Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

കോവിഡ് കാലത്തും ഇന്ത്യൻ ഗ്രാമങ്ങളിലെ ദരിദ്രജനതയുടെ ഏറ്റവും വലിയ ആശ്വാസം 'ദേശിയ വേസ്റ്റ് ' എന്ന് അർബൻ മിഡിൽ ക്ലാസ് ഒരു കാലത്തു പരിഹസിച്ച തൊഴിലുറപ്പ് പദ്ധതിയാണ്; മറ്റു ക്ഷേമപരിപാടികളിൽ നിന്നും 'ന്യായ' വ്യത്യസ്തമാകുന്നത് അത് 'മിനിമം വരുമാനം' സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാക്കി മാറ്റുന്നു എന്നതാണ്: സുധാ മേനോൻ എഴുതുന്നു

കോവിഡ് കാലത്തും ഇന്ത്യൻ ഗ്രാമങ്ങളിലെ ദരിദ്രജനതയുടെ ഏറ്റവും വലിയ ആശ്വാസം 'ദേശിയ വേസ്റ്റ് ' എന്ന് അർബൻ മിഡിൽ ക്ലാസ് ഒരു കാലത്തു പരിഹസിച്ച തൊഴിലുറപ്പ് പദ്ധതിയാണ്; മറ്റു ക്ഷേമപരിപാടികളിൽ നിന്നും 'ന്യായ' വ്യത്യസ്തമാകുന്നത് അത് 'മിനിമം വരുമാനം' സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാക്കി മാറ്റുന്നു എന്നതാണ്: സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

'മിനിമം മാസവരുമാനം' എല്ലാ കുടുംബങ്ങൾക്കും ഉറപ്പാക്കുമെന്ന യുഡിഎഫ് പ്രഖ്യാപനം ജനപക്ഷം ചേർന്ന് നിൽക്കുന്ന ഏറ്റവും നല്ല ചുവടുവെയ്‌പ്പ് ആണ്. കോൺഗ്രസ്സിന്റെ അകത്തളങ്ങളിൽ ഗൗരവമേറിയ നയപരിപാടികൾ ചർച്ച ചെയ്യപ്പെടുന്നുണ്ട് എന്നത് തന്നെ ഒരു ദിശാമാറ്റത്തിന്റെ സൂചന നൽകുന്നു. ഏതെങ്കിലും കള്ളികളിൽ ഒതുക്കാൻ കഴിയുന്നതോ, ഋജുവായതോ ആയ ഒരു പ്രത്യയശാസ്ത്രം ഒരു കാലത്തും കോൺഗ്രസ്സിനു അവകാശപ്പെടാൻ കഴിയാത്തത്, കോൺഗ്രസ് വിഭിന്ന താൽപര്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു വിശാല 'മഴവിൽ' പാർട്ടി ആയതുകൊണ്ടാണ്. 


എന്നാൽ, 'ന്യായ' പദ്ധതി മുന്നോട്ടു വെച്ചത് കാലഘട്ടത്തിനു അനുസൃതമായ രീതിയിൽ ഉള്ള മാറ്റത്തിനും നവീകരണത്തിനും കോൺഗ്രസ്സ് തയാറാവുന്നു എന്ന സന്ദേശം തന്നെയാണ് നൽകുന്നത്. പാർട്ടിക്ക് അകത്തും പുറത്തും ഉള്ള വിമർശനങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രതിസന്ധികളെ നേരിടാനുള്ള വഴികൾ നയപരിപാടികളിൽ നിന്ന് തന്നെ തുടങ്ങുന്നു എന്നത് നല്ല ലക്ഷണമാണ്. ലോകമെമ്പാടുമുള്ള സോഷ്യൽ ഡെമോക്രാറ്റിക് നയപരിപാടികളുടെ ആണിക്കല്ലാണ് 'ഡയറക്ട് ക്യാഷ് ട്രാൻസ്ഫർ '. 'മറ്റു ക്ഷേമപരിപാടികളിൽ നിന്നും 'ന്യായ' വ്യത്യസ്തമാകുന്നത് അത് 'മിനിമം വരുമാനം' സ്റ്റേറ്റിന്റെ പരമപ്രധാനമായ ഉത്തരവാദിത്വവും, പൗരന്റെ അടിസ്ഥാന 'അവകാശവും' (Right- based) ആയി മാറ്റുന്നു എന്നുള്ളതാണ്.

അത്, ഒരിക്കലും 'ഔദാര്യം' അല്ല. 'ഗ്യാരണ്ടി' ആണ്. ചുരുക്കത്തിൽ, മിനിമം വരുമാനം, സ്റ്റേറ്റിന്റെ ഉദാരതയുടെയും കരുണയുടെയും വൈകാരികതകളിൽ നിന്ന് പാടെ മാറി ജനതയുടെ ലെജിറ്റിമേറ്റ് അവകാശമായും അനിവാര്യമായ ഒരു നീതിയുടെ പ്രയോഗമായും മാറുന്നു എന്നിടത്താണ് ഞാൻ 'ന്യായ' പദ്ധതിയെ പിന്തുണക്കുന്നത്. തോമസ് പിക്കറ്റി അസമത്വം നേരിടുന്നതിനായി മുന്നോട്ടു വെച്ച നിർദേശങ്ങളിൽ സാർവ്വലൗകികമായി പ്രസക്തി ഉള്ള ഒന്ന്. മാത്രമല്ല,BPL കുടുംബങ്ങൾക്ക് മാസം 7500 രൂപയെങ്കിലും മിനിമം നല്കിയാൽ മാത്രമേ ഗ്രാമങ്ങളിലും നഗരങ്ങളിലും സമ്പദ് വ്യവസ്ഥക്കു ചെറിയ ഉണർവ് എങ്കിലും നൽകാൻ കഴിയൂ എന്ന് എല്ലാ പ്രതിപക്ഷപാർട്ടികളും തൊഴിലാളി സംഘടനകളും മാർച്ച് മുതൽ നിരന്തരം ആവശ്യപ്പെടുന്നതാണ്. അത് പ്രായോഗികമായതു കൊണ്ടാണല്ലോ അവർ ആവശ്യപ്പെട്ടതും. അപ്പോൾ ഇതേ സാഹചര്യത്തിൽ, അതിൽ ഒരു പ്രതിപക്ഷപാർട്ടി 'മിനിമം വരുമാനം' ഉറപ്പ് നൽകുന്ന പദ്ധതി മുന്നോട്ട് വയ്ക്കുന്നത് സ്വാഗതാർഹമാണ്.

ഈ കോവിഡ് കാലത്തും, ഇന്ത്യൻ ഗ്രാമങ്ങളിലെ ദരിദ്രജനതയുടെ ഏറ്റവും വലിയ ആശ്വാസം 'ദേശിയ വേസ്റ്റ് ' എന്ന് അർബൻ മിഡിൽ ക്ലാസ് ഒരു കാലത്തു പരിഹസിച്ച തൊഴിലുറപ്പ് പദ്ധതി ആണ് എന്ന് നമുക്കറിയാം. കാരണം അതൊരു 'ഗ്യാരണ്ടി' ആണ്. അതും, ആദ്യമായി ഒരു മിനിമം ഗ്യാരണ്ടി എന്ന നിലയിൽ നടപ്പാക്കിയത് മഹാരാഷ്ട്രയിലെ EGS (Employment Guarantee Scheme)ലൂടെ അന്നത്തെ കോൺഗ്രസ്സ് ഗവൺമെന്റ് ആയിരുന്നു എന്ന ചരിത്രവും നമുക്ക് മുന്നിൽ ഉണ്ട്. വരൾച്ചയെ നേരിടാൻ വേണ്ടി ഗാന്ധിയൻ ആശയമായ റൈറ്റ് ടു വർക്ക്, ഭരണ ഘടനയുടെ ആർട്ടിക്കിൾ 21, ആർട്ടിക്കിൾ 39(a), ആർട്ടിക്കിൾ 41 എന്നിവ വിഭാവനം ചെയ്തുകൊണ്ട് EGS തുടങ്ങിയത് 1972 ഇൽആണ് . എൺപതുകളിലും തൊണ്ണൂറുകളിലും നടപ്പിലാക്കിയ National Rural Employment Programme, Rural Landless Employment Guarantee Programme, Jawahar Rozgar Yojana,Employment Assurance Scheme തുടങ്ങിയയുടെ സ്വാഭാവിക പരിണതി ആയിട്ടാണ് MNREGA പീന്നീട് ഒന്നാം UPA കാലത്തു നടപ്പിലാക്കിയത്. ഒപ്പം സിവിൽ സമൂഹത്തിന്റെ സമ്മർദവും ഉണ്ടായിരുന്നു.

അതുപോലെ വിവരാവകാശ നിയമവും രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന് എത്രയോ മുൻപ് തന്നെ ഗോവയിലും മഹാരാഷ്ട്രയിലും, രാജസ്ഥാനിലും ഒക്കെ കോൺഗ്രസ്സ് സർക്കാരുകൾ നിയമമാക്കിയിരുന്നു. ഇതൊക്കെ അതാത് കാലത്തു അപ്രസക്തം, അപ്രായോഗികം എന്ന് പറഞ്ഞു പല വിമർശകരും തള്ളിക്കളഞ്ഞിരുന്നു എന്ന് എല്ലാർക്കും അറിയാം. എന്നിട്ടും, ഇതൊക്കെ ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടു.
ഓർക്കുക, ഇന്നത്തെ കേരളാമാതൃകയുടെ തുടക്കം എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടാറുള്ള, എഴുപതുകളുടെ ആദ്യപാദത്തിൽ ആദരണീയനായ സി അച്യുതമേനോൻ മുന്നോട്ടു വച്ച, സമാനതകൾ ഇല്ലാത്ത ഒരു വികസനമാതൃകയുടെ ഭാഗമായിരുന്നു അന്നത്തെ കോൺഗ്രസ്സ്.

ആ സുവർണ്ണകാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു തിരിച്ചു പോക്ക് ആയിട്ടാണ് കോൺഗ്രസ്സ് സ്വയം വിഭാവനം ചെയുന്നതെങ്കിൽ, അതൊരു നല്ല സൂചനയാണ്. അതോടൊപ്പം, സംഘടനയെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ കൂടി കോൺഗ്രസ്സ് ശ്രമിക്കേണ്ടിയിരിക്കുന്നു. എന്തായാലും, ഈയൊരു 'ലിബറൽ സോഷ്യൽ ഡമോക്രാറ്റിക് രാഷ്ട്രീയത്തിന്റെ' പാതയിലൂടെ മുന്നോട്ടു പോകാനുള്ള ധീരമായ തീരുമാനത്തിന് അഭിനന്ദനങ്ങൾ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP