Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലക്കരം മുതൽ മുലക്കരം വരെ 64 ഇനം കരങ്ങൾ പിരിച്ച തിരുവിതാംകൂർ രാജാക്കന്മാരെയാണ് ഇപ്പോൾ ഓർമ്മ വരുന്നത്; പണം പിരിക്കാൻ അന്ന് ഉപയോഗിച്ചിരുന്നത് ദൈവനാമത്തെ ആയിരുന്നുവെങ്കിൽ ഇന്ന് മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുവാൻ ഉപയോഗിക്കുന്നത് രാഷ്ട്ര പുനർ നിർമ്മാണത്തെയാണ്; മന്ത്രിക്കും മൾട്ടി ടാസ്‌കർക്കും തുല്യ സാലറി ചലഞ്ചോ? അഡ്വ. വിനോദ് സെൻ എഴുതുന്നു

തലക്കരം മുതൽ മുലക്കരം വരെ 64 ഇനം കരങ്ങൾ പിരിച്ച തിരുവിതാംകൂർ രാജാക്കന്മാരെയാണ് ഇപ്പോൾ ഓർമ്മ വരുന്നത്; പണം പിരിക്കാൻ അന്ന് ഉപയോഗിച്ചിരുന്നത് ദൈവനാമത്തെ ആയിരുന്നുവെങ്കിൽ ഇന്ന് മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുവാൻ ഉപയോഗിക്കുന്നത് രാഷ്ട്ര പുനർ നിർമ്മാണത്തെയാണ്; മന്ത്രിക്കും മൾട്ടി ടാസ്‌കർക്കും തുല്യ സാലറി ചലഞ്ചോ? അഡ്വ. വിനോദ് സെൻ എഴുതുന്നു

വിനോദ് സെൻ

ന്ത്രിക്കും മൾട്ടി ടാസ്‌കർക്കും തുല്യ സാലറി ചലഞ്ചോ?

പ്രളയ ശേഷ കേരളത്തിന്റെ പുനർനിർമ്മിതിക്കായി മനസ്സിൽ മനുഷ്യത്വമവശേഷിക്കുന്ന മലയാളികളെല്ലാം ഒത്തൊരുമയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് മലയാളിയെത്തേടിയെത്തിയത്. കേരളീയരെല്ലാവരും അവരുടെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവകേരള സൃഷ്ടിക്കായി നൽകണമെന്നതാണ് ആഹ്വാനം.

കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാകെ അന്നവും അടിസ്ഥാന സൗകര്യങ്ങളുമെത്തിച്ചത് കളക്ടർമാരോ റവന്യൂ ഉദ്യോഗസ്ഥരോ സർക്കാർ സംവിധാനങ്ങളോ അല്ല. നമ്മുടെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളുമാണെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. അതിനു് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികളും മാധ്യമ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സർവ്വീസ് സംഘടനകളും വൻതുകകൾ പിരിച്ചെടുത്തതും ഇതേ മലയാളികളിൽ നിന്നായിരുന്നു. ഏറെ പേരും ആദ്യഘട്ടത്തിൽ അഞ്ചിലധികം സംഭാവനകൾ നൽകിയവർ. ഈ പിരിവുകളെല്ലാം കഴിഞ്ഞപ്പോഴാണ് വിനയപൂർവ്വമുള്ള അപേക്ഷയുമായി മുഖ്യമന്ത്രിയെത്തുന്നത്. അങ്ങയുടെ അഭ്യർത്ഥനയിലെ അനൗചിത്യത്തെയാണ് ഞാൻ ചൂണ്ടിക്കാട്ടുന്നത്.

മഹാബലിയുടെ മക്കളാണ് മലയാളികളെങ്കിലും നമ്മുടെ വരുമാനത്തിൽ വ്യതിയാനങ്ങളുണ്ട്. മന്ത്രിയും മൾട്ടി ടാസ്‌ക്കറും ഒരുപോലെ നൽകണമെന്നാണ് താങ്കളുടെ അഭ്യർത്ഥന. താമസവും യാത്രയും അതിഥി സൽക്കാരവും ഇതര ചെലവുകളുമെല്ലാം സർക്കാർ വഹിക്കുന്ന ഉന്നത ശമ്പളമുള്ള മന്ത്രിമാർ പത്ത് മാസത്തെ ശമ്പളമെങ്കിലും പുനർനിർമ്മിതിക്കായി സ്വമേധയാ നൽകേണ്ടതല്ലേ. എല്ലാരോടും സ്വമേധയാ സംഭാവന നൽകുവാൻ നൽകേണ്ട വഴികളടക്കം സൗമ്യമായി പറഞ്ഞ അങ്ങും അത്തരത്തിലൊരു ത്യാഗത്തിന് തുനിഞ്ഞില്ല. കുടുംബത്തിലെ ദരിദ്രാവസ്ഥ കാരണമാണെന്ന് കരുതാമല്ലേ? ജനസേവനത്തിന്റെ ഉത്തമ മാതൃകകളായ എം എൽ എ മാരും എം പിമാരും രാജ്യസഭാ എംപിമാരും രാഷ്ട്ര പുനർ നിർമ്മാണ പ്രക്രിയയിൽ തങ്ങളുടെ വരുമാനത്തിനനുസരിച്ച് പത്തോ അതിലധികമോ മാസത്തെ ശമ്പളം വിനിയോഗിക്കുമെന്ന് പറഞ്ഞ് കേട്ടില്ല.

വിവിധ കമ്മിഷനുകൾ.. തലപ്പത്ത് രാഷ്ട്രീയ നേതാക്കൾ... ശമ്പളം പ്രതിമാസം ഒരുലക്ഷത്തിലധികം.. ലളിത ജീവിതത്തിന്റെ ഉദാത്ത മാതൃകകളായ ഇവരാരും പത്ത് മാസത്തെ ശമ്പളം കേരളത്തിന്റെ പുനർനിർമ്മിതിക്കായി നൽകാമെന്ന് പറഞ്ഞ് കേട്ടില്ല. ത്യാഗത്തിന്റെ കാര്യത്തിൽ കമ്മിഷനും കമ്പ്യൂട്ടർ ഓപ്പറേറ്ററും ഒരുപോലെ.. കേരളത്തിലെ കളക്ടർമാർ ഐഎഎസ് ,ഐപിഎസ് ഉദ്യോഗസ്ഥർ, ഉന്നത സ്ഥാനീയരായ ഉദ്യോഗസ്ഥർ ഇവരാരും അവരുടെ വരുമാനത്തിനനുസൃതമായി ത്യാഗം ചെയ്യാമെന്നു് പറഞ്ഞ് കേട്ടില്ല. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്നും ഒരു കോടി കേരളത്തിന് വേണ്ടി മാറ്റി വയ്ക്കാമെന്ന് പറഞ്ഞു വെങ്കിൽ കേരളത്തിലെ പ്രളയബാധിത മേഖലകളിലെ ഇടതുപക്ഷ എംഎൽഎമാരും എം പിമാരുമെങ്കിലും ഈ വർഷത്തെയും അടുത്ത വർഷത്തെയും എം എൽ എ ഫണ്ടും എം പി ഫണ്ടും പുനർനിർമ്മാണത്തിന് മാത്രമായി വിനിയോഗിക്കുമെന്ന് ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെയെങ്കിലും വെളിപ്പെടുത്തേണ്ടെ.

ഡിജിപിയും സിവിൽ പൊലീസ് ഓഫീസറും ഒരു പോലെ സംഭാവന ചെയ്യണമെന്ന വാദം വിചിത്രമാണ്. രാഷ്ട്ര പുനർനിർമ്മിതിക്കു വേണ്ടിയുള്ള സംഭാവനയിൽ ഇടതു മുന്നണി നടപ്പിലാക്കിയത് മാർക്‌സിയൻ സോഷ്യലിസമാണ്. മാനവരെല്ലാമൊന്നുപോലെയെന്ന സ്ഥിതിസമത്വവാദം. സംഭാവന നൽകി നിൽക്കുന്ന സാധാരണക്കാർ തന്നെ വീണ്ടും സംഭാവന നൽകണമെന്ന് പറയുമ്പോൾ രാഷ്ട്ര പുനർനിർമ്മിതിക്കായി അടിസ്ഥാന ജനവിഭാഗത്തിന്റെ കൈകളിൽ നിന്നു മാത്രം തലക്കരം മുതൽ മുലക്കരം വരെ 64 ഇനം കരങ്ങൾ പിരിച്ച തിരുവിതാംകൂർ രാജാക്കന്മാരെയാണ് ഓർമ്മ വരുന്നത്. അവർ അവരുടെ സുഖഭോഗങ്ങൾക്ക് വേണ്ടിയല്ല പിരിച്ചത്.അവർ പത്മനാഭദാസന്മാരായിരുന്നു. തൃപ്പടിദാനത്തിലുടെ ദൈവത്തിന് കൈമാറിയവർ. ജനങ്ങളെ വിധേയരാക്കാൻ അന്ന് ഉപയോഗിച്ചിരുന്നത് ദൈവനാമത്തെ ആയിരുന്നുവെങ്കിൽ ഇന്ന് മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുവാൻ ഉപയോഗിക്കുന്നത് രാഷ്ട്ര പുനർ നിർമ്മാണത്തെയാണ്.

രണ്ടിടത്തും വലിയ സംഭാവന നൽകാൻ വിധിക്കപ്പെട്ടത് സാധാരണക്കാരാണ്. കോരനും കുഞ്ഞിക്കും കരവും തമ്പ്രാന് കര മൊഴിവുമായിരുന്നു അന്നത്തെ രീതി. ഇന്നു മതേ.. സർക്കാരിന്റെ ചെലവിൽ ജീവിക്കുന്ന കളക്ടർമാരടക്കമുള്ളവർ കളക്ഷൻ മാത്രം നടത്തുന്നു. രാഷ്ട്രത്തിനായി ത്യജിക്കാൻ ആഹ്വാനം ചെയ്യുന്നവർ ത്യാഗികളായിരിക്കണം. മന്ത്രിമാരും എം എൽ എ മാരും ഉന്നത ഉദ്യോഗസ്ഥരും പരമാവധി ദാനം ചെയ്ത് മാതൃക കാട്ടൂ. ഒപ്പം ഞങ്ങളുമുണ്ടാകും .ഉറപ്പ്.. സാധാരണക്കാരന്റെ ഭിക്ഷാ പാത്രങ്ങളിൽ നിന്നും സ്വരൂപിക്കുന്ന നാണയത്തുട്ടുകളുയർത്തുന്ന സമ്പന്നതയുടെ ' ഉത്തുംഗുതയിൽ നിന്നു കൊണ്ട് നിങ്ങൾ നടത്തുന്ന ഗിരിപ്രഭാഷണങ്ങളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ വരുമാനത്തിന്റെ അനുപാതത്തിൽ ത്യജിക്കാൻ ഉന്നത പദവികളലങ്കരിക്കുന്നവർ തയ്യാറാകണം. മാതൃകകളാകണം സർ, സ്വമേധയാ.കമ്മം കൊണ്ട്.

പക്ഷെ... എന്ന് പറയാതെ.. വീട്ടുവാടകയും ടെലിഫോൺ ബില്ലും കറന്റു ചാർജും വാട്ടർ ചാർജും ടിക്കറ്റ് ചാർജും അടയ്ക്കാത്തവർ ഇതെല്ലാം ശമ്പളമെന്ന ഒറ്റ വരുമാനത്തിലൂടെ കണ്ടെത്തുന്നവന്റെ ബുദ്ധിമുട്ടും മനസ്സിലാക്കാൻ തയ്യാറാകണം. നമുക്ക് കേരളത്തെ പുനഃസൃഷ്ടിക്കാം. ആനുപാതികമായി സംഭാവന നൽകിക്കൊണ്ട്.ഞങ്ങൾ തിരുവനന്തപുരത്തുകാരുടെ ഒരു ചൊല്ലുണ്ട് തെങ്ങിനും കമുകിനും ഒരേ ത്‌ളാപ്പിടരുതെന്നു്.. ശരിയെന്ന് തോന്നുന്നെങ്കിൽ ദയവായി പരമാവധി പ്രചരിപ്പിക്കുക.

(പ്രമുഖ ചിന്തകനും അഭിഭാഷകനും എഴുത്തുകാരനും യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാനും കെപിസിസി വിചാർ വിഭാഗ് ജില്ലാ ചെയർമാനും കോൺഗ്രസ്സ് നേതാവുമാണ് അഡ്വ. വിനോദ് സെൻ. ലേഖകൻ ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഇത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP