Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

'ഈശ്വര അള്ളാ തേരേ നാം' അപ്രസക്തമാവുകയും പകരം ഗോഡ്‌സെയെ ധീര ദേശാഭിമാനിയായി വാഴ്‌ത്താൻ ധൈര്യമുള്ള ജനപ്രതിനിധികൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടു എന്നിടത്താണ് നമ്മുടെ പരാജയം; ഗോഡ്സാ സ്‌നേഹി പ്രഗ്യാസിങ് താക്കൂർ പാർലിമെന്റിൽ ഇരുന്നു നിയമനിർമ്മാണം നടത്തുന്നു; അതിനു മുൻപ് 'on behalf of Gandhiji' ഇന്ത്യ എന്ന ആശയത്തെ, ബഹുസ്വര ദേശീയതയെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു: സുധാ മേനോൻ എഴുതുന്നു

'ഈശ്വര അള്ളാ തേരേ നാം' അപ്രസക്തമാവുകയും പകരം ഗോഡ്‌സെയെ ധീര ദേശാഭിമാനിയായി വാഴ്‌ത്താൻ ധൈര്യമുള്ള ജനപ്രതിനിധികൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടു എന്നിടത്താണ് നമ്മുടെ പരാജയം; ഗോഡ്സാ സ്‌നേഹി പ്രഗ്യാസിങ് താക്കൂർ പാർലിമെന്റിൽ ഇരുന്നു നിയമനിർമ്മാണം നടത്തുന്നു; അതിനു മുൻപ് 'on behalf of Gandhiji' ഇന്ത്യ എന്ന ആശയത്തെ, ബഹുസ്വര ദേശീയതയെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു: സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

ബാബറി മസ്ജിദ് തകര്ക്കപ്പെടുന്നതിനു കുറച്ചു നാൾ മുൻപ്, ഏതാനും ഗാന്ധിയൻ പ്രവർത്തകർ അയോധ്യയിൽ ഒരു പ്രാർത്ഥനായോഗം നടത്തിയിരുന്നു. ഗാന്ധിജിയുടെ ഡോക്ടർ ആയിരുന്ന, ബാപ്പുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സുശീല നയ്യാർ ആയിരുന്നു ആ പ്രാര്ത്ഥന നയിച്ചിരുന്നത്. അന്ന് എന്പതു വയസ്സോളം ഉണ്ടായിരുന്ന വന്ദ്യവയോധികയായ സുശീലാ നയ്യാർ രഘുപതി രാഘവ രാജാറാം പാടുകയായിരുന്നു. 'ഈശ്വര അള്ളാ തേരേ നാം 'എന്ന വരികളിൽ എത്തിയപ്പോൾ, യോഗസ്ഥലത്തുണ്ടായിരുന്ന ചിലർ മുദ്രാവാക്യം വിളിച്ചുകൊണ്ടു, ആക്രോശിച്ചു കൊണ്ട്, സ്റ്റേജിന് അരികിലേക്ക് പാഞ്ഞു വന്നു. കറ കളഞ്ഞ ഗാന്ധിയനായ സുശീലാ ബെൻ, താഴെയിറങ്ങി അവര്ക്ക് മാത്രം കഴിയാവുന്നത്ര ശാന്തതയോടെ പറഞ്ഞു, ''ഞാൻ ഗാന്ധിജിക്ക് വേണ്ടിയാണ് ഇവിടെ വന്നത്'. അപ്പോൾ, ബഹളം ഉണ്ടാക്കുന്നവരുടെ നേതാവ്, മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. ''ഞങ്ങൾ ഗോഡ്സേക്ക് വേണ്ടിയാണ് ഇവിടെ വന്നത്. ഗോഡ്‌സെയെപോലെ ഞങ്ങളും വിശ്വസിക്കുന്നുണ്ട്, നിങ്ങൾ ഗാന്ധിയെപോലെ മുസ്ലിങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി ശ്രമിക്കുകയാണെന്ന്''.

സുശീലാ നയ്യാർ ഒരു നിമിഷം ശബ്ദം നഷ്ടപ്പെട്ടു നിന്നുപോയി. ' We came here on behalf of Godse' എന്ന് പരസ്യമായി പൊതുവേദിയിൽ പറയാനുള്ള തലത്തിലേക്ക്, ഗോഡ്‌സെയുടെ രാഷ്ട്രീയം ഇന്ത്യയിൽ വളര്ന്നു കഴിഞ്ഞു എന്നും രഥയാത്രയും, രാമജന്മഭൂമിവിവാദവും ഒക്കെ ആ വിപുലമായ രാഷ്ട്രീയകര്മ്മ പദ്ധതി അതിസമർത്ഥമായി നടപ്പിലാക്കാനുള്ള രാഷ്ട്രീയഹിന്ദുത്വത്തിന്റെ ഏണിപ്പടികൾ ആണെന്നും വേദനയോടെ സുശീലാ നയ്യാർ അന്ന്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിൽ തന്നെ മനസ്സിലാക്കി.

നിർഭാഗ്യവശാൽ, നമ്മൾ അപ്പോഴും ഇരുട്ടിൽ തപ്പുകയായിരുന്നു. നമ്മുടെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപാര്ട്ടികളും അങ്ങനെ, വീണ്ടും ദശകങ്ങളോളം ഇരുട്ടിൽ തന്നെ നില്കുകയും, വളര്ന്നു വരുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ നേരിടാനുള്ള '916' തനിമയും, ശക്തിയും ആര്ക്കാണെന്ന് തെളിയിക്കാൻ മത്സരിക്കുകയും ചെയ്തപ്പോൾ, 'ഈശ്വര അള്ളാ തേരേ നാം 'തീരെ അപ്രസക്തമാവുകയും, പകരം ഗോഡ്‌സെയെ ധീരദേശാഭിമാനിയായി വാഴ്‌ത്താൻ ധൈര്യമുള്ള ജനപ്രതിനിധികൾ സ്വാതന്ത്ര്യ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു എന്നിടത്താണ് നമ്മുടെ പരാജയം.

ഓട്ടോറിക്ഷ ഇടിച്ചിട്ടല്ല ഗാന്ധിജി മരിച്ചത് എന്ന് ഉത്തമബോധ്യമുള്ളവർ തന്നെയാണ്, ഗോഡ്സെയെ സ്വാതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി എന്ന് വിളിച്ച കമൽഹാസനു നേരെ ചെരുപ്പ് എറിഞ്ഞത്. ഗോഡ്‌സെ എക്കാലത്തും ദേശസ്‌നേഹിയായിരുന്നു എന്ന് പറഞ്ഞ പ്രഗ്യ താക്കൂർ ഇന്ന് വന്ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട എംപി ആണ്. സാക്ഷി മഹാരാജ്, നളിൻ കുമാർ കട്ടീൽ, അനിൽ സൗമിത്ര, അനന്തകുമാർ ഹെഗ്‌ദേ....തുടങ്ങി സംഘപരിവാർ രാഷ്ട്രീയത്തിന്റെ മുൻ നിരയിൽ നില്ക്കു ന്നവരൊക്കെയും ഗോഡ്‌സെയെ ന്യായികരിക്കാൻ ശ്രമിച്ചവരാണ്. അവരെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഗോഡ്‌സെ തെറ്റാവുന്നില്ല, കാരണം അവർ എക്കാലവും നിർവചിച്ചിരുന്ന പ്രതീകവൽത്കരിച്ചിരുന്ന രാഷ്ട്രം ഇതായിരുന്നില്ല, ആ രാഷ്ട്രത്തിന്റെ പിതാവ് ഒരിക്കലും നമ്മുടെ മഹാത്മാ ആയിരുന്നുമില്ല. അതുകൊണ്ട് തന്നെയാണ് ഗാന്ധിജിയെ കൊന്നതിനു ശേഷവും, സമാനതകളില്ലാത്ത ആ ക്രൂരതയ്ക്ക് ശക്തമായ പ്രത്യയശാസ്ത്ര ഭാഷ്യം ചമയ്ക്കാൻ ഗോഡ്‌സെക്ക് കഴിഞ്ഞതും, അത് ഇപ്പോഴും വലതുപക്ഷ രാഷ്ട്രീയത്തിൽ ഉടനീളം നരേട്ടിവ് ആയി തുടരുന്നതും.. ഗാന്ധി വധം നടക്കുമ്പോൾ, ഗോഡ്‌സെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകൻ ആയിരുന്നില്ല എന്നത് സത്യമാകാം. ഇവിടെ ഏതു സംഘടന എന്നുള്ളതല്ല വിഷയം. മറിച്ച്, എന്നും പ്രസക്തമായ ഘടകം, ഗോഡ്‌സെയും, ഹിന്ദു മഹാസഭയും, RSS നെ പോലെത്തന്നെ ലക്ഷ്യമാക്കിയിരുന്നത് ഇന്ത്യയുടെ മതബന്ധമില്ലാത്ത ബഹുസ്വര-ദേശിയതക്കുമേലുള്ള ഹിന്ദുരാഷ്ട്രത്തിന്റെ പുനഃ സ്ഥാപനമാണ് എന്നുള്ളതാണ്. അതിനു അവർ കണ്ട ഏറ്റവും വലിയ തടസ്സം ആ മെലിഞ്ഞ മനുഷ്യനായിരുന്നു.

ഗാന്ധിജി വധിക്കപ്പെട്ട ഈ ദിവസം മാത്രമല്ല, ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നമ്മൾ എന്നും, ഇപ്പോഴും ചര്ച്ചത ചെയ്തുകൊണ്ടേയിരിക്കേണ്ടത് ഈ വസ്തുതയാണ്. ഗാന്ധിജിയെ ഇല്ലാതാക്കിയത്, ഒരു വ്യക്തിയല്ല, മറിച്ച് ഒരു ചിന്തയാണ്. വ്യക്തമായ പ്രത്യയശാസ്ത്രമാണ്. അതിനു ഒരൊറ്റ പേരേയുള്ളൂ: രാഷ്ട്രീയ ഹിന്ദുത്വം. ആ ചിന്താപദ്ധതിയാണ് എതിര്ക്ക പ്പെടെണ്ടത്.നിര്ഭാഗ്യവശാൽ, എഴുപതുകൾ മുതലുള്ള, ഇന്ത്യയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട നേതാക്കന്മാർ പോലും ഈ അപകടം മനസിലാക്കിയില്ല എന്നുള്ളതാണ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം.

അടിയന്തിരാവസ്ഥ കുടം തുറന്നു വിട്ടത് ഈ ഭൂതത്തെ കൂടിയായിരുന്നു. ജയപ്രകാശ് നാരായൺ ചെയ്ത ഏറ്റവും വലിയ തെറ്റ്, ജനസന്ഘത്തെ അന്നത്തെ അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിൽ തുല്യപങ്കാളികൾ ആക്കിയതായിരുന്നു. അതാണ്, ഗാന്ധിവധത്തിനു ശേഷം അഖിലേന്ത്യാതലത്തിൽ ഹിന്ദുത്വശക്തികള്ക്കു കിട്ടിയ ആദ്യത്തെ സോഷ്യൽ ലെജിറ്റിമസി. മൊറാര്ജീ മന്ത്രിസഭയിൽ വാജ്‌പേയിയും, അദ്വാനിയും മന്ത്രിമാരായതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ഏണിപ്പടികൾ ഓരോന്നായി കീഴടക്കാൻ ഹിന്ദുത്വ രാഷ്ട്രീയത്തിന് എളുപ്പമായി.

'എന്റെ ഹിമാലയങ്ങൾ ഇവിടെയാണ് 'എന്നായിരുന്നു, ഗാന്ധിജി എല്ലാം നിര്ത്തി ഹിമാലയത്തിൽ പോകേണ്ട സമയമായി എന്ന് വിമര്ശിച്ച അതിര്ത്തി യിലെ ഹിന്ദുക്കളോടും സിഖുകാരോടും അദ്ദേഹം പറഞ്ഞിരുന്നത്. 1948 ഫെബ്രുവരി പതിമൂന്നാം തിയ്യതി മുതൽ, വാര്ധായിൽ നിന്നും തുടങ്ങി, അസംഖ്യം ജനങ്ങൾ കൊല്ലപ്പെട്ട ജനപദങ്ങളിലൂടെ കാൽനടയായി യാത്ര ചെയ്തുകൊണ്ട്, മാനവിക ചരിത്രത്തിലെ ഏറ്റവും വലിയ ''ദേശാന്തരഗമനത്തിന്റെ പ്രവാഹവേഗങ്ങൾ ' എന്ന് ഡൊമിനിക് ലാപിയരും ലാറി കൊളിന്‌സും വിശേഷിപ്പിച്ച ലക്ഷക്കണക്കിന് അഭയാർത്ഥികളെ നേരിൽ കണ്ടു ,ലഹളയിൽ നിന്നും കൂട്ടക്കൊലയിൽ നിന്നും പിന്തിരിപ്പിക്കണമെന്നും ആയിരുന്നു അനുഗമികളില്ലാത്ത ആ പഥികൻ തീരുമാനിച്ചിരുന്നത്. അക്ഷരാര്ത്ഥ ത്തിൽ, പാക്കിസ്ഥാനിലേക്ക് ഒരു തീർത്ഥയാത്ര. പക്ഷെ, അതിനു മുന്പ് ഗോഡ്‌സെ ജയിക്കുകയും ഗാന്ധിജി തോല്ക്കുകയും ചെയ്തു. ഇപ്പോഴും വീണ്ടും തോല്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ന് ഗാന്ധിജിയുടെ ആശ്രമം പോലും കൈയേറാൻഅവർക്കു കഴിയുന്നു.

നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ക്രൂരമായ യാഥാര്ത്ഥ്യം ഗോഡ്സെയെ ദേശസ്‌നേഹിയായി വിശേഷിപ്പിച്ച പ്രഗ്യാ സിങ് താക്കൂർ ഇന്ത്യൻ പാര്‌ലിമെന്റിൽ ഇരുന്നു നിയമ നിര്മാണം നടത്തുന്നു എന്നതാണ്. നാളെ 'On behalf of Godse' ഇവിടെ അവർ നിയമ നിർമ്മാണവും നടത്തിയേക്കാം. അതിനു മുൻപ് 'on behalf of Gandhiji ' നമുക്ക് നമ്മുടെ തെറ്റുകളെ തിരുത്തി, ഇന്ത്യ എന്ന ആശയത്തെ, ബഹുസ്വര ദേശീയതയെ നമ്മുടെ സമരങ്ങളിൽ കൂടി വീണ്ടെടുക്കേണ്ടിയിരിക്കുന്നു.ജനുവരി മുപ്പത് പ്രസക്തമാകുന്നത് അവിടെയാണ് .എന്റെ ഹിമാലയങ്ങൾ ഇവിടെ തന്നെയാണ് എന്ന ഗാന്ധിജിയുടെ വാക്കുകളും ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP