Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ഇത്രയും വലിയൊരു സാമ്പത്തികത്തട്ടിപ്പ് സ്വന്തം പാർട്ടിയുടെ ഭരണസമിതി നടത്തിയിട്ടും സിപിഎമ്മിന് ഉളുപ്പില്ല; പഴി ആഗോളവത്ക്കരണത്തിനും; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യം മാപ്പുപറയുകയാണ് വേണ്ടത്: പ്രമോദ് പുഴങ്കര എഴുതുന്നു

ഇത്രയും വലിയൊരു സാമ്പത്തികത്തട്ടിപ്പ്  സ്വന്തം പാർട്ടിയുടെ ഭരണസമിതി നടത്തിയിട്ടും സിപിഎമ്മിന് ഉളുപ്പില്ല; പഴി ആഗോളവത്ക്കരണത്തിനും; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യം മാപ്പുപറയുകയാണ് വേണ്ടത്: പ്രമോദ് പുഴങ്കര എഴുതുന്നു

പ്രമോദ് പുഴങ്കര

ത്രയും വലിയൊരു സാമ്പത്തികത്തട്ടിപ്പ് സ്വന്തം പാർട്ടിയുടെ ഭരണസമിതി നടത്തിയിട്ടും സാധാരണക്കാരായ നിക്ഷേപകർ സർവ്വസമ്പാദ്യവും നഷ്ടപ്പെട്ട് അലയേണ്ട ഗതികേടിലെത്തിയിട്ടും അതിനെക്കുറിച്ചൊന്നും പറയാതെ ആഗോളവത്ക്കരണത്തെയും അരൂപികളായ ശത്രുക്കളേയും പ്രതിരോധിക്കാനാഹ്വാനം ചെയ്യാനുള്ള ആത്മവിശ്വാസം ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷിയുടേതല്ല, ഒരു മാഫിയ സംഘത്തിന്റെയാണ്.

കരുവന്നൂർ സഹകരണ ബാങ്കിലെ നൂറിലേറെ കോടി രൂപയുടെ വെട്ടിപ്പും മറ്റു പല സഹകരണബാങ്കുകളിലെയും വെട്ടിപ്പുകഥകളും പുറത്തുവന്നതിനെത്തുടർന്ന് ഇന്നിപ്പോൾ സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നു. സ്വാഭാവികമായും പാർട്ടിക്കാരായ നിക്ഷേപകരെങ്കിലും പ്രതീക്ഷിക്കുക ഈ വെട്ടിപ്പിനിരയായ മനുഷ്യർക്ക് സംഭവിച്ച ദുരിതങ്ങൾ പരിഹരിക്കാനും അത് ചെയ്യുന്നതിൽ ഭരണസംവിധാനത്തിനു സംഭവിച്ച വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഉറപ്പ് നൽകിയും സ്വയംവിമർശനപരമായ കമ്മ്യൂണിസ്റ്റ് നൈതികതയോടെ ഈ വിഷയത്തെ സെക്രട്ടേറിയറ്റ് സമീപിക്കുമെന്നാണ്. അതിന് വേറെ ആളെ നോക്കണം എന്ന മട്ടിലാണ് പക്ഷെ പാർട്ടി പ്രസ്താവന.

'കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഢ പദ്ധതികൾക്കെതിരെ കനത്ത ജാഗ്രതയുണ്ടാകണം' എന്ന് തുടങ്ങുന്നു പ്രസ്താവന. അക്കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ആരാണ് തകർക്കാൻ ശ്രമിക്കുന്നത് എന്ന കാര്യത്തിലാണ് നിക്ഷേപകരും സാധാരണ ജനങ്ങളും കരുതുന്നിടത്തുനിന്നും സഹകരണ മഹാരഥികൾ വഴി മാറി സഞ്ചരിക്കുന്നത്. പ്രസ്താവന രണ്ടര ലക്ഷം കോടിയുടെ നിക്ഷേപം തുടങ്ങി സഹകരണമേഖലയുടെ സാമ്പത്തിക,സാമൂഹ്യ വ്യാപ്തി എടുത്തുപറയുന്നു. സമ്മതിച്ചു.

അതുകൊണ്ടാണ് ഈ സംസ്ഥാനത്തിനാകെ ഈ വിഷയത്തിൽ ഇത്രയും ആശങ്ക. പക്ഷെ സെക്രട്ടേറിയറ്റ് പ്രസ്താവന പിന്നീടങ്ങോട്ട് ആഗോളവത്ക്കരണം കൊണ്ട് ഓട്ടയടക്കാനുള്ള തട്ടിപ്പാണ് നടത്തുന്നത്. പൊടിപ്പും തൊങ്ങലും വെച്ച് വാർത്ത ചമയ്ക്കുന്നതാണ് പ്രശ്‌നമെന്ന് വരുത്തിത്തീർക്കാനുള്ള കുയുക്തിയാണ് സെക്രട്ടേറിയറ്റ് പ്രയോഗിക്കുന്നത്. ഒരിക്കൽപ്പോലും കരുവന്നൂർ സഹകരണബാങ്ക് ഭരണസമിതി ദീർഘകാലമായി സി പി എം നേതൃത്വത്തിലായിരുന്നു എന്നോ ഇത്തരത്തിൽ നൂറുകോടിയിലേറെ വരുന്ന ഒരു വമ്പൻ അഴിമതി പാർട്ടിക്കാർ നടത്തിയെന്നുമുള്ളതിൽ അമ്പരപ്പോ ജനങ്ങളോട് അതേറ്റുപറയാനുള്ള സത്യസന്ധതയോ പ്രസ്താവനയിൽ കാണിക്കുന്നില്ല.

നിക്ഷേപകർക്ക് പണം നഷ്ടമാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയെന്ന ആശ്വാസം വാരിവിതറിപ്പോവുകയാണ് പ്രസ്താവന. ചാവടിയന്തിരത്തിന് സദ്യ വിളമ്പാനുള്ള നേരത്ത് പണം കിട്ടാൻ വേണ്ടിയാണോ സാധാരണക്കാരായ നൂറുകണക്കിന് മനുഷ്യർ അവരുടെ ജീവിതസമ്പാദ്യം സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നത്?

സെക്രട്ടേറിയറ്റിന്റെ പ്രസ്താവന നിറയെ എന്തൊക്കെ സംഭവിച്ചാലും അതൊന്നും തങ്ങളെ ബാധിക്കില്ല എന്ന തികഞ്ഞ ഔദ്ധത്യമാണ്. ഒരു പ്രാദേശിക സഹകരണബാങ്കിൽ നൂറുകോടിയിലേറെ രൂപയുടെ വെട്ടിപ്പ് അവിടുത്തെ സി പി എം ഭരണസമിതിയും ജീവനക്കാരും പുറത്തുനിന്നുള്ള രാഷ്ട്രീയക്കാരടക്കമുള്ള തട്ടിപ്പുകാരും ചേർന്ന് നടത്തിയെന്നത് കേരളം പോലെ സഹകരണ സംഘങ്ങൾ ഗ്രാമീണമേഖലകളിലെ വലിയ നിക്ഷേപ സ്വീകർത്താക്കളായി തുടരുന്ന ഒരു സംസ്ഥാനത്ത് ചെറിയ വാർത്തയാണോ? ഇത്രയും വലിയ തട്ടിപ്പ് സഹകരണ മേഖലയിൽ തങ്ങളുടെ പാർട്ടിയുടെ ഘടകങ്ങളിലൂടെ നടന്നു എന്നാണോ അതോ അതിനെക്കുറിച്ചുള്ള വാർത്തകളിലെ അലങ്കാര പ്രയോഗങ്ങളാണോ സി പി എമ്മിനെ ബുദ്ധിമുട്ടിക്കുന്നത്?

സാമ്രാജ്യത്വവും ആഗോളീകരണവും സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ-കോർപ്പറേറ്റ് ശ്രമങ്ങളുമൊക്കെ ജനങ്ങൾക്കറിയാം. അതുകൊണ്ടുകൂടിയാണ് അവർ തങ്ങളുടെ സമ്പാദ്യം സഹകരണ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽക്കൂടി വിശ്വസിച്ചുകൊണ്ട് സഹകരണബാങ്കുകളിലിട്ടത്. ആ രാഷ്ട്രീയവിശ്വാസത്തെ വഞ്ചിച്ചുകൊണ്ട് സി പി എം നേതൃത്വത്തിലുള്ള ഒരു ബാങ്കിൽ മാത്രം നടന്നത് നൂറുകോടിയിലേറെ രൂപയുടെ വെട്ടിപ്പാണ്. അപ്പോളാരാണ് സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്നത്? സാധാരണക്കാരായ മനുഷ്യരുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത് എന്നതുകൊണ്ടാണ് മാധ്യമങ്ങളും പൊതുരാഷ്ട്രീയസമൂഹവുമെല്ലാം വളരെ ഒതുക്കത്തോടെ, അത്രയൊന്നും ആവേശം കാണിക്കാതെ ഈ വിഷയത്തെ കാണുന്നത്.

ഇത്രയും വലിയൊരു സാമ്പത്തികത്തട്ടിപ്പ് സ്വന്തം പാർട്ടിയുടെ ഭരണസമിതി നടത്തിയിട്ടും സാധാരണക്കാരായ നിക്ഷേപകർ സർവ്വസമ്പാദ്യവും നഷ്ടപ്പെട്ട് അലയേണ്ട ഗതികേടിലെത്തിയിട്ടും അതിനെക്കുറിച്ചൊന്നും പറയാതെ ആഗോളവത്ക്കരണത്തെയും അരൂപികളായ ശത്രുക്കളേയും പ്രതിരോധിക്കാനാഹ്വാനം ചെയ്യാനുള്ള ആത്മവിശ്വാസം ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷിയുടേതല്ല, ഒരു മാഫിയ സംഘത്തിന്റെയാണ്.

സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ രാഷ്ട്രീയമായി നൽകിയ വിശ്വാസത്തെയും ചുമതലയേയും കണ്ണുംപൂട്ടിയുള്ള കൊള്ളക്കായി ഉപയോഗിച്ച തങ്ങളുടെ പാർട്ടിക്കാരുടെ ചെയ്തികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യം മാപ്പ് പറയുകയാണ് വേണ്ടത്. സി പി എമ്മിന് അവരുടെ പാർട്ടി ഭാരവാഹികളുടെ ചെയ്തികളിൽ ഉത്തരവാദിത്തമില്ലെങ്കിൽ പിന്നെ ജനമെങ്ങിനെയാണ് സി പി എം-കാരെ ഇത്തരം സമിതികളിൽ കയറ്റിയിരുത്തുന്നത്? പാർട്ടി കത്തല്ല പൊതുജനങ്ങൾക്കായുള്ള പ്രസ്താവന. യുക്തിസഹമായും ജനാധിപത്യബാധ്യതയോടെയും സംസാരിക്കണം. ഔദ്ധത്യവും കുയുക്തിയും അംഗീകരിക്കാനുള്ള ബാധ്യത ജനങ്ങൾക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP