Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202227Tuesday

വി എസ് പണ്ട് മുല്ലപ്പെരിയാർ ഡാമിന്റെ ഒരു വശത്ത് കാലൻ കുടയുടെ കമ്പി കുത്തി നോക്കി; ഡാമിന്റെ കാലപ്പഴക്കം നിശ്ചയിക്കുന്നത് കുടക്കമ്പി കൊണ്ട് കുത്തിനോക്കിയല്ല; വീണ്ടും മുല്ലപ്പെരിയാർ ചർച്ചയാകുമ്പോൾ സജി മാർക്കോസ് എഴുതുന്നു

വി എസ് പണ്ട് മുല്ലപ്പെരിയാർ ഡാമിന്റെ ഒരു വശത്ത് കാലൻ കുടയുടെ കമ്പി കുത്തി നോക്കി; ഡാമിന്റെ കാലപ്പഴക്കം നിശ്ചയിക്കുന്നത് കുടക്കമ്പി കൊണ്ട് കുത്തിനോക്കിയല്ല; വീണ്ടും മുല്ലപ്പെരിയാർ ചർച്ചയാകുമ്പോൾ സജി മാർക്കോസ് എഴുതുന്നു

സജി മാർക്കോസ്

വീണ്ടും മുല്ലപ്പെരിയാർ

മുല്ലപ്പെരിയാർ ഡാമിന്റെ ബലവും ബലക്ഷയവും നിർണ്ണയിക്കൽ ഒരു സാങ്കേതിക (Technical ) വിഷയമാണെന്നും സാധ്യമായത് രാഷ്ട്രീയ പരിഹാരം ആണെന്ന് മനസിലാക്കാത്തവർ മൊയ്തീന്റെ ചെറിയ സ്പാനറുമായി വീണ്ടും രംഗത്ത് ഇറങ്ങിയിട്ടുണ്ട്, പ്രത്യേകിച്ചും ക്‌ളബ് ഹൗസിൽ. പണ്ടൊരു മഴക്കാലത്ത് സ.വി എസ്. അച്ചുതാനന്ദൻ മുല്ലപ്പെരിയാർ ഡാമിന്റെ ഒരു വശത്ത് കാലൻ കുടയുടെ കമ്പി കുത്തി നോക്കി സുർക്കി ഇളകി വരുന്നത് കണ്ട് ചാനലുകാർ കുറെ പുകിൽ ഉണ്ടാക്കി. ഡാമിന്റെ കാലപ്പഴക്കം നിശ്ചയിക്കുന്നത് കുടക്കമ്പി കൊണ്ട് കുത്തിനോക്കിയല്ല എന്ന് അന്നു പോയിട്ട് ഇന്നു പോലും പലരും മനസിലാക്കിയിട്ടില്ല.

ഡാമിന്റെ ഡൗൺസ്റ്റ്രീമിൽ താമസിക്കുന്നവരുടെ ആശങ്കകൾ മറന്നുകൊണ്ടല്ല ഇത് എഴുതുന്നത്. പക്ഷേ, ഒരു പ്രശ്‌നത്തെ സമീപിക്കുന്നതും പരിഹാരം നിർദ്ദേശിക്കുന്നതിനും ചില അംഗീകൃത രീതികളുണ്ട്- അത് പാലിച്ചേ പറ്റൂ. മുല്ലപ്പെരിയാർ ഡാമിനു ബലക്ഷയം ഉണ്ട് എന്ന് എന്തുകൊണ്ടാണു സുപ്രീം കൊടതിയെ ബോധ്യപ്പെടുത്താൻ കേരളത്തിനു കഴിയാത്തത്? ഒറ്റക്കാര്യമേയുള്ളൂ - ഇരു കക്ഷികളും (കേരളവും തമിഴ്‌നാടും) അംഗീകരിക്കുന്ന ഒരു സ്വതന്ത്ര വിദഗ്ധ റിപ്പോർട്ട് ഇല്ലെന്നതു തന്നെ. അല്ലെങ്കിൽ സുപ്രീം കോടതി നിയമിക്കുന്ന ഒരു വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഉണ്ടാകണം. അങ്ങിനെ ഒരു വിദഗ്ധ റിപ്പോർട്ടിൽ ഡാം അപകടാവസ്ഥയിൽ ആണെന്ന് തെളിഞ്ഞാൽ ഡാം ഡീക്കമ്മീഷൻ ചെയ്യേണ്ടി വരും. അത് മാത്രമായിരിക്കണം കേരളത്തിന്റെ ആവശ്യം. നിയമപരമായി ഈ ഒരൊറ്റ വഴിയേ ഉള്ളൂ.

അങ്ങനെ വരുമ്പോൾ തമിഴ്‌നാടിനു വെള്ളം ലഭിക്കുക എന്നത് വേറേ പരിഹരിക്കേണ്ട പ്രശ്‌നമായി വരും. അതിനുള്ള പരിഹാരം കണ്ടെത്തേണ്ടത് അതിന്റെ വിദഗ്ധന്മാരായിരിക്കണം. അത് ജനങ്ങളുടെ ജോലിയല്ല. നിയമപരമായ പരിഹാരമാണു കേരളം ഉദ്ദേശിക്കുന്നത് എങ്കിൽ കേരളം ഇതുവരെ എടുത്ത നടപടികൾ എല്ലാം പാളിപ്പോയി എന്ന് പറയേണ്ടി വരും. കാരണം കേരളം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ കേരളം എകപക്ഷീയമായി നടത്തിയ പഠനങ്ങളും നിഗമനങ്ങളുമാണു. അതൊന്നും തമിഴ്‌നാട് അംഗീകരിക്കുന്നില്ല.

ഡാമിന്റെ കസ്റ്റോഡിയൻ ആയ തമിഴ്‌നാടിനു കേരളത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുള്ളതിനാൽ ഒരു സ്വതന്ത്ര പഠനം നടത്താൻ അനുവദിക്കില്ല. അതുകൊണ്ട്, സുപ്രീം കൊടതിയുടെ ഇടപെടൽ ആദ്യം വേണ്ടത് ഒരു പഠനം നടത്താനുള്ള സംവിധാനത്തിനു വേണ്ടിയാകണം. അതായിരിക്കണം കേരളത്തിന്റെ ആവശ്യം. അതിനു പകരം, മറ്റൊരു ഡാം പണിതുകൊടുക്കാം, വെള്ളം നിർബാധം നല്കാം തുടങ്ങിയ നിർദ്ദേശങ്ങൾ കേരളം മുൻപോട്ട് വയ്ക്കരുതായിരുന്നു. കാരണം ഡാമിന്റെ ബലക്ഷയം ഉണ്ടോ എന്ന ആശങ്ക മാത്രമാണു നമ്മുടെ പ്രശ്‌നം.

പക്ഷേ, ഡാമിനു ബലക്ഷയം ഉണ്ട് എന്ന കേരളത്തിന്റെ വാദങ്ങൾക്കെല്ലാം കണവിൻസിങ്ങ് ആയ മറുപടി തമിഴ്‌നാടിനുണ്ടായിരുന്നു. സീപേജ് വാട്ടറിന്റെ അളവ്, തമിഴ്‌നാട് കാലാകാലങ്ങളായി നടത്തിയ ബലപ്പെടുത്തലുകൾ അങ്ങിനെ കേരളത്തിന്റെ എല്ലാ വാദങ്ങളുടേയും മുന ഒടിഞ്ഞു പോയി. ഇപ്പോഴത്തെ നിയമങ്ങൾ അനുസരിച്ച് ഇടുക്കിയിൽ ഇനി ഒരു വലിയ ഡാം പണിയാൻ കഴിയില്ല എന്ന് തമിഴ്‌നാടിനു നന്നായി അറിയാം.

അതുകൊണ്ട് പുതിയ ഡാം എന്ന ഓഫർ അവർ സ്വീകരിക്കില്ല. പുതിയ ഡാം വന്നാൽ പുതിയ കരാർ ഉണ്ടാക്കേണ്ടി വരും, അതിലെ വ്യവസ്ഥകൾ, ഡാമിന്റെ നിർമ്മാണച്ചെലവ് ആരു വഹിക്കും, എന്ന് പൂർത്തിയാകും, ഇതെല്ലാം തമിഴ്‌നാടിനെ അശങ്കപ്പെടുത്തുന്ന വിഷയങ്ങളാണു. (പുതിയ ഡാം പണിയാം എന്ന് കേരളത്തിന്റെ നിർദ്ദേശം അത്ര ഉദ്ദേശ ശുദ്ധിയുള്ളതാണെന്ന് തോന്നുന്നില്ല. ഡാം ഇല്ലാതായാൽ തേക്കടി ജലാശയം ഇല്ല, അതിനെ ചുറ്റിപ്പറ്റി റിസോർട്ടുകൾ ഉള്ളവരുടെ അടുത്ത ബന്ധുക്കൾ നമ്മുടെ രാഷ്ട്രീയത്തിലുണ്ട്. അവരാണു പണ്ട് പുതിയ ഡാം എന്ന ആശയം ആദ്യം പറഞ്ഞത് )

തേനി, മധുര, ശിവഗംഗ, ഡിൻഡുകൽ, രാമനാഥപുരം തുടങ്ങിയ അഞ്ചു ജില്ലകളിലെ മനുഷ്യരുടെ ജീവിതം മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൊണ്ടാണു. മാത്രവുമല്ല അവർ പവർ ജനറേഷൻ നടത്തുന്നുമുണ്ട്. കേരളത്തിലെ 5 ജില്ലകളിലെ മനുഷ്യരുടെ ജീവന്റെ പ്രശ്‌നമാണെങ്കിൽ തമിഴ്‌നാട്ടിലെ 5 ജില്ലയിലെ ജനങ്ങളുടെ ജീവൽ പ്രശ്‌നമാണിത്.

നിയമപരമായ ഒരു പരിഹാരം ഉണ്ടാകില്ല എന്നാണ് എന്റെ തോന്നൽ. രാഷ്ട്രീയ പരിഹാരം ഉണ്ടാവുക എന്നതാണു പ്രായോഗികം- അതിനു കേരളത്തിലേയും തമിഴ്‌നാട്ടിലേയും രാഷ്ട്രീയക്കാരും സാങ്കേതിക വിദഗ്ധരും ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു സംസാരിക്കണം. അത്തരം ഒരു ചർച്ചയ്ക്ക് എറ്റവും പറ്റിയ രാഷ്ട്രീയ അന്തരീക്ഷമാണു ഇപ്പോൾ കേരളത്തിലും തമിഴ്‌നാട്ടിലും ഉള്ളത്.

നമ്മുടെ വെള്ളം, അവർക്ക് കൊടുക്കുന്നു എന്നീ ചിന്താഗതി നമ്മൾ മാറ്റി വയ്ക്കണം. ഇവിടെ വെള്ളം ഉണ്ട് , അവിടെ സ്ഥലം ഉണ്ട്- അത്രയുമേയുള്ളൂ- അവിടെ നടക്കുന്ന കൃഷി നമുക്ക് വേണ്ടിയാണ്. സംസ്ഥാനങ്ങളുടെ അതിർത്തി ഇല്ലായിരുന്നെങ്കിൽ എങ്ങനെ ഇത് കൈകാര്യം ചെയ്യുമോ അതുപോലെ ഇത് കൈകാര്യം ചെയ്യണം. അവിടത്തെ 5 ജില്ലകളിലെ കൃഷി നമ്മുടെ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തനായാൽ ഇവിടുത്തെ 5 ജില്ലയിലെ ജീവൻ അവരുടെ കൂടി പ്രശ്‌നമാകും.

മുല്ലപ്പെരിയാർ ഡാം ഇല്ലാതായാൽ തമിഴ്‌നാടിനു വെള്ളം കിട്ടാൻ ഇടുക്കി ഡാമിൽ നിന്നും ഭൂഗർഭ തുരങ്കമാണോ, ചെറിയ ചെക്കു ഡാമുകളാണോ, മറ്റെന്തെകിലും മാർഗ്ഗങ്ങളുണ്ടോ എന്ന് അതിന്റെ മേഖലയിലുള്ള വിദഗ്ധന്മാർ വഴി കണ്ടു പിടിക്കട്ടെ.
അതുമല്ല, കേരളത്തിന്റെ ആശങ്ക അകറ്റും വിധം ഡാം ബലപ്പെടുത്തുകയാണു വേണ്ടതെങ്കിൽ അതിനും യോജിച്ച തീരുമാനം ഉണ്ടാക്കാമല്ലോ.

അതിനൊക്കെ മുൻപ്, ഡാമിനു ബലക്ഷയം ഉണ്ട് എന്ന് ശാസ്ത്രീയമായി കണ്ടു പിടിക്കണം. - അതായത് ഒന്നേ എന്ന് തുടങ്ങണം എന്ന് സാരം.(അതേ സമയം ഇപ്പോൾ വീണ്ടും ഈ ചർച്ചകൾ ഉയർന്നു വരാൻ മറ്റെന്തെങ്കിലും കാര്യമുണ്ടോ എന്നും കൂടി ആലോചിക്കുന്നതും നല്ലത് )Dear Mr. ജോൺ പെന്നി ക്യുക്ൾ (Late) ഇതുവല്ലോം താങ്കൾ അവിടെയിരുന്നു അറിയുന്നുണ്ടോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP