Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതിൽ നിർമ്മിതിയും, ശബരിമല യുവതി പ്രവേശവും കേവലം രാഷ്ട്രീയ ഉപകരണങ്ങൾ മാത്രമായിരുന്നു; മതിൽ നിർമ്മിച്ചവരും മതിലിൽ ചാരിനിന്നവരും ഇതൊന്നും ഇപ്പോൾ മനസ്സിലാക്കാൻ ഇടയില്ല; മതിലുകൾക്ക് പിന്നിലെ മനഃശാസ്ത്രം; ഭരണകൂടത്തിന്റെയും: സി ടി വില്യംസ് എഴുതുന്നു

മതിൽ നിർമ്മിതിയും, ശബരിമല യുവതി പ്രവേശവും കേവലം രാഷ്ട്രീയ ഉപകരണങ്ങൾ മാത്രമായിരുന്നു; മതിൽ നിർമ്മിച്ചവരും മതിലിൽ ചാരിനിന്നവരും ഇതൊന്നും ഇപ്പോൾ മനസ്സിലാക്കാൻ ഇടയില്ല; മതിലുകൾക്ക് പിന്നിലെ മനഃശാസ്ത്രം; ഭരണകൂടത്തിന്റെയും: സി ടി വില്യംസ് എഴുതുന്നു

ഡോ. സി ടി വില്യം

തിലുകൾ എക്കാലത്തും വിഭജനത്തിന്റെയും വിഭാഗീയതയുടെയും പ്രതീകമാണ്. മതിലുകൾ മനുഷ്യൻ നിർമ്മിക്കുമ്പോൾ അവിടെ വിഭജനവും വിഭാഗീയതയും കൃത്യമാവുന്നു. അത് മനുഷ്യസമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം പണിയുമ്പോൾ അവിടെ വിഭജനവും വിഭാഗീയതയും വർഗ്ഗീയതയും പൂർണ്ണമാവുന്നു. കേരളത്തിൽ ഭരണകൂടത്തിന്റെ അല്ലെങ്കിൽ മുഖ്യ ഭരണകർത്താവിന്റെ നേതൃത്തത്തിൽ പണിതുയർത്തിയ മതിൽ ഇത്തരത്തിലുള്ള പൂർണ്ണതയെ പ്രാപിച്ചിരിക്കുന്നു. മേൽപ്പറഞ്ഞ വസ്തുതകളെ വിശ്വസിക്കാമെങ്കിൽ മതിലുകൾ ഒരുകാലത്തും നവോത്ഥാന സഹൃദം പുലർത്തിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല.

കേരളത്തിൽ മതിൽ നിർമ്മിക്കപ്പെട്ടത് നവോത്ഥാനവും സ്ത്രീ-പുരുഷ തുല്യതയും ദൃഡീകരിക്കാൻ വേണ്ടിയായിരുന്നെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടർന്നാണ് കേരള ഭരണകൂടം മതിൽ നിർമ്മിതിക്ക് തുനിഞ്ഞതെന്നതും ശ്രദ്ധേയമാണ്. ഈ വസ്തുതകളെല്ലാം ശരിയെങ്കിൽ കേരളത്തിൽ ഇപ്പോൾ കാണുന്ന വിഭജിത-വിഭാഗീയ-വർഗ്ഗീയ കലാപങ്ങൾക്ക് നിമിത്തമായതും നവോത്ഥാനത്തിന്റെ മറവിലും സുപ്രീംകോടതി വിധിയുടെ മറവിലും പണിതുയർത്തിയ ഭരണകൂട മതിലാണ് എന്നും പറയേണ്ടിവരും. അതേസമയം സദുദ്ദേശത്തിന്റെ കൃത്രിമ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ നമുക്ക് ഈ ഭരണകൂട മതിലിനെ മഹത്വവൽക്കരിക്കുകയും ആവാം. ഈ മഹത്വവൽക്കരണമാണ് ഇന്ന് കേരളത്തിൽ ഉടനീളം നടക്കുന്നതും.

ഇവിടെ കേരളത്തിന്റെ ഭരണകർത്താവായ മുഖ്യമന്ത്രി നേരിട്ടാണ് മതിൽ നിർമ്മിതിക്കുള്ള സംഘാടനത്തിന് നേതൃത്തം കൊടുത്തതെന്നതും ശ്രദ്ധേയമാണ്. സ്ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിന്നായി സ്ത്രീകളിൽ ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി ലക്ഷ്യം വച്ചത്. അതിൽ പ്രഥമ ദൃഷ്ട്യാ തെറ്റുപറയാനുമാവില്ല. അതേസമയം മേൽപ്പറഞ്ഞ വിഭജിത-വിഭാഗീയ-വർഗ്ഗീയ നിർമ്മിതിക്കും കലാപങ്ങൾക്കും ഈ മതിൽ മുഖ്യ നിമിത്തമായെന്ന സത്യവും പറയാതെ വയ്യ. ഒപ്പം ലിംഗ വിവേചനം, രാഷ്ട്രീയം, ജാതി, മതം, വർഗ്ഗം, സമുദായം എന്നിങ്ങനെ സമൂഹത്തിൽ ഒരു സ്വാർത്ഥബോധം വളർത്തിയെടുക്കുന്നതിലും മതിൽ നിർണ്ണായക പങ്കുവഹിച്ചെന്നും നമുക്ക് പറയേണ്ടിവരും.

വസ്തുതകൾ ഇതൊക്കെയാണെങ്കിലും വനിതാമതിൽ വിജയിച്ചു. റെക്കോർഡുകളോടെ അദ്ധ്യായമായെന്നും ചരിത്രമായെന്നും നമുക്ക് ആലങ്കാരികമായി ഉദ്‌ഘോഷിക്കാം. മതിൽ നിർമ്മിതിക്കും സംഘാടനത്തിനും ചുക്കാൻ പിടിച്ച കേരള ഭരണകൂടത്തിനും മുഖ്യ ഭരണകർത്താവിനും അണികൾക്കും സന്തോഷിക്കാം, ആനന്ദിക്കാം.

അതേസമയം നമുക്ക് പറയാനുള്ളത് പറയാതിരിക്കാനാവില്ല. അതൊക്കെ കേൾക്കാൻ വിധിക്കപ്പെട്ടവർ കേൾക്കുകയും വേണം. വനിതാമതിൽ ഉയർത്തപ്പെട്ട നാളുകൾക്ക് അനുബന്ധമായിതന്നെ ശബരിമല യുവതി പ്രവേശവും സാധ്യമാക്കിയെന്നത് ഒരിക്കലും സ്വാഭാവികമല്ല. വനിതകൾ അറിയാതെ, അണികൾ അറിയാതെ ഈ മതിൽ നിർമ്മിതിയിൽ ഒരു കുടില രാഷ്ട്രീയ നിർമ്മിതി കൂടി ഉണ്ടായിരുന്നതിന്റെ തെളിവുകൂടിയാണ് ശബരിമല യുവതി പ്രവേശം. ഒരു സുരക്ഷിത പരിചപോലെ പശ്ചാത്തലത്തിൽ നിലകൊണ്ട സുപ്രീംകോടതി വിധി നടപ്പാക്കിയെന്ന സത്യം നിലനിൽക്കുമ്പോഴും, ഒരു ഭരണകർത്താവും അയാളുടെ ക്രമസമാധാന കൂട്ടാളികളും കൂടി നടത്തിയ ഒരു പൊളിറ്റിക്കൽ-സോഷ്യോളജിക്കൽ എന്ജിനീയറിംഗിന്റെ രഹസ്യ രേഖാചിത്രങ്ങളും നമ്മുടെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര തച്ചുശാസ്ത്രം എത്രത്തോളം അധാർമ്മികമായിരുന്നു എന്നത് അന്വേഷിക്കാനും കണ്ടെത്താനും കേരളത്തിലെ ജനങ്ങൾക്ക് അധികാരവും അവകാശവുമുണ്ടെന്നതും ഭരണകൂടം ഓർത്താൽ നന്ന്.

മതിൽ നിർമ്മിതിയെ തുടർന്നുണ്ടായ ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് കേരളത്തിൽ അശാന്തിയും അസമാധാനവും കത്തിപ്പടർന്നു. ഇപ്പോൾ അനൗദ്യോഗികമായി ലഭ്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഏതാണ്ട് പതിനായിരക്കണക്കിന്നു കേസുകളും അറസ്റ്റുകളും റിമാണ്ടുകളും കേരളത്തിൽ സംഭവിച്ചുവെന്നാണ്. വരുംനാളുകളിൽ ഇതിൽ കാര്യമായ വർദ്ധന ഉണ്ടാവുമെന്നും കരുതേണ്ടിയിരിക്കുന്നു.

മതിൽ നിർമ്മാണവും ശബരിമല യുവതി പ്രവേശവും തമ്മിൽ ആസൂത്രിതവും ഘടനാപരവുമായ ബന്ധമുണ്ടായിരുന്നു എന്നുപറയുന്നതിൽ തെറ്റില്ല. മാധ്യമങ്ങൾ പുറത്തുവിടുന്ന വർത്തമാനങ്ങൾ പരിശോധിക്കുമ്പോൾ ഈ രഹസ്യ ബന്ധം നമുക്ക് സ്ഥാപിച്ചെടുക്കാനാവും.

അതോടൊപ്പം തന്നെ ശബരിമല പ്രവേശം സാധ്യമാക്കിയ യുവതികളെ സംബന്ധിച്ചിടത്തോളം അവർക്ക് അതൊരു സാമൂഹ്യ പ്രതിജ്ഞാ ബദ്ധതയുടെ ദൗത്യ പൂർത്തീകരണം മാത്രമായിരുന്നെന്നും കാണാവുന്നതാണ്. യുവതികളുടെ ശബരിമല പ്രവേശത്തിന് മതിലൊരുക്കി സുരക്ഷ ഏർപ്പെടുത്തിയ ഭരണകൂടത്തിനും ഭരണകർത്താവിനും അതൊരു രാഷ്ട്രീയാഹന്തയുടെ ദൗത്യ പൂർത്തീകരണവും ആയിരുന്നെന്നതും വസ്തുതാപരമായ സത്യമാണ്.

ഈ പരിസരത്തുനിന്ന് ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നത് മതിൽ നിർമ്മിതിയും, ശബരിമല യുവതി പ്രവേശവും, സുപ്രീംകോടതി വിധി നടപ്പാക്കലും കേവലം രാഷ്ട്രീയ ഉപകരണങ്ങൾ മാത്രമായിരുന്നു എന്നാണ്. മതിൽ നിർമ്മിച്ചവരും മതിലിൽ ചാരിനിന്നവരും പക്ഷെ, ഇതൊന്നും ഇപ്പോൾ മനസ്സിലാക്കാൻ ഇടയില്ല. അവരെ അതൊക്കെ മനസ്സിലാക്കി കൊടുക്കേണ്ട ചുമതല കാലത്തിനാണ്. ചരിത്രത്തിനാണ്.

ഓരോ വ്യക്തിക്കും സമൂഹത്തിനും സാമാന്യേന മൂന്നു മനഃശാസ്ത്ര തലങ്ങളുള്ളതായി മനഃശാസ്ത്രം പറയുന്നുണ്ട്. കറ അഥവാ വ്യക്തിയിലെ ജന്മവാസനാസഞ്ചയം (Instinct), Ego അഥവാ അഹംബോധം അല്ലെങ്കിൽ അഹങ്കാരം, Super ego അഥവാ വിഷിഷ്ടാന്തകരണം എന്നിവയാണ് ആ മൂന്നുതലങ്ങൾ. മതിലിന്റെ മനഃശാസ്ത്രം പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് നമ്മുടെ ഭരണകൂടത്തിനും മുഖ്യ ഭരണകർത്താവിനും മൂന്നാം തലമായ ടൗുലൃ ലഴീ അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥാവിശേഷം ഉണ്ടായിരുന്നു എന്നാണ്. ഇതൊരു മനോരോഗമല്ല. അതേസമയം മനഃശാസ്ത്രപരമായ സമീപനം കൊണ്ട് തിരുത്തിയെടുക്കാവുന്ന മനോനിലയാണ്.

എന്താണ് ടൗുലൃ ലഴീ അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥ. കറ അഥവാ വ്യക്തിയിലെ ജന്മവാസനാസഞ്ചയം (Instinct), Ego അഥവാ അഹംബോധം അല്ലെങ്കിൽ അഹങ്കാരം തുടങ്ങിയവയുടെ ഒരു പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ടുള്ള അങ്ങേയറ്റത്തെ വിശിഷ്ടമായ ഒരു അന്തകരണത്തിന് അടിമപ്പെടുകയാണ് ഇവിടെ Super ego അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥക്ക് വിധേയനാവുന്ന വ്യക്തി അല്ലെങ്കിൽ സമൂഹം. ഇതൊരുതരം ചോദ്യം ചെയ്യാനാവാത്ത പിതൃ സ്വഭാവമുള്ള അഹംബോധവും അഹങ്കാരവുമാണ് (Parental Ego). താൻ ചെയ്യുന്നതാണ് ധാർമ്മികത, താൻ ചെയ്യുന്നതാണ് പരമമായ ശരി എന്നൊരു അവസ്ഥയാണ് ഇത്. ഇത്തരക്കാർ കൂടുതലും കാര്യങ്ങൾ ചെയ്യുന്നത് അവരുടെ അബോധതലങ്ങളിൽ (Unconsciounsess) നിന്നുകൊണ്ടാവും. ഇത്തരക്കാർക്ക് മറ്റുള്ളവരുടെ ശരിയും തെറ്റും ധാർമ്മികതയും വേദനയും കഷ്ടപ്പാടും ദുരിതങ്ങളും ഒന്നും ഈ അവസ്ഥയിൽ മനസ്സിലാവില്ല. നമ്മുടെ ഭരണകൂടത്തിന്റെ അഥവാ മുഖ്യ ഭരണകർത്താവിന്റെ മാനസികാവസ്ഥയും പിതൃ സ്വഭാവമുള്ള അഹംബോധവും അഹങ്കാരവുമാണ് (Parental Ego) എന്ന് മനഃശാസ്ത്രപരമായി ഈ സന്ദർഭത്തിൽ നമുക്ക് ഉറപ്പിക്കേണ്ടിവരും.

അതുകൊണ്ടാണ് സുപ്രീംകോടതി വിധിയുടെ ശരിയുടെ പിൻ ബലത്തിൽ നിന്നുകൊണ്ട് മതിലിന്റെ ശരിയിലൂടെ അല്ലെങ്കിൽ വഴിയിലൂടെ പിതൃ സ്വഭാവമുള്ള അഹംബോധത്തോടെയും അഹങ്കാരത്തോടെയും ഇവിടെ ഒരു ഭരണകൂട ശരി ജനങ്ങളിൽ അടിച്ചേൽപ്പിച്ചത്. അതുകൊണ്ട് സമൂഹത്തിന്റെ ശരിയും തെറ്റും ധാർമ്മികതയും വേദനയും കഷ്ടപ്പാടും ദുരിതങ്ങളും ഒന്നും തന്നെ ഭരണകൂടത്തിന്റെ അല്ലെങ്കിൽ മുഖ്യ ഭരണകർത്താവിന്റെ അബോധതല ജന്യമായ ചെയ്തികൾക്ക് കാണാനായില്ല.

കേരളത്തിലെ പതിനായിരക്കണക്കിന്ന് ജനങ്ങളെ കലാപഭൂമിയിലേക്ക് തള്ളിവിട്ട ഭരണകൂടത്തിന്റെ അഥവാ മുഖ്യ ഭരണകർത്താവിന്റെ മനോനിലയെ അതുകൊണ്ടുതന്നെ മനഃശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും പരിശോധിക്കാൻ നാം നിർബന്ധിതരാവുന്നു. മതിലിന്റെ നിർമ്മിതി മുതൽ ശബരിമല യുവതി പ്രവേശം വരെയുള്ള സംഭവങ്ങളുടെ മനഃശാസ്ത്രം നമ്മെ പഠിപ്പിക്കുന്നതും അതാണ്. കേരളത്തിന്റെ മുഖ്യ ഭരണകർത്താവിന്റെ ഉപദേശകസമിതിയിൽ മനഃശാസ്ത്രജ്ഞരെയും സാമൂഹ്യശാസ്ത്രജ്ഞരെയും കൂടി ഉൾപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP