Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുഹമ്മദിന്റെ അടുത്തേക്ക് പ്രണയാഭ്യർഥനയുമായി ഖദീജ പറഞ്ഞയച്ചത് അടുത്ത കൂട്ടുകാരിയായ നുഫൈസയെയാണ്; മുഹമ്മദിന് ആറു വയസ്സുള്ളപ്പോൾ മാതാവ് ആമിന മദീനയിലേക്ക് ബന്ധുക്കളെ കാണാൻ പോകുന്നത് ഒട്ടകപ്പുറത്താണ്; അറേബ്യയിൽ ഇസ്ലാം സ്ഥാപിതമായതിനു ശേഷമാണ് സ്ത്രീകളുടെ സ്വാതന്ത്ര്യം കുറഞ്ഞത്; അതുകൊണ്ട് അവർ ആറാം നൂറ്റാണ്ടിലേക്ക് മടങ്ങട്ടെ; സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മുഹമ്മദിന്റെ അടുത്തേക്ക് പ്രണയാഭ്യർഥനയുമായി ഖദീജ പറഞ്ഞയച്ചത് അടുത്ത കൂട്ടുകാരിയായ നുഫൈസയെയാണ്; മുഹമ്മദിന് ആറു വയസ്സുള്ളപ്പോൾ മാതാവ് ആമിന മദീനയിലേക്ക് ബന്ധുക്കളെ കാണാൻ പോകുന്നത് ഒട്ടകപ്പുറത്താണ്; അറേബ്യയിൽ ഇസ്ലാം സ്ഥാപിതമായതിനു ശേഷമാണ് സ്ത്രീകളുടെ സ്വാതന്ത്ര്യം കുറഞ്ഞത്; അതുകൊണ്ട് അവർ ആറാം നൂറ്റാണ്ടിലേക്ക് മടങ്ങട്ടെ; സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

പി ടി മുഹമ്മദ് സാദിഖ്

വർ ആറാം നൂറ്റാണ്ടിലേക്ക് മടങ്ങട്ടെ! Place your trust in God and drive.. എനിക്ക് അത് വലിയ ഇഷ്ടമായി. സൗദിയിലെ പെണ്ണുങ്ങൾക്ക് ഇന്നു മുതൽ ഏത് വാഹനവുമോടിക്കാം. അതല്ല, എനിക്കിഷ്ടായത്. കഴിഞ്ഞ മൂന്ന് ദിവസമായി അവരെ ബോധവൽക്കരിക്കാൻ സൗദി ഗതാഗത വകുപ്പ് ഏർപ്പെടുത്തിയ പ്രചാരണത്തിന്റെ മുദ്രാവാക്യമാണ് എനിക്കിഷ്ടമായത്. അതാണ് മുകളിൽ പറഞ്ഞത്. ദൈവത്തിൽ വിശ്വസിക്കുക, വണ്ടി ഓടിച്ചു കൊൾക. ഇത്രയും കാലം എന്തിനാണ് സൗദി ഭരണാധികാരികളും മത മുഫ്തികളും പെണ്ണുങ്ങൾക്ക് ഡ്രൈവിംഗിനു വിലക്ക് ഏർപ്പെടുത്തിയത്. ലൈസൻസ് ചോദിച്ച് ശബ്ദമുയർത്തിയ പെണ്ണുങ്ങളടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടച്ച്. വിദേശ ബന്ധം ആരോപിച്ചാണ് പലരേയും അറസ്റ്റ് ചെയ്തത്. വിഘടനവാദ കുറ്റം ചുമത്തി അവർക്ക് നൽകിയത് 20 വർഷത്തെ ശിക്ഷയാണ്.

ദൈവത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടായിരുന്നോ സ്ത്രീകൾക്ക് ഇത്രയും കാലം ലൈസൻസ് നൽകാതിരുന്നത്. അറേബ്യയിലെ സ്ത്രീകൾ എന്നും ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു. അത് ഏക ദൈവമായിരുന്നില്ലെന്നു മാത്രം. നിലവിലുണ്ടായിരുന്ന വിഗ്രഹങ്ങളെ തച്ചുടച്ച് എബ്രഹാം ഏകദൈവത്തെ കൊണ്ടു വന്നെങ്കിലും അദ്ദേഹത്തിന്റേയും ഇസ്മായേലിന്റേയും കാലശേഷം വീണ്ടും അവർ ബഹുദൈവങ്ങളിലേക്ക് മാറിപ്പോയി. പല ദൈവങ്ങളിൽ വിശ്വസിക്കുമ്പോഴും അവരിൽ ധീരരായ സ്ത്രീകളുണ്ടായിരുന്നു. അവർ വാഹനങ്ങൾ ഓടിച്ചിരുന്നു. കഴുതയും കുതിരയും ഒട്ടകങ്ങളുമായിരുന്നല്ലോ അന്നത്തെ വാഹനങ്ങൾ. (കുഴിച്ചു മൂടപ്പെട്ട പെൺകുട്ടികളുടെ ജാഹിലിയ്യാ കാലത്തെ കഥയാണിത്.)

മുഹമ്മദിനെ മുലയൂട്ടാൻ ഏറ്റെടുത്ത് മക്കയിൽ നിന്നു പുറപ്പെട്ടു പോകുമ്പോൾ ഹലീമയും മുഹമ്മദും ഒരു കഴുതപ്പുറത്താണ് സഞ്ചരിച്ചത്. മുഹമ്മദിന്റെ സാന്നിധ്യം മൂലമാണെന്ന് ഹലീമ വിശ്വസിക്കുന്നു, ആ കഴുത അതിശീഘ്രം ഓടി. സഹയാത്രികർ അവരോട് വേഗം കുറക്കാനും കാത്തു നിൽക്കാനും വിളിച്ചു പറയുന്നുണ്ടായിരുന്നു. മുഹമ്മദിന് ആറു വയസ്സുള്ളപ്പോൾ മാതാവ് ആമിന മദീനയിലേക്ക് ബന്ധുക്കളെ കാണാൻ പോകുന്നത് ഒട്ടകപ്പുറത്താണ്. മുഹമ്മദ് സഞ്ചരിച്ച ഒട്ടകത്തെ ഓടിച്ചിരുന്നത് അവരുടെ അടിമ സ്ത്രീയായ ബറകയായിരുന്നു. ഒട്ടകം അന്നത്തെ വാഹനമാണേ!

യസ്രിബിലെ(മദീന) അറബികൾക്ക് മാതൃകേന്ദ്രീകൃത കുടുംബ വ്യവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഖയ്‌ല എന്നു പേരുള്ള ഒരു മുത്തശ്ശിയെ തങ്ങളുടെ മാതാവായി അവർ കണക്കാക്കിപ്പോന്നു. ഇവരുടെ സന്താന പരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്റജും. നൂറ്റാണ്ടുകൾക്കിപ്പുറം സൗദിയിലെ പെണ്ണുങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് കിട്ടുമ്പോൾ ഖയ്ല മുത്തശ്ശിയുടെ ആത്മാവിനു ആഹ്ലാദമായിക്കാണും. ഇപ്പോൾ ഡ്രൈവിങ് ലൈസൻസിനു ശേഷം സൗദി സ്ത്രീകളുടെ പ്രധാന ആവശ്യം പുരുഷൻ രക്ഷാധികാരിയാകുന്ന കുടുംബ വ്യവസ്ഥ നിർത്തലാക്കുക എന്നതാണ്. പുരുഷന്റെ സമ്മതമില്ലാതെ, സ്ത്രീക്ക് യാത്ര ചെയ്യാൻ പറ്റില്ല. വിദ്യാഭ്യാസം പറ്റില്ല. വിദേശത്തു പോകാൻ പറ്റില്ല. പാസ്‌പോർട്ട് പോലും എടുക്കാൻ പറ്റില്ല.

ഇസ്ലാം സമ്പൂർണമായി സ്ഥാപിക്കപ്പെടുന്നതിനു മുമ്പ് അതായിരുന്നില്ല സ്ഥിതി. അവിടെ പെണ്ണുങ്ങൾ കാര്യങ്ങൾ തീരുമാനിച്ചിരുന്നു. ഇഷ്ടപ്പെട്ട പുരുഷനോട് നേരിട്ട് പ്രണയാഭ്യർഥനയും വിവാഹാഭ്യർഥനയും നടത്തിയിരുന്നു. ഇങ്ങോട്ട് പ്രണയാഭ്യാർഥനയും വിവാഹാഭ്യർഥനയും നടത്തിയവർക്കു മുന്നിൽ കണിശമായ വ്യവസ്ഥകൾ വെച്ചിരുന്നു. ഖയ്‌ല മുത്തശ്ശിയുടെ പരമ്പരയിൽ പെട്ട ഖസ്റജ് ഗോത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി നജ്ജാർ കുടുംബത്തിലെ അംറിന്റെ മകൾ സൽമയായിരുന്നു. മുഹമ്മദിന്റെ പിതാവ് അബ്ദുല്ലയുടെ മുത്തശ്ശിയാണ് സൽമ. അബ്ദുള്ളയുടെ മുത്തശ്ശൻ ഹാഷിം അവരോട് വിവാഹാഭ്യർഥന നടത്തിയപ്പോൾ തന്റെ കാര്യങ്ങളുടെ നിയന്ത്രണം തനിക്കു മാത്രമായിരിക്കുമെന്നാണ് അവർ ആദ്യം വെച്ച വ്യവസ്ഥ. മകൻ ജനിച്ചപ്പോൾ പതിനാലു വയസ്സുവരെ തന്നോടൊപ്പം വളരണമെന്നും അവർ വ്യവസ്ഥ വെച്ചു. രണ്ടും ഹാഷിമിനു സമ്മതിക്കേണ്ടി വന്നു.

അബ്ദുല്ലയുടെ മാതാവ് ഫാത്തിമ മഖ്സൂമും പ്രബല സ്ത്രീയാണ്. അബ്ദുള്ളയെ ബലി നൽകാനുള്ള തീരുമാനം ഫാത്തിമ അറിയാതിരിക്കാൻ അബ്ദുൽ മുത്തലിബ് ഏറെ ശ്രദ്ധിച്ചിരുന്നു. ഒടുവിൽ അബ്ദള്ളയുടെ ബലിക്ക് പകരമുള്ള പ്രായശ്ചിത്തം നിശ്ചയിച്ചുകൊടുത്തതും ജ്ഞാനിയായ ഒരു വയോധികയായിരുന്നു. തായിഫിൽ അക്കാലത്തെ ആരാധനാ മൂർത്തിയായ ലാത്തയും വനിതയായിരുന്നു, ജ്ഞാനിയായ വറഖയുടെ സഹോദരി ഖുതൈലയും ജ്ഞാനിയായിരുന്നു. ഖുതൈല അതീവ ധീരയായിരുന്നു. സുന്ദരിയും. ആമിനയെ വിവാഹം കഴിക്കാൻ പിതാവിനോടൊപ്പം പുറപ്പെട്ട് അബ്ദുള്ളയെ വിളിച്ചു, എന്നെ വിവാഹം കഴിക്കണമെന്ന് പരസ്യമായി അഭ്യർത്ഥിച്ച പണ്ഡിതയായ സ്ത്രീയാണ് അവർ. ഇസ്ലാമിക ചരിത്രത്തിൽ ജോസഫ് കഴിഞ്ഞാൽ ഏറ്റവും സുന്ദരനായിരുന്നു മുഹമ്മദിന്റെ പിതാവ് അബ്ദുള്ള. സഹോദരൻ വറഖയുടെ വിവരണത്തിൽ നിന്നു അബ്ദുള്ളയാകും അടുത്ത പ്രവാചകൻ എന്നു തെറ്റിദ്ധരിച്ചാണ് ഖുതൈല വിവാഹാഭ്യാർഥന നടത്തിയത്. ആമിനയെ വിവാഹം ചെയ്ത ശേഷം, വീണ്ടും ഖുതൈലയും അബ്ദുള്ളയും കണ്ടുമുട്ടുന്നുണ്ട്. അപ്പോൾ അബ്ദുള്ള ചോദിച്ചു, ഇന്നലെ പറഞ്ഞ പോലെ നീയെന്താണ് ഇപ്പോൾ പറയാത്തതെന്ന്. നിന്റെ മുഖത്തു നിന്നു ആ ചൈതന്യം ചോർന്നു പോയെന്നായിരുന്നു സുന്ദരിയും പണ്ഡിതയുമായ ആ സ്ത്രീയുടെ മറുപടി.

ഇനി മുഹമ്മദിന്റെ കാര്യം. കച്ചവടമൊക്കെ കഴിഞ്ഞു വന്ന മുഹമ്മദിന്റെ അടുത്തേക്ക് പ്രണയാഭ്യർഥനയുമായി ഖദീജ പറഞ്ഞയച്ചത് കാരണവന്മാരെ ഒന്നുമായിരുന്നില്ല. അടുത്ത കൂട്ടുകാരിയായ നഫൈസയെയാണ്. പിന്നീട് മുഹമ്മദ് കാണാൻ വന്നപ്പോൾ ഖദീജ മുഖത്തു നോക്കി ഐ ലവ് യു പറയുകയാണ്. ഒരു റിപ്പോർട്ട് പ്രകാരം ആ വാക്കുകൾ ഇങ്ങിനെയാണ്: 'എന്റെ മാതുല പുത്രാ, താങ്കളുമായുള്ള കുടുംബ ബന്ധത്തിന്റെ പേരിൽ ഞാൻ അങ്ങയെ ഇഷ്ടപ്പെടുന്നു. താങ്കൾ എന്നും നിഷ്പക്ഷനായിരുന്നു. ഒരിക്കലും ജനങ്ങളുടെ കാര്യത്തിൽ ഒന്നിനെച്ചൊല്ലിയും പക്ഷം ചേരുന്നില്ല. വിശ്വസ്തതയുടേയും സ്വഭാവ മഹിമയുടേയും പേരിൽ ഞാൻ താങ്കളെ സ്‌നേഹിക്കുന്നു.' സൗദിയിലെ സ്ത്രീകൾ വാഹനമോടിക്കട്ടെ. ആറാം നൂറ്റാണ്ടിലെ വെളിച്ചമാർന്ന ജീവിതത്തിലേക്ക് അവർ തിരിച്ചു പോകട്ടെ. ഉറപ്പാണ് അവർക്ക് ദൈവത്തിൽ വിശ്വാസമുണ്ട്. ദൈവത്തിൽ വിശ്വാസമർപ്പിച്ചേ അവർ വളയം തിരിക്കൂ. ആ ദൈവം അവരെ രക്ഷിക്കും. അവരുടെ പൂർവികരും ദൈവ വിശ്വാസികളായിരുന്നു. പൂജാ മുറിയിലെ വിഗ്രഹങ്ങളെ തൊഴുതു പ്രാർത്ഥിച്ച ശേഷമേ അവർ ഓരോ യാത്രയും പുറപ്പെട്ടിരുന്നുള്ളു.

( എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പിടി മുഹമ്മദ് സാദിഖ് ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ ലേഖനം). 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP