Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഞ്ചാബിൽ കോൺഗ്രസിന് പറ്റിയത് എന്താണ്? ഹൈക്കമാൻഡിന് ചുവടുകൾ പിഴച്ചുവോ? ബിജെപി. വിജയം കൊയ്ത മതകാർഡ് പോലെ കോൺഗ്രസിന് 'ജാതി കാർഡ്' ഇറക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ: വെള്ളാശേരി ജോസഫ് എഴുതുന്നു

പഞ്ചാബിൽ കോൺഗ്രസിന് പറ്റിയത് എന്താണ്? ഹൈക്കമാൻഡിന് ചുവടുകൾ പിഴച്ചുവോ? ബിജെപി. വിജയം കൊയ്ത മതകാർഡ് പോലെ കോൺഗ്രസിന് 'ജാതി കാർഡ്' ഇറക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ: വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്

ഞ്ചാബിൽ കോൺഗ്രസിന് പറ്റിയതെന്താണ്? പഞ്ചാബിൽ കോൺഗ്രസ് ഹൈക്കമാൻഡിന് ചുവടുകൾ പിഴച്ചുവോ? കാര്യങ്ങൾ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. ക്യാപ്റ്റൻ അമരീന്ദർ സിങിന് 79 വയസു കഴിഞ്ഞു. ഈയിടെ എടുത്ത പല തീരുമാനങ്ങളും തെറ്റും ആയിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിൽ തെറ്റ് പറയാനില്ല. പകരക്കാരനായി വന്ന അടുത്ത നേതാവ് നവജ്യോത് സിങ് സിദ്ധു പക്വത കാണിക്കുന്നില്ല എന്നത് വേറെ പ്രശ്‌നം ആണ്.

എന്തായാലും പഞ്ചാബിൽ ബിജെപി.ക്ക് കോൺഗ്രസ്സിനെ തകർക്കുവാൻ ആവില്ല. ബിജെപി.ക്ക് പഞ്ചാബിൽ വലിയ വേരോട്ടമൊന്നുമില്ല; കൂടാതെ കർഷക സമരം ഉണ്ടാക്കിയ മോശം പ്രതിച്ഛായയും ബിജെപി.ക്ക് ഉണ്ട്. രാഹുലിനും, പ്രിയങ്കക്കും ഈ രാഷ്ട്രീയ തീരുമാനം വലിയ വെല്ലുവിളികളാണ് സമ്മാനിക്കുന്നത്. രാഹുലിനും, പ്രിയങ്കക്കും ഉള്ള അടിസ്ഥാന പ്രശ്‌നം അവരുടേത് 'ജെന്റ്റിൽമാൻലി പൊളിറ്റിക്‌സ്' ആണെന്നുള്ളതാണ്. ഇന്നത്തെ കലികാലത്തിൽ 'ജെന്റ്റിൽമാൻലി പൊളിറ്റിക്‌സ്' ഒന്നും ഓടത്തില്ല. ഇന്ത്യയുടേതാണെങ്കിൽ ഒരു 'സെമി-ഫ്യുഡൽ' സാമൂഹ്യ വ്യവസ്ഥിതിയും ആണ്. ഏകാധിപത്യപരമായ തീരുമാനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ എടുക്കുന്നവർക്കേ ഇവിടെ ശോഭിക്കാൻ ആവുകയുള്ളൂ. ബിജെപി. ആണെങ്കിൽ നന്നായി 'മത കാർഡ്' ഇറക്കുന്നുമുണ്ട്. ഈ മത കാർഡിനോട് ഏറ്റുമുട്ടി വിജയിക്കുക എന്നത് നിസാര കളിയല്ല.

2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അറിയപ്പെട്ടിരുന്നത് 'ഹിന്ദു ഹൃദയ സമ്രാട്ട്' എന്ന നാമത്തിലായിരുന്നു. പാക്കിസ്ഥാനെതിരേയും, പാക്കിസ്ഥാൻ പ്രസിഡന്റ് മുഷാറഫിനെതിരേയും നിരന്തരം മുദ്രാവാക്യങ്ങളുയർത്തിയാണ് മോദി 2002-ലെ കലാപത്തിന് ശേഷം ഗുജറാത്തിൽ പ്രസംഗവേദികളിൽ തിളങ്ങി നിന്നിരുന്നത്. 'ഡൽഹിയിലെ സൾട്ടനേറ്റ്' എന്നുപറഞ്ഞു ഡോക്റ്റർ മന്മോഹൻ സിംഗിന്റ്റെ ഭരണത്തെ താറടിക്കാനും മോദി മറന്നില്ല. ഇങ്ങനെ എല്ലാ രീതിയിലും വർഗീയവൽക്കരണവും, ഭിന്നിപ്പും ആണ് അന്ന് മോദി കൊണ്ടുവന്നത്.

അതുകഴിഞ്ഞാണ് 'വൈബ്രന്റ്റ് ഗുജറാത്തും' പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങുവാൻ 'വികാസ് പുരുഷ്' എന്ന ലേബലും മോദി കൊണ്ടുവന്നത്. പക്ഷെ അടിസ്ഥാനപരമായി ഇന്നും മോദിയും ബിജെപി. -യും പ്രതിനിധീകരിക്കുന്നത് 'പോസ്റ്റ് മണ്ഡൽ' യുഗത്തിലെ ജാതീയമായ 'പോളറൈസേഷൻ' തന്നെയാണ്. ഗ്രാമീണ മേഖലകളിൽ നിന്ന് അർബൻ ഏരിയകളിലേക്ക് കുടിയേറിയ 'റൂർബൻ വോട്ടേഴ്സും' ബിജെപി.ക്ക് ശക്തി പകരുന്നുണ്ട്. സംഘ പരിവാറിന്റെ പ്രധാന മുദ്രാവാക്യമാണ് 'ഹിന്ദു; ഹിന്ദി; ഹിന്ദുസ്ഥാൻ' എന്നുള്ളത്.

ഇതിൽ പ്രതീക്ഷ അർപ്പിക്കുന്ന ഒത്തിരി 'റൂർബൻ വോട്ടേഴ്സ്' ഉത്തരേന്ത്യയിൽ ഇന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഭരണ ഭാഷ ഇന്ന് പലയിടത്തും ഹിന്ദിയായി കഴിഞ്ഞു. ഇത്തരം കേന്ദ്രീകരണത്തിനും, മതവൽക്കരണത്തിനും എതിരെ ഒരു പാർട്ടിയെ കെട്ടിപ്പടുക്കുക എന്നത് നിസാരമായ പ്രക്രിയയല്ലാ. ബിജെപി.ക്ക് കോൺഗ്രസിനേക്കാളും പ്രാദേശിക പാർട്ടികളെക്കാളും ഫണ്ടിങ്ങും നല്ലതുപോലെയുണ്ട്. അതുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയം വരാൻ പോകുന്ന കാലഘട്ടത്തിൽ എങ്ങനെയാകും എന്ന് പ്രവചിക്കുക അസാധ്യമാണ്. ബിജെപി.ക്ക് എതിരേ കർഷക സമരവും തൊഴിലില്ലായ്മയും ഒക്കെയായി വെല്ലുവിളികൾ ഉള്ളപ്പോഴും 2024 -ൽ കോൺഗ്രസിനും, പ്രാദേശിക കക്ഷികൾക്കും ബിജെപി.-യെ തോൽപിക്കാൻ ആവുമോ? കണ്ടുതന്നെ അറിയേണ്ട കാര്യമാണത്.

ദേശീയ രാഷ്ട്രീയം മൊത്തത്തിൽ കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് പഞ്ചാബിലെ പുതിയ രാഷ്ട്രീയ സ്ഥിതിവിശേഷം വിലയിരുത്തപ്പെടേണ്ടത്. ഇന്നത്തെ ജാതി-മത-പ്രാദേശിക രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യയിൽ പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതിനെ ചെറുക്കണമെങ്കിൽ ഇനി വേണ്ടത് ശക്തമായ ജനകീയ പ്രസ്ഥാനങ്ങളാണ്. ശക്തമായ ജനകീയ പ്രസ്ഥാനങ്ങളിൽ കൂടി മാത്രമേ ഇനി കർഷകർക്കും തൊഴിലാളികൾക്കും നീതി ഉറപ്പാക്കാൻ ആവൂ. അതല്ലെങ്കിൽ കർഷകരുടെ സമരത്തിന് കേന്ദ്ര സർക്കാർ ഇപ്പോൾ മുഖം തിരിക്കുന്നത് പോലെ ഭാവിയിലും മുഖം തിരിക്കും. അസംഘടിത മേഖലയിലെ ഒരു കോടിയിലേറെ വരുന്ന തൊഴിലാളികളും അവരുടെ കുടുംബാങ്ങളും ലോക്ക്ഡൗൺ കാലത്ത് നടന്നപ്പോഴും കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധത രാജ്യം കണ്ടതാണ്. ഒരു കോടിയിലേറെ വരുന്ന ജനത്തിന്റെ മനുഷ്യാവകാശങ്ങൾക്ക് അന്ന് ഒരു വിലയുമില്ലായിരുന്നു. ഇന്ത്യയെ അറിയാത്ത കുറേ നേതാക്കന്മാർ ഡൽഹിയിൽ കൂടിയിരുന്ന് നടത്തി വരുന്ന മാസാമാസ പ്രത്യയ ശാസ്ത്ര ചർച്ചകൾ കൊണ്ട് ജാതി-മത-പ്രാദേശിക രാഷ്ട്രീയത്തെ ഒന്നും ചെയ്യാനാകില്ല എന്ന തിരിച്ചറിവാണ് ഈയിടെ കന്നയ്യ കുമാറിനേയും ജിഗ്നേഷ് മേവാനിയേയും മാറി ചിന്തിക്കുവാൻ പ്രേരിപ്പിച്ചത്. കർഷകർക്കും തൊഴിലാളികൾക്കും നീതി ഉറപ്പാക്കാൻ യെച്ചൂരിക്കും, കാരാട്ടിനും, ഡി.രാജെയ്ക്കും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനാവുന്നില്ല.

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹിന്ദു ഏകീകരണത്തിന് ബദലായി ദളിത്-ആദിവാസി വർഗ്ഗ ഏകീകരണത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ സാധിച്ചാൽ, അസാധാരണ രാഷ്ട്രീയ നേട്ടങ്ങൾ ഒരുപക്ഷെ നേടാനാകും. മറ്റൊരു വിഷയത്തിനും തീവ്രമായൊരു ഏകീകരണം ഉണ്ടാക്കുക ഇന്ത്യൻ സാഹചര്യങ്ങളിൽ അസാധ്യമാണ് - ദാരിദ്ര്യത്തിന് പോലും. ഇന്ത്യൻ ദാരിദ്ര്യം രാഷ്ട്രീയ ആയുധമാക്കാൻ നേരത്തേ കോൺഗ്രസ് ന്യായ്' പദ്ധതി അവതരിപ്പിച്ചതായിരുന്നു. സത്യത്തിൽ ന്യായ് പദ്ധതി വേണ്ടതാണ്. കാരണം ഇന്ത്യയിൽ ഇന്നിപ്പോൾ ശക്തമായ മധ്യ വർഗം ഉണ്ട്. 30-40 കോടിയോ അതിലേറെയോ ജനം ഇന്ത്യയിൽ മധ്യ വർഗം ആയിട്ടുണ്ട്. പക്ഷെ 30-40 കോടിയോ അതിലേറെയോ ജനം ഇന്നും ഇന്ത്യയിൽ ദരിദ്രരാണ്. അവരുടെ ഉപഭോഗം വളർത്തുന്നതിലൂടെ സമ്പദ് വ്യവസ്ഥ കരുത്താർജിക്കും. അല്ലെങ്കിൽ തന്നെ ഇത്ര വലിയ ദരിദ്രരുടെ സംഖ്യ എങ്ങനെയാണ് രാജ്യത്തിന് അഭിമാനകരമാകുന്നത്? 'വെൽഫെയറിസം' എല്ലാ ക്യാപ്പിറ്റലിസ്റ്റ് രാജ്യങ്ങൾ പോലും പിന്തുടരുന്ന ഒന്നാണ്. കമ്മ്യൂണിസ്റ്റ് ഹാംഗ്ഓവറായിട്ട് ആരും ഭരണകൂടങ്ങൾ നടത്തേണ്ട ക്ഷേമ പ്രവർത്തനങ്ങളെ കാണരുത്. യൂറോപ്യൻ 'വെൽഫെയർ സ്റ്റെയ്റ്റുകളിൽ' (ക്ഷേമ രാഷ്ട്രങ്ങളിൽ) തൊട്ടിൽ തൊട്ടു ശ്മശാനം വരെ പൗരന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് സുരക്ഷയുണ്ട്. സ്‌കാൻഡിനേവിയൻ രാജ്യങ്ങളായ ഡെന്മാർക്, സ്വീഡൻ - ഇവരൊക്കെ 'വെൽഫെയർ സ്റ്റെയ്റ്റ്' സങ്കൽപ്പങ്ങൾ പ്രാവർത്തികമാക്കിയ രാജ്യങ്ങളാണ്. അതുകൊണ്ട് ദാരിദ്ര്യം കൊടികുത്തി വാഴുന്ന ഇന്ത്യയിലെ പല സ്ഥലങ്ങളിലും കുറെയൊക്കെ ക്ഷേമ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്.

ഇന്ത്യയുടെ ദാരിദ്ര്യം എന്ന വിഷയത്തെ അഭിമുഖീകരിക്കുമ്പോൾ, ഇന്നത്തെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ളത് ദളിത്-ആദിവാസി ജനതയിൽ ആണെന്നുള്ള സത്യം മൂടിവെയ്ക്കാൻ ആവില്ല. പക്ഷെ ജാതി രാഷ്ട്രീയത്തിന്റെ വക്താക്കൾ അവകാശപ്പെടുന്നതുപോലെ ഭൂമിയുടെ വീതം വെയ്‌പ്പിലൂടെ ഇന്നത്തെ ദളിത്-ആദിവാസി ജനതയുടെ ദാരിദ്ര്യം പരിഹരിക്കാൻ ആവില്ല. അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂപരിഷ്‌കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വച്ചാൽ കേരളത്തിന്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്കു പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ ഇന്ന് 'ആബ്‌സെന്റ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേര് കേരളത്തിൽ ഉണ്ട്? ദളിത്-ആദിവാസി ജനതയുടെ പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്. തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്; സമ്പാദ്യ ശീലം വളർത്തുന്നതുമാണ്. അല്ലാതെ ഇല്ലാത്ത ഭൂമിക്കു വേണ്ടി കേഴുന്നതിലല്ല. സാധ്യതകൾ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും മുന്നിലുള്ളവരേ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും വിജയിക്കൂ. ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ രാഷ്ട്രീയത്തിലുള്ള ദളിത്-ആദിവാസി പ്രാതിനിധ്യവും വളരെ പ്രാധാന്യമേറിയ ഒന്നാണ്.

പഞ്ചാബിലെ ഇന്നത്തെ ജാതി രാഷ്ട്രീയം

ജാതിയും മതവും ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും 'സെൻസിറ്റീവ്' ആയിട്ടുള്ള കാര്യങ്ങളാണ്. ബിജെപി. ഇത്രയും നാൾ 'മത കാർഡ്' നന്നായി ഇറക്കിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയം കൊയ്തത്. കോൺഗ്രസിന് 'ജാതി കാർഡ്' ഇറക്കാനുള്ള സുവർണാവസരമാണ് ഇപ്പോഴത്തെ പഞ്ചാബ് രാഷ്ട്രീയം സമ്മാനിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദളിതരുള്ള സംസ്ഥാനമാണ് പഞ്ചാബ്. 2011-ലെ സെൻസസ് പ്രകാരം 31.94 ശതമാനമാണ് പഞ്ചാബിലെ മൊത്തം ജനസംഖ്യയിൽ ദളിത് പ്രാതിനിധ്യം. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി ഈയിടെയാണ് ചുമതലയേറ്റത്. ചരൺജിത് സിങ് ചന്നിയുടെ പല ഭരണ തീരുമാനങ്ങളിലും പ്രതിഷേധിച്ചാണ് ഇപ്പോൾ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ ജ്യോത് സിങ് സിദ്ധു രാജി വെച്ചിട്ടുള്ളത്.

പണ്ട് ഡോക്ടർ അംബേദ്കർ ഹിന്ദു മതത്തിലെ ജാതി വിവേചനത്തിൽ പ്രഷേധിച്ച് മതം മാറ്റം പ്രഖ്യാപിച്ചപ്പോൾ ഒരു സംഘം സിക്ക് നേതാക്കൾ ഡോക്ടർ അംബേദ്കറെ സമീപിച്ച് സിക്ക് മതത്തിലേക്ക് ക്ഷണിച്ചതായിരുന്നു. സിക്കുകാർ മുന്നോക്ക ജാതിയാണെന്നു പറഞ്ഞു ഡോക്ടർ അംബേദ്കർ ആ ക്ഷണം നിരാകരിച്ചു. ക്യാപ്റ്റൻ അമരീന്ദർ സിങ്ങും, നവജ്യോത് സിങ് സിദ്ധുവും ഒക്കെ ഈ മുന്നോക്ക സിക്ക് ജാതിയെയാണ് പ്രതിനിധീകരിക്കുന്നത്.

ദളിത് മുഖ്യമന്ത്രിയായ ചരൺജിത് സിങ് ചന്നി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ 31.94 ശതമാനം വരുന്ന ദളിതരിലെ ഭൂരിഭാഗം പേരെ കൂടെ നിർത്തി ജയിക്കുകയാണെങ്കിൽ അത് വൻ വിജയമായിരിക്കും. ചന്നിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. ജാട്ട് സിക്ക് ആയ നവജ്യോത് സിങ് സിദ്ധുവിന് ഇക്കാര്യമറിയാം. തന്റെ മുഖ്യമന്ത്രി മോഹം പിന്നെ അടുത്തെങ്ങും പൂവണിയില്ലാ എന്നും നവജ്യോത് സിങ് സിദ്ധുവിന് അറിയാം. കൂടെ സിദ്ധുവിനെ 'ചെക്ക്-മേറ്റ്' ചെയ്യാനായി ആഭ്യന്തര മന്ത്രിയായി മറ്റൊരു ജാട്ട് സിക്ക് ആയ സുഖീന്ദർ രൺധാവയെ കൂടി നിയമിച്ചിരുന്നു. പഞ്ചാബിലെ ജാതി രാഷ്ട്രീയം കണക്കിലെടുക്കുമ്പോൾ നവജ്യോത് സിങ് സിദ്ധു പ്രതിഷേധിച്ചു രാജി വെച്ചതിൽ ഒരത്ഭുതവും ഇല്ലാ.

കോൺഗ്രസ് പാർട്ടി രാഷ്ട്രീയം കളിക്കേണ്ടത് ഇവിടെയാണ്. ദളിത് കമ്യൂണിറ്റിയിൽ നിന്നുള്ള കന്നയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നത് കഴിഞ്ഞ ദിവസമാണ്. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭീം ആർമി നേതാവായ ചന്ദ്രശേഖർ ആസാദും കോൺഗ്രസിലെത്തും എന്ന് കേൾക്കുന്നുണ്ട്. ഈ യുവനിര ഉള്ളപ്പോൾ, പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചരൺജിത് സിങ് ചന്നിക്ക് ഇപ്പോൾ കോൺഗ്രസ് ശക്തമായ പിന്തുണ കൊടുത്താൽ ഇന്നത്തെ ഇന്ത്യയിലെ ജാതി-മത-പ്രാദേശിക രാഷ്ട്രീയത്തിൽ കോൺഗ്രസിന് ശക്തമായ അടിയൊഴുക്ക് സൃഷ്ടിക്കുവാനാകും.

തങ്ങളുടെ ദളിത് മുഖ്യമന്ത്രിയെ ഒരു രീതിയിലും അപമാനിക്കുവാൻ അനുവദിക്കുകയില്ല എന്ന് കോൺഗ്രസ് ഉറക്കെ പ്രഖ്യാപിച്ചാൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും, നവജ്യോത് സിങ് സിദ്ധുവിനും മുട്ട് മടക്കേണ്ടതായി വരും. കാരണം ലളിതം - ജാതി ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ സെൻസിറ്റീവ്' ആയുള്ള കാര്യമാണ്; പഞ്ചാബിലെ 31.94 ശതമാനം വരുന്ന ദളിത് ജനതയിൽ പ്രത്യേകിച്ചും. കോൺഗ്രസ് പാർട്ടി വീണുകിട്ടിയ ഈ സുവർണാവസരം രാഷ്ട്രീയ നേട്ടത്തിനായി ഇനി വിനിയോഗിക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP