്നു. കാരണം കളി മാറഡോണ തോറ്റിരുന്നു. ആ ലോകകപ്പ് ഫൈനലിൽ ജർമ്മനിയോട് തോറ്റപ്പോൾ മാറഡോണ വാവിട്ട് കരഞ്ഞതിനേക്കാൾ ഒച്ചത്തിൽ ഞാൻ ഇവിടെയിരുന്നു കരഞ്ഞു. അപ്പോളേക്കും അയാൾ തന്ന ലഹരി തലയ്ക്ക് പിടിച്ചിരുന്നു. അർജന്റീനയാണെന്റെ ദൈവരാജ്യം എന്ന് ഉറക്കെ പ്രഖ്യാപിച്ച് കഴിഞ്ഞിരുന്നു.

വലിയ സർക്കസുകളൊന്നും കാണിക്കാതെ അരക്കെട്ടൊന്നു ചെറുതായി കുലുക്കിയാൽ തന്നെ എതിർപ്രതിരോധ നിര ചിതറിത്തെറിക്കുന്ന മാജിക്ക് പിന്നെ, കണ്ട് തിമർത്തത് ഇന്റർനെറ്റ് വന്നപ്പോളാണ്. നൂറ്റാണ്ടിന്റെ ഗോൾ, നൂറ്റാണ്ടിന്റെ ഗോൾ ആകുന്നത് അത് എത്രമാത്രം അനായാസമായാണ് പണിതീർത്ത് വച്ചിട്ടുള്ളത് എന്നോർക്കുമ്പോളാണ്. മാറഡോണയ്ക്ക്, നേരത്തെപ്പറഞ്ഞത് പോലെ, കളി ജയിക്കാനുള്ള ഒരു യുദ്ധമായിരുന്നില്ല. ഒരാഘോഷവും ലഹരിയുമായിരുന്നു. ചുവടെയുള്ള വീഡിയോയിൽ 2:44 മുതൽ കാണുക



കണ്ടില്ലേ. ഇതുപോലൊരു ഗോളടിക്കാൻ മെസ്സിയും റൊണാൾഡോയും ഇനിയും ജനിക്കണം. കളിക്കളത്തിൽ വിജയം മാത്രം കാണുന്നവന്, അതു ഭ്രാന്തായിരിക്കും. വിഡ്ഢിത്തമായിരിക്കും. പക്ഷേ, ഞമ്മൾക്ക് ഫുട്‌ബോൾ യുദ്ധമല്ല, അതൊരു ലഹരിയാണ്. ഉന്മാദമാണ്. മാറഡോണ, അതിന്റെ മൂർത്തിയാകുന്നു.

2. കള്ള്

ലോകഫുട്‌ബോളിലെ വഴിത്തിരിവെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരമാണ് 1958ലെ ബ്രസീൽ യു.എസ്.എസ്.ആർ പോരാട്ടം. ലോകമിതുവരെ കണ്ടതിൽ വച്ചേറ്റവും മികച്ച ഗോൾ കീപ്പറെന്ന് വാഴ്‌ത്തപ്പെട്ടിട്ടുള്ള ലെവ് യാഷിന്റെ ചെമ്പടയെ ബ്രസീൽ തകർത്തുകളഞ്ഞു. ലോകഫുട്‌ബോളിലെ പുത്തൻ ശക്തിയുടെ പിറവിയായിരുന്നു അത്. അതോടൊപ്പം ലോകഫുട്‌ബോളിലെ സമാനതകളില്ലാത്ത ഒരു താരവും ഉദിച്ചുയർന്നു, 'ഗരിഞ്ച'.

കുറച്ച് ദിവസങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സോവിയറ്റ് യൂണിയൻ കളിക്കാരെ നോക്കി നിൽക്കുന്ന കൂട്ടുകാരോട് ഗരിഞ്ച ചോദിച്ചു, 'ആരാണവർ!!?' ഗരിഞ്ച അങ്ങനെയായിരുന്നത്രേ. എതിരാളിയാരാണെന്നതൊന്നും അയാൾ ശ്രദ്ധിക്കാറേ ഉണ്ടായിരുന്നില്ല. 'കളിക്കുക. രസിക്കുക. ജയിച്ചാലും തോറ്റാലും, രസിച്ച് കളിക്കുക.' ഗരിഞ്ചയുടെ മന്ത്രം അതു മാത്രമായിരുന്നു.
ഗരിഞ്ചയെക്കുറിച്ചറിയുന്നത് മാതൃഭൂമി സ്‌പോർട്ട്‌സ് വാരികയിൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളിൽ നിന്നുമായിരുന്നു. വായിച്ച് കമ്പം കയറി അയാളുടെ കളിയെങ്ങനെയെങ്കിലും ഒന്നു കാണണമെന്നായി പിന്നെ. പക്ഷേ, നോ രക്ഷ. കോഴിക്കോട്ടെ കാസറ്റു കടകളിലൊക്കെ അന്വേഷിച്ചു. നടന്നില്ല. ഒടുക്കം അതിന് ഇന്റർനെറ്റ് വേണ്ടി വന്നു. കണ്ടപാടെ നമ്മൾ അഡിക്റ്റായി. വീണ്ടും വീണ്ടും മോന്താൻ തോന്തുന്ന ഒന്നാന്തരം കള്ള്. ഒരിക്കലുമിറങ്ങാത്തെ കെട്ട്.

ഗരിഞ്ചയുടെ കളി കണ്ടവർ അയാളെ ഫുട്‌ബോളിലെ ചാർലി ചാപ്ലീൻ എന്ന് വിളിച്ചു. ഫുട്‌ബോൾ കണ്ട 'ദ ട്രൂവസ്റ്റ് ആർട്ടിസ്റ്റ്' എന്നു വിശേഷിപ്പിക്കപ്പെട്ടു. പെലെ കളിച്ചിരുന്ന ബ്രസീലിൽ, അയാൾ ഏറ്റവും പ്രിയപ്പെട്ട കളിക്കാരനായി! ക്ലബേതായാലും, ഗരിഞ്ചയ്ക്ക് വേണ്ടി ആരാധകർ ആർത്ത് വിളിച്ചു. കാരണം അയാൾ കളിച്ചത് ക്ലബുകൾക്ക് വേണ്ടിയായിരുന്നില്ല. ഫുട്‌ബോളിനു വേണ്ടിയായിരുന്നു. 'ടാീസശിഴ ഴശ്‌ല ്യെീൗ രമിരലൃ യൗ േറൃശിസശിഴ ാമസല ്യെീൗ മ റമിരലൃ' എന്നൊരു ഫേസ്‌ബുക്ക് പോസ്റ്റ് കുറച്ച് ദിവസം മുൻപാണ് കണ്ടത്. ഗരിഞ്ച ആളുകളെ നൃത്തമാടിക്കുകയായിരുന്നു അക്ഷരാർഥത്തിൽ ചെയ്തത്. സകല കളിനിയമങ്ങളെയും ഉല്ലംഘിച്ച ഗരിഞ്ച, കോച്ചുകളുടെ പ്ലാനുകൾ കാറ്റിൽ പറത്തി. അയാൾ അയാൾക്കു തോന്നിയത് പോലെ മനോഹരമായി കളിച്ചുകൊണ്ടേയിരുന്നു; ഭ്രാന്തമായി, സ്വതന്ത്രനായി. ജന്മനാലുള്ള വൈകല്യത്തേയും കുത്തഴിഞ്ഞ ജീവിതത്തേയും ഒക്കെ വെല്ലുവിളിച്ചു കൊണ്ട് ഫുട്‌ബോൾ ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന കളികൾ സൃഷ്ടിച്ചു. ഏതാണ്ട് ഒറ്റയ്ക്ക് തന്നെ, സ്വന്തം ടീമിനെ ചുമലിലേറ്റുകയും, ലോകചാമ്പ്യന്മാരാക്കുകയും ചെയ്തു (മറ്റൊരാൾ മാറഡോണയാണ്) . തനിക്ക് ഒരിക്കലും നിയന്ത്രിക്കാനാവാതിരുന്ന ആ 'തനിക്ക്' മുന്നിൽ അവസാനം കീഴടങ്ങുന്നത്, ഇതിലും മികച്ചൊരു എന്റർടെയിനർ ഇനി ഫുട്‌ബോളിലുണ്ടാകില്ല എന്നുറപ്പ് വരുത്തിക്കൊണ്ടായിരുന്നു. പൊതുബോധത്തിന്റെ സ്‌കെയിൽ വച്ചളന്നാൽ ഗരിഞ്ച പരാജയപ്പെട്ടവനാണ്. എന്നാൽ ജയിച്ചോ തോറ്റോ എന്ന് ആലോചിക്കാൻ മെനക്കെടാതിരുന്ന ഗരിഞ്ചയ്ക്ക് മുൻപിൽ ഫുട്‌ബോൾ ചരിത്രത്തിൽ എല്ലാ ജയങ്ങളും നിഷ്പ്രഭമാകുന്നു. ഏതു വലിയ ജയങ്ങളേക്കാളും ലഹരിയായി ഫുട്‌ബോൾ ഭ്രാന്തന്മാരുടെ മനസ്സിൽ ഗരിഞ്ച ഇന്നും നില നിൽക്കുന്നു.

3. കിറുക്ക്

സ്വാഭാവികതയിൽ നിന്നുമുള്ള വ്യതിചലനമാണ് കിറുക്ക്. നിയമങ്ങളുടെ കടുംകെട്ടു പൊട്ടിച്ചുകൊണ്ടുള്ളൊരു കുതറിച്ചാട്ടമാണത്. ഒറിജിനൽ എന്നു വിശേഷിപ്പിക്കാവുന്നതെന്തും, അതേതു രംഗത്തായാലും, ഉണ്ടാകുന്നതിൽ ഈ കിറുക്കിനുള്ള പങ്ക് ചില്ലറയല്ല. ഫുട്‌ബോളിൽ അത്തരമൊരു കിറുക്കിന്റെ പേരാണ് ഹിഗ്വിറ്റ. കഴിവും കൈവരിച്ച നേട്ടങ്ങളും നോക്കുകയാണെങ്കിൽ കഞ്ചാവിനും കള്ളിനുമൊപ്പം ഈ കിറുക്കെത്തുമോ എന്ന് സംശയമുണ്ട്. ഗോൾ കീപ്പർമാരിൽ യാഷിന്റെയോ ഷിൽറ്റന്റെയൊ ഒന്നും തലപ്പൊക്കമോ ഒന്നും ഹിഗ്വിറ്റയ്ക്കില്ല. പക്ഷേ, സ്വന്തം ശൈലിയിലൂടെ അയാൾ കാണികളിലേക്ക് പകർന്നിട്ടുള്ള എക്‌സൈറ്റ്‌മെന്റ് മാത്രം മതി അയാളെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്താൻ. 1990ലെ വേൾഡ് കപ്പ് വിൻ ചെയ്തത് ആരാണെന്ന് ആരോർത്തിരിക്കാൻ? 1958ൽ ബ്രസീലിനോട് ഫൈനലിൽ തോറ്റ ടീമാരാണെന്ന് ആരോർമ്മയിൽ സൂക്ഷിക്കാൻ? (പി എസ് എസി പരീക്ഷയ്ക്ക് പഠിക്കുന്നവൻ മനഃപ്പാഠമാക്കുമായിരിക്കും.) പക്ഷേ, പെനാൽറ്റി ഏരിയ കടന്നും ഡ്രിബിൾ ചെയ്തു ബോളുമായി കുതിക്കുന്ന, മുന്നോട്ടേക്ക് വളഞ്ഞ് കാലിന്റെ പിൻഭാഗം കൊണ്ട് തേളിനെപ്പോലെ ഗോൾ പോസ്റ്റിലേക്ക് വരുന്ന ബോൾ തെറിപ്പിച്ചു കളയുന്ന കിറുക്കൻ ഹിഗ്വിറ്റയെ, ഫുട്‌ബോളും ഞമ്മളും ഉള്ള കാലത്തോളം മറക്കില്ല.

തോറ്റാൽ ഞമ്മക്ക് മാനക്കേട് ആണ്. ജയിച്ചാലും. രണ്ടായാലും അതു കരഞ്ഞുകൊണ്ടാഘോഷിക്കും. ഫുട്‌ബോൾ നമുക്ക് ഒരു യുദ്ധമല്ല. മറിച്ച് അത്, കള്ളാണ്. കഞ്ചാവാണ്. കിറുക്കാണ്. അടിമുടി ലഹരിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP