Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202224Saturday

സവർക്കറുടെ മാപ്പ് അപേക്ഷക്കൊപ്പം നമ്മൾ ചേർത്ത് വായിക്കേണ്ട ഒന്നാണ് കൽക്കത്ത കോടതിയോടുള്ള ആസാദിന്റെ മറുപടി; എന്താണ് രാജ്യസ്‌നേഹം, എന്താണ് ആത്മാഭിമാനം എന്ന ലളിതമായ ഉത്തരം നിങ്ങൾക്ക് കിട്ടും; മൗലാനാ അബ്ദുൽ കലാം ആസാദിനെ കുറിച്ച് സുധാ മേനോൻ എഴുതുന്നു

സവർക്കറുടെ മാപ്പ് അപേക്ഷക്കൊപ്പം നമ്മൾ ചേർത്ത് വായിക്കേണ്ട ഒന്നാണ് കൽക്കത്ത കോടതിയോടുള്ള ആസാദിന്റെ മറുപടി; എന്താണ് രാജ്യസ്‌നേഹം, എന്താണ് ആത്മാഭിമാനം എന്ന ലളിതമായ ഉത്തരം നിങ്ങൾക്ക് കിട്ടും; മൗലാനാ അബ്ദുൽ കലാം ആസാദിനെ കുറിച്ച് സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

ന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്നേവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആരായിരുന്നു എന്നറിയാമോ? 1923ൽ ഡൽഹിയിൽ വെച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രത്യേക സെഷനിൽ അധ്യക്ഷനായി തിരഞ്ഞെടുക്കുമ്പോൾ ആ മനുഷ്യന് വെറും മുപ്പത്തി അഞ്ച് വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. അതിനകം രണ്ട് തവണ ജയിൽശിക്ഷയും അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിരുന്നു.

മാധ്യമങ്ങളും പൊതുസമൂഹവും സൗകര്യപൂർവം മറന്നു കളഞ്ഞ ആ മനുഷ്യന്റെ ജന്മ നാളാണ് ഇന്ന്. 'മൗലാനാ അബുൽ കലാം ആസാദ്' എന്ന ധീരനും പ്രതിഭാശാലിയുമായ മനുഷ്യന്റെ.. 1888 നവംബർ 11 ന് മക്കയിൽ വച്ചാണ് ആസാദ് ജനിച്ചത്. ഇന്ന്, 133മത്തെ ജന്മദിനം. സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി കൂടിയായിരുന്ന ആസാദിന്റെ ജന്മദിനം ദേശിയ വിദ്യാഭ്യാസദിനം കൂടിയാണ്.

''ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരൊറ്റ ചരിത്ര-സാമൂഹ്യ-സാംസ്‌കാരിക പാരമ്പര്യത്തിന്റെ തുല്യഅവകാശികൾ ആണെന്നും, ആ ബോധം ജൈവികമായ ഒരു മാനവികതയുടെ ഭാഗമായി തന്നെ നമുക്കുള്ളിൽ ഉടലെടുക്കേണ്ടതാണ്'' എന്നും ഉള്ള ഡൽഹി കോൺഗ്രസ് സമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം വികാരവായ്‌പ്പോടെ ആണ് അന്ന് ഇന്ത്യ ഏറ്റെടുത്തത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഓർമ്മകൾ മാഞ്ഞുപോയിട്ടില്ലാത്ത രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രസക്തമായിരുന്നു ആ വാക്കുകൾ.

മൗലാനാ ആസാദ് മരണം വരെ അടിയുറച്ച കോൺഗ്രസ്സുകാരനും, അഹിംസാവാദിയും, ദേശിയവാദിയും, രാജ്യസ്‌നേഹിയും ആയിരുന്നു.ഹിന്ദു-മുസ്ലിം വർഗീയത പടർന്നുപിടിക്കാതിരിക്കാനും, ഇന്ത്യാവിഭജനം തടയാനും സമാനതകൾ ഇല്ലാത്ത ശ്രമങ്ങൾ ആണ് ആസാദ് നടത്തിയിരുന്നത്. ഉറുദുവും, പേർഷ്യനും, ഇംഗ്ലീഷും, ഹിന്ദിയും, അറബിയും, ബംഗാളിയും അടക്കമുള്ള ഭാഷകളിൽ പ്രവീണനായ അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ ഉറുദു പണ്ഡിതൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഖുറാൻ വ്യാഖ്യാനം അതിന്റെ ആഴം കൊണ്ടും, മാനവികമായ വ്യാഖ്യാനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സർ സയിദ് അഹമ്മദ് ഖാന്റെ ദ്വിദേശിയതാ വാദവും ബ്രിട്ടിഷ് കൂറും, അലിഗഡ് മൂവ്‌മെന്റും ഇന്ത്യൻ മുസ്ലിങ്ങൾക്കിടയിൽ അപകടകരമായ സ്വാധീനം ചെലുത്തികൊണ്ടിരുന്ന ഒരു കാലത്താണ് ആസാദ് ബഹുസ്വരദേശിയതയുടെ വിത്തുകൾ ഇന്ത്യൻ മുസ്ലിം യുവാക്കൾക്കിടയിൽ പാകി മുളപ്പിച്ചത് എന്നോർക്കണം. അതും തന്റെ യൗവനത്തിന്റെ ആരംഭത്തിൽ തന്നെ!

ആസാദ് തന്റെ രാഷ്ട്രീയം തുടങ്ങിയത് ജുഗാന്തർ, അനുശീലൻ സമിതി തുടങ്ങിയ തീവ്രവാദ സംഘടനകളിലൂടെയാണ്.തുടർന്ന്, വെറും 24 വയസ് പ്രായമുള്ളപ്പോൾ 'അൽഹിലാൽ' എന്ന ഉറുദുപത്രവുമായി ബ്രിട്ടീഷ് ഭരണത്തിനു എതിരെ 1912 മുതൽ പോരാടുമ്പോൾ ഗാന്ധിജി ഇന്ത്യയിൽ എത്തിയിട്ടില്ലായിരുന്നു. നെഹ്റു രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. പിന്നീട് 1920 ജനുവരിയിൽ ഗാന്ധിജിയെ കണ്ടുമുട്ടി നിസ്സഹകരണ പ്രസ്ഥാനത്തിൽ ഇറങ്ങിയപ്പോൾ മുതൽ അദ്ദേഹം സജീവ കോൺഗ്രസുകാരൻ ആയി. മരണം വരെ.

1922ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അവസരത്തിൽ ആസാദ് സർക്കാരിനു കൊടുത്ത 30 പേജുള്ള മറുപടി ഇന്ത്യൻ ദേശിയതയെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും എഴുതപ്പെട്ട ഹൃദയസ്പർശിയും പ്രൌഡഗംഭീരവുമായ ഏറ്റവും മികച്ച ഒരു പ്രബന്ധമായിരുന്നു എന്നാണു മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടത്. കൊളോണിയൽ കോടതിക്ക് മുന്നിൽ സമർപ്പിച്ച ആ മറുപടി എ ജി നൂറാനിയുടെ ഇന്ത്യൻ പൊളിറ്റിക്കൽ ട്രയൽസ് എന്ന പുസ്തകത്തിൽ വിശദമായി കൊടുത്തിട്ടുണ്ട്. ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും ഒരു മുസ്ലിം എന്ന നിലയിലും ബ്രിട്ടിഷ് സർക്കാരിനു എതിരെ പോരാടേണ്ടത് തന്റെ കടമയാണ് എന്നും ഈ സർക്കാരിന്റെ ലെജിറ്റിമസി താൻ ഒരിക്കലും അംഗീകരിക്കില്ലെന്നും ആസാദ് പറയുന്നുണ്ട്.

ഒരു കോടതിയെയും ഭയമില്ലെന്നും, യേശു ക്രിസ്തുവിനും, ഗലീലിയോക്കും ,സോക്രട്ടീസിനും നിഷേധിക്കപ്പെട്ട നീതി തനിക്ക് നേരെയും തിരിയുന്നതിൽ അഭിമാനമേയുള്ളൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്. ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ നിരുപാധികം മാപ്പ് പറഞ്ഞവർ, ഇന്നത്തെ ഇന്ത്യയിൽ ധീരദേശാഭിമാനികൾ ആയി വാഴ്‌ത്തപ്പെടുമ്പോൾ ആണ് ആസാദ് പാടെ വിസ്മരിക്കപ്പെടുന്നത് എന്നോർക്കണം! സവർക്കറുടെ മാപ്പ് അപേക്ഷക്കൊപ്പം നമ്മൾ ചേർത്ത് വായിക്കേണ്ട ഒന്നാണ് കൽക്കത്ത കോടതിയോടുള്ള ആസാദിന്റെ മറുപടി. എന്താണ് രാജ്യസ്‌നേഹം, എന്താണ് ആത്മാഭിമാനം എന്ന ലളിതമായ ഉത്തരം നിങ്ങൾക്ക് കിട്ടും.

'മതേതരത്വമാണ് ഇന്ത്യയുടെ ചരിത്രപരമായ ഐഡന്റിറ്റി; വർഗീയത അല്ല' എന്ന് 1940ൽ രാംഗഡിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയതും, വിഭജനകാലത്ത്, ഡൽഹിയിലെ ജുമാമസ്ജിദിന്റെ പടവുകളിൽ നിന്നുകൊണ്ട് ഇന്ത്യൻ മുസ്ലിങ്ങളോട് 'ഇതാണ് നിങ്ങളുടെ രാജ്യമെന്ന്' വികാരഭരിതമായി പറഞ്ഞുകൊണ്ടിരുന്നതും കറകളഞ്ഞ ബഹുസ്വരദേശിയവാദിയായിരുന്ന ആ മനുഷ്യനായിരുന്നു.

വിദ്യാഭ്യാസമന്ത്രി ആയിരിക്കെ സാർവത്രിക വിദ്യാഭ്യാസത്തിന്റെയും, വയോജന വിദ്യാഭ്യാസത്തിന്റെയും ശക്തനായ വക്താവ് ആയിരുന്നു ആസാദ്. ഡഏഇയും ഇന്ത്യൻ കൗൺസിൽ ഓഫ് കൾചറൽ റിലേഷൻസും മാത്രമല്ല ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഐഐടി....ഇങ്ങനെ എത്രയെത്ര സ്ഥാപനങ്ങൾക്കാണ് അദ്ദേഹം തുടക്കമിട്ടത്! ദേശിയ മുസ്ലിങ്ങളുടെ പ്ലാറ്റ്ഫോം ആയി മാറിയ ജാമിയ മിലിയ സർവകലാശാല തുടങ്ങിയത് ആസാദും, സക്കിർ ഹുസൈനും, മൗലാന മുഹമ്മദ് അലിയും ഹക്കിം അജ്മൽ ഖാനും ഒക്കെ ചേർന്ന് കൊണ്ടായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ഇന്ത്യയിൽ ഉയർന്നു വന്ന മുസ്ലിം രാഷ്ട്രീയത്തിന്റെ സജീവമായ മുഖങ്ങൾ ആയിരുന്നു ജിന്നയും, മൗലാനാ മുഹമ്മദ് അലിയും, അബുൽകലാം ആസാദും. ഈ മൂന്നു പേരിൽ ആസാദ് മാത്രമാണ് തുടക്കം മുതൽ അവസാനം വരെ ഒരൊറ്റ രാഷ്ട്രീയത്തിന്റെ ശുഭ്രമായ നേർരേഖയിലൂടെ മാത്രം സഞ്ചരിച്ചത്- പരമകാരുണികനായ അല്ലാഹുവിലും ബഹുസ്വരമായ ഇന്ത്യൻദേശിയതയിലും ഉള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പാതയിൽ. ആദരണീയനായ മൗലാനാ ആസാദിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP