Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരുഇന്ത്യൻ വീട്ടുജോലിക്കാരിക്ക് നീതിക്ക് വേണ്ടി ഇന്ത്യൻ കോൺസുലേറ്റിലെ ദേവയാനി കോബ്രഗഡെയെ അകത്താക്കി അമേരിക്ക നയതന്ത്ര മര്യാദാമതിലുകൾ ചാടിക്കടന്നു; അമേരിക്കൻ വിരുദ്ധതയുടെ ഈറ്റില്ലമായ കേരളത്തിൽ ഒരു പട്ടിണിക്കാരി തമിഴത്തി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിക്കുന്നു: ക്ഷേമരാഷ്ട്രം എന്നാൽ: സജീവ് ആല എഴുതുന്നു

ഒരുഇന്ത്യൻ വീട്ടുജോലിക്കാരിക്ക് നീതിക്ക് വേണ്ടി ഇന്ത്യൻ കോൺസുലേറ്റിലെ ദേവയാനി കോബ്രഗഡെയെ അകത്താക്കി അമേരിക്ക നയതന്ത്ര മര്യാദാമതിലുകൾ ചാടിക്കടന്നു; അമേരിക്കൻ വിരുദ്ധതയുടെ ഈറ്റില്ലമായ കേരളത്തിൽ ഒരു പട്ടിണിക്കാരി തമിഴത്തി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിക്കുന്നു: ക്ഷേമരാഷ്ട്രം എന്നാൽ: സജീവ് ആല എഴുതുന്നു

സജീവ് ആല

2013 ഡിസംബറിൽ ദേവയാനി കൊബ്രഗഡെയെ മാൻഹാട്ടൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്ത്യൻ കൊൺസുലേറ്റിലെ ഐഎഫ്എസുകാരി ഉദ്യോഗസ്ഥയെ അമേരിക്ക പിടിച്ചകത്തിട്ടത് വീട്ടുജോലിക്കാരിക്ക് ശമ്പളം നല്കാതെയും മറ്റും പീഡിപ്പിച്ചതിനാണ്. പരാതിക്കാരിയായ ആ housemaid അമേരിക്കക്കാരിയോ മദാമ്മയോ ഒന്നുമായിരുന്നില്ല. സംഗീത റിച്ചാർഡ് അങ്ങനെയായിരുന്നു അവരുടെ പേര്. തനി ഇന്ത്യൻ മദ്രാസി.

നയതന്ത്ര ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന പ്രത്യേക വിസ പ്രകാരമാണ് സംഗീത അമേരിക്കയിലെത്തിയത്. ദേവയാനി കോബ്രഗഡെ ദളിതയാണ്. അവരുടെ അച്ഛൻ ഐഎസ് ഓഫീസറായിരുന്നു. എന്തുകൊണ്ടും കുലീനരും സമ്പന്നരുമായ അവർ വീട്ടുജോലിക്കാരിയുടെ നേരെ തനി ഇന്ത്യൻ കൊച്ചമ്മയായി മാറി. കൂടാത്തതിന് നയതന്ത്ര പരിരക്ഷയും. എന്ത് ചെയ്താലും ആരും ചോദിക്കാനില്ലെന്ന അധികാര ധാർഷ്ട്യവും അഹംഭാവവും സംഗീത റിച്ചാർഡിന് നേരെ ഉറഞ്ഞു തുള്ളിയപ്പോൾ അവർ രഹസ്യമായി പുറത്ത് കടന്ന് പരാതി കൊടുത്തു.

അമേരിക്കൻ തൊഴിൽ നിയമം ലംഘിച്ച് ജോലിക്കാരിയെ പീഡിപ്പിച്ചതിന് ഐഎഫ്എസുകാരി ദേവയാനിയെ പൊലീസ് പിടികൂടി ജയിലിലടച്ചു. നയതന്ത്ര പ്രതിനിധിക്കുള്ള പരിരക്ഷ നല്കിയില്ലെന്ന് ആരോപിച്ച് ഇന്ത്യ പ്രതിഷേധിച്ചു. അവസാനം ഇനി ഒരിക്കലും അമേരിക്കയിൽ കാൽ കുത്താൻ പാടില്ലെന്ന കണ്ടിഷനോടെ ദേവയാനിയെ വിമാനം കയറ്റിവിട്ടു.

ഒരു ഇന്ത്യൻ വീട്ടുവേലക്കാരിയുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാൻ അങ്ങേയറ്റം വരെ പോയ അമേരിക്കൻ ജനാധിപത്യത്തിനും നിയമവ്യവസ്ഥിതിക്കും എതിരെ സദാസമയവും യുദ്ധം നടക്കുന്ന നാടാണ് കേരളം. ഇവിടെ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു പരമദരിദ്രയായ തമിഴത്തി വീട്ടുവേലക്കാരി സ്വന്തം വീട്ടിലേക്ക് പോകാൻ സ്വന്തം മക്കളെ കാണാൻ മറ്റൊരു മാർഗ്ഗവുമില്ലാതെ പാതിരാത്രി രണ്ട് സാരികൾ കൂട്ടിക്കെട്ടി ഫ്‌ളാറ്റിൽ നിന്ന് താഴേക്ക് ഊർന്നിറങ്ങാൻ ശ്രമിക്കുമ്പോൾ വീണ് മരിച്ചിരിക്കുന്നു.

എന്തുകൊണ്ടാവും ഒരു വേലക്കാരി സ്ത്രീ യജമാനന്റെ ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെടാൻ രാത്രി സാരികൾ കൂട്ടിക്കെട്ടിയത്...?എന്തെങ്കിലും ഒരു കാരണവുമില്ലാതെ സ്വന്തം ജീവൻ പണയപ്പെടുത്തി പണിസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ആരും ശ്രമിക്കില്ല. പക്ഷെ ' ചത്തത് ' ഒരു തമിഴത്തിയല്ലേ.. എന്തോന്ന് കാരണം എന്തോന്ന് അന്വേഷണം ..!

പണ്ട് മഹാഭാരതകഥയിൽ വാരണാവതം അരക്കില്ലത്തിൽ വെന്തുമരിച്ച കാട്ടുവാസി സ്ത്രീക്കും അവരുടെ അഞ്ചു മക്കൾക്കുമായി മീൻകാരിമകൻ വേദവ്യാസൻ പോലും ഒരു തുള്ളി കണ്ണീര് പൊഴിച്ചിട്ടില്ല.പക്ഷെ അമേരിക്ക എന്ന സാമ്രാജ്യത്വ ഭീകരൻ ആരുമല്ലാത്ത ആരോരുമില്ലാത്ത ഒരു ഇന്ത്യൻ വീട്ടുവേലക്കാരിക്ക് നീതി ഉറപ്പാക്കാനായി നയതന്ത്ര മര്യാദാമതിലുകൾ ചാടിക്കടന്നു.
അമേരിക്കൻ വിരുദ്ധതയുടെ ഈറ്റില്ലമായ നമ്മുടെ കേരളത്തിൽ ഒരു കാരണവുമില്ലാതെ ഒരു പട്ടിണിക്കാരി തമിഴത്തി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിക്കുന്നു.

ദുർബലരിൽ ദുർബലർക്കെതിരെ അനീതി നടക്കുമ്പോൾ അതിനെതിരെ ഉടൻ പ്രതികരിക്കുമ്പോഴാണ് ഏത് നാടും ക്ഷേമരാഷ്ട്രമായി മാറുന്നത്.എത്ര വിപ്ലവം പറഞ്ഞാലും ചില പ്രത്യേക തരം മനുഷ്യരുടെ കാര്യം വരുമ്പോൾ നമ്മൾ ഉന്നത കുലജാതരായി മാറും.കൊടും പീഡനങ്ങളേറ്റ് യജമാനനരുടെ കൊട്ടാര അടുക്കളകളിൽ ഇനിയും ഒത്തിരി തമിഴത്തികൾ പൊള്ളി മരിക്കും കാട്ടാള സ്ത്രീയും മക്കളും വെന്തുപിടഞ്ഞു മരിച്ചാലും രാജമാതാവ് കുന്തിയും മക്കളും ഒരു പോറലുമേൽക്കാതെ രക്ഷപെടണം. അതാണ് നമ്മുടെ പാരമ്പര്യം. അതുതന്നെയാണ് നമ്മുടെ വർത്തമാനവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP