Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

ട്രംപിന് ഐക്യരാഷ്ട്ര സഭയിൽ തീരെ താൽപ്പര്യമില്ല; ഫണ്ട് വെട്ടികുറച്ചതോടെ യുഎൻ കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ; ഉദ്യോഗസ്ഥർക്ക് നവംബറിലെ ശമ്പളം കിട്ടുമോ എന്നു പോലും നിശ്ചയമില്ല; യുഎൻ പൊതുസഭയുടെ മീറ്റിംഗുകൾ വഴിപാടുകളാകുന്നു; കാശ്മീർ, ഫലസ്തീൻ, കുർദ്-റോഹിങ്യൻ വംശഹത്യ ഇവയൊക്കെ പൊതിക്കാ തേങ്ങയായി തുടരും: ഡോ. സന്തോഷ് മാത്യു എഴുതുന്നു

ട്രംപിന് ഐക്യരാഷ്ട്ര സഭയിൽ തീരെ താൽപ്പര്യമില്ല; ഫണ്ട് വെട്ടികുറച്ചതോടെ യുഎൻ കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ; ഉദ്യോഗസ്ഥർക്ക് നവംബറിലെ ശമ്പളം കിട്ടുമോ എന്നു പോലും നിശ്ചയമില്ല; യുഎൻ പൊതുസഭയുടെ മീറ്റിംഗുകൾ വഴിപാടുകളാകുന്നു; കാശ്മീർ, ഫലസ്തീൻ, കുർദ്-റോഹിങ്യൻ വംശഹത്യ ഇവയൊക്കെ പൊതിക്കാ തേങ്ങയായി തുടരും: ഡോ. സന്തോഷ് മാത്യു എഴുതുന്നു

ഡോ. സന്തോഷ് മാത്യു

ക്യരാഷ്ട്ര സംഘടനയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ ആയിരുന്ന ടാഗ് ഹമ്മാർഷോൾഡ് പറഞ്ഞത് ഈ സംഘടനാ മനുഷ്യനെ ആസന്നമായ നരകത്തിൽ നിന്ന് രക്ഷിക്കാനാണ്,അല്ലാതെ സ്വർഗത്തിൽ ആറാടിക്കാനുള്ളതല്ല എന്നാണ്. ഐക്യരാഷ്ട്ര സംഘടന അതിന്റെ 75 അം വാർഷികത്തിലേക്ക് പാദമൂന്നുകയാണ്. 1945 ഒക്ടോബർ 24ന് ഒപ്പുവെക്കപ്പെട്ട യുഎൻ ചാർട്ടർ അഥവാ ഭരണഘടനക്ക് 75 തികയുമ്പോൾ സമാനതകളില്ലാത്ത പ്രതിസന്ധിയിൽ കൂടി കടന്നു പോവാനാണ് വിധി.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അത്തരമൊരു യുദ്ധം ഇനിയുണ്ടാവരുതെന്ന മുഖ്യമായ ഉദ്ദേശ്യത്തോടെ 1945ൽ രൂപം കൊണ്ടതാണ് ഈ സംഘടനാ. അതിലെ അംഗസംഖ്യ അന്ന് 51 ആയിരുന്നത് ഇപ്പോൾ 193 ആയി. മഹാഭൂരിപക്ഷം അന്തർദേശീയസംഘടനകൾക്കും ആതിഥേയത്വം വഹിക്കുന്ന സ്വിറ്റസർലാൻഡ് ഐക്യ രാഷ്ട്ര സംഘടനയിൽ ചേർന്നത് 2002 മാത്രം,189 ആം അംഗമായി.യു.ൻ.ഒയിൽ കമ്മ്യൂണിസ്റ്റ് ചൈനക്ക് അംഗത്വം ലഭിക്കുന്നത് 1971ഇൽ മാത്രമാണ്.തൈയുവാന് പകരമായി സുരക്ഷാ സമിതിയിലെ സ്ഥിരഅംഗത്വവും അമേരിക്കൻ പ്രസിഡന്റ് നിക്‌സൺന്റെ സഹായത്തോടെ മാവോയുടെ ചൈന അതേവർഷം നേടി.

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഫ്രാങ്കളിൻ ഡി റൂസ്വെൽട്ടാണ് യുഎൻ എന്ന പേര് ആദ്യം ചൊല്ലിവിളിച്ചത്. കൃത്യമായി പറഞ്ഞാൽ 1942 ജനുവരി ഒന്നിന്. അതേ റൂസ്വെൽട്ടിന്റെ ഇപ്പോഴത്തെ പിൻഗാമി ഡൊണാൾഡ് ട്രംപിന് ഐക്യരാഷ്ട്ര സഭയെ തീരെ താൽപ്പര്യമില്ല. സംഘടനക്കുള്ള ഫണ്ട് 30 ശതമാനം വെട്ടികുറച്ചു കൊണ്ടാണ് ഏറ്റവും അവസാനം ട്രംപ് യുഎന്നിനോടുള്ള വിരോധം തീർത്തത്. ഫലമോ യുഎൻ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു.

'ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഒരു കമ്പനിയാണ് ഐക്യരാഷ്ട്ര എന്ന് കരുതുക, ഇപ്പോൾ ധാരാളം നിക്ഷേപകരും. എന്നാൽ ഭാവി നിക്ഷേപത്തിന് ഒട്ടും പറ്റിയതല്ല ഈ കമ്പനി, എളുപ്പം വിറ്റഴിക്കുന്നതാരിക്കും ബുദ്ധിപരം. ഇതാണ് അമേരിക്കയുടെയും ട്രമ്പിന്റെയും ഇപ്പോളുള്ള കാഴ്ചപാട്.'

37,000 ത്തോളം ഉള്ള യുഎൻ ഉദ്യോഗസ്ഥർക്ക് നവംബറിലെ ശമ്പളം കിട്ടുമോ എന്നു പോലും നിശ്ചയമില്ല. അടിയന്തരമല്ലാത്ത സെമിനാറുകളും മറ്റും മാറ്റിവെച്ചിരിക്കുകയാണ്. യാത്രകൾ വെട്ടിച്ചുരുക്കി. കടുത്ത വൈദ്യുതി നിയന്ത്രണങ്ങൾ 38 നിലയുള്ള ന്യുയോർക്കിലെ ആസ്ഥാന മന്ദിരത്തിൽ ഏർപ്പെടുത്തി. ലിഫ്റ്റ്, എയർകണ്ടീഷൻ ഉപയോഗവും നിയന്ത്രിച്ചിട്ടുണ്ട്. 2019-21 കാലയളവിൽ യുഎന്നിന്റെ മൊത്തം ബജറ്റ് വരുമാനത്തിന്റെ 27.89 ശതമാനം വരേണ്ടത് അമേരിക്കയിൽ നിന്നാണ്. എന്നാൽ അതിന്റെ 30 ശതമാനമാണ് നൽകുന്നത് എന്നതാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്.

ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അക്ഷരാർത്ഥത്തിൽ വിലപിക്കുകയാണ്. പണമില്ലെങ്കിൽ സമാധാന പദ്ധതികൾക്ക് നെടുനായകത്വം വഹിക്കുക എന്ന ചുമതല നിർവഹിക്കുക ബുദ്ധിമുട്ടാണ്. 193 അംഗരാജ്യങ്ങളുണ്ടെങ്കിലും വരുമാനത്തിന്റെ 85 ശതമാനവും 7 രാജ്യങ്ങളിൽ നിന്നാണ്. അമേരിക്ക -27.89 %, ചൈന - 15.21%, ജപ്പാൻ - 8.56%, ജർമ്മനി -6.09%, ബ്രിട്ടൻ-5.78%, ഫ്രാൻസ് -5.61%, ഇറ്റലി -3.30% എന്നിങ്ങനെയാണ് പ്രധാന രാജ്യങ്ങളുടെ സംഭാവന. UN ബഡ്ജറ്റിന്റെ 0.7 % മാത്രമാണ് ഇന്ത്യയുടെ വിഹിതം.

ജി -4 എന്നറിയപ്പെടുന്ന ഇന്ത്യ, ജപ്പാൻ, ജർമ്മനി, ബ്രസീൽ രാജ്യങ്ങളുടെ സമ്മർദ്ദ ഗ്രൂപ്പ് സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം ആഗ്രഹിക്കുന്നവരാണ്. വീറ്റോ അധികാരമില്ലെങ്കിൽ യുഎൻ സംവിധാനം കൊണ്ട് വലിയ പ്രയോജനം ഇല്ലെന്നതാണ് വാസ്തവം. അമേരിക്കയും റഷ്യയും ചൈനയും നിറഞ്ഞാടുന്ന സുരക്ഷാ സമിതിയിൽ നിന്ന് നമുക്ക് കാര്യമായി ഒന്നും പ്രതീക്ഷിക്കാനില്ല.ആഫ്രിക്ക, തെക്കേ അമേരിക്ക,ഓസ്‌ട്രേലിയ ഭൂഖണ്ഡങ്ങളിൽ നിന്ന് സ്ഥിരാന്ഗങ്ങളായി സുരക്ഷാ സമിതിയിൽ ആരുമില്ല.യു.എന്നിന്റ പ്രസക്തി ഇല്ലാതാക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത് സ്ഥിരാംഗങ്ങളെന്ന മേൽക്കോയ്മക്കാരും അവരുടെ വീറ്റോ അധികാരവുമാണ്.രണ്ടാം ലോകയുദ്ധത്തിലെ ജേതാക്കളെന്ന നിലക്കാണ് യു.എസ്,യു.കെ,ഫ്രാൻസ്, റഷ്യ എന്നിവക്ക് ഈ സ്ഥിരഅംഗത്വപദവി വീറ്റോ അധികാരത്തോടെ നൽകിയത്; പിന്നീട് ചൈനക്കും നൽകി.കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യ സുരക്ഷാ സമിതിയിലെ താൽക്കാലിക അംഗമാണ്.എന്നാൽ ഇത് തികച്ചും ആലങ്കാരിക പദവി മാത്രമാണ്.രണ്ടു വർഷത്തേക്കുള്ള ഈ അംഗത്വം ഇന്ത്യക്കു ലഭിക്കുന്നത് ഇത് എട്ടാം തവണയാണ്. ഏതെങ്കിലും ഒരു പ്രമേയത്തെ രക്ഷാസമിതിയിലെ മൊത്തം 15 അംഗങ്ങളിൽ 14 എണ്ണംവരെ അനുകൂലിച്ചാലും ഒരു സ്ഥിരാഗം എതിർത്താൽ ആ പ്രമേയം പാസ്സാകില്ല. അതാണ് വീറ്റോ.

'ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽനിന്ന് ഇനിയും എത്രകാലമാണ് ഇന്ത്യയെ മാറ്റി നിർത്താനാവുക എന്ന പ്രധാനമന്ത്രി മോദിയുടെ ചോദ്യം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. എങ്കിലും ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സുരക്ഷാ സമിതിയിൽ സ്ഥിരഅംഗത്വത്തിനു എല്ലാ യോഗ്യതകളുമുണ്ട്.ലോകജനസംഖ്യയുടെ ആറിലൊന്ന് ഇന്ത്യക്കാരാണ്.
യുഎൻ സമാധാന സേനയിലേക്ക് ഏറഅറവും കൂടുതൽ സൈനികരെ നൽകുന്ന കാര്യത്തിൽ ബംഗ്ലാധേശ്, ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ മുന്നിലാണ്. എന്നാൽ യുഎൻ ഉന്നത സമിതികളിൽ ദക്ഷിണേഷ്യക്ക് പ്രാതിനിധ്യം കുറവാണ്. യുഎൻ നേതൃത്വത്തിലുള്ള വലിയൊരു സമാധാന സേന യുണൈറ്റഡ് നാഷൻസ് അസ്സിസ്റ്റൻസ് മിഷൻ ഇൻ അഫ്ഘാനിസ്ഥാൻ എന്ന പേരിൽ 2002 മുതൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അഫ്ഘാനിൽ സമാധാനം മരീചികയായി തുടരുകയാണ്.

ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന ജോൺ ബോൾട്ടൻ തന്നെയാണ് യുഎന്നിന്റെ ഏറ്റവും വലിയ വിമർശകനും. 1994 ൽ യുഎന്നിലെ അമേരിക്കൻ അംബാസഡറായിരുന്ന ബോൾട്ടൻ പറഞ്ഞത് 38 നിലകളുള്ള യുഎൻ ആസ്ഥാനത്തിന്റെ 10 നിലകൾ വീണാലും ലോകത്തിന് ഒന്നും സംഭവിക്കില്ല എന്നാണ്. അതേ ബോൾട്ടൻ തന്നെയാണ് യുഎൻ വിഷയത്തിൽ ട്രംപിനെ ഏതാനും ആഴ്ചകൾക്ക് മുമ്പുവരെ ഉപദേശിച്ചു കൊണ്ടിരുന്നത്.

ലീഗ് ഓഫ് നേഷൻസിന്റെ തകർച്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് വിഷിങ്ടൺ, ടെഹ്റാൻ, യാൾട്ട, സാൻഫ്രാൻസീസ്‌കോ ഉച്ചകോടികൾക്ക് ശേഷം യുഎൻ രൂപം കൊണ്ടത്. ലീഗിന്റെ കോൺവനന്റിലെ പോരായ്മകൾ ചാർട്ടറിലൂടെ പരിഹരിക്കുമെന്ന ധാരണകൾ ഇപ്പോൾ തെറ്റിയിരിക്കുന്നു. ലീഗിന്റെ ഭാഗമായിരുന്ന മാൻഡേറ്റ് സമ്പ്രദായം (1994 വരെ ട്രസ്റ്റീഷിപ്പ് കൗൺസിൽ) എന്ന പേരിൽ വിജയകരമായി നിലവിലുണ്ടായിരുന്നു.

1948ലെ മനുഷ്യാവകാശ വിളംബരം യുഎൻ പൊതുസഭയുടെ നെറ്റിയിലെ പൊട്ടാണ്. റൂസ്വെൽട്ടിന്റെ ഭാര്യ എലനോൾ മുൻകയ്യെടുത്ത് രൂപപ്പെടുത്തിയ മനുഷ്യാവകാശ പ്രഖ്യാപനത്തിന് ഇന്നും പ്രസക്തി ഏറെയാണ്. ലീഗിന്റെ പരാജയത്തിന് പ്രധാനകാരണം അമേരിക്ക അതിൽ ഒരു കാലത്തും പങ്കാളി ആയിരുന്നില്ല എന്നതാണ്. അതേ അമേരിക്കയുടെ പടിപടിയായുള്ള പിന്മാറ്റം യുഎൻ ആസ്ഥാനം പണിയാൻ പണവും സ്ഥലവും നൽകിയ ജോൺ ഡി റോക്ക്ഫെല്ലർ എന്ന മനുഷ്യസ്നേഹിയോട് ചെയ്യുന്ന അനാദരവ് തന്നെയായിരിക്കും.

മലയാളികളും ഈ സംഘടനയുടെ ഉന്നത പദവികൾ അലങ്കരിച്ചിട്ടുണ്ട്.എഴുപതുകളിൽ പൊൻകുന്നംകാരൻ മംഗളം ചാക്കോയും പിന്നീട് ശശി തരൂരും ഒക്കെ ഈ സംഘടനയുടെ ഉന്നത പദവിയായ സെക്രട്ടറി ജനറൽ പദവി വരെ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ട്ടപെട്ടവരാണ്.നെഹ്രുവിന്റെ സഹോദരിയായിരുന്ന പണ്ഡിറ്റ് വിജയ ലക്ഷ്മി പൊതു സഭയുടെ പ്രസിഡന്റ് ആയ ആദ്യ വനിതയാണ്.കാശ്മീർ പ്രശനം ഉയർത്തി എട്ടുമണിക്കൂർ പ്രസംഗിച്ച കൃഷ്ണമേനോനും മലയാളത്തിൽ പൊതു സഭയിൽ സംസാരിച്ച മാതാ അമ്രിതാനന്ദമയിയും ഒക്കെ കേരളത്തിന്റെ സംഭാവനകളാണ്.

ലോകത്തിലെ ഒൻപതിൽ ഒരാൾ പട്ടിണിയിലാണ്.വിശപ്പാണ് ഏറ്റവും രൂക്ഷമായ അസമാധാനം.വിശപ്പിനെതിരായ പോരാട്ടത്തിന് ഈ വർഷത്തെ സമാധാന നൊബേൽ പുരസ്‌കാരം ലഭിച്ചിരിക്കുന്നു .വിശക്കുന്നവന് ഭക്ഷണമെത്തിക്കുന്ന പദ്ധതിയായ ഐക്യരാഷ്ട്രസഭയുടെ 'വേൾഡ് ഫുഡ് പ്രോഗ്രം' (ഡബ്ല്യു.എഫ്.പി.) ആണ് സമ്മാനം നേടിയത്.കടുത്ത ഭക്ഷ്യക്ഷാമമനുഭവിക്കുന്ന പത്തുകോടിയോളം പേർക്ക് ഓരോ കൊല്ലവും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ സംഘടനയ്ക്ക് കഴിയുന്നു.1961ൽ ഐക്യരാഷ്ട്ര സഭയിൽ ആരംഭിച്ച ഭക്ഷ്യ സഹായ ഏജൻസിയായി ആരംഭിച്ച വേൾഡ് ഫുഡ് പ്രോഗ്രാം 1963ൽ സുഡാനിലാണ് ആദ്യ ഭക്ഷ്യ വിതരണം നടത്തിയത്.ഇപ്പോൾ എല്ലാ വർഷവും 80ലേറെ രാജ്യങ്ങളിലെ പത്ത് കോടിയോളം ദരിദ്ര ജനങ്ങൾക്ക് ഭക്ഷ്യ സഹായം എത്തിക്കുന്നു.

യുഎൻ പൊതുസഭയുടെ മീറ്റിംഗുകൾ വഴിപാടുകളാകുന്നു. പരസ്പരം കുറ്റപ്പെടുത്താനും ചെളി വാരിയെറിയാനും ഒരു വേദി എന്ന നിലയിലേക്ക് യുഎൻ പൊതുസഭ തരംതാണിരിക്കുന്നു. കശ്മീർ, ഫലസ്തീൻ, കുർദ്-റോഹിങ്യൻ വംശഹത്യ ഇവയൊക്കെ ഫലപ്രദമായ യുഎന്നിന്റെ അഭാവത്തിൽ പൊതിക്കാ തേങ്ങയായി തുടരും.


(പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP