Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

വാഷിങ്ടൺ പോസ്റ്റിന് കൊച്ചിയിലെ മാധ്യമപ്രവർത്തക തെറ്റായ വിവരം നൽകിയാൽ ഇല്ലാതാകുന്നതല്ല ആ ചരിത്രം; സംസ്ഥാനത്തെ ഒൻപത് മെഡിക്കൽ കോളേജുകൾക്ക് തുടക്കമിട്ടത് കോൺഗ്രസ് സർക്കാരുകൾ ആണെന്ന് വികസനചരിത്രത്തിൽ രേഖപ്പെടുത്തിട്ടുണ്ടാകുമെന്ന് ഉറപ്പാണ്; രാജീവ്ഗാന്ധി കമ്പ്യൂട്ടർ കൊണ്ടുവന്നപ്പോൾ അത് തല്ലിപ്പൊളിച്ച് സ്വീകരിച്ച ആരൊക്കെയോ ഇവിടെ ഉണ്ടായിരുന്നു. ആരായിരുന്നോ എന്തോ! വിനീതാ എംവി എഴുതുമ്പോൾ

വാഷിങ്ടൺ പോസ്റ്റിന് കൊച്ചിയിലെ മാധ്യമപ്രവർത്തക തെറ്റായ വിവരം നൽകിയാൽ ഇല്ലാതാകുന്നതല്ല ആ ചരിത്രം; സംസ്ഥാനത്തെ ഒൻപത് മെഡിക്കൽ കോളേജുകൾക്ക് തുടക്കമിട്ടത് കോൺഗ്രസ് സർക്കാരുകൾ ആണെന്ന് വികസനചരിത്രത്തിൽ രേഖപ്പെടുത്തിട്ടുണ്ടാകുമെന്ന് ഉറപ്പാണ്; രാജീവ്ഗാന്ധി കമ്പ്യൂട്ടർ കൊണ്ടുവന്നപ്പോൾ അത് തല്ലിപ്പൊളിച്ച് സ്വീകരിച്ച ആരൊക്കെയോ ഇവിടെ ഉണ്ടായിരുന്നു. ആരായിരുന്നോ എന്തോ! വിനീതാ എംവി എഴുതുമ്പോൾ

വിനീതാ എംവി

യാദൃശ്ചികമായാണ് രാവിലെ വാഷിങ്ടൺ പോസ്റ്റിൽ കേരളം കൊറോണയെ ഏതുവിധത്തിൽ പ്രതിരോധിക്കുന്നു എന്ന വാർത്തയുണ്ടെന്ന് കാണാനിടയായത്. വൈകാതെ വാർത്തയും വായിച്ചു. പ്രസ്തുത വാർത്തയിലെ ഒരു പരാമർശമാണ് ഈ പോസ്റ്റിന് ആധാരം. ഇതായിരുന്നു ആ പരാമർശം.

30 വർഷത്തിലധികമുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിൽ കേരളം പൊതുവിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിൽ ഭീമമായ നിക്ഷേപം നടത്തിയെന്ന്. ഉയർന്ന സാക്ഷരത, മികച്ച പൊതുജനാരോഗ്യസംവിധാനത്തിന്റെ ഫലമായുള്ള മികച്ച റേറ്റിങ്. ശിശുമരണനിരക്ക് കുറവുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച സ്ഥാനം.... ഇതൊക്കെയാണ് കഥ. എനിക്കെന്തോ ആ കണക്കങ്ങോട്ട് വിശ്വസിക്കാനായില്ല. കേരളത്തിന്റെ നേട്ടത്തിന്റെ പട്ടികയല്ല കേട്ടോ. ആദ്യം പറഞ്ഞ ആ മൂന്ന് പതിറ്റാണ്ടിന്റെ കമ്മ്യൂണിസ്റ്റ് ഭരണമില്ലേ അതു തന്നെ. എത്ര നോക്കിയിട്ടും 23-24 വർഷം കടക്കുന്നില്ല.

നമ്മളിപ്പോ കുശുമ്പുള്ളവരുടെ കൂട്ടത്തിൽപ്പെട്ടതാണെന്ന് സുഹൃത്തുക്കൾക്ക് അറിയാമല്ലോ. അതുകൊണ്ട് ഒന്നൂടെ നോക്കി. കുശുമ്പാണോ അതോ സത്യമാണോ എന്നറിയണ്ടേ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള മന്ത്രിസഭകൾ ഏതെന്ന് നോക്കി. തിരു കൊച്ചി- മലബാർ മന്ത്രിസഭകളൊക്കെ അവിടെ നിൽക്കട്ടെ. 1957 ഏപ്രിൽ അഞ്ചിനാണല്ലോ ഇന്ത്യയിൽ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാർ കേരളത്തിൽ ഇ.എം.എസ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. 31.07.1959ന് ആ മന്ത്രിസഭ ഡിസ്മിസ് ചെയ്യപ്പെട്ടു.

അതിനു ശേഷം വന്ന മന്ത്രി സഭകൾ ഏതെല്ലാമെന്ന് താഴെ പറയുന്നു

പട്ടം മന്ത്രിസഭ: 22-02-1960- 26-09-1962

ആർ ശങ്കർ മന്ത്രിസഭ: 26.09.1962- 10.10.1964)

ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭ- 6.03.1967-1.11.1969

സി അച്യുതമേനോൻ മന്ത്രിസഭ 1.11.1969-03.08.1970

സി. അച്യുതമേനോൻ രണ്ടാം മന്ത്രി സഭ 4.10.1970-25.03.1977

കെ.കരുണാകരൻ മന്ത്രിസഭ- 25.03.1977-25.04.1977

എ.കെ ആന്റണി മന്ത്രിസഭ 27.04.1977-27.10.1978

പി.കെ വാസുദേവൻ നായർ മന്ത്രിസഭ(29.10.1978 1.10.1979

സി.എച്ച് മുഹമ്മദ്കോയ മന്ത്രിസഭ(12101979 30111979

ഇ.കെ നായനാർ മന്ത്രിസഭ (2501.1980 20.20.1981)

കെ.കരുണാകരൻ മന്ത്രിസഭ 28.12.1981- 17.03.1982

കെ.കരുണാകരൻ മന്ത്രിസഭ 24.05.1982- 25.03.1987

ഇ.കെ നായനാർ മന്ത്രിസഭ 26.03.1987- 24.06.1991

കെ.കരുണാകരൻ മന്ത്രിസഭ 24.06.1991- 22.03.1995

എ.കെ ആന്റണി മന്ത്രിസഭ 22.03.1995- 28.04.1996

ഇ.കെ നായനാർ മന്ത്രിസഭ 20.05.1996 - 16.05.2001

എ.കെ ആന്റണി മന്ത്രിസഭ 17.05.2001- 29.08.2004

ഉമ്മൻ ചാണ്ടി മന്ത്രിസഭ - 31.08.2004-18.05.2006

വി എസ് അച്യുതാനന്ദൻ മന്ത്രിസഭ - 18.05.2006-14-05-2011

ഉമ്മൻ ചാണ്ടി മന്ത്രി സഭ - 18 .05. 2011 - 24.05.2016

25-05-2016 മുതൽ പിണറായി വിജയൻ മന്ത്രി സഭ തുടരുന്നു

ഈ കാലയളവിൽ കോൺഗ്രസ് പങ്കാളിത്തമില്ലാത്ത സർക്കാരുകൾ കേരളത്തിലുണ്ടായത് 24 വർഷവും ഏഴ് മാസവും മാത്രമാണ്. ബാക്കി വർഷം കേരളം ഭരിച്ചത് കോൺഗ്രസ് പങ്കാളിത്തമുള്ള സർക്കാരുകളാണ്. സംസ്ഥാനത്തെ ഒൻപത് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് തുടക്കമിട്ട് ആരോഗ്യരംഗത്തെ ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തിയത് കോൺഗ്രസ് സർക്കാരുകൾ ആണെന്ന് കേരളത്തിന്റെ വികസനചരിത്രത്തിൽ രേഖപ്പെടുത്തിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. വാഷിങ്ടൺ പോസ്റ്റിന് കൊച്ചിയിൽ നിന്നും ഒരു മാധ്യമപ്രവർത്തക തെറ്റായ വിവരം നൽകിയാൽ ഇല്ലാതാകുന്നതല്ല ആ ചരിത്രമെന്ന് വെറുതെയെങ്കിലും ഓർമ്മിപ്പിക്കുകയാണ്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഞ്ച് വർഷത്തെ ആരോഗ്യമേഖലയിലെ ഇടപെടലുകൾ എന്തെന്നറിയാൻ ഓർമ്മകൾക്ക് അധികദൂരം സഞ്ചരിക്കേണ്ടി വരില്ല. അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകളാണ് തുടങ്ങിയത്. അതിലൊന്ന് പട്ടികജാതി വകുപ്പിന് കീഴിലാണെന്നുകൂടി അറിയുക. എല്ലാ പഞ്ചായത്തിലും ഹോമിയോ, അലോപ്പതി, ആയുർവ്വേദ ആശുപത്രികൾ ഉള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയതും ഇക്കാലയളവിൽ തന്നെയാണ്. ഉമ്മൻ ചാണ്ടി എന്നു കേൾക്കുമ്പോൾ സരിത നായർ എന്ന് പറഞ്ഞുവരുന്നവരോട് പ്രത്യേക കരുതലുണ്ടെന്ന് ആദ്യമേ പറയുന്നു.

കേരളം ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച പുരോഗതിയിൽ 1957 മുതൽ ഈ ദിവസം വരെ കേരളം ഭരിച്ച ഇടത്-വലത് സർക്കാരുകളുടെയെല്ലാം സംഭാവനകൾ ഉണ്ടാകുമെന്ന യാഥാർത്ഥ്യം നിലനിൽക്കവേ എന്തിനാണ് എട്ടുകാലി മമ്മൂഞ്ഞുകളായി മാറുന്ന സംഭാവനകൾ ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു മാധ്യമത്തിന് നൽകി സ്വന്തം രാഷ്ട്രീയതാത്പര്യം തള്ളിക്കയറ്റാൻ ശ്രമിക്കുന്നത്. യാദൃശ്ചികമായി സംഭവിച്ചതാകുമോ അത് ??

ഇത്രയൊക്കെ പറയുമ്പോൾ നമ്മൾ അയൽ സംസ്ഥാനമായ 'കാസർഗോഡി'നെ മറക്കരുത്. 30 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ മെഡിക്കൽകോളേജുകൾ തട്ടി നടക്കാൻ പറ്റാത്ത ഒറ്റ കാരണത്താൽ അവിടത്തുകാർ കിട്ടിയഗ്യാപ്പിന് സൂത്രത്തിൽ മംഗലാപുരത്തേയ്ക്ക് ഓടുകയാണ്. അതിനൊരു മാറ്റം വരുത്താൻ കാസർഗോഡെ മെഡിക്കൽ കോളേജുകൾ എടുത്തുമാറ്റുന്ന പദ്ധതിക്ക് തുടക്കമിട്ടത് ഉമ്മൻ ചാണ്ടി സർക്കാരാണ്. ആരാ ഉമ്മൻ ചാണ്ടി ? കോൺഗ്രസാ ആണോ എന്നാ പിന്നെ നമുക്ക് എട്ടുകാലി മമ്മൂഞ്ഞിന്റെ ജന്മമാണ് നല്ലത്.

രാജീവ്ഗാന്ധി കമ്പ്യൂട്ടർ കൊണ്ടുവന്നപ്പോൾ അത് തല്ലിപ്പൊളിച്ച് സ്വീകരിച്ച ആരൊക്കെയോ ഇവിടെ ഉണ്ടായിരുന്നു. ആരായിരുന്നോ എന്തോ !
എല്ലാം വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്നതിനായിരുന്നല്ലോ എന്നോർക്കുമ്പോ സമാധാനമുണ്ട്.

കുശുമ്പുകൾ ഒരുപാടായ സ്ഥിതിക്ക് നിർത്തുകയാണ്.

(ലേഖിക ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഇത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP