Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആണവറിയാക്ടർ പൊട്ടിത്തെറിച്ച ചെർനോബിലിനേക്കാൾ കൊടുംമാലിന്യം നിറഞ്ഞ ഒരു പ്രദേശം കേരളത്തിലുണ്ട്; കിഴക്കമ്പലം എന്നാണ് ആ നാടിന്റെ പേര്; കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു; ഒരേയൊരു രക്ഷാപ്രവർത്തനം എന്താണ്? സജീവ് ആലയുടെ ട്രോൾ

ആണവറിയാക്ടർ പൊട്ടിത്തെറിച്ച ചെർനോബിലിനേക്കാൾ കൊടുംമാലിന്യം നിറഞ്ഞ ഒരു പ്രദേശം കേരളത്തിലുണ്ട്; കിഴക്കമ്പലം എന്നാണ് ആ നാടിന്റെ പേര്; കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു; ഒരേയൊരു രക്ഷാപ്രവർത്തനം എന്താണ്? സജീവ് ആലയുടെ ട്രോൾ

സജീവ് ആല

ണവറിയാക്ടർ പൊട്ടിത്തെറിച്ച ചെർനോബിലിനേക്കാൾ കൊടുംമാലിന്യം നിറഞ്ഞ ഒരു പ്രദേശം കേരളത്തിലുണ്ട്. കിഴക്കമ്പലം എന്നാണ് ആ നാടിന്റെ പേര്. കിറ്റക്‌സ് മുതലാളിയുടെ ബ്‌ളീച്ചിങ് ഫാക്ടറിയിൽ നിന്ന് പുറത്തേക്ക് വമിക്കുന്ന മാരകമായ വിഷം വായുവിലും വെള്ളത്തിലും കലർന്ന് കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു.

മലിനീകരണ നിയന്ത്രണ ബോർഡ്, ഹൈക്കോടതി, സുപ്രീംകോടതി, ഗ്രീൻ ട്രിബ്യൂണൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇവയ്‌ക്കൊന്നും കിറ്റെക്‌സ് ഭൂതത്താൻ ഭരിക്കുന്ന നാട്ടിലേക്ക് എത്തിനോക്കാൻ പോലുമാവില്ല. ഐഎസ് നിയന്ത്രണത്തിലായിരുന്ന ഇറാക്കിലെ മൊസൂളിന് സമാനമായ ഭീകരാന്തരീക്ഷമാണ് കിഴക്കമ്പലത്ത് സംജാതമായിരിക്കുന്നത്.

അമേരിക്കൻ പട്ടാളം ഇറങ്ങിയാൽ പോലും കിറ്റെക്‌സ് ടെറർ നിലനിൽക്കുന്ന പഞ്ചായത്ത് തിരിച്ചുപിടിക്കാനാവുമെന്ന് തോന്നുന്നില്ല. കൂടാതെ 20-20 എന്ന പേരിൽ അറിയപ്പെടുന്ന ഭീകരസംഘത്തിന്റെ സ്വാധീനം അടുത്ത പഞ്ചായത്തുകളിലേക്ക് വ്യാപിക്കുകയാണെന്ന ഭീതിജനകമായ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

അരി, ആട്ട, ഉപ്പ്, മുളക,് ചീപ്പ,് കണ്ണാടി തുടങ്ങിയ ഐറ്റംസ് സൗജന്യമായി നല്കി ജനങ്ങളെ വശീകരിച്ച് മയക്കിയാണ് കിറ്റെക്‌സ് മുതലാളി അധികാരം പിടിച്ചെടുത്തത്. അപ്പോ ആയിരം രൂപ ദിവസക്കൂലിയുള്ള കേരളത്തിൽ ഒരു രൂപയ്ക്ക് റേഷനരി കൊടുക്കുന്നത് വശീകരണമല്ലിയോ...?

രാഷ്ട്രീയ പാർട്ടികളുടെ മന്ത്രവാദം പോലാണോ ബൂർഷ്വാ പിന്തിരിപ്പൻ വശീകരണം...?നിങ്ങൾ ആളെപ്പിടിക്കാൻ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങൾ നിങ്ങളേക്കാൾ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോൾ ആൾക്കൂട്ടം അങ്ങോട്ടേക്ക് പോകും.

മെച്ചപ്പെട്ട ഭൗതികജീവിതം അതാണ് ഏത് മനുഷ്യന്റെയും ആത്യന്തിക ലക്ഷ്യം. വലിയ അധ്വാനമില്ലാതെ ചുളുവിൽ സമൃദ്ധലൈഫ് ആരെങ്കിലും ഓഫർ ചെയ്യുമ്പോൾ പൊതുവെ അലസരായ പൊതുജനം അവരോടൊപ്പം കൂടും. ലക്ഷംവീട് കോളനികളിൽ നരകജീവിതം നയിച്ചിരുന്നവർക്ക് അതിമനോഹരമായ വില്ലകൾ ആരെങ്കിലും നിർമ്മിച്ചുകൊടുത്താൽ പാവപ്പെട്ട മനുഷ്യർ അവരുടെ ഉയിരുകൊടുത്ത് സ്‌നേഹിക്കും.

സാമ്പ്രദായിക ജന്മിമാർക്ക് മാത്രം കൃഷിയിറക്കാൻ അനുവാദം നല്കുന്ന വ്യവസ്ഥിതിയല്ല ജനാധിപത്യം.പണിയറിയാവുന്ന ഏതൊരാൾക്കും രാഷ്ട്രീയപ്പാടത്ത് വിത്തിറക്കാം വിളവുകൊയ്യാം. 20-20യെ കൊണ്ട് ഗുണമില്ലെന്ന് കാണുമ്പോൾ ഇപ്പോൾ അവർക്ക് വോട്ട് ചെയ്ത ജനം തന്നെ ആട്ടിയോടിക്കും.

അരാഷ്ട്രീയരായ ജനങ്ങളാണ് ജനാധിപത്യത്തിന്റെ ശ്വാസവും സൗന്ദര്യം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ കോൺഗ്രസിനെ പഞ്ചായത്ത് ഇലക്ഷനിൽ തറപറ്റിച്ചതും പാർട്ടി അടിമകളല്ലാത്ത ജനങ്ങൾ തന്നെയാണ്.

മുകേഷ് അംബാനി പ്രധാനമന്ത്രിയായാൽ ഇന്ത്യ ഒരു വികസിത രാജ്യമാകുമെങ്കിൽ അതിൽ മോശപ്പെട്ടതായി ഒന്നുമില്ല. Conflict of interests അതൊരു പ്രശ്‌നം തന്നെയാണ്. പക്ഷെ ബിസിനസും വ്യവസായവും നടത്താനുള്ള സുഗമമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി മുതലാളിമാർ ഇപ്പോൾത്തന്നെ രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് കമ്പനി വൈസ് പ്രസിഡന്റ് പദവിയും സിഇഒ സ്ഥാനവുമൊക്കെ നല്കുന്നുണ്ട്. ഇലക്ഷൻ പ്രചരണത്തിന് രാഷ്ട്രീയക്കാർ ഒഴുക്കുന്ന കോടാനുകോടികൾ വരുന്നതും ഇതേ സ്രോതസ്സുകളിൽ നിന്നുതന്നെയാണ്.

കേരളം പോലൊരു നിക്ഷേപവിരുദ്ധ മനോഭാവം നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് വ്യവസായം നടത്തി വെന്നിക്കൊടി പാറിച്ചവർക്ക് രാഷ്ട്രീയത്തിലും ഈസിയായി ജയിച്ചു കയറാനാവുമെന്ന് കിഴക്കമ്പലം മോഡൽ തെളിയിക്കുന്നു.

മുതലാളിയെ തോല്പിക്കാൻ മുതലാളിയേക്കാൾ മികച്ച സർവീസ് ഡെലിവറി ഉറപ്പുവരുത്തുക അല്ലെങ്കിൽ മുതലാളി ചീഞ്ഞുനാറുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുക. അതുമാത്രമാണ് കിഴക്കമ്പലം മാലിന്യരോദനക്കാരുടെ മുന്നിലുള്ള ഒരേയൊരു രക്ഷാപ്രവർത്തനം.

മുതലാളിവർഗ്ഗ സർവാധിപത്യം ജനത്തിന് ലോങ്ങ് ടേമിൽ ഒട്ടും മടുക്കുന്നില്ലെങ്കിൽ പിന്നെ വിലാപകാവ്യരചന തന്നെ ശരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP