Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുത്വലാഖിൽ മുടിയുന്ന സ്ത്രീ ജീവിതങ്ങൾ; തീവ്ര മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനിലും ഇറാനിലും നിരോധനമുള്ള അനിസ്‌ളാമികവും മനുഷ്യത്വ രഹിതവുമായ മുത്വലാഖ് ഇനിയും തുടരുന്നതു പരിഷ്‌കൃത സമൂഹത്തിന് അപമാനകാരമല്ലേ?

മുത്വലാഖിൽ മുടിയുന്ന സ്ത്രീ ജീവിതങ്ങൾ; തീവ്ര മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനിലും ഇറാനിലും നിരോധനമുള്ള അനിസ്‌ളാമികവും മനുഷ്യത്വ രഹിതവുമായ മുത്വലാഖ് ഇനിയും തുടരുന്നതു പരിഷ്‌കൃത സമൂഹത്തിന് അപമാനകാരമല്ലേ?

അഡ്വ. ശ്രീജിത്ത് പെരുമന

മുഹമ്മദ് നബിയോളം സ്ത്രീ സമൂഹത്തെ ആദവരോടെയും സ്‌നേഹത്തോടെയും ഉത്തരവാദിത്വത്തോടെയും പരിരക്ഷിച്ച മറ്റൊരു പ്രവാചകനുമുണ്ടാകില്ല മനുഷ്യ സമൂഹത്തിന്. എന്നാൽ മുസ്ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കാലങ്ങളായി പിന്തുടർന്നു വരുന്ന മുത്വലാഖ് എന്ന വിവാഹമോചന രീതി ഇസ്ലാമിക വിശ്വാസങ്ങൾക്ക് തന്നെ കളങ്കമാണ് എന്ന് പരിഷ്‌കൃത സമൂഹം തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് മുസ്ലിം സ്ത്രീകളും സംഘടനകളും ഉൾപ്പെടെ പൊതു സമൂഹം മുത്വലാഖ് എന്ന അനാചാരത്തിനെതിരെ രംഗത്തു വന്നിട്ടുള്ളത്.

സുപ്രീംകോടതിയുടെ പരിഗണയിലിരിക്കുന്ന മുത്വലാഖ് വിഷയത്തിൽ മുസലിം പേഴ്സണൽ ലോബോർഡ് കൂടി കക്ഷി ചേർന്ന് സജീവ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഓരോ സമുദായങ്ങൾക്കും പ്രത്യേകമായുള്ള വ്യക്തി നിയമങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം എന്നും എല്ലാ വ്യക്തി നിയമങ്ങളും ലിംഗ-ജാതി-മത -വർഗ്ഗ -വർണ്ണ ഭേദമന്യേ രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള പൗരാവകാശങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങളും ഒരു രീതിയിലും ലംഘിക്കുന്നവ ആയിരിക്കരുതുമെന്നുമുള്ള കേന്ദ്ര സർക്കാർ നിലപാട് ഈ വിഷയത്തിൽ എടുത്ത് പറയേണ്ടത് തന്നെയാണ്.

ഇസ്ലാം മൂന്ന് ത്വലാഖ് കൊണ്ട് വിവക്ഷിക്കുന്നത് വിവധ ഘട്ടങ്ങളിലായി മൂന്നു തവണ വിവാഹം കഴിച്ചു ഭാര്യയെ മോചിപ്പിക്കുന്നതിനാണ്. ഒരു മരുന്ന് മൂന്നു തവണ കഴിക്കണമെന്ന് ഡാക്ടർ പറഞ്ഞാൽ ഒരേ ഇരിപ്പിൽ മൂന്നു ഇറക്കി അകത്തേക്കാക്കുക എന്നതല്ല എന്ന സിംപിൾ ലോജിക്ക് മാത്രം കണക്കിലെടുത്താൽ ഈ വിഷയത്തെ അതിന്റെ അസ്തിത്വത്തെ മനസിലാക്കാൻ സാധിക്കും. എന്നാൽ നേരിട്ടോ അല്ലാതെയോ വി. ഖുർആനിൽ പരാമർശിക്കാത്ത മുത്വലാഖ് തീർത്തും നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്.

സ്ത്രീകളെ ഏറ്റവും വിശുദ്ധമായി കാണുന്ന ഇസ്ലാം മതം പാശ്ചാത്യ രാജ്യങ്ങളിലെ സംസ്‌കാരങ്ങളിൽ നിന്നും വ്യത്യസ്തമായാണ് സ്ത്രീ വിഷയങ്ങളിൽ നാളിതുവരെ സഞ്ചരിച്ചിട്ടുള്ളതെന്നു കാണാം. സ്ത്രീകളുടെ പ്രവൃത്തികളിലും, വസ്ത്രധാരണത്തിലും, പെരുമാറ്റങ്ങളിലും, സ്ത്രീ പുരുഷ സംസർഗ്ഗങ്ങളിലും, ലൈംഗികതയിലും, എന്നുവേണ്ട സ്ത്രീയുടെ ഓരോ ചലനങ്ങളിലും അതീവ ശ്രദ്ധേയോടെ അടുക്കും ചിട്ടയുമായി ആരോഗ്യപരമായ നിഷ്‌കർഷകളിലൂന്നിയ പ്രത്യയശാസ്ത്രങ്ങളുള്ള മതമാണ് ഇസ്ലാം. വിവാഹ ബന്ധങ്ങളിലെ ഇസ്ലാമിക സാമൂഹ്യ പാഠങ്ങൾ ഇന്ത്യയെ പോലൊരു ജനാധിപത്യ മതേതര രാഷ്ട്രത്തിന് ഉത്തമ മാതൃകയാണെന്നിരിക്കെയാണ് അനിസ്ലാമികവും, കടുത്ത ലിംഗ അസമത്വമാർന്നതും, ഭരണഘടനാ വിരുദ്ധവുമായ മുത്വലാഖ് എന്ന അപരിഷ്‌കൃത സമ്പ്രദായത്തെ മുസ്ലിം സമൂഹത്തിനു ഇപ്പോഴും പേറേണ്ടിവരുന്നത്.

ലളിതമായൊരു ചടങ്ങിലൂടെ സ്ത്രീയും പുരുഷനും ഒരുമിക്കുന്ന ദാമ്പത്യ കരാറാണ് വിവാഹമെന്നതിലൂടെ ഇസ്ലാം നിഷ്‌കർഷിക്കുന്നത്. മീസാഖുൻ ഗലീള്- സുദൃഢമായ കരാർ എന്നാണ് വി.ഖുർആൻ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നുവച്ചാൽ ഒരിക്കൽ നിലവിൽ വന്നുകഴിഞ്ഞാൽ വിവാഹബന്ധം അത്ര സുദൃഢമാണ്. തീർത്തും ഒഴിവാക്കാൻ കഴിയാത്ത, ഒത്തുതീർപ്പിന് ഒരു പഴുതുമില്ലാത്ത ഘട്ടത്തിലല്ലാതെ വിവാഹബന്ധം വിഛേദിക്കാവതല്ല. അത്തരം സന്ദർഭങ്ങളിൽ ദൈവികസിംഹാസനം കുലുങ്ങുമെന്നും പരമകാരുണികനായ ദൈവംതമ്പുരാൻ അത്യന്തം കോപിഷ്ഠനായിരിക്കുമെന്നും പ്രവാചകൻ പഠിപ്പിക്കുന്നു. ദൈവകോപത്തിന്റെ ഫലം സർവനാശമായിരിക്കുമെന്ന ഇസലാമികാധ്യാപനം പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഇനി വല്ല അനിവാര്യ സാഹചര്യത്തിലും ബന്ധം വിഛേദിക്കേണ്ടി വന്നാൽ വിവാഹമുക്തയായ സ്ത്രീക്ക് ഭർതൃഗൃഹം ഉപേക്ഷിക്കാതെ അതേ വീട്ടിൽ താമസിച്ചുകൊണ്ട് ഒരിക്കൽ ഉപേക്ഷിച്ച ഭർത്താവിന് തന്നോടുള്ള മനോഭാത്തിൽ മാറ്റംവരുത്താനുള്ള സാഹചര്യം സംജാതമാക്കാൻ അവസരം ഒരുക്കുന്നു ഇസലാം. നിശ്ചിത ദീക്ഷകാലം(ഇദ്ദ) കഴിയും മുമ്പാണെങ്കിൽ പുതിയൊരു നിക്കാഹ് കൂടാതെ തന്നെ ഭർത്താവിന് അവളെ തിരിച്ചെടുക്കാം. അതായത് അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കാൻ പാടുള്ള ഒന്നായി മാത്രമാണ് വി. ഖുർആനും ഇസ്ലാമും വിവാഹമെന്ന പവിത്ര ബന്ധത്തെ കണ്ടിട്ടുള്ളത്. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ത്വലാഖ് ആണെന്ന് വി. ഖുർആൻ പഠിപ്പിക്കുന്നു.

ത്വലാഖ് എന്നത് ഘട്ടംഘട്ടമായിരിക്കണമെന്ന ഖുർആന്റെ ശാസന പരസ്യമായി ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന മുത്വലാഖ് എന്ന ഏർപ്പാടിനെ ഖുർആനിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിക്കു എങ്ങനെയാണ് സ്വീകരിക്കാൻ സാധിക്കുക. തിരിച്ചെടുത്ത ശേഷം വീണ്ടും ഇടയാനും പിരിയാനും ഇടവരികയാണെങ്കിൽ ഒരിക്കൽ കൂടി മനസ്സുകൾ ഇണക്കപ്പെടാൻ അതേ സംവിധാനം അവസരം നൽകുന്നു . വിവാഹമോചനത്തിന്റെ പ്രയാസങ്ങളിൽ നിന്നും സ്ത്രീയെ പരമാവധി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു ഇസ്ലാം എന്നർത്ഥം. ഇരയായ സ്ത്രീക്ക് നീതി ലഭിക്കാനും കുടുബസംവിധാനത്തെ പരമാവധി നിലനിർത്താനും വേണ്ടി ഇസലാം നിശ്ചയിച്ച ഈ സംവിധാനങ്ങളെ അപ്പാടെ തകിടം മറിക്കുന്ന,ഖുർആനിന്റെ വ്യക്തമായ അനുശാസനങ്ങളെ നിരാകരിക്കുന്ന ഒന്നാണ് മുത്വലാഖ് . ദമ്പതികളെ അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ചു നിർത്തി കുടുംബജീവിതത്തിന്റെ ഭദ്രതകാത്തുസൂക്ഷിക്കുക എന്ന ദൗത്യം അട്ടിമറിക്കപ്പെടാൻ അത് കാരണമായിത്തീരും എന്നതിൽ സംശയമേതുമില്ല.

ഒരു നിമിഷം കൊണ്ട് ഭാര്യയെ മൂന്നു തവണ ത്വലാഖ് ചൊല്ലി പെട്ടീം പടോം മടക്കി പോകുന്ന പുരുഷന്മാർ അക്ഷരാർത്ഥത്തിൽ വി.ഖുർആന്റെ അന്തഃസത്തയെ തന്നെയല്ലേ ചോദ്യം ചെയ്യുന്നത്. എന്തൊക്കെ സംഭവിച്ചാലും ഏറെ മുറുക്കി പിടിക്കേണ്ട ദാമ്പത്യ ബന്ധത്തെ ഒരു പൂ പറിക്കുന്ന ലാഘവത്തോടുകൂടെ മൊബൈൽ ഫോണിലൂടെയും എസ് എം എസ്സിലൂടെയും വാട്ടസ്ആപ്പിലൂടെയുമൊക്കെ നിമിഷ നേരം കൊണ്ട് പുറത്തെറിയുന്ന ഒരു സമ്പ്രദായം എങ്ങനെ ദൈവീകമാണ് എന്ന് പറയും. അതും ദാമ്പത്യ ബന്ധത്തെ ഏറ്റവും ആദരിക്കുന്ന ഇസ്ലാമിക തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു സംകാരത്തിന്റെ ഭാഗമാകുമ്പോൾ ?

എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, ഖുർആനിന്റെയും പ്രവാചകധ്യാപനങ്ങളുടെയും കടകവിരുദ്ധമായിരുന്നിട്ടും തികച്ചും സ്ത്രീവിരുദ്ധമായ മുത്വലാഖ് വ്യവസ്ഥ നിലവിലുള്ള അതേ രീതിയിൽ തുടരണമെന്നാണ് മുസലിം വ്യക്തിനിയമബോർഡ് വാദിക്കുന്നത്. ഖലീഫ ഉമർ ഒരു പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക് ഒരു ശിക്ഷാനടപടിയായി നിശ്ചയിച്ച വ്യവസ്ഥയെ മാറിയ സാഹചര്യത്തിലും അതേപടി നിലനിൽക്കണമെന്നും ഭേദഗതി വരുത്താനുള്ള ശ്രമങ്ങൾ മൗലികാവകാശലംഘനമാണെന്നും ബോർഡ് വാദിക്കുന്നു. എന്നാൽ ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ശബ്ദമായ മുസലിം വ്യക്തിനിയമബോർഡിൽ സ്ത്രീ പ്രാധിനിത്യമില്ല എന്നത് കടുത്ത വൈരുധ്യമല്ലേ . പകുതിയോളം വരുന്ന സ്ത്രീ സമൂഹത്തിനുമേൽ നടക്കുന്ന പുരുഷാധിപത്യത്തിന്റെ അനീതിയുടെ ബാക്കിപത്രമാണ് ഇസ്ലാമിക വിരുദ്ധമായ മുത്വലാഖ് എന്നതിൽ സംശയമില്ല.

ഭരണഘടനയുടെ അനുച്ഛേദം - 14 പ്രകാരം ഭാരതത്തിലെ എല്ലാ പൗരന്മാർക്കും നിയമത്തിനു മുന്നിലെ സമത്വം ഉറപ്പുനൽകുന്നു. ഈ അനുച്ഛേദപ്രകാരം സ്ത്രിക്കും പുരുഷനും മതമോ, ജാതിയോ, വർഗ്ഗമോ, വർണ്ണമോ, ലിംഗമോ, സ്ഥലമോ നോക്കാതെ തുല്യാവകാശം ഉറപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ചുരുക്കത്തിൽ പുരുഷന്മാർക്ക് ഏകപക്ഷീയമായി മുത്വലാഖ് ചൊല്ലി ഭാര്യയായ സ്ത്രീയെ ഒഴിവാക്കാമെന്നും മറിച്ച് ഒരു സ്ത്രീക്ക് നിയമപരമായ മറ്റ് മാർഗ്ഗങ്ങളിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നതും കടുത്ത ഭരണഘടനാ ലംഘനമാണ്.

Article 14 in The Constitution Of India
Equality before law The State shall not deny to any person equality before the law or the equal protection of the laws within the territory of India Prohiion of discrimination on grounds of religion, race, caste, sex or place of birth

ARTICLE 15: 'The State shall not discriminate against any citizen on grounds only of religion, race, caste, sex, place of birth or any of them'

മൂന്നും നാലും കൈകുഞ്ഞുങ്ങളെയും എടുത്ത് നമ്മുടെ കോടതി വരാന്തകളിൽ നെട്ടോട്ടമോടുന്ന സഹോദരിമാരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ അനുദിനം പെരുകിവരികയാണെന്ന് മുസ്ലിം സ്ത്രീ സംഘടനകൾ തന്നെ ആണയിട്ടു പറയുന്നു. മുസ്ലിം സമുദായം സ്ത്രീവിരുദ്ധമാണെന്നും, പുരുഷ മേധാവിത്വമുള്ളതാണെന്നും ശരീഅത് നിയമങ്ങൾ സ്ത്രീ വിരുദ്ധമാണെന്നു വാദിക്കുന്നവർക്കും അവരുടെ വാദങ്ങളെ ശരിവയ്ക്കുന്ന രീതിയിലാണ് മുസലിം വ്യക്തിനിയമബോർ ഡിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാൽ പുരോഗമന ചിന്തകരായ ഭൂരിപക്ഷ മുസ്ലിം സമൂഹവും ഈ മനുഷ്യത്വ രഹിതമായ, സ്ത്രീ വിരുദ്ധമായ സമ്പ്രദായം നിർത്തലാക്കണം എന്ന കാഴ്ചപ്പാടുള്ളവരാണ് എന്നതാണ് സത്യം.

ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള മൗലിക അവകാശങ്ങളും മുൻ നിർത്തിയായിരിക്കണം ഏത് സമുദായത്തിന്റേതായാലും പ്രാബല്യത്തിലുള്ള വ്യക്തിനിയമങ്ങളെ സമീപിക്കേണ്ടത്. ഭരണഘടനാ വിരുദ്ധമായ എന്തെങ്കിലും സമ്പ്രദായങ്ങളോ, വകുപ്പുകളോ, കീഴ്‌വഴക്കങ്ങളോ നിയമമാക്കപ്പെട്ടിട്ടുണ്ട് എങ്കിൽ അവ കണ്ടെത്തുന്നതിനും കാലോചിതമായി പരിശോധിച്ചു നടപടികൾ എടുക്കുന്നതിനും ഭരണഘടനയുടെ കാവലാളായ സുപ്രീം കോടതി ബാധ്യതപ്പെട്ടിരിക്കുന്നു. ലിംഗ സമത്വം ഉൾപ്പെടെ മൗലിവകാശങ്ങളും , മനുഷ്യാവകാശങ്ങളും കൃത്യമായി ലംഘിക്കപ്പെടുന്നു എന്നതിനാൽ തന്നെ മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള മുത്വലാഖ് എന്ന നിലവിലെ വിവാഹ മോചന രീതി അടിയന്തരമായി നിരോധിച്ച് ഉത്തരവിറക്കേണ്ടതാണ്. വ്യത്യസ്ത സമുദായങ്ങളിൽ നിലനിന്നിരുന്ന പല സമ്പ്രദായങ്ങളും, ദുരാചാരങ്ങളും ഇത്തരത്തിൽ നിയമം മൂലം നിരോധിച്ച രാജ്യമാണ് നമ്മുടേത്. സതി പ്രദ പോലുള്ള മതപരമായ അനാചാരങ്ങൾ അതിൽ പ്രധാനപ്പെട്ടവയാണ്.

ഇന്ത്യൻ സ്ത്രീജീവിതം പഠിക്കാൻ യു.പി.എ സർക്കാർ 2012 ഫെബ്രുവരിയിൽ പഞ്ചാബ് സർവകലാശാല പ്രഫസറായിരുന്ന ഡോ. രാജ്പുതിന്റെ നേതൃത്വത്തിൽ ഒരുന്നത സമിതിയെ നിയോഗിച്ചിരുന്നു. 2014 ഫെബ്രുവരിയിൽ സമർപ്പിച്ച 14 അംഗ സമിതി റിപ്പോർട്ടിലൊന്ന് മുസ്ലിം സമൂഹത്തിലെ മുത്വലാഖ് നിർത്തണമെന്നായിരുന്നു. കേരളത്തിലും വ്യാപകമായി താത്കാലിക കല്യാണങ്ങളും, മുത്വലാഖുകളും വ്യാപകമായി നടക്കുന്നുണ്ടെന്ന് രേഖകൾ സഹിതം മുസ്ലിം സന്നദ്ധ സംഘടനകളും അന്വേഷി പോലുള്ള സാമൂഹിക സംഘടനകളും അടിവരയിട്ടു പറയുന്നു. വിദ്യാഭ്യാസപരമായി മുൻപന്തിയിൽ നിൽക്കുന്ന പ്രബുദ്ധരായ മലയാളികളുടെ ഇടയിൽ ഈ നിയമത്തിനെതിരെ ബോധവൽക്കരണം കൊണ്ടോ സംവാദങ്ങൾ നടത്തിയതുകൊണ്ടോ കാര്യമില്ല എന്നതാണ് യാഥാർഥ്യം. കാരണം ആചാരം സമ്പ്രദായം എന്ന നിലയിലല്ല ഈ ആനുകൂല്യം പലരും ഉപയോഗപ്പെടുത്തുന്നത്. അങ്ങനെയൊരു നിയമം ഉള്ളതുകൊണ്ടാണ്. നിയമം ഇല്ലാതാകുമ്പോൾ മാത്രമേ അത് ലംഘിച്ചവനെ നിയമപരമായി ശിക്ഷിക്കാൻ സാധിക്കുകയുള്ളൂ.

ഖുർആനിന്റെ അദ്ധ്യാപനങ്ങളും നിർദ്ദേശങ്ങളും ഏറ്റവും കൂടുതൽ ചേർത്തുവച്ചത് വിവാഹം, കുടുംബം, മക്കൾ, മാതാപിതാക്കൾ, അവർ തമ്മിലെ ഇടപാടുകൾ തുടങ്ങിയ കുടുംബപരമായ കാര്യങ്ങളെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾക്കാണ്. അതുകൊണ്ടുതന്നെ മുസ്ലീങ്ങളുടെ ഇത്തരം കാര്യങ്ങളിലെ തീർപ്പുകൽപിക്കലുകൾ ഖുർആനുമായി ബന്ധപ്പെട്ടാകണം എന്നതാണ് എന്റെ അഭിപ്രായം എന്നാൽ ആശയങ്ങളെ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതിനും ഭരണഘടനാനുസൃതമായി മാത്രം നിലനിർത്തുന്നതിനും ജാതി മത ഭേദമന്യേ നാം ഒരുത്തരും ബാധ്യസ്ഥപ്പെട്ടവരാണ്.

വിവാഹത്തോടെ ആദരിക്കപ്പെടും സംരക്ഷപ്പെടുകയും ചെയ്യണം എന്ന് പഠിപ്പിക്കുന്ന ഇസ്‌ളാമിൽ പക്ഷെ മുത്വലാഖിലൂടെ സ്ത്രീകൾ തെരുവിലേക്ക് കൈകുഞ്ഞുങ്ങളുമായ് വലിച്ചെറിയപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ (BMMA ) ഉൾപ്പെടെയുള്ള മഹിളാ സംഘടനകൾ നിരന്തരമായി ആവശ്യപ്പെടുന്ന ഒന്നാണ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് മുത്വലാഖ് നിരോധിക്കണമെന്നത് . ഈ സംഘടന മുത്വലാഖിനെ സംബന്ധിച്ചു നടത്തിയ ഒരു സർവ്വേയിൽ 92% മുസ്ലിം സ്ത്രീകളും അഭിപ്രായപ്പെട്ടത് മുത്വലാഖ് നിർത്തലാക്കണം എന്ന് തന്നെയാണ്. കൂടാതെ സർവ്വേയിൽ പങ്കെടുത്ത 50000 ലധികം സ്ത്രീകളുടെ ഒപ്പു ശേഖരണം നടത്തി വിശദമായ പരാതി ദേശീയ വനിതാ കമ്മീഷനിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. The Constitution of India which guarantees equal rights and nondiscriminatory rule of law must be the basis. എന്നതാണ് ഇവരുടെ വാദം.

ഇത്യയുമായി അതിർത്തി പങ്കിടുന്നതും, നമ്മുടെ ഭാഷയും വേഷങ്ങളും സംസ്‌ക്കാരവും ഉൾപ്പെടെ നമ്മുടെ സംസ്‌ക്കാരങ്ങളെല്ലാം പിന്തുടരുന്ന Islamic Republic of Pakisthan എന്ന തീവ്ര മുസ്ലിം രാജ്യമായ പാക്കിസ്ഥാനും, ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയും, അഫ്ഗാനിസ്ഥാനും , ഇറാനും, തുർക്കിയും, സൈപ്രസും, ബംഗ്ലാദേശും, ട്യുണീഷ്യയും, അൾജീരിയയും മലേഷ്യയുമുൾപ്പെടെ ലോകത്തിലെ 21 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളോ മുസ്ലിം റിപ്പബ്ലിക്കുകളോ മുത്വലാഖ് എന്ന അനാചാരം നിരോധിച്ചിട്ടുണ്ട് എന്ന വസ്തുത പരിശോധിക്കുമ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ ജാനാധിപത്യ രാജ്യം എത്ര അപരിഷ്‌കൃതമായാണ് ലിംഗ വിവേചനം നടത്തി സമൂഹത്തെയും മതത്തെയും പിന്നോട്ടടിക്കുന്നത് എന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവീക നിയമമാണെന്നും മാറ്റങ്ങൾ വരുത്താൻ പാടില്ല എന്നുമുള്ള മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ വാദം പൊള്ളയാണെന്ന് മേൽസൂചിപ്പിച്ച വസ്തുതകൾ നമ്മോടു പറഞ്ഞുവയ്ക്കുന്നു.
രാജാ രാം മോഹൻ റോയും, ഈശ്വര ചന്ദ്ര വിദ്യാസാഗറും ചേർന്ന് ഹിന്ദു മതത്തിലെ അനാചാരങ്ങളെ തുടച്ചു നീക്കിയതുപോലെ, വിക്ടോറിയൻ കാലഘട്ടത്തിൽ യൂറോപ്പിലും, അമേരിക്കയിലും നിലനിന്നിരുന്ന കൃസ്തീയ അനാചാരങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലുകളാൽ നിരോധിക്കപ്പെട്ടതുപോലെ മതേതര രാജ്യവും ഇന്തോനേഷ്യക്ക് ശേഷം ലോകത്തെ രണ്ടാമത്തെ വലിയ മുസ്ലീങ്ങൾ അധിവസിക്കുന്ന രാജ്യവുമായി ഇന്ത്യയിൽ ഇന്നും പിന്തുടരുന്ന മുത്വലാഖ് നിരോധിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മേൽ പറഞ്ഞിരിക്കുന്ന നിരോധനം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലെല്ലാം യഥാർത്ഥ മുസ്ലീങ്ങളല്ല ജീവിക്കുന്നതും അവയൊന്നും ഇസ്ലാമിക രജ്യങ്ങളല്ല എന്ന് പറയാൻ സാധിക്കുമോ ?
പാക്കിസ്ഥാനിലെ Muslim Family Law Ordinance in 1961. Section 7 ത്വലാഖിനെ സംബന്ധിക്കുന്നതാണ്. ആ വകുപ്പിൽ 6 ഉപവകുപ്പുകളുണ്ടെങ്കിലും 7(6) പ്രകാരമാണ് മുത്വലാഖിന്റെ നിരോധനം. സെക്ഷൻ 7(6) 'Nothing shall debar a wife whose marriage has been terminated by talaq effective under this section from marrying the same husband, without an intervening marriage with a third person, unless such termination is for the third time, so effective.'

പത്തു ശതമാനം മുസ്ലീങ്ങൾ അധിവസിക്കുന്ന അയൽരാജ്യമായ ശ്രീലങ്കയിൽ നിലവിലുള്ള Sri Lanka's Marriage and Divorce (Muslim) Act, 1951 നു 2006 ൽ വരുത്തിയ ഭേദഗതി പ്രകാരം മുത്വലാഖ് നിരോധിച്ചിരിക്കുന്നു എന്നതും നാം പരിശോധിക്കേണ്ട വസ്തുതയാണ്.

Displaying RDESController.jpg

ഇന്ത്യയിലെ ഹിന്ദു മത വിശ്വാസികൾ തങ്ങളുടെ ദൈവങ്ങളായി ആരാധിക്കുന്ന ഗണപതിക്ക് രണ്ടു ഭാര്യമാരുണ്ട്, ശ്രീകൃഷ്ണന് ഒന്നല്ല രണ്ടല്ല പതിനാറായിരത്തി എട്ട് ഭാര്യമാരോ/കാമുകിമാരോ ഉണ്ടായിരുന്നു. എന്നാൽ ഹിന്ദു മതത്തിൽ പെട്ട ഒരാൾക്ക് നമ്മുടെ നാട്ടിൽ ബഹുഭാര്യത്വം നിരോധിക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത നാം യുക്തിപരമായി പരിശോധിക്കേണ്ടതാണ്. അതായതു ഏത് വിശ്വാസ പ്രമാണത്തിന്റെ ഭാഗമായാലും യുക്തിക്ക് നിരക്കുന്നതും ഭരണഘടനയ്ക്ക് വിധേയമായതുമായ ആചാരങ്ങളോ സമ്പ്രദായങ്ങളോ മാത്രമാണ് നാം പിന്തുടരേണ്ടത്.

ന്യൂന പക്ഷങ്ങളെ വോട്ടുബാങ്കുകളായ് മാത്രം കാണുന്ന മാറി മാറി വന്ന നമ്മുടെ ഭരണാധികാരികളാണ് ഈ പതിനെട്ടാം നൂറ്റാണ്ടിലും ഇത്തരം അപരിഷ്‌കൃത സമ്പ്രദായങ്ങൾ തുടരുന്നതിനു രാഷ്ട്രീയ നേതൃത്വങ്ങളെ പ്രേരിപ്പിക്കുന്നത്. 1985 ലെ ഷാബാനോ കേസും, തുടർന്ന് പാസാക്കപ്പെട്ട മുസ്ലിം വുമൺ നിയമവും നമുക്ക് മുൻപിലുണ്ട്.
Masroor Ahmad v state, എന്ന കേസിൽ ഡൽഹി ഹൈക്കോടതിയും, Jiauddin Ahmed v Anwara Begum എന്ന കേസിൽ ഗുവാഹത്തി ഹൈക്കോടതിയും മുത്വലാഖിനെ സംബന്ധിച്ച പ്രധാന വിധികൾ പുറപ്പെടുവിച്ചിരുന്നു. ത്വലാഖ് ചെയ്തുള്ള വിവാഹ മോചനം വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും, അത് പുനഃ പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു .

Displaying triple-talaq--story.jpg

മുത്വലാഖ് എങ്ങനെ ഭരണഘടന വിരുദ്ധമാകും?

1. പുരുഷന് നിയമപരമായി നാല് പ്രാവശ്യം വിവാഹം ചെയ്യാം എന്നാൽ സ്ത്രീക്ക് അവകാശമില്ല.
2. പുരുഷന് മൂന്ന് പ്രാവശ്യം ത്വലാഖ് എന്ന് പറഞ്ഞുകൊണ്ട് മൊഴി ചൊല്ലാം സ്ത്രീയ്ക്ക് അവകാശമില്ല.

അതെ Freedom of religion cannot be allowed to translate into superior rights for men over women. so their gender demands are not only constitutional but also based on teachings from the Quran

Constitutionally speaking, it is clear that triple talaq is a gross violation of the rights of women citizens. The right to religious freedom applies equally to women and men. It nowhere gives male citizens the permission to oppress female citizens. Muslim women have been denied their Quranic rights owing to misinterpretations and interference of patriarchal orthodox bodies. We are confident that the courts will make this long-pending correction and give justice to the Muslim women of the country.

മേൽ സൂചിപ്പിച്ച വസ്തുതകളുടെയും , ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള നിയമവാഴ്ചയുടെയും വെളിച്ചത്തിൽ പരിഷ്‌കൃത സമൂഹത്തിന് അപമാനകാരമെന്നോണവും, സ്ത്രീ സമൂഹത്തിന്റെ അസമത്വവും നിയമ വിരുദ്ധവുമെന്നോണം മുസ്ലിം വ്യക്തി നിയമ പ്രകാരം ഇന്ത്യയിലെ മുസ്ലിം സമൂഹം പിന്തുടരുന്ന മുത്വലാഖ് എന്ന അനാചാരം അടിയന്തരമായി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യരാശിയുടെ നിലനിപ്പിനു അത്യന്താപേക്ഷിതമായ കുടുംബ ബന്ധങ്ങൾക്ക് മാതൃകാപരമായ വഴികാട്ടിയായും മാർഗ്ഗദർശിയായും വർത്തിക്കുന്ന വി. ഖുർആനും ഇസ്ലാമിക ശാസ്ത്രങ്ങളും ഈ ലിംഗ വിവേചനവും, സ്ത്രീകളുടെ വേദനകളും കാണാതെ പോകില്ല എന്ന പ്രത്യാശിക്കുന്നു.

( ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ഈ ലേഖനവുമായി മനപ്പൂർവ്വം ബന്ധപ്പെടുത്തതാണ്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ലേഖകന്റെ അഭിപ്രായം വ്യത്യസ്തമായതിനാലാണ് അത് എന്നറിയിക്കട്ടെ)

ആശയങ്ങൾക്ക് കടപ്പാട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP