Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ജ്യോതി രാധികാ വിജയകുമാർ! കേരളത്തിന്റെ മതേതര-രാഷ്ട്രീയ പൊതുമണ്ഡലത്തിനു അവഗണിക്കാനാവാത്ത പ്രതീക്ഷയായി വളരുന്ന് പേരാണത്; ജനങ്ങളോട് സംവദിക്കാനും, പൊതുപ്രവർത്തനം നടത്താനും സ്ഥാനമാനങ്ങൾ അനിവാര്യമല്ലെന്ന നിലപാടുകാരി; ചാനൽ മുറികളിൽ നിന്ന് നേതാക്കന്മാർ ഉടലെടുക്കുന്ന കാലത്താണ് പൊളിറ്റിക്കൽ ഗിമ്മിക്കുകൾ അപ്രസക്തമാക്കി സ്ഥാനമാനങ്ങളില്ലാത്ത ഒരു ഓർഗാനിക് ലീഡർ ഉയർന്നുവരുന്നത്; ജ്യോതി വിജയകുമാറിനെ കുറിച്ച് സുധാ മേനോൻ എഴുതുന്നു

ജ്യോതി രാധികാ വിജയകുമാർ! കേരളത്തിന്റെ മതേതര-രാഷ്ട്രീയ പൊതുമണ്ഡലത്തിനു അവഗണിക്കാനാവാത്ത പ്രതീക്ഷയായി വളരുന്ന് പേരാണത്; ജനങ്ങളോട് സംവദിക്കാനും, പൊതുപ്രവർത്തനം നടത്താനും സ്ഥാനമാനങ്ങൾ അനിവാര്യമല്ലെന്ന നിലപാടുകാരി; ചാനൽ മുറികളിൽ നിന്ന് നേതാക്കന്മാർ ഉടലെടുക്കുന്ന കാലത്താണ് പൊളിറ്റിക്കൽ ഗിമ്മിക്കുകൾ അപ്രസക്തമാക്കി സ്ഥാനമാനങ്ങളില്ലാത്ത ഒരു ഓർഗാനിക് ലീഡർ ഉയർന്നുവരുന്നത്; ജ്യോതി വിജയകുമാറിനെ കുറിച്ച് സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

ജ്യോതി രാധികാ വിജയകുമാർ! കഴിഞ്ഞ കുറച്ചു നാളുകൾ ആയി നമ്മുടെ തെരുവുകളെ സജീവമാക്കിയ പ്രതിരോധ സമരങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേരാണിത്. കേരളത്തിന്റെ മതേതര-രാഷ്ട്രീയ പൊതുമണ്ഡലത്തിനു അവഗണിക്കാനാവാത്ത പ്രതീക്ഷയായി ജ്യോതി വളരുകയാണ്. കാസർകോഡ് മുതൽ പൂന്തുറ വരെ, തെരുവുകളിൽ നിന്നു തെരുവുകളിലേക്ക് , രാത്രിയും, പകലുമെന്നില്ലാതെ, നിരന്തരം യാത്ര ചെയ്തുകൊണ്ട്, സ്ത്രീകളും കുട്ടികളും മുതിർന്നവരും അടങ്ങുന്ന ജനാവലിയോടു, പൗരത്വഭേദഗതി നിയമത്തെക്കുറിച്ച്, ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കേണ്ടതിനെക്കുറിച്ച്, ബഹുസ്വരതയെക്കുറിച്ചു, ഭരണഘടനയുടെ ഭാവിയെക്കുറിച്ച് ഒക്കെ ജ്യോതി സ്വതസിദ്ധമായ ശൈലിയിൽ, ആർജ്ജവത്തോടെ സംസാരിക്കുമ്പോൾ അത് കേരളത്തിലെ യുവരാഷ്ട്രീയ പ്രവർത്തകർക്കിടയിൽ ഒരു പുതിയ ഭാവുകത്വമാണ് രൂപപ്പെടുത്തുന്നത്.

ജ്യോതിയുടെ ജൈവികവും, നൈതികവും, ഉറച്ച പ്രത്യയ ശാസ്ത്രബോധ്യത്തിൽ ഊന്നിയതുമായ ഇടപെടലുകൾ ഒരർത്ഥത്തിൽ രാഷ്ട്രീയ കേരളത്തിലെ സ്ത്രീകൾക്കിടയിൽ അപൂർവമായി മാത്രം കാണുന്ന ഒന്നാണ്. കേരളത്തിന്റെ പൊതു മണ്ഡലത്തിൽ വ്യക്തമായ മേല്‌ക്കോയ്മയുള്ള ഇടതുപക്ഷ ഇക്കോസിസ്റ്റത്തിന്റെ സംരക്ഷണത്തിനു പുറത്താണ് ജ്യോതി. എന്നിട്ടും കക്ഷി രാഷ്ട്രീയഭേദമന്യേ പൊതുസമൂഹത്തിന്റെ ആദരവിന് ജ്യോതിയെ അർഹയാക്കുന്നതു അവരുടെ നിലപാടുകളിലെ വ്യക്തതയും, സമൂഹത്തോടുള്ള ആത്മാർത്ഥമായ പ്രതിബദ്ധതയുമാണ്.

Stories you may Like

അധികാരത്തോടും സ്ഥാനമാനങ്ങളോടും ഉള്ള നിർമമത രാഷ്ട്രീയത്തിലും പൊതുപ്രവർത്തന രംഗത്തും പൊതുവേ അപൂർവമാണ്. ജ്യോതി രാധികാ വിജയകുമാർ സമാനതകൾ ഇല്ലാത്ത പൊതുപ്രവർത്തക ആകുന്നതു ഇവിടെയാണ്. കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമാണെങ്കിൽ കൂടി ജ്യോതി ഇപ്പോൾ കോൺഗ്രസ്സിന്റെ ഒരു ഔദ്യോഗിക പദവിയിലും ഇല്ല. ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയില്ല. KPCC ലിസ്റ്റും, ഹൈക്കമാണ്ട് ഇടപെടലുകളും, ഗ്രൂപ്പ് വഴക്കുകളും ഒന്നും ജ്യോതിയെ ബാധിക്കുന്നതേയില്ല. കോൺഗ്രസ്സിൽ പലപ്പോഴും നേതാക്കന്മാരെ സൃഷ്ടിച്ചതും നിലനിർത്തിയതും രക്ഷാകർത്തിത്വ രാഷ്ട്രീയത്തിന്റെ വൈയക്തികവും സാമൂഹ്യവുമായ തലങ്ങൾ ആണ്. അല്ലാതെ ആര്ജ്ജവമുള്ള നിലപാടുകൾ അല്ല. ജ്യോതി ഈ പരമ്പരാഗത ചട്ടക്കൂടിൽ നിന്നും പൂർണ്ണമായി പുറത്തു കടന്ന ഒരു സ്ത്രീ ആണ്. ജനങ്ങളോട് സംവദിക്കാനും, പൊതുപ്രവർത്തനം നടത്താനും സ്ഥാനമാനങ്ങൾ അനിവാര്യമല്ല എന്നാണ് എന്നും ജ്യോതിയുടെ നിലപാട്. ജ്യോതി വിശ്വസിക്കുന്നത് നൈതികവും മതനിരപേക്ഷവുമായ ഒരു ലിബറൽ transformative പൊളിറ്റിക്‌സിൽ ആണ്.

ഓരോ രാഷ്ട്രീയപ്രവർത്തകരും സ്വയം പരിവർത്തനത്തിനു വിധേയമായിക്കൊണ്ട് പൊതുവിടങ്ങളെ കൂടുതൽ ജനാധിപത്യവല്ക്കരിക്കുകയും മതേതരവല്ക്കരിക്കുകയും ആണ് ചെയ്യേണ്ടത് എന്ന് ജ്യോതി വിശ്വസിക്കുന്നു. കോൺഗ്രസ്സ് പാർട്ടിയിലെ യുവതലമുറയെ അങ്ങനെ കൂടുതൽ സ്ത്രീപക്ഷവും ജനപക്ഷവും, മതേതരവും ആക്കാനുള്ള എളിയ ശ്രമങ്ങൾ ആണ് ജ്യോതിയുടെ ഓരോ ചെറിയ ചുവടുവെയ്‌പ്പും. യുവാക്കളുമായുള്ള സംവാദങ്ങളിൽ ഒക്കെ അത് കൃത്യമായി ജ്യോതി പറയുന്നുമുണ്ട്.അതുകൊണ്ടാണ് യുവാക്കളും വിദ്യാർത്ഥികളും ജ്യോതിയുടെ പ്രസംഗങ്ങളും ക്ലാസ്സുകളും അത്രമേൽ ഇഷ്ടപ്പെടുന്നത്. അത് നേരിട്ട് കണ്ടു ബോധ്യപ്പെട്ടതുകൊണ്ടാണ് ഇത് എഴുതുന്നത്. കോണ്‌ഗ്രെസിലെ ബൂത്ത് തല കുടുംബസംഗമം മുതൽ ജില്ലാ-സംസ്ഥാന യോഗങ്ങളിൽ വരെ, മുസ്ലിംലീഗ് മുതൽ പുകാസ വരെയുള്ളവരുടെ പൗരത്വഭേദഗതി നിയമ വിരുദ്ധ സമ്മേളനങ്ങളിൽ ജ്യോതി ഒഴിവാക്കാനാവാത്ത സാന്നിധ്യമായത് അതിഗംഭീരമായ പ്രസംഗങ്ങളിലൂടെയും, നിലപാടുകളിലെ വിട്ടുവീഴ്‌ച്ചയില്ലായ്മയും കൊണ്ടാണ്. ശബരിമല വിഷയത്തിലായാലും, പൗരത്വഭേദഗതി നിയമത്തെകുറിച്ച് ആയാലും ജ്യോതിയുടെ നിലപാട് എപ്പോഴും ഭരണഘടനാമൂല്യങ്ങളിൽ ഊന്നി നിന്നുകൊണ്ടായിരുന്നു.

നമ്മുടെ രാഷ്ട്രീയ ഭൂമികയിൽ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ആണത്ത ഉൽഘോഷണങ്ങളും പിതൃബിംബങ്ങളും, പൗരുഷപ്രകടനങ്ങളും അരങ്ങുതകർക്കുമ്പോൾ ആണ് ജ്യോതി പെണ്മയുടെ രാഷ്ട്രീയവുമായി വേറിട്ട് നില്ക്കുന്നത്. ഏഴു വയസ്സുകാരനായ മകനെയും കൂട്ടിയാണ് ജ്യോതി പല വേദികളിലും പ്രസംഗിക്കുന്നത്. കേരളരാഷ്ട്രീയത്തിലെ അപൂർവവും ചേതോഹരവുമായ കാഴ്ച ആണത്. ജ്യോതിയുടെ വേറിട്ട രാഷ്ട്രീയഭാഷയുടെ, വ്യവഹാരത്തിന്റെ പ്രസക്തി ഇവിടെയാണ്.

കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിലെ വേദിയിലും, അരങ്ങിലും നിന്നും അകന്നുപോകുന്ന സ്ത്രീകളെ തിരിച്ചു കൊണ്ടുവരാനും, അതുവഴി ലിംഗനീതിയുടെ രാഷ്ട്രീയം കൂടുതൽ ചർച്ച ചെയ്യപ്പെടാനും ഇത്തരം ഇടപെടലുകൾക്ക് കഴിയും. പ്രതിരോധ സംഗമങ്ങളിലെ വർദ്ധിച്ചു വരുന്ന സ്ത്രീ പങ്കാളിത്തം അതാണ് കാണിക്കുന്നത്.

രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന് പറഞ്ഞത് ബിസ്മാർക്ക് ആണ്. പക്ഷേ, സത്യാനന്തര കാലത്ത് രാഷ്ട്രീയം അതോടൊപ്പം പ്രകടനപരതയുടെകൂടി കലയാണ്. അതുകൊണ്ടാണ് ഉറച്ച നിലപാടുകളെക്കാൾ, നീതിബോധത്തെക്കാൾ, ജനങ്ങളോടുള്ള പ്രതിബദ്ധതയേക്കാൾ ഏറെ കൃത്യസമയത്ത്, ബുദ്ധിപൂർവം പ്ലാൻ ചെയ്യപ്പെടുന്ന 'പൊളിറ്റിക്കൽ മാർക്കറ്റിങ് ' പലപ്പോഴും രാഷ്ട്രീയ വിജയികളെയും നേതാക്കന്മാരെയും സൃഷ്ടിക്കുന്നതും.ചാനൽ മുറികളിൽ നിന്ന് നേതാക്കന്മാർ ഉടലെടുക്കുന്ന ഒരു കാലത്താണ്, ഇത്തരം പൊളിറ്റിക്കൽ ഗിമ്മിക്കുകളെ ഒക്കെ പാടെ അപ്രസക്തം ആക്കികൊണ്ടു തെരുവിൽ നിന്നും, ജനപക്ഷത്തു നിന്നും ഒരു പാർട്ടിയുടെയും ഔദ്യോഗിക സ്ഥാനങ്ങളിൽ ഇല്ലാത്ത ഒരു ഓർഗാനിക് ലീഡർ ആയി ജ്യോതി ഉയർന്നു വരുന്നത്. അതോടൊപ്പം അക്കാദമിക രംഗത്തെ മികവും പ്രൊഫഷണലിസവും ജ്യോതിയുടെ മാത്രം പ്രത്യേകതകളാണ് . സിവിൽ സർവീസ് കോച്ചിങ് രംഗത്തെ പ്രഗത്ഭയായ അദ്ധ്യാപികയായും, മോക്ക് ഇന്റർവ്യൂകളിലെ വിഷയ വിദഗ്ധയായും, ദൂരദർശൻ ആങ്കർ ആയും, മിടുക്കിയായ വക്കീൽ ആയും ജ്യോതി നമുക്ക് മുന്നിൽ നിവർന്നു നിൽക്കുന്നുണ്ട്. സർവോപരി പ്രസംഗത്തിലെ അസാധാരണ മികവ് പരിഭാഷയിലും പുലർത്തുന്ന പ്രതിഭയാണ് ജ്യോതി. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങൾ ജ്യോതി പരിഭാഷപെടുത്തിയത് അത്രമേൽ മനോഹരവും വൈകാരികവുമായിട്ട് ആയിരുന്നു. കേരള രാഷ്ട്രീയ മണ്ഡലത്തിൽ മറ്റൊരു സ്ത്രീക്കും അവകാശപ്പെടാൻ കഴിയാത്ത സാന്നിദ്ധ്യമാണത്, ജ്യോതിക്കു മാത്രം അവകാശപെട്ടത്.

ജ്യോതി ഉയർത്തിപ്പിടിക്കുന്ന transformative politics ആണ് കോൺഗ്രസ്സിന്റെ നിലനിൽപ്പിന് ഇക്കാലത്ത് ഏറ്റവും അനിവാര്യം. അത് അവർ തിരിച്ചറിയുമെന്നു പ്രതീക്ഷിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP