Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ശ്രീനിവാസനെ പോലുള്ള സിനിമാക്കാരും മറ്റുമാണ് ഇന്ന് കർഷകർ എന്ന് സ്വയം വിളിച്ചുപറഞ്ഞ് നടക്കുന്നത്; മക്കൾ കൃഷിക്കാരനാകണം എന്നാഗ്രഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇന്ന് കേരളത്തിലില്ല; കേന്ദ്രത്തിന്റെ കാർഷിക പരിഷ്‌കരണ ബില്ലിനെ കേരളം സ്വാഗതം ചെയ്യണം; നെടുവീർപ്പുകൾ ഒരുതരം ഫ്യൂഡൽ പൂപ്പലാണ്: സജീവ് ആല എഴുതുന്നു

ശ്രീനിവാസനെ പോലുള്ള സിനിമാക്കാരും മറ്റുമാണ് ഇന്ന് കർഷകർ എന്ന് സ്വയം വിളിച്ചുപറഞ്ഞ് നടക്കുന്നത്; മക്കൾ  കൃഷിക്കാരനാകണം എന്നാഗ്രഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇന്ന് കേരളത്തിലില്ല;  കേന്ദ്രത്തിന്റെ കാർഷിക പരിഷ്‌കരണ ബില്ലിനെ കേരളം സ്വാഗതം ചെയ്യണം; നെടുവീർപ്പുകൾ ഒരുതരം ഫ്യൂഡൽ പൂപ്പലാണ്: സജീവ് ആല എഴുതുന്നു

സജീവ് ആല

 പണ്ട് ഞങ്ങളുടെ അഞ്ചാം ക്ലാസിലെ മലയാള പാഠാവലിയിൽ 'കൃഷിക്കാരൻ' എന്നൊരു കഥയുണ്ടായിരുന്നു. തകഴിയാണ് കഥാകാരൻ. പതിവുപോലെ പശ്ചാത്തലം കുട്ടനാട് തന്നെ. ഒരു കേശവൻനായരാണ് കൃഷിക്കാരനിലെ നായകൻ. അദ്ദേഹത്തിന്റെ നെടുവീർപ്പുകളാണ് കഥയുടെ അന്ത:സാരം.

കുട്ടനാടൻ പരമ്പരാഗത കർഷകനാണ് നമ്മുടെ കേശവൻനായർ. കയ്യിൽ കാശില്ലാത്തതിനാൽ പുള്ളിക്കാരന് അത്തവണ കൃഷിയിറക്കാൻ കഴിയുന്നില്ല. ഉമ്മറത്തെ ചാരുകസേരയിൽ ചാഞ്ഞുകിടന്ന് നായർ പഴയ ഓർമ്മകൾ അയവിറക്കുന്നു. ചാണകവും ചാരവും കന്നുപൂട്ടും എല്ലാംകൂടി ആടിത്തിമിർത്ത പുഞ്ചപ്പാടസ്മരണകൾ നായരെ വേട്ടയാടുന്നു.

കേശവൻനായർക്ക് ഈ ദുർഗതിയെല്ലാം വരാൻ കാരണം ഒരാളാണ് ഒരാൾ മാത്രമാണ്. ഔതക്കുട്ടി
എങ്ങാണ്ടോ നിന്ന് വന്ന ആ നസ്രാണി നാട്ടിലെ നെൽപ്പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നു. കന്നുകൾക്ക് പകരം ഉഴാൻ ട്രാക്ടർ ഇറക്കുന്നു. അത്യുല്പാദന നെൽവിത്തിനങ്ങൾ വിതയ്ക്കുന്നു രാസവളങ്ങൾ ഉപയോഗിച്ച് വലിയ വിളവെടുപ്പ് നടത്തുന്നു. വലിയ ലാഭം കൊയ്യുന്നു.

കൃഷിക്കാർ അവരുടെ വയലുകൾ ഔതക്കുട്ടിക്ക് പാട്ടത്തിന് കൊടുക്കുന്നു. കൂടാതെ അയാൾ സ്വന്തമായി നിലം വാങ്ങുന്നു. കേശവൻനായരുടെ അധ:പതനത്തിനും ക്ഷയത്തിനും എല്ലാം കാരണക്കാരനായ വില്ലനാണ് തകഴിയുടെ കഥയിലെ ഔതക്കുട്ടി. അന്നത്തെ അഞ്ചാം ക്ലാസുകാർക്ക് ദുഷ്ടനായ ഔതക്കുട്ടിയെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.

കഥയിലെ യഥാർത്ഥ നായകൻ നാടിന്റെ നായകൻ ആ നസ്രാണി ഔതക്കുട്ടിയാണെന്ന് ഇന്ന് തിരിച്ചറിയുന്നു. കാലഹരണപ്പെട്ട ഫ്യൂഡൽ അവശിഷ്ടമായ കേശവൻനായർമാരെ കാലത്തിന്റെ പിന്നിലേക്ക് തള്ളി ആധുനികതയുടെ വരവറിയിച്ച ഔതക്കുട്ടിമാരാണ് ഭാരതത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കിയത്.

ശ്രീനിവാസനെ പോലുള്ള സെലിബ്രിറ്റി സിനിമാക്കാരും മറ്റുമാണ് ഇന്ന് കർഷകർ എന്ന് സ്വയം വിളിച്ചുപറഞ്ഞ് നടക്കുന്നത്. സ്വന്തം മക്കൾ വലിയ കൃഷിക്കാരനാകണം എന്നാഗ്രഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇന്ന് കേരളത്തിലില്ല.

നെൽകൃഷിയോടുള്ള താല്പര്യം ഭൂവുടമകൾക്ക് ഇല്ലാതാകുമ്പോൾ വയലുകൾ ആദ്യം തരിശിനിടുന്നു പിന്നെ നികത്തപ്പെടുന്നു. 2008 ലെ കേരളാ നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം വയലുകൾ സംരക്ഷിക്കുന്നതിൽ പൂർണ്ണപരാജയമാണ്.

ഭൂവുടമയ്ക്ക് കൃഷിയിൽ താൽപര്യമില്ലെങ്കിൽ ഒരു നിയമത്തിനും നെൽപ്പാടങ്ങളെ സംരക്ഷിച്ച് നിർത്താനാവില്ല. നെൽകൃഷിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ സർക്കാർ സബ്സിഡിയായി നല്കുന്നുവെങ്കിലും അതിന്റെ പ്രതിഫലനം ഉല്പാദനത്തിൽ കാണുന്നേയില്ല.

പാളത്തൊപ്പി കോമാളിത്തവും ചെളിയിൽ ഇറങ്ങിയുള്ള ക്യാമറാ പൊറാട്ട് നാടകങ്ങളും നെൽകൃഷിയെ രക്ഷിക്കാനേ പോകുന്നില്ല.

എന്താണ് ഈ പ്രശ്നത്തിന് ഒരു പരിഹാരം...?

വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള അതിൽ നിന്ന് ലാഭം ഉണ്ടാക്കാൻ താല്പര്യമുള്ള കൂട്ടായ്മകളെ കമ്പനികളെ അതിന് അനുവദിക്കുക. കോൺട്രാക്ട് ഫാമിങ്
കാർഷികോത്പാദനത്തിൽ മുന്നിട്ട് നിൽക്കുന്ന എല്ലാ രാജ്യങ്ങളിലും വലിയ കമ്പനികളുടെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്.

ഭൂവുടമകളും കൃഷി ചെയ്യാൻ മുന്നോട്ട് വരുന്ന സ്ഥാപനങ്ങളും തമ്മിൽ കരാറുണ്ടാക്കുന്നു. കൃത്യമായ വരുമാനം സ്ഥലത്തിന്റെ ഉടമയ്ക്ക് നിയമപ്രകാരം ഉറപ്പാക്കുന്നു. ഒരു ഫെസിലിറ്റേറ്ററുടെ റോൾ മാത്രം സർക്കാർ ഇവിടെ വഹിച്ചാൽ മതി.

ഒരു രൂപ പോലും ഖജനാവിൽ നിന്ന് ചെലവാക്കാതെ നെൽകൃഷി കേരളത്തിൽ പച്ചപിടിക്കും. വലിയ ലാഭം കിട്ടുന്ന ഒരു ബിസിനസ്സായി കൃഷി മാറുമ്പോൾ വയലുകൾ തരിശിടുന്നതും നികത്തുന്നതും താനേ ഇല്ലാതാകും.

നമ്മുടെ നാട്ടിലെ തന്നെ യുവാക്കൾക്കും മറ്റും ഇത്തരം അഗ്രികൾച്ചർ കൂട്ടായ്മകൾ, ഫേമുകൾ ആരംഭിക്കാം. കൂടാതെ ഈ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച എല്ലാ കമ്പനികളേയും കോർപ്പറേറ്റുകളേയും സ്വാഗതം ചെയ്യാം.

എല്ലാ ആധുനിക സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി Intensive farming നടത്തുന്ന കമ്പനികൾ കേരളത്തിൽ കാർഷിക സമൃദ്ധി ഉറപ്പുവരുത്തും. കുത്തകമുതലാളിത്തം മുതലക്കണ്ണീരുകാർക്കും ജൈവകൃഷി ചാണകങ്ങൾക്കും അവരുടേതായ മോങ്ങൽ സ്പേസ് അനുവദിച്ച് കൊടുത്ത് ഒതുക്കിയാൽ അവശേഷിക്കുന്ന നെൽവയലുകൾ എങ്കിലും സംരക്ഷിച്ച് നിർത്താനാവും.

കോൺട്രാക്ട് ഫാമിങ് പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്‌കരണ ബില്ലിനെ സർവാത്മനാ സ്വാഗതം ചെയ്യേണ്ട സംസ്ഥാനമാണ് കേരളം.നെടുവീർപ്പുകൾ ഒരുതരം ഫ്യൂഡൽ പൂപ്പലാണ്
ഔതക്കുട്ടിമാരുടെ കടന്നുവരവിനെ ഒരു കേശവൻനായർക്കും തടഞ്ഞുനിർത്താനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP