Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കശ്മീർ പ്രശ്‌നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നത് ഉണ്ടയില്ലാ വെടി; ഇന്ദ്രപ്രസ്ഥത്തിലെ തട്ടിപ്പുകാരുടെ വായിൽ കുറച്ച് മുഴുത്ത ശ്രീനഗർ അപ്പിൾ കുത്തിത്തിരുകി മൂലയ്ക്കിരുത്തിയാൽ തന്നെ രാജ്യം രക്ഷപെടും; ഇന്ത്യയേയും പാക്കിസ്ഥാനേയും ചെവിക്ക് പിടിച്ച് പരിഹാരവഴിയിൽ എത്തിക്കാനുള്ള മധ്യസ്ഥതയ്ക്ക് ട്രംപാണ് അനുയോജ്യൻ: സജീവ് ആല എഴുതുന്നു

കശ്മീർ പ്രശ്‌നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നത് ഉണ്ടയില്ലാ വെടി; ഇന്ദ്രപ്രസ്ഥത്തിലെ തട്ടിപ്പുകാരുടെ വായിൽ കുറച്ച് മുഴുത്ത ശ്രീനഗർ അപ്പിൾ കുത്തിത്തിരുകി മൂലയ്ക്കിരുത്തിയാൽ തന്നെ രാജ്യം രക്ഷപെടും; ഇന്ത്യയേയും പാക്കിസ്ഥാനേയും ചെവിക്ക് പിടിച്ച് പരിഹാരവഴിയിൽ എത്തിക്കാനുള്ള മധ്യസ്ഥതയ്ക്ക് ട്രംപാണ് അനുയോജ്യൻ: സജീവ് ആല എഴുതുന്നു

സജീവ് ആല

 കശ്മീർ പ്രശ്‌നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണം. അതാണ് ഇന്ത്യയുടെ നിലപാട്. കേമം കെങ്കേമം ബഹുകേമം. രണ്ടുകയ്യും ഇല്ലാത്തവർ പോലും നിർത്താതെ കയ്യടിച്ച് പോകും. പത്തെഴുപതുകൊല്ലമായി കേൾക്കുന്നുണ്ട് ഈ ഉഭയകക്ഷി പൂരായണം. അതിനിടയിൽ മൂന്നാല് യുദ്ധം നടന്നു. ആയിരങ്ങൾ കൊല്ലപ്പെട്ടു. തലമുറകളായി കാശ്മീരിൽ ജീവിച്ചുവന്നിരുന്ന പണ്ഡിറ്റുകൾ താഴ്‌വരയിൽ നിന്ന് ജീവനും വാരിപ്പിടിച്ചോടി ഡൽഹിയുടെ ഓരങ്ങളിൽ അഭയാർത്ഥികളായി നരകിക്കുന്നു.

തീവ്രവാദി ആക്രമണങ്ങളിൽ, ചാവേർ ബോംബ് സ്‌ഫോടനങ്ങളിൽ ദിനംപ്രതിയെന്നോണം ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നു. കാശ്മീർ ജനത ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കി തെരുവിലിറങ്ങുന്നു .ആഗോള ഇസ്ലാമിക ഭീകരതയുടെ ഹബ്ബായി താഴ് വര മാറിക്കഴിഞ്ഞിരിക്കുന്നു. ഐഎസ് പതാകയേന്തിയ യുവാക്കൾ ആസാദി മുദ്രാവാക്യം മുഴക്കി ഇന്ത്യൻ പട്ടാളവുമായി ഏറ്റുമുട്ടുന്നു.സൈനികരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങളുടെ പേരിൽ മനുഷ്യാവകാശ സംഘടനകൾ രാജ്യത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു. എന്നിട്ടും ബൈലാറ്ററൽ ടോക്ക്‌സ് എന്ന അസംബന്ധം മുറുകെ പിടിച്ച് അതിദേശീയ വാചാടോപങ്ങൾ തുടരുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും.

ഇന്ത്യയും പാക്കിസ്ഥാനും നേരിൽ കണ്ടാൽ തമ്മിൽത്തല്ലി തല കീറും. ഒരുതരത്തിലുള്ള സംഭാഷണവും സംവേദനവും സാധ്യമല്ലാത്ത രീതിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി കഴിഞ്ഞിരിക്കുന്നു. നയതന്ത്രമല്ല യുദ്ധതന്ത്രമാണ് അയലത്തെ ശത്രുക്കളുടെ ഇഷ്ടവിഷയം. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ഏറ്റവും സർഗാത്മകമായ ഇടപെടൽ നടന്നത്.

അമൃതസർ - ലാഹോർ ബസ് സർവീസും കന്നിയാത്രയും ഡിപ്‌ളോമസിയുടെ വിജയമായിരുന്നു. പക്ഷെ കാർഗിൽ കടന്നുകയറ്റം എല്ലാം നശിപ്പിച്ചു. ഡോ. മന്മോഹൻ സിങ് കാശ്മീർ പ്രശ്‌നപരിഹാരത്തിനായി ആത്മാർത്ഥമായി പരിശ്രമിച്ചു. തീവ്രവാദികളുമായി പോലും നേരിട്ട് ചർച്ച നടത്താനായി പ്രത്യേക പ്രതിനിധികളെ അയച്ചു. പക്ഷെ അദ്ദേഹത്തിന് ഭരണത്തിന്റെ സമ്പൂർണ്ണ നിയന്ത്രണമില്ലാതിരുന്നതും നെഹ്‌റു കുടുംബവാഴ്ചക്കാരുടെ ഈഗോയും ചർച്ചകളെ ഒരു വൃത്തപരിധിക്കുള്ളിൽ തന്നെ തളച്ചിട്ടു.

ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. ഉഭയകക്ഷി ചർച്ചയിലൂടെ ഒരു കാലത്തും കാശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടാൻ പോകുന്നില്ല. ശക്തമായ സമ്മർദ്ദം ചെലുത്താൻ ശേഷിയുള്ള ഒരു മധ്യസ്ഥൻ അതാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ഉണ്ടാവേണ്ടത്. അമേരിക്കയാണ് പ്രസിഡന്റ് ട്രംപാണ് അതിന് ഏറ്റവും അനുയോജ്യൻ. മുൻപിൻ നോക്കാത്ത പ്രായോഗികവാദിയും വിജയിച്ച ബിസിനസുകാരനുമാണ് പ്രസിഡന്റ് ട്രംപ്. അങ്ങേരെ പോലെയുള്ള ഒരു unorthodox മീഡിയേറ്റർക്ക് മാത്രമേ കാശ്മീർ വിഷയത്തിൽ ഇന്ത്യയേയും പാക്കിസ്ഥാനേയും ചെവിക്ക് പിടിച്ച് പരിഹാരവഴിയിൽ എത്തിക്കാനാവുകയുള്ളു

വടക്കൻ അയർലണ്ടിലെ തീവ്രവാദം സോൾവായത് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ മധ്യസ്ഥതയിലാണ്. ടോണി ബ്‌ളയറും ഐറിഷ് റിപ്പബ്ലിക്കൻ ആർമിയും ക്‌ളിന്റന് ഇരുവശവുമിരുന്ന് ചർച്ച ചെയ്തപ്പോൾ മഞ്ഞുരുകി നോർത്തേൺ അയർലണ്ടിൽ വെള്ളരി പ്രാവുകൾ പറന്നു. കാശ്മീർ പ്രശ്‌നപരിഹാരത്തിന് ട്രപിന്റെ മധ്യസ്ഥതയ്ക്ക് പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചുവെങ്കിൽ അതിനെ ഒരു good step in right direction ആയി കണ്ട് അഭിനന്ദിക്കുകയാണ് വേണ്ടത്.

പഴകിദ്രവിച്ച പരമ്പരാഗത നയതന്ത്രങ്ങളും കേൾക്കാരുടെ കയ്യടി ലക്ഷ്യമാക്കിയുള്ള റെറ്ററിക്കും ലോകത്തൊരിടത്തും പ്രശ്‌നങ്ങൾ ഇല്ലാതാക്കിയിട്ടില്ല. കയ്യൂക്ക് കാട്ടാൻ ഇന്ത്യ അമേരിക്കയോ റഷ്യയോ ഒന്നുമല്ല. മാത്രമല്ല പാക്കിസ്ഥാന്റെ കയ്യിൽ കൊട്ടക്കണക്കിന് അണുബോംബുമുണ്ട്. അതുകൊണ്ട് അമേരിക്കയുടെ മധ്യസ്ഥതയിൽ തന്നെ ചർച്ച നടക്കണം. ട്രംപിനെ പിണക്കി പാക്കിസ്ഥാന് ഒരടി മുന്നോട്ട് പോകാനാവില്ല. ഇമ്രാൻഖാൻ പട്ടാളത്തിന്റേയും കടകയുടേയും പപ്പറ്റാണ്. ഇമ്രാനിലൂടെ സംസാരിക്കുന്നത് പാക്കിസ്ഥാൻ ആർമി തന്നെയാണ്.

അവസരം മുതലാക്കി ഇപ്പോൾ തന്നെ ഡിസ്‌ക്കഷൻ തുടങ്ങിയാൽ അതുകൊണ്ട് ഇന്ത്യയ്ക്ക് ഗുണമേ ഭവിക്കു.ഭാരതവും പാക്കിസ്ഥാനും തമ്മിൽ പൂർണമായ സ്‌നേഹവും സമാധാനവും അസാധ്യമാണ്. പക്ഷെ പരസ്പരം കണ്ടാൽ വെടിവെയ്ക്കുന്ന അവസ്ഥയെങ്കിലും ഇല്ലാതാവണം.
അത്രയും മാത്രം മതി. കാശ്മീരിൽ ഒഴുകുന്ന രക്തത്തിന്റെ അളവ് കുറയ്ക്കാൻ കഴിഞ്ഞാൽ അതുതന്നെ വലിയ നേട്ടമാവും. കാശ്മീർ പ്രശ്‌നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന ഉണ്ടയില്ലാ വെടി കഴിഞ്ഞ എഴുപത് വർഷമായി ഉതിർത്തുകൊണ്ടിരിക്കുന്ന ഇന്ദ്രപ്രസ്ഥത്തിലെ തട്ടിപ്പുകാരുടെ വായിൽ കുറച്ച് മുഴുത്ത ശ്രീനഗർ അപ്പിൾ കുത്തിത്തിരുകി മൂലയ്ക്കിരുത്തിയാൽ തന്നെ രാജ്യം രക്ഷപെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP