Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ത്രീകളുടെ സുരക്ഷക്ക് അവരെ ആണോ നിയന്ത്രിക്കേണ്ടത്? മുരളി തുമ്മാരുകുടി എഴുതുന്നു

സ്ത്രീകളുടെ സുരക്ഷക്ക് അവരെ ആണോ നിയന്ത്രിക്കേണ്ടത്? മുരളി തുമ്മാരുകുടി എഴുതുന്നു

പുതുവർഷരാത്രിയിൽ ബാംഗ്ലൂരിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങളും അതിനെപ്പറ്റി ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ വരെ നടത്തിയ പരാമർശങ്ങളും എന്നെ ഏറെ ലജ്ജിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തെങ്കിലും ഒട്ടും അത്ഭുതപ്പെടുത്തിയില്ല. ഇതൊരു ബാംഗ്‌ളൂർ സ്‌പെഷ്യലിറ്റിയോ പുതുവർഷത്തിൽ മാത്രം ഉണ്ടാകുന്നതോ അല്ല. കേരളത്തിൽ എല്ലാ ദിവസവും എത്രയോ തവണ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. കേരളത്തിൽ ജനിച്ചു വളർന്ന ഏതെങ്കിലും സ്ത്രീകളിൽ സ്വന്തം ശരീരത്തിനു നേരെ അറിയുന്നവരും അറിയാത്തവരും ആയ പുരുഷന്മാരിൽ നിന്നും അവസരങ്ങൾ ഉപയോഗിച്ചുള്ള കടന്നുകയറ്റം ഉണ്ടാകാത്തവർ ഉണ്ടോ ? കേരളത്തിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്കും സ്ഥിരമായി പൊതുഗതാഗതസംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്കുമെല്ലാം അവരുടെ നേരെയുള്ള ലൈംഗികമായ കടന്നുകയറ്റം ഏതാണ്ട് ഒരു ഒക്കുപ്പേഷണൽ ഹസാർഡ് പോലെയാണ്. കേരളത്തിലെ കാമ്പസുകളിൽ വനിത അദ്ധ്യാപകർ പോലും വിദ്യാർത്ഥികളിൽ നിന്നുള്ള വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ഉള്ള ലൈംഗിക കടന്നു കയറ്റത്തിന് ഇരയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നല്ലോ. ഇതിന്റെ കാരണങ്ങളിലേക്കും പ്രതിവിധികളിലേക്കും പോകുന്നതിനുമുൻപ് ഇത്തരം പ്രവർത്തികളുടെ സ്വഭാവത്തെയും പ്രത്യാഘാതത്തെയും പറ്റി ചിലതുപറയാം.

ഇതൊരു സീറോ സം ഗെയിമല്ല : തിരക്കുള്ള ബസുകളിലോ അമ്പലപ്പറന്പിലോ ഒക്കെ സ്ത്രീകളുടെ ശരീരത്തിൽ അറിഞ്ഞും അറിയാത്തമട്ടിലും അനാവശ്യമായിട്ടും സ്പർശിക്കുന്നത് ഒരു 'ചെറിയ' കാര്യമായിട്ടേ ഭൂരിഭാഗം പുരുഷന്മാരും കരുതുന്നുള്ളു. താൽക്കാലത്തെ ഒരു സുഖം അല്ലെങ്കിൽ രസം എന്നതല്ലാതെ അടുത്ത ദിവസം പോലും അവരാ സംഭവത്തെ പറ്റി ഓർക്കുന്നേ ഇല്ല. പക്ഷെ ഇരയുടെ സ്ഥിതി ഇതല്ല. ഏതെങ്കിലുമൊരു സ്ഥലത്തുവച്ച് സ്വന്തം ഇഷ്ടത്തിനെതിരായ കടന്നുകയറ്റം അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളും വലിയ മാനസികസംഘർഷത്തിലൂടെയാണ് പിന്നീട് കടന്നുപോകുന്നത്. ആദ്യം വലിയ പേടിയാണ് ഉണ്ടാകുന്നത്, പിന്നെ മലിനമാക്കപ്പെട്ടതുപോലെ ഉള്ള അറപ്പ് , പ്രതികരിക്കാൻ പറ്റാത്തതിലുള്ള ആത്മസംഘർഷം, തന്നെ ഒരു ശരീരം മാത്രമായി കരുതപ്പെട്ടതിലുള്ള അമർഷം ഇതൊക്കെ ഏറെക്കാലം അവരുടെ മനസ്സിലുണ്ടാകും. രാത്രി പുറത്തേക്കിറങ്ങാനും ഒറ്റയ്ക്ക് നടക്കാനും പൊതുഗതാഗതം ഉപയോഗിക്കാനും ഒക്കെ ഏറെ നാൾ ഭയമായിരിക്കും. എത്ര ആഴത്തിലുള്ള മുറിവാണ് ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീകളിലുണ്ടാക്കുന്നതെന്ന് പല പുരുഷന്മാരും മനസ്സിലാക്കുന്നത് അവർ ഒരു പെൺകുട്ടിയുടെ അച്ഛനായിക്കഴിയുന്‌പോൾ മാത്രമാണ്. ഇതുമാറണം. വളരുന്ന ആൺകുട്ടികൾക്ക് കൗമാരപ്രായത്തിൽത്തന്നെ ജെൻഡർ ഇക്വാലിറ്റിയെപ്പറ്റിയും സെക്ഷ്വൽ ഹരാസ്മെന്റിനെപ്പറ്റിയുമൊക്കെ ബോധവൽക്കരണം നൽകണം.

അതിക്രമം എല്ലാവരുടെയും നേരെ : ഇത്തരത്തിലുള്ള അക്രമികൾ സ്ത്രീകളെ വെറും ലൈംഗികഉപകരണം മാത്രമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ അവർക്കിരയാക്കുന്നവർ കുട്ടികളോ, വയോധികകളോ, വിദ്യാർത്ഥികളോ, ഹോം സെക്രട്ടറിയോ എന്ന വ്യത്യാസമൊന്നും അവർക്കില്ല. പഞ്ചാബിലെ ഫിനാൻസ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് റൂബൻ ബജാജിനെ ഒരു ഔദോഗിക പാർട്ടിയിൽ വച്ച് പഞ്ചാബിലെ ഡി ജി പി ആയിരുന്ന കെ പി എസ് ഗിൽ ചന്തിക്കു തട്ടി അപമാനിക്കുന്നത്. ഇത്തരം അതിക്രമം നടത്തുന്നവരിലും എല്ലാ ജാതി മത സാമ്പത്തിക വിദ്യാഭ്യാസ ക്ലാസ്സുകളിലും നിന്ന് ഉള്ളവർ ഉണ്ട്.

ഒരിടവും സുരക്ഷിതമല്ല : പുതുവർഷരാത്രിയിലാണ് ബാംഗ്ലൂരിൽ അക്രമങ്ങൾ നടന്നതെങ്കിലും ഇത്തരം അക്രമങ്ങൾക്ക് പകലെന്നോ രാത്രിയെന്നോ, ഗ്രാമമെന്നോ നഗരമെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് അവകാശപ്പെടുന്ന തൃശൂരിലെ പ്രധാന സാംസ്‌കാരികോത്സവമായ പൂരത്തിന് നടുക്ക് പോലും ഒറ്റക്കായാലും കുടുംബത്തോടായാലും ചെല്ലുന്ന സ്ത്രീകളെ കൂട്ടമായി അപമാനിക്കുന്നത് ഏതാണ്ട് സ്ഥിരം പതിവാണ്. 'അവസരം' അതാണ് പ്രധാനം. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രത്യേക സമയമോ സ്ഥലമോ ഒഴിവാക്കി രക്ഷപെടാവുന്ന ഒരു വിപത്തല്ലിത്.

നിയമം നടത്തിപ്പിന്റെ അഭാവം: ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രണ്ടു വകുപ്പുകൾ എങ്കിലും ഉണ്ട് ഇത്തരം പ്രശ്‌നത്തെ കൈകാര്യം ചെയ്യാൻ. സെക്ഷൻ 354 (outraging the modesty of a woman) and സെക്ഷൻ 509 (word, gesture or act intended to insult a lady). എന്നാലും ഇത്തരം ഒരു കേസ് കോടതിയിൽ കൂടി നടത്തി ശിക്ഷ വാങ്ങി കൊടുക്കുക എന്നത് അത്ര എളുപ്പമല്ല. മുൻപ് പറഞ്ഞ റൂബൻ ബജാജ് കേസിൽ പതിനേഴ് വർഷത്തിന് ശേഷമാണ് സുപ്രീം കോടതി ഗില്ലിനെ അവസാനമായി ശിക്ഷിക്കുന്നത്. സാധാരണഗതിയിൽ ആർക്കെങ്കിലും ഇത്രനാൾ ഇതിനു വേണ്ടി കോടതി കയറിയിറങ്ങാൻ സമയമോ സൗകര്യമോ പണമോ ഉണ്ടാകുമോ ?. അതെ സമയം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽത്തന്നെ അതിനെ വലിയൊരു കാര്യമായി പൊലീസുകാരും എടുക്കാറില്ല. കോടതി നടപടി ക്രമങ്ങളെ ഒക്കെ പറഞ്ഞു പേടിപ്പിച്ച് എങ്ങനെയെങ്കിലും ഒത്തു തീർപ്പാക്കി വിടാനേ അവരും ശ്രമിക്കൂ. ഇതുകൊണ്ടുതന്നെ കേരളത്തിൽ ഓരോവർഷവുംആയിരക്കണക്കിന് സംഭവിക്കുന്ന സംഭവങ്ങളിൽ ഏറെ കുറവാണ് പൊലീസിലെത്തുന്നത്.അതിൽ തന്നെ അപൂർവം ആണ് കോടതിയിൽ എത്തുന്നത്. അവസാനം കോടതി നടപടികൾ ഒക്കെ കഴിഞ്ഞു സ്ത്രീകളെ ഇത്തരത്തിൽ അപമാനിച്ചതിന് എത്ര ആളുകൾ കേരളത്തിൽ ജയിലിൽ കിടന്നിട്ടുണ്ട് ?

നഷ്ടം പെൺകുട്ടികൾക്ക് മാത്രമല്ല : പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുണ്ടാകുന്ന കടന്നുകയറ്റങ്ങളുടെ പ്രത്യാഘാതം അനുഭവിക്കുന്നത് ആ വ്യക്തിയോ അവരുടെ കുടുംബങ്ങളോ മാത്രമല്ല. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാൻ മടിക്കുന്നതുകൊണ്ട്, അല്ലെങ്കിൽ മക്കളെ കടത്തിവിടാൻ പേടിക്കുന്നതുകൊണ്ട് പൊതുരംഗത്തിറങ്ങാനും, രാത്രിയാത്രയുള്ള ജോലിക്കപേക്ഷിക്കാനും, ദൂരദേശങ്ങളിലേക്ക് ജോലിക്കു പോകാനുമൊക്കെ സ്ത്രീകൾ മടിക്കും. സമൂഹത്തിനാകമാനം പ്രയോജനപ്രദമാകേണ്ട അവരുടെ കഴിവുകളങ്ങനെ വീട്ടിനുള്ളിൽ മാത്രമോ 'സുരക്ഷിതമായ' ജോലികളിലേക്കോ ചുരുങ്ങും. ഇതിന്റെയൊക്കെ നഷ്ടം സമൂഹത്തിനാകമാനമാണ്. നമ്മുടെ രാഷ്ടീയരംഗത്തൊക്കെ ഇതിന്റെ പ്രതിഫലനങ്ങൾ
കാണാനുമുണ്ട്.

സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സ്ത്രീകളെ ഏതെങ്കിലും തരത്തിൽ കുറ്റക്കാരായിക്കാണുന്ന എല്ലാ പ്രസ്താവനകളും ശുദ്ധ അസംബന്ധമാണ്. രാത്രിയായതുകൊണ്ടോ, അല്പവസ്ത്രം ധരിച്ചതുകൊണ്ടോ, ഒറ്റക്കോ ബോയ്ഫ്രണ്ടിനൊപ്പം ആയതുകൊണ്ടോ ഒന്നും ഒരാൾക്കും ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറാൻ ലൈസൻസ് കിട്ടുന്നില്ല.
സ്ത്രീകളുടെ ശരീരവും പുരുഷന്റെ കൈയും തമ്മിൽ ഗുരുത്വാകർഷണമോ കാന്തിക ആകർഷണമോ പോലത്തെ ഭൗതിക ശക്തികൾ ഒന്നുമില്ല. മറിച്ച്, അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഉടൻ തന്നെയോ പിന്നീടോ യാതൊരു പ്രത്യാഘാതവും ഉണ്ടാകില്ല എന്ന ചിന്തയാണ് ആണുങ്ങളെ ഇത്തരം നികൃഷ്ടമായ പ്രവർത്തികളിലേക്ക് നയിക്കുന്നത്. 'അനോനിമിറ്റി' കൂടുന്തോറും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ ആളുകൾക്ക് ധൈര്യംകൂടും. അതുകൊണ്ടാണ് രാത്രിയിലും തിരക്കിനിടയിലും നഗരത്തിലുമൊക്കെ ഇത്തരം ചേഷ്ടകൾ കൂടുതൽ കാണുന്നത്.

ലോകമെന്പാടും സഞ്ചരിച്ചതിൽ നിന്നും മനസ്സിലായ ചില കാര്യങ്ങൾ പറയാം. ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇറാനിലും ടർക്കിയിലെ ഈജിപ്തിലും ജപ്പാനിലും ചൈനയിലും പാക്കിസ്ഥാനിലും എല്ലാം പൊതുസ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനത്തിലും ഒക്കെ സ്ത്രീകൾക്കെതിരെ ഉള്ള കടന്നു കയറ്റം ഉണ്ട്. കഴിഞ്ഞ വർഷം ജർമ്മനിയിലും സ്വീഡനിലും ഇതുണ്ടായി. രണ്ടുതരം രാജ്യങ്ങളിലാണ് ഇത്തരം അതിക്രമങ്ങൾ ഏറ്റവും കുറവായിട്ടുള്ളത്. ഒന്നാമത് സ്ത്രീകളും പുരുഷന്മാരും ആരോഗ്യകരമായി ചെറുപ്പം തൊട്ട് ഇടപെടുന്ന സ്ഥലങ്ങളിൽ. രണ്ടാമത് നമ്മൾ ചെയ്യുന്ന ഏതു കുറ്റകൃത്യത്തിനും കടുത്ത ശിക്ഷയുണ്ടെന്നുറപ്പുള്ള സ്ഥലങ്ങളിൽ. ഇത് രണ്ടും ഉള്ളിടത്തായിരിക്കും സ്ത്രീകൾ ഏറ്റവും സുരക്ഷിതർ. സംസ്‌കാരങ്ങൾ ഏറെ വ്യത്യാസമായിട്ടും ദുബായിലും സിംഗപ്പൂരിലും സ്വിറ്റ്‌സർലാൻഡിലുമൊക്കെ പുതുവർഷാഘോഷത്തിന് പോകാൻ സ്ത്രീകൾക്ക് മടിയും ഭയവുമില്ലാത്തത് അവിടുത്തെ നിയമനടത്തിപ്പിന്റെ ഭദ്രതകൊണ്ടാണ്.

എന്നെ ഏറ്റവും സങ്കടപ്പെടുത്തുന്നത് ഇതല്ല. ഈ സംഭവത്തോട് നമ്മൾ സമൂഹം എന്ന നിലയിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്. അടുത്ത പുതു വർഷത്തിന് പുറത്തിറങ്ങേണ്ട എന്ന് നമ്മുടെ മകളോടും സഹോദരിയോടും പറയുന്ന കുടുംബം ആണുങ്ങളോട് ഒന്നും പറയുന്നില്ല. സ്ത്രീകൾക്ക് വേണ്ടി പ്രത്യേക ബസും ടാക്‌സിയും ഉണ്ടാക്കുക, സ്ത്രീകളെ കരാട്ടെ പഠിപ്പിക്കുക, കുട്ടികളെ പേപ്പർ സ്‌പ്രേ ഉപയോഗിക്കാൻ പഠിപ്പിക്കുക എന്നതൊക്കെയാണ് സമൂഹവും സർക്കാരും പ്രതിവിധികൾ ആയി കാണുന്നത്. ഇത് ശെരിയല്ല. മേയറും ജില്ലാ പൊലീസ് മേധാവിയും ചീഫ് ജസ്റ്റീസും ഹോം സെക്രട്ടറിയും ഒക്കെ സ്ത്രീകൾ ആയിരുന്നിട്ടുള്ള സംസ്ഥാനം ആണ്. ഇവിടെ നമ്മുടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പേടിക്കാതെ വഴിനടക്കാൻ വയ്യ എന്ന സ്ഥിതി നിലനിൽക്കുന്നത് അപമാനകരമാണ്. അത് കാരണം അവരുടെ വസ്ത്രത്തിനും നടപ്പിനും കൂട്ടിനും ജോലിക്കും ഒക്കെ നിയന്ത്രണങ്ങൾ വക്കുന്നത് അനീതിയാണ്.

നിയന്ത്രണങ്ങൾ വേണ്ടത് ഇവിടുത്തെ പുരുഷന്മാർക്കാണ്. സ്ത്രീകളുടെ നേരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉള്ള കടന്നുകയറ്റത്തിന് ശക്തമായ ശിക്ഷ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിന്റെ നിയമപ്രക്രിയകൾ സുഗമമാക്കുക. വേണമെങ്കിൽ ഇതിനുവേണ്ടിത്തന്നെ പ്രത്യേക വനിതാക്കോടതികൾ സ്ഥാപിക്കുക. സിംഗപ്പൂരിൽ ചില കുറ്റങ്ങൾ ചെയ്യുന്നവരെ നാണം കെടുത്താൻവേണ്ടി കഴുത്തിൽ Corrective Work Order എന്ന ബോർഡ് തൂക്കി തെരുവുകൾ ശുദ്ധിയാക്കുന്ന പണി ചെയ്യിക്കുന്ന ഒരു പരിപാടിയുമുണ്ട്. കേരളത്തിൽ സ്ത്രീകൾക്കെതിരെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ പൊതു സ്ഥലങ്ങളിൽ കടന്നു കയറ്റം നടതുന്നവർക്ക് ജാമ്യം വേണമെങ്കിൽ അവരുടെ അടുത്ത ബന്ധുക്കളായ രണ്ടു സ്ത്രീകൾ ജാമ്യം നിൽക്കണമെന്നും കേസ് തീരുന്നത് വരെ ഇതുപോലെ കഴുത്തിൽ ഒരു ബോർഡും കെട്ടിയിട്ട് ആഴ്ചയിൽ ഒരു ദിവസം കേരളത്തിലെ പൊതുകക്കൂസുകൾ വൃത്തിയാക്കുന്ന പണി ചെയ്യണമെന്നും നിബന്ധന വച്ചാൽ കുറെ ആളുകളുടെ മനസ്സും നമ്മുടെ കക്കൂസുകളും പിന്നെ സമൂഹവും വൃത്തിയായി കിട്ടും. ഇത് വർഷത്തിൽ ഒരു നൂറു പേർക്ക് നടപ്പിലാക്കി അതിന് സോഷ്യൽ മീഡിയ ഒക്കെ വഴി വ്യാപക പ്രചാരണം നൽകിയാൽ തീരുന്ന തരിപ്പേ നമ്മുടെ ആണുങ്ങളുടെ നാക്കിനും കൈകൾക്കും ഒക്കെ ഉള്ളൂ.

പതിവ് പോലെ ഇതൊക്കെ 'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം' ആയി നിലനിൽക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ പേപ്പർ സ്‌പ്രേ അടിക്കാനും മർമ്മത്തിനു തൊഴിക്കാനും ഒക്കെ പരിശീലിക്കുന്നതിനെ തെറ്റ് പറയാൻ പറ്റില്ല. ലോകമെമ്പാടും സഞ്ചരിച്ച് ജോലി ചെയ്യേണ്ടി വരുന്ന ഐക്യ രാഷ്ട്ര സഭയിലെ സ്ത്രീകൾക്ക് വേണ്ടി ഞങ്ങളുടെ സുരക്ഷാ വിഭാഗം തയ്യാറാക്കിയ ലഘുലേഖ ഇവിടെ ഷെയർ ചെയ്യുന്നു. കുറച്ചെങ്കിലും ഒക്കെ ഉപകാരപ്പെടും.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP