Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാംനാഥ് കോവിന്ദിനെ ഇകഴ്‌ത്താനുള്ള 'അന്യഗ്രഹജീവി' പരാമർശം വെറുമൊരു കൈപ്പിഴയല്ല; വരും ദിവസങ്ങളിൽ അന്യഗ്രഹ ജീവികൾ ചാനൽ സ്റ്റുഡിയോകളിൽ നേരിട്ടിറങ്ങി വന്ന് കോവിന്ദിനെതിരെ സാക്ഷി പറയുക പോലും ചെയ്‌തേക്കാം

രാംനാഥ് കോവിന്ദിനെ ഇകഴ്‌ത്താനുള്ള 'അന്യഗ്രഹജീവി' പരാമർശം വെറുമൊരു കൈപ്പിഴയല്ല; വരും ദിവസങ്ങളിൽ അന്യഗ്രഹ ജീവികൾ ചാനൽ സ്റ്റുഡിയോകളിൽ നേരിട്ടിറങ്ങി വന്ന് കോവിന്ദിനെതിരെ സാക്ഷി പറയുക പോലും ചെയ്‌തേക്കാം

ശങ്കു ടി ദാസ്

'കണ്ണകന്നാൽ മനസ്സകന്നു' എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. ഇംഗ്ലീഷിൽ ഇതിന് തത്തുല്യമായ യൂസേജ് 'Out of Sight, Out of Mind' എന്നതാണ്. ഇനി ഈ ഇംഗ്ലീഷ് പ്രയോഗത്തെയൊന്ന് ചൈനീസിലേക്ക് മൊഴിമാറ്റിയ ശേഷം അതിനെ വീണ്ടും മലയാളത്തിലേക്ക് തർജ്ജമ ചെയ്താൽ എങ്ങനെയിരിക്കും എന്നൂഹിക്കാമോ? അതെന്താണ്ട് 'പൊട്ടക്കണ്ണന് വട്ടാണ്' എന്നായിരിക്കും. ഈയൊരു തമാശ പരിഭാഷയിൽ പതിവായി സംഭവിക്കുന്നതാണ്. ഹിന്ദി പ്രസംഗങ്ങൾ അവയുടെ ഇംഗ്ലീഷ് തർജ്ജമകൾ മാത്രം നോക്കി മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോഴൊക്കെയും നമ്മളിത് കണ്ടിട്ടുമുണ്ട്. അക്കൂട്ടത്തിലെ ഒടുവിലത്തെ തമാശയാണ് രാംനാഥ് കോവിന്ദിന്റെ അന്യഗ്രഹ ജീവി പരാമർശം. 'Alien' എന്ന വാക്കിനർത്ഥം 'പരദേശി' എന്നാണ്.

ഓക്‌സ്‌ഫോർഡ് ഡിക്ഷണറി പ്രകാരവും കേംബ്രിഡ്ജ് ഡിക്ഷണറി പ്രകാരവും 'belonging to a foreign country' എന്നു തന്നെ. അന്യഗ്രഹ ജീവികളെ കുറിക്കാനും ആ വാക്ക് ഉപയോഗിക്കാറുണ്ട് എന്നത് ശരി. അപ്പോഴുമത് വളരെ അടുത്ത കാലത്ത് മാത്രം, കൃത്യമായി പറഞ്ഞാൽ 1953ൽ ജോൺ വുഡ് ക്യാമ്പൽ തന്റെ സ്‌കൈ ഫൈ മാസികയിൽ എക്‌സ്ട്രാ ടെറസ്ട്രിയലുകളെ വിശേഷിപ്പിക്കാൻ ആ വാക്ക് ഉപയോഗിച്ച് തുടങ്ങിയത് മുതൽ മാത്രം, നമ്മുടെ വ്യവഹാര ഭാഷയിൽ വന്നു ചേർന്നതാണ്. 'മറ്റൊരു ദേശത്ത് നിന്നുള്ള' എന്നർത്ഥം വരുന്ന ലാറ്റിനിലെ മഹശലിൗ െഎന്ന വാക്കിൽ നിന്നുത്ഭവിച്ച മഹശലി എന്ന ഇംഗ്ലീഷ് ശബ്ദത്തിന്റെ മാമൂലായ അർത്ഥം ഇപ്പോഴും പരദേശികം എന്ന് തന്നെയാണ്.

ഇസ്ലാമും ക്രിസ്ത്യാനിറ്റിയും വൈദേശിക മതങ്ങളാണ് എന്ന രാംനാഥ് കോവിന്ദിന്റെ പ്രസ്താവനയിലെ 'വൈദേശികം' എന്ന വാക്കിനെ 'ഏലിയൻ' എന്ന് മൊഴി മാറ്റിയതിൽ ഫ്‌ളവറി ഇംഗ്‌ളീഷുകാരായ ഹിന്ദുസ്ഥാൻ ടൈംസിന് തെറ്റൊന്നും പറ്റിയിട്ടില്ല. പക്ഷെ ആ ഏലിയനൊരു സ്ലാങ് ആണെന്നത് മനസിലാക്കാതെ അതിനെ കേറി 'അന്യഗ്രഹജീവി' എന്ന് തർജ്ജമ ചെയ്ത കൈരളി ഓൺലൈൻ ചെയ്തത് ഹോട്ട് ഡോഗിനെ 'ചൂടുള്ള പട്ടി' എന്ന് മൊഴിമാറ്റി പണ്ട് സ്ഥാപിച്ച സ്വന്തം റെക്കോർഡിനെ തന്നെ വീരോചിതമായി തിരുത്തി കുറിക്കുകയാണ്.
പരിഭാഷയിൽ സംഭവിച്ചൊരു ദയനീയമായ പിഴവ് എന്നു കണ്ട് ചിരിച്ചു തള്ളാവുന്നൊരു തമാശ മാത്രമാണ് ഈ ഘട്ടം വരെയത്. എന്നാൽ അടുത്ത ഘട്ടത്തിലാണ്, പിശകിന്റെ സൗകര്യത്തിൽ കൈരളി കൺസ്ട്രക്ട് ചെയ്‌തെടുത്തയാ വാർത്താ വാചകത്തെ പൂർണ്ണമായി വായിക്കുമ്പോളാണ്, അങ്ങനെ നിഷ്‌കളങ്കമെന്ന് കരുതി തള്ളി കളയേണ്ടൊരു തർജ്ജമ പിശക് മാത്രമല്ലതെന്ന് നമുക്ക് ബോധ്യപ്പെടുന്നത്. ഏലിയൻ അന്യഗ്രഹജീവിയായത് വിവരക്കേട് കൊണ്ടാണെന്ന് പറയാം.

പക്ഷെ, Islam and Christian എങ്ങനെയാണ് മുസ്ലീമും ക്രിസ്ത്യാനിയും ആവുന്നത്? ഇസ്ലാമും മുസ്ലീമും ഒന്നല്ല. ഇസ്ലാം എന്നതൊരു മതവും, മുസ്ലിം എന്നത് ഇസ്ലാം മത വിശ്വാസിയായ വ്യക്തിയുമാണ്. അതുപോലെ തന്നെയാണ് ക്രിസ്ത്യാനിറ്റി-ക്രിസ്ത്യൻ എന്നിവയുടെ കാര്യവും.
ക്രിസ്ത്യാനിറ്റി എന്നത് മതവും, ക്രിസ്ത്യൻ എന്നത് ക്രിസ്തു മത വിശ്വാസിയായ വ്യക്തിയുമാണ്. ഇസ്ലാമോ ക്രിസ്ത്യാനിറ്റിയോ വൈദേശികമാണെന്ന് പറയുന്നതും മുസ്ലിമും ക്രിസ്ത്യാനിയും വിദേശികൾ ആണെന്ന് പറയുന്നതിനും ഒരേ അർത്ഥമല്ല. വിദേശി എന്നത് അന്യഗ്രഹജീവി എന്നായി തെറ്റിച്ചു കൂടി കൊടുക്കുമ്പോൾ അതൊട്ടും നിസ്സാരവുമല്ല.

ബുദ്ധിസ്ഥിരതയില്ലാത്തൊരാൾ അക്രമാസക്തൻ ആവുമ്പോളത് കൂടുതൽ അപകടകരമാണ് എന്ന് നമ്മൾ പൊതുവേ പറയാറില്ലേ? വിവരക്കേടും ദുരുദ്ദേശവും ഒന്നിച്ചു വരുമ്പോൾ അതൊരു ഡേഞ്ചറസ് കോമ്പിനേഷൻ ആണ്. രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മത പരിവർത്തനത്തിന് വിധേയരായ ദളിതർക്കും പട്ടിക ജാതി സംവരണത്തിന്റെ ആനുകൂല്യങ്ങൾ അനുവദിക്കാനുള്ള യു.പി.എ സർക്കാരിന്റെ തീരുമാനത്തെ 2010ലാണ് 'ഭരണഘടനാ വിരുദ്ധം' എന്നു ചൂണ്ടിക്കാട്ടി രാംനാഥ് കോവിന്ദ് എതിർക്കുന്നത്.

ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും മത പരിവർത്തനം ചെയ്യപെടുന്നവർക്ക് താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും ലഭിക്കുന്നു എന്നതൊരു യാഥാർഥ്യമായിരിക്കെ അവരെ കൂടി പട്ടിക ജാതിയിൽ ഉൾപ്പെടുത്തിയാൽ പിന്നാക്കക്കാർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന തൊഴിൽ അവസരങ്ങൾ കൂടി അവർ നേടിയെടുക്കും എന്നും, തിരഞ്ഞെടുപ്പിൽ പട്ടിക ജാതിക്കാർക്കായി മാറ്റി വെച്ചിരിക്കുന്ന സീറ്റുകളിലും അവർ മത്സരിക്കുന്ന സാഹചര്യം ഉണ്ടാവും എന്നും, ക്രമേണ ഇതു മറ്റു ദളിത് വിഭാഗങ്ങൾക്ക് കൂടി മതം മാറാനുള്ള പ്രോത്സാഹനമായി തീരും എന്നുമാണ് യാഥാർഥ്യബോധത്തോടെ കോവിന്ദ് വാദിച്ചത്.

മത പരിവർത്തിതർക്ക് സംവരണം നൽകുന്നതിനെ സംബന്ധിച്ച് എല്ലാ ദളിത് സംഘടനകളുടെയും നിലപാട് ഇതു തന്നെയാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിൽ തുടരുന്ന ദുർബല വിഭാഗങ്ങൾക്ക് ആകെ ലഭിക്കുന്ന അവസരങ്ങൾ കൂടി ഇനിയും പലർക്കും പങ്കിട്ട് കൊടുക്കണമെന്ന് പറയുമ്പോൾ അവകാശബോധമുള്ളൊരു ദളിത് നേതാവിന് അങ്ങനെ നിലപാടെടുക്കാനേ സാധിക്കൂ. അപ്പോഴാണ് സിഖ് മതത്തിലെ ദളിത് വിഭാഗത്തിന് നിലവിൽ സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടല്ലോ എന്നൊരു ചോദ്യം വരുന്നത്. അതിന് കോവിന്ദ് പറഞ്ഞ മറുപടിയാണ്, ഇസ്ലാമും ക്രിസ്ത്യാനിറ്റിയും വൈദേശിക മതങ്ങൾ ആണെന്നെരിക്കെ, അത്തരമൊരു പരിഗണന അവയ്ക്ക് ആവശ്യപ്പെടാൻ സാധ്യമല്ല എന്നത്.

അതു രാംനാഥ് കോവിന്ദിന്റെ അഭിപ്രായമല്ല. രാജ്യത്തെ ഭരണഘടനയുടെ അഭിപ്രായമാണ്. 1950ൽ രാഷ്ട്രപതി പുറപ്പെടുവിച്ച കോൺസ്റ്റിറ്റിയൂഷനൽ ഷെഡ്യൂൾഡ് കാസ്റ്റ് ഓർഡർ പ്രകാരം 'ഇന്ത്യയിൽ ഉത്ഭവിച്ച' (ഇൻഡിക്/ധാർമിക്) മതങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതങ്ങളിൽ അംഗങ്ങളായിരിക്കുന്നവർക്കേ പട്ടിക ജാതി സംവരണത്തിനുള്ള അർഹതയുള്ളൂ. അതിൽ ന്യൂനപക്ഷ വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ ആ ന്യൂനപക്ഷ വിരുദ്ധത അംബേദ്കർക്കും നെഹ്രുവിനും രാജേന്ദ്ര പ്രസാദിനും എതിരെ കൂടി ആരോപിക്കേണ്ടതായി വരും.
യഥാർത്ഥത്തിൽ സിപിഎമ്മിന് ദളിതരോടുള്ള സമീപനമെന്തെന്ന് കൃത്യമായി മനസിലാക്കാൻ രാംനാഥ് കോവിന്ദിനെതിരെ യെച്ചൂരി നടത്തിയ പരാമർശം മാത്രം ശ്രദ്ധിച്ചാൽ മതിയാവും.

ദളിതനാണെങ്കിലും, കോവിന്ദിന്റേത് ആർ.എസ്.എസ് രാഷ്ട്രീയമാണ് എന്നായിരുന്നു യെച്ചൂരി പറഞ്ഞത്. ഒരാളുടെ ജാതി എന്ന സാമൂഹിക സ്വത്വത്തെ അയാളുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് റദ്ദ് ചെയ്യാനാവുമത്രേ. ആ ജാതിക്കാരനായതിന്റെ പേരിൽ അയാളനുഭവിച്ച കഷ്ടതകൾ, നേരിട്ട അവഗണനകളും വേദനയും, അതിനെയെല്ലാം വെല്ലുവിളിച്ച് ഉയർന്നു വന്നതിലുള്ള അയാളുടെ അഭിമാനം എന്നതിനെയൊക്കെയും അയാളുടെ രാഷ്ട്രീയം അസാധുവാക്കുകയും ചെയ്യുമെന്നും. വർഗ്ഗ രാഷ്ട്രീയം എന്ന ഉട്ടോപ്പിയയിൽ അഭിരമിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജാതി എന്ന യാഥാർഥ്യത്തെ ഒരിക്കലും ശരിയായി മനസ്സിലാക്കാനോ അഭിസംബോധന ചെയ്യാനോ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

അതിന്റെ ഉത്തമ ദ്രിഷ്ടാന്തമാണ്, ജാതി എന്നതൊരു വിഷയമേയല്ല, അവരുടെ രാഷ്ട്രീയമാണ് പ്രധാനം എന്ന ലൈൻ പാർട്ടി സെക്രട്ടറി തന്നെ പറയുന്നത്. സാമൂഹികമായി എത്ര പിന്നോക്കാവസ്ഥയിൽ കഴിയുന്നയാളായാലും വ്യത്യസ്ത രാഷ്ട്രീയമാണ് അയാൾക്കെങ്കിൽ പാർട്ടിക്കയാൾ ദളിതനല്ല. നേരെ മറിച്ച്, തങ്ങൾക്ക് യോജിക്കാവുന്നതോ ഉപയോഗിക്കാവുന്നതോ ആയ രാഷ്ട്രീയം ഉള്ള ആളാണ് അയാളെങ്കിൽ, അയാളുടെ യഥാർത്ഥ ജാതി ഏതായാലും പാർട്ടിക്കയാൾ ദളിതനാവുകയും ചെയ്യും. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വഡേരാ സമുദായക്കാരനായ രോഹിത് വെമുല ദലിതനാവുന്നതും, ആദിവാസി വിഭാഗമായ കോലി സമുദായത്തിൽപ്പെട്ട രാംനാഥ് കോവിന്ദ് ദളിതൻ അല്ലാതാവുന്നതും അങ്ങനെയാണ്.
ദളിത് എന്നത് ജന്മം കൊണ്ടല്ല, ഞങ്ങളോടുള്ള നിലപാട് കൊണ്ടാണ് എന്നാണ് ഏറ്റവും ചുരുക്കത്തിൽ യെച്ചൂരി പറഞ്ഞത്.

പാർട്ടി സെക്രട്ടറി നേരിട്ട് ജാതി ഭ്രഷ്ടനാക്കിയ കോവിന്ദിനോട് പിന്നെ യാതൊരു മര്യാദയും കാണിക്കേണ്ട ബാധ്യത പാർട്ടി ചാനലിനില്ലല്ലോ. അദ്ദേഹത്തെ ബ്രാഹ്മണന്റെ അടിമയായും, ദളിതരിലെ ഒറ്റുകാരനായും, ന്യൂനപക്ഷ/സംവരണ വിരുദ്ധനായും ഒക്കെ മുദ്രകുത്തേണ്ട ജോലി അവർ ഉത്തരവാദിത്വത്തോടെ തന്നെ നിർവഹിക്കുകയാണ്. അന്യഗ്രഹജീവി പരാമർശം വെറുമൊരു കൈപ്പിഴ മാത്രമല്ലെന്നാണ് പറയുന്നത്. വരും ദിവസങ്ങളിൽ ഒരു പക്ഷെ, അന്യഗ്രഹ ജീവികൾ ചാനൽ സ്റ്റുഡിയോകളിൽ നേരിട്ടിറങ്ങി വന്ന്, രാംനാഥ് കോവിന്ദിനെതിരെ സാക്ഷി പറയുക പോലും ചെയ്‌തേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP