Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷക്കീല എന്നു പേരുള്ള പെൺകുട്ടികൾ നാണക്കേടുമൂലം പുറത്തിറങ്ങാൻ മടിക്കുമ്പോൾ സ്മിതയെന്നു പേരുള്ളവർ എന്തുകൊണ്ട് നാണക്കേടായി കണ്ടില്ല? സദാചാരപ്രസംഗങ്ങളും മോറൽ പൊലീസിങ്ങും കൈ കൊണ്ട് മറച്ചു വിരൽ തുമ്പിൽ പരത്തുന്ന പോൺ വീഡിയോകളും ഇല്ലാതിരുന്ന കാലത്തു സിൽക്ക് സ്മിത മലയാളിയെ ആവേശം കൊള്ളിച്ചത് എങ്ങനെ? ദീപ പ്രവീൺ എഴുതുന്നു...

ഷക്കീല എന്നു പേരുള്ള പെൺകുട്ടികൾ നാണക്കേടുമൂലം പുറത്തിറങ്ങാൻ മടിക്കുമ്പോൾ സ്മിതയെന്നു പേരുള്ളവർ എന്തുകൊണ്ട് നാണക്കേടായി കണ്ടില്ല?  സദാചാരപ്രസംഗങ്ങളും മോറൽ പൊലീസിങ്ങും  കൈ കൊണ്ട്  മറച്ചു വിരൽ തുമ്പിൽ പരത്തുന്ന പോൺ വീഡിയോകളും ഇല്ലാതിരുന്ന കാലത്തു സിൽക്ക് സ്മിത മലയാളിയെ ആവേശം കൊള്ളിച്ചത് എങ്ങനെ? ദീപ പ്രവീൺ എഴുതുന്നു...

ദീപ പ്രവീൺ

20 വർഷങ്ങൾക്കു മുൻപു ഒരു സെപ്റ്റംബർ 23നു മത്സരവേദിയിൽ ഓടി കിതച്ചു വന്ന ചെങ്ങാതി മറ്റു ഒരു പുരുഷ സുഹൃത്തിനോടാണ് ' സിൽക്ക്' മരിച്ചു എന്ന് പറയുന്നത്. ഇത് കേട്ട പുരുഷ സുഹൃത്തിന്റെ മറുപടി 'കഷ്ടമായിപോയി' എന്നല്ല 'വലിയ നഷ്ട്ടമായി'പോയി എന്നായിരുന്നു. ആ 20 കാരനെ പോലെ പലരുടെയും സ്വപ്നസുന്ദരിയായിരുന്നു സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിജയ ലക്ഷ്മി.

വാട്‌സ് ആപ്പിന്റെയും യൂട്യൂബ് ക്ലിപ്പുകളുടെയും കാലത്തു സിൽക്ക് സ്മിത എന്ന നടി യുടെ അഭാവം അവരുടേതെന്നു പറയപ്പെട്ടിരുന്ന കർമ്മപഥത്തിൽ ഇന്ന് വലിയ വിടവുണ്ടാക്കുന്നില്ലെങ്കിലും, സ്മിത എന്ന വ്യക്തി, സിനിമാ നടി നമ്മളോടു പറയാതെ പറഞ്ഞ ചിലതുണ്ട്. അവരെക്കൊണ്ടു കാലം 'മലയാളിയോടു' കപട സദാചാരത്തോടു ചോദിപ്പിച്ച ചില ചോദ്യങ്ങൾ ഉണ്ട്. നമ്മുടെ സദാചാര വിചാരങ്ങൾ ഇത്ര മലീമസമായതു എന്നാണു എന്നതു തന്നെയാണ് അതിൽ മുഖ്യമായതു.

80 കളിലെ സെക്‌സ് സിമ്പലായിരുന്നു സ്മിതയെങ്കിലും ഇന്ന് മറ്റു പല സെൻഷൽ റോളുകൾ ചെയ്യുന്ന വ്യക്തിക്ക് നൽകുന്നതിലും ഉള്ള ഒരു വ്യക്തി ബഹുമാനം അന്നത്തെ മലയാളി/ തമിഴ് സിനിമ സമൂഹം സ്മിതയ്ക്ക് നൽകിയിരുന്നു എന്ന് വ്യക്തമാണ്. അവർ ആ കാലയളവിലെ പല മുഖ്യധാരാ സിനിമകളുടെയും ഭാഗവും ആയിരുന്നു. സ്മിത അഭിനയിച്ച മൂന്നാം പിറയും, അഥർവ്വവും, സ്ഫടികവും, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയുമൊക്കെ കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയി കണ്ട സിനിമകളാണ്.

നാട്ടിൻ പുറങ്ങളിൽ പ്രത്യേക അഴകളവുകളുള്ള വ്യക്തികളെ സിൽക് സ്മിത എന്ന പേര് ഒളിഞ്ഞു തെളിഞ്ഞും വിളിക്കുന്നവരും ആ വിളിപേരിൽ പരാതിപ്പെ ടാതെ ഒരൽപ്പം അഭിമാനിച്ചിരുന്ന ചില വ്യക്തികളെയും എനിക്കടുത്തറിയാം. ഇതേ നാട്ടിൽ തന്നെയാണ് പിൽക്കാലത്തു ഷക്കീല എന്ന പേരുള്ള പെൺകുട്ടികൾ പുറത്തിറങ്ങാൻ മടിച്ചതു.

മലയാളിയുടെ സദാചാരപ്രസംഗങ്ങളും മോറൽ പൊലീസിങ് സ്വ്യര്യവിഹാരവും, പിന്നെ കൈ കൊണ്ട് സ്മാർട്ട് ഫോൺ മറച്ചു വിരൽ തുമ്പിൽ പരത്തുന്ന പോൺ വീഡിയോകളും ഇല്ലാതിരുന്ന കാലത്തു സാധാരണ മലയാളി ബി ക്ലാസ്, സി ക്ലാസ് തിയേറ്ററിൽ മോർണിങ് ഷോയ്ക്ക് പോയി സിൽക്ക് സ്മിതയുടെയും അനുരാധയുടെയും ചിത്രങ്ങൾ കണ്ടു. അന്നത്തെ പല സൂപ്പർ താര ചിത്രങ്ങളിലും ഒരു ഐറ്റം ഡാൻസ്സോ, ക്ലബ് ഡാൻസ്സോ ഉണ്ടായിരുന്നു, സ്ലീവ് ലെസ്സ്, ബ്ലൗസ് ഉം, മിനി സ്‌കർട്ടും, ഇറുകിയ ഉടുപ്പുകളും, പിന്നെ സാധാരണ ബ്ലൗസും കൈലിയുമായിരുന്നു നായികമാരുടെ സ്ഥിരം വേഷം. ആ സിനിമകളെ കുടുംബങ്ങൾ 100 ഉം 200 ഉം ദിവസം തിയേറ്ററിൽ ഓടിച്ചു.

അമ്മമാരും മുത്തശ്ശിമാരും പാടവരമ്പുകളിലൂടെയും നാട്ടിടവഴികളിലൂടെയും കൈലിയും മുണ്ടുമായി ഒരു ഒളിക്യാമറെയും പേടിക്കാതെ നടന്നു നീങ്ങി. അവർ പൊതു കുളക്കളടവിലും, പുഴയോരത്തും ഒരു ഒറ്റ മുണ്ടിന്റെ ബലത്തിൽ കുളിച്ചു, പൊന്തക്കാട്ടിൽ എങ്ങാനും ഒരു തല പൊങ്ങിയാൽ കുളത്തിലെ നല്ല ഉരുളൻ കാല് പെറുക്കി എറിഞ്ഞു ഓടിച്ചു. റ്റൈറ്റിസ് ഇട്ടാൽ 'വികാരം' ഇളകും എന്ന് പറയുന്ന ഒരു നാട്ടിൽ ഹൈസ്‌കൂൾ കുട്ടികൾ വരെ മുട്ടോളം എത്തുന്ന പാവാടയും, ഓവർകോട്ടെന്നെ ഭാരവും ഇല്ലാതെ സാധാര സ്‌കൂൾ ബ്ലൗസ് ഇട്ടു സ്‌കൂളിൽ പോയി. സിൽക്ക് സ്മിതയുടെ പടം നാടുപേജിൽ വരുന്ന നാനായും വെള്ളിനക്ഷത്രവും വീടിന്റെ ഉമ്മറത്ത് തന്നെ കിടന്നു. 'സദാചാരം' കപടമല്ലാതെ ഇരുന്ന ആ കാലത്തു മലയാളി കുറച്ചു കൂടി വ്യക്തികളെ വ്യക്തികളായി കണ്ടിരുന്നു എന്ന് വേണം കരുതാൻ.

സമൂഹം വളരുന്നതിന് അനുസരിച്ചു സംസ്‌കാരം വളരണം എന്നിലലോ. അതുകൊണ്ടാവണം വർഷങ്ങൾക് ഇപ്പുറം സിനിമയാക്കി 'കോമേർഷ്യലയിസ്സ്' ചെയ്യാവുന്ന ഒരു പ്രോൺ ആർട്ടിസ്റ്റായി 'സെക്‌സ് ഐറ്റം' മാത്രമായി സ്മിത മാറുന്നത്.

ഡേർട്ടി പിക്ചർന്റെ ടീസറിലൂടെയും ടൈലറിലൂടെയും ഒന്ന് കണ്ണോടിച്ചാൽ അറിയാം അത് ആദ്യ ദിവസത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ചത്തിനു കാരണം അതിന്റെ ഓഡിയന്‌സിനെ അറിഞ്ഞുള്ള ആവിഷ്‌ക്കാരമാണെന്ന്. ഡേർട്ടി പികച്ചറിലൂടെ വിദ്യാ ബാലൻ അംഗീകാരങ്ങളും, സിനിമാ നിരൂപകരുടെ പ്രശംസയും പിടിച്ചു പറ്റിയപ്പോഴും സിനിമ കണ്ടിറങ്ങിയ '2011' ലേ പല കാണിക്കും 'സിൽക്കിനെ' കുറിച്ചുള്ള സിനിമ ഒരു പറ്റിക്കലായി തോന്നി. ഒരു കൂട്ടുകാരൻ സിനിമകണ്ടിണ്ട് പറഞ്ഞു ' ഇതിലും കൂടുതൽ' സിൽക്ക് സ്മിതയുടെ പഴയ സിനിമ ക്‌ളിപ്പിൽ കാണാം.

അതേ, 2010 കൾ കഴിയുമ്പോൾ മലയാളിക്ക് സദാചാര ബോധം കൂടുന്നു അമ്മമാരും പെങ്ങൻ മാരും ഒളിക്യാമറകളേയും നവീകരിക്കപ്പെട്ട സദാചാര ബോധത്തെയും പേടിച്ചു പൊതുകുളക്കടവുകൾ ഉപേക്ഷിക്കുന്നു. സ്‌കൂളുകൾ കുട്ടികളെ ചിരിദാറും ഓവർ കോട്ടും ധരിപ്പിക്കുന്നു.

മറുവശത്തു മലയാളി ഇന്റർനെറ്റിൽ സേർച്ച് ചെയ്യുന്നതിന്റെ മുൻപന്തിയിൽ സ്മിതയും, സണ്ണിലിയോണും, ഷക്കീലയുടേയും പേരിലുള്ള പോൺ വീഡിയോസ് ഇടം പിടിക്കുന്നു. എന്നാൽ ഈ വീഡിയോകൾക്ക് അപ്പുറം കേവലം ശരീരങ്ങൾ മാത്രമല്ലാതെ അവരും മനുഷ്യരാണ് എന്ന് നാം എന്താണ് മറക്കുന്നത് ?

ഷക്കീലയുടെയും സണ്ണി ലിയോണിന്റെയും വീഡിയോകൾ കണ്ടു വികാരം കൊള്ളുന്നവർ, ഷക്കീലയെ അവതരിപ്പിച്ച കോമഡിനൈറ്റ് പ്രോഗ്രാമും സണ്ണി ലിയോൺ Bhupendra Chaubey യ്ക്കും Shekhar Gupta യ്ക്കും നൽകിയ ഇന്റർവ്യൂ കൂടി ഒന്ന് കാണണം. അവരിലെ വ്യക്തിയെ മനസ്സിലാക്കാൻ.

സ്മിതയും, ഷക്കീലയും, സണ്ണീലിയോനുമെല്ലാം വ്യക്തി ജീവിതത്തിൽ ഒരു പാട് ദുരന്തങ്ങൾ അനുഭവിച്ചു ആ പ്രതിസന്ധികളിൽ തളരാതെ ജീവിതത്തെ ധൈര്യപൂർവ്വം നേരിടാൻ ശ്രമിച്ചവരാണ്. രാധിക ആപ്‌തെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് പോലെ ഒരു പാട് ഉച്ച നീചതവ്യവും ചൂഷണവും നില നിൽക്കുന്ന സിനിമ മേഖലയിൽ ഇവരുടെ ഒന്നും ജീവിതം വെള്ളി തളികയിൽ വച്ച് നീട്ടുന്ന നേട്ടങ്ങളുടേതായിരുന്നില്ല. മറിച്ചു സമൂഹവും സിനിമയും ഒരു കണ്ണ് കൊണ്ട് ആർത്തിയോടെ ശരീരത്തിലേയ്ക്ക്‌നോക്കുകയും മറു കണ്ണ് കൊണ്ട് ഇവരിലെ വ്യക്തിയെ പുച്ഛിക്കുകയും ചെയ്യുന്ന ഇടതു നിന്നാണ് ഇവർ നേട്ടങ്ങൾ വെട്ടിപിടിച്ചതു.

ഇവിടെ അവർ വ്യക്തിത്വം കൊണ്ടാണ് വ്യത്യസ്തരാകുന്നത്. നിലപാടുകളിലെ സത്യന്ധതകൊണ്ട് സണ്ണി നമ്മെ അദ്ഭുതമെടുത്തുന്നു നമ്മുടെ ആധാരവു നേടുന്നു. ട്രാൻസ്‌ജെൻഡർ ആയ ഒരു പെൺകുട്ടി ഷക്കീലയിൽ 'അമ്മ എന്ന സുരക്ഷിതത്വം കാണുമ്പോൾ, അവർ പീഡനത്തിന് ഇരയായവർക്കു ഒരു താങ്ങാകുന്നു എന്നറിയുമ്പോൾ നമ്മൾ ഇവരുടെ മുന്നിൽ ചെറുതാവുക തന്നെയാണ്.

സ്മിതയും ജീവിതതോടു പടപൊരുതി ജയിക്കാൻ ആഗ്രഹിച്ച പെൺകുട്ടി ആയിരുന്നു, എന്നാൽ ചുറ്റുമുള്ളവരും സമൂഹവും അവളെ തോൽപ്പിക്കയാണ് ഉണ്ടായതെന്നു മാത്രം . ശൈശവ വിവാഹത്തിനും, ഗാർഹിക പീഡനത്തിനും, ലൈംഗിക പീഡനത്തിനും, സാമ്പത്തിക ചൂഷണത്തിനും ഇരയായിട്ടും പിടിച്ചു നിന്ന ഒരു യുവതി എത്ര മടുത്തിട്ടാവണം ജീവിതം അവസാനിപ്പിച്ചത്. അവളോട് ശരീരത്തോട് മാത്രമല്ല ആത്മാവിനോടും നമുക്കു ഒരു കടപ്പാടുണ്ടാവണം.

സ്മിത, ശ്രീ ഓ.ൻ. വി യുടെ 'നീ യെത്ര ധന്യ' എന്ന കവിതയിലെ വരികൾ ഏറ്റവും അനുയോജ്യമാകുന്നത് നിനക്കാണ്.

നീ മൃത്യുവെ സ്വയം കൈവരിച്ചോരു കന്യ
നിശാഗന്ധി നീയെത്ര ധന്യ.

ഇതാണ് മൊത്തം കവിത:-

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

നിഴൽ പാമ്പുകൾ കണ്ണൂകാണാതെ നീന്തും നിലാവിൽ
നിരാലംബശോകങ്ങൾതൻ കണ്ണുനീർപൂക്കൾ
കൺചിമ്മിനിൽക്കുന്ന രാവിൽ,

നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്പു് നിന്നൂ..
നിലാവും കൊതിക്കും മൃദുത്വം നിനക്കാരു തന്നൂ..

മഡോണാസ്മിതത്തിന്നനാഘ്രാത ലാവണ്യ നൈർമല്ല്യമേ
മൂകനിഷ്പന്ദ ഗന്ധർവ്വസംഗീതമേ..
മഞ്ഞുനീരിൽ തപം ചെയ്തിടും നിത്യകന്യേ

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

വിടർന്നാവു നീ സുസ്മിതേ
നിൻ മനസ്സിൽ തുടിക്കും പ്രകാശം പുറത്തില്ല..

ഇരുൾ പെറ്റ നാഗങ്ങൾ നക്കിക്കുടിക്കും
നിലാവിന്റെ നാഴൂരിവെട്ടം തുളുമ്പിത്തുടിക്കുന്ന
മൺചട്ടിയിൽ നീ വിടർന്നു,
വിടർന്നൊന്നു വീർപ്പിട്ടു നിന്നൂ..
മനസ്സിന്റെ സൗമ്യാർദ്ര ഗന്ധങ്ങളാ വീർപ്പിലിറ്റിറ്റു നിന്നൂ..

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

നിനക്കുള്ളതെല്ലാമെടുക്കാൻ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിൻ
പട്ടുചേലാഞ്ചലത്തിൽ പിടിക്കെ..
കരം കൂപ്പിയേഗാഗ്രമായ്,
ശാന്തനിശ്ശബ്ദമായ്,
ധീരമേതോരു നിർവ്വാണമന്ത്രം ജപിച്ചു..

നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാഹംസഗാനം നിലച്ചു..

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

ഇവർക്കന്ധകാരം നിറഞ്ഞോരുലോകം തുറക്കപ്പെടുമ്പോൾ
ജനിച്ചെന്ന തെറ്റിന്നു ജീവിക്കുകെന്നേ വിധിക്കപ്പെടുമ്പോൾ
തമസ്സിൻ തുരുമ്പിച്ച കൂടാരമൊന്നിൽ തളച്ചിട്ട ദുഃഖങ്ങൾ ഞങ്ങൾ
കവാടം തകർത്തെത്തുമേതോ സഹസ്രാംശുവെ
കാത്തുകാത്തസ്തമിക്കുന്ന മോഹങ്ങൾ ഞങ്ങൾ,
ഭയന്നുറ്റു നോക്കുന്നു ഹാ മൃത്യുവെ..
നീ മൃത്യുവെ സ്വയം കൈവരിച്ചോരു കന്യ
നിശാഗന്ധി നീയെത്ര ധന്യ,.

നിശാഗന്ധി നീയെത്ര ധന്യ..
നിശാഗന്ധി നീയെത്ര ധന്യ..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP