Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്രം മാറ്റിയെഴുതാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ഉന്നം വെക്കുന്നത് എന്താണ്? വെടിയുണ്ടകൾ ഗൗരി ലങ്കേഷിലോ ധാബോൽക്കറിലോ പൻസാരയിലോ കൽബുർഗിയിലോ ഒതുങ്ങണമെന്നില്ല; ചരിത്ര ബോധമുള്ള ഓരോരുത്തർക്കും ഇന്ത്യയിൽ മരണമണി മുഴങ്ങുക തന്നെയാണ്

ചരിത്രം മാറ്റിയെഴുതാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ഉന്നം വെക്കുന്നത് എന്താണ്? വെടിയുണ്ടകൾ ഗൗരി ലങ്കേഷിലോ ധാബോൽക്കറിലോ പൻസാരയിലോ കൽബുർഗിയിലോ ഒതുങ്ങണമെന്നില്ല; ചരിത്ര ബോധമുള്ള ഓരോരുത്തർക്കും ഇന്ത്യയിൽ മരണമണി മുഴങ്ങുക തന്നെയാണ്

അമീറാ ഐഷാ ബീഗം

രിത്രം ആരുടേതാണ്? രാജ്യങ്ങളുടെയും രാജാക്കന്മാരുടെയും ഭരണപരിഷ്‌കാരങ്ങളുടെയും കഥാഖ്യാനങ്ങളാണോ അത്? സാധാരണ ജനങ്ങൾക്കും സാധാരണ ജീവിതങ്ങൾക്കും പ്രാദേശിക സംഭവവികാസങ്ങൾക്കും ചരിത്രത്തിൽ എന്താണ് സ്ഥാനം?

ചരിത്രരചനയുമായി ബന്ധപ്പെട്ട് കാലങ്ങളായി ഉയരുന്ന ചോദ്യങ്ങളിൽ ചിലതാണിത്. ചരിത്രമെന്നു പറഞ്ഞ് നാം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന നറേറ്റീവുകളെ വിമർശനാത്മകമായി സമീപിക്കുന്ന ചരിത്രപഠനത്തിലെ അനേകം ധാരകൾ മുകളിൽ ചോദിച്ച ചോദ്യങ്ങളേക്കാൾ ആഴമുള്ള ഒരുപാടു ചോദ്യങ്ങളും സമീപനങ്ങളും മുന്നോട്ടുവെക്കുന്നുമുണ്ട്. നിലവിലെ ചരിത്ര ഗവേഷണ, പഠന സമ്പ്രദായങ്ങളെ വ്യത്യസ്ത പ്രത്യയശാസ്ത്ര നിലപാടുകളുടെ അടിസ്ഥാനത്തിലും വ്യത്യസ്ത നിലപാടുകളുടെ അടിസ്ഥാനത്തിലും പുനർവായനയ്ക്ക് വിധേയമാക്കുന്ന ആഴത്തിലുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുമുണ്ട്. തീർച്ചയായും, ഇത് ചരിത്രം എന്ന പഠനശാഖയെ പുതിയ കാലത്തിന് അനുസൃതമായി മാറ്റിപ്പണിയാനുള്ള ഗൗരവകരമായ സമീപനങ്ങളുടെ ഭാഗം തന്നെയാണ്.

എന്നാൽ, അത്ര ലളിതമല്ല, പോസിറ്റീവല്ല ചരിത്രത്തിനു മേലുള്ള ഈ പുനർവായനകൾ. പ്രത്യേകിച്ചും ലോകമെങ്ങും തീവ്രവലതുപക്ഷങ്ങൾ ശക്തിപ്പെടുന്ന കാലത്ത് ചരിത്രം രാഷ്ട്രീയ അധികാരം കൈയേറാനുള്ള മൂർച്ചയുള്ള ഒരായുധം കൂടിയാണ്. ജർമൻ ദേശീയ വികാരം ആളിക്കത്തിച്ച് ലോകത്തിനു ഭീഷണിയായി വളർന്ന അഡോൾഫ് ഹിറ്റ്ലർ രാഷ്ട്രീയാധികാരം നേടാനും അത് വിനിയോഗിക്കാനും ഉപയോഗിച്ച ഒരായുധം ചരിത്രമാണ്. സമാനമായ തന്ത്രങ്ങളും സമീപനങ്ങളും തന്നെയാണ് നിയോ നാസികളും വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിൽ ശക്തിപ്പെടുന്ന തീവ്രവലതുപക്ഷങ്ങളും ഉപയോഗിക്കുന്നത്. ദേശീയത, വംശീയ മേധാവിത്വം, ന്യൂനപക്ഷ വിരോധം എന്നിങ്ങനെ അനേകം സമാന ഘടകങ്ങളാൽ പരോക്ഷമായി ചേർന്നുനിൽക്കുന്നവയാണ് ഈ തീവ്ര വലതുപക്ഷ സംഘടനകൾ. സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അനുസൃതമായി നിലവിലെ ചരിത്രവും സാംസ്‌കാരിക പഠനങ്ങളും മാറ്റിയെഴുതാനും അവ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും ഇവർ നിരന്തരം ആവശ്യപ്പെടുന്നത് വെറുതെയല്ല.

ഈ പശ്ചാത്തലത്തിൽ വേണം, കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് വാർത്താ ഏജൻസി പുറത്തുവിട്ട, പ്രാചീന ഇന്ത്യാ ചരിത്രം, ഭരിക്കുന്നവരുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി മാറ്റിയെഴുതാൻ സർക്കാർ തലത്തിൽ നടക്കുന്ന ശ്രമങ്ങളെയും കാണേണ്ടത്. കേന്ദ്ര സംസ്‌കാരിക വകുപ്പ് മന്ത്രിയും ആർഎസ്എസ് നേതാവുമായ മഹേഷ് ശർമ്മയുടെ മുൻകൈയിൽ ചരിത്രം മാറ്റിയെഴുതുന്നതിനായി ആറു മാസങ്ങൾക്കു മുമ്പ് 14 അംഗ സമിതിയെ നിയമിച്ചുവെന്നായിരുന്നു റോയിട്ടേഴ്സിന്റെ വാർത്ത. ചരിത്രപണ്ഡിതരും ഉദ്യോഗസ്ഥപ്രമുഖരും അടങ്ങുന്ന ഈ സമിതിയുടെ മുഖ്യ പഠന വിഷയങ്ങൾ ഇവയാണ്: ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിലേക്ക് ആദ്യമെത്തിയവരുടെ നേർ പിന്മുറക്കാരാണ് ഇന്ന് ഇന്ത്യയിലുള്ള ഹിന്ദുമതക്കാരെന്ന് തെളിയിക്കുക, പ്രാചീന വേദങ്ങളും ഇതിഹാസങ്ങളും മിത്തുകളല്ല യാഥാർത്ഥ്യമാണെന്നു തെളിയിക്കുക. തീവ്രവലതു പക്ഷ കക്ഷിയായ ആർഎസ്എസ് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ് ഇക്കാര്യം. ഈ സമിതിയുടെ കണ്ടെത്തലുകൾ ചരിത്രമെന്ന നിലയിൽ ഇനി പാഠപുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നാണ് മന്ത്രി ശർമ്മ പറയുന്നത്. പ്രാചീന ചരിത്രത്തിലെ ചില കാര്യങ്ങൾ മാറ്റിയെഴുതാനുള്ള സർക്കാർ താൽപ്പര്യത്തിന് അനുകൂലമായി റിപ്പോർട്ട് നൽകാനാണ് സമിതിയെ നിശ്ചയിച്ചതെന്നാണ് സമിതി അധ്യക്ഷനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുതിർന്ന മുൻ ഉദ്യോഗസ്ഥനുമായ കെ.എൻ ദീക്ഷിത് പറയുന്നത്.

ചരിത്രം തങ്ങളുടെ താൽപ്പര്യത്തിന് അനുസൃതമായി മാറ്റിയെഴുതുന്ന ഈ ഭരണകൂട ശ്രമത്തെക്കുറിച്ച് മനസ്സിലാക്കാൻ ഒരു കാര്യം അറിയണം. ചരിത്ര പുനഃ സംശോധനവും ചരിത്ര ഖണ്ഡനവും രണ്ടും രണ്ടാണ്. ചരിത്രത്തിലെ പിഴവ് തിരുത്തലുകൾ അനിവാര്യമാണ്. ഇന്നലെയും ഇന്നും തമ്മിൽ ഉള്ള നിലയ്ക്കാത്ത ആശയവിനിമയങ്ങൾ പലപ്പോഴും അധികാര പ്രമത്തതയിൽ ബോധപൂർവം തിരസ്‌കരിക്കപ്പെട്ട പല സത്യങ്ങളെയും മറ നീക്കി കൊണ്ട് വന്നിട്ടുണ്ട്. ചരിത്ര പുനർവ്യാഖ്യാനം അടിച്ചമർത്തപ്പെട്ട ജനതയുടെ ശബ്ദം വീണ്ടെടുത്തിട്ടുണ്ട്. എന്നാൽ അധികാര സംസ്ഥാപനത്തിനായി ചരിത്രത്തെ വളച്ചൊടിച്ചു ഇന്നലെകളെ മാറ്റിയെഴുതുന്നത് മറ്റൊന്നാണ്. അതിലൊരു രാഷ്ട്രീയമുണ്ട്. പ്രത്യയശാസ്ത്ര താൽപ്പര്യങ്ങളുണ്ട്. തീവ്രവലതുപക്ഷ സമീപനമുണ്ട്.

ജോർജ് ഓർവെല്ലിന്റെ പ്രശസ്തമായ '1984' ലേക്ക് പോയാൽ നമുക്കൊരാളെ കാണാം. നായകനായ വിൻസ്റ്റൺ സ്മിത്ത്. രസകരമായ ഒരു ജോലിയാണ് അയാൾക്ക്. ഓഷ്യാനിയയിലെ മിനിസ്ട്രി ഓഫ് ട്രൂത്തിനു വേണ്ടി പഴയ ന്യൂസ്‌പേപ്പർ ആർട്ടിക്കിൾസ് മാറ്റിയെഴുതുക.

കേട്ടാൽ ലളിതമാണ്. എന്നാൽ, അത്ര ലളിതമല്ല സ്മിത്ത് ചെയ്യുന്ന കാര്യം. അയാൾ വാസ്തവത്തിൽ ചരിത്രം മാറ്റിയെഴുതുകയാണ്. ചരിത്ര രേഖകൾ പാർട്ടി അജണ്ടക്കനുസൃതമായി തിരുത്തലുകൾക്ക് വിധേയമാക്കികൊണ്ടിരിക്കൽ. കഥ പറയുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്തും പൊതു രേഖകളിൽ നിന്ന് പാർട്ടിക്ക് സമ്മതരല്ലാത്തവരെ ചവറ്റു കുട്ടയിലേക്കിട്ടും സ്മിത്ത് സമർത്ഥമായി ആ ജോലി നിർവഹിക്കുന്നു. തെറ്റായ വിവരങ്ങൾ തിരുത്തുകയാണ് എന്ന് കീഴ്ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നേരുകൾക്കു പകരം നുണകൾ എഴുതിപിടിപ്പിക്കുന്നു. സർക്കാറിനെതിരായ തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാൻ മുൻകാല രേഖകളൊക്കെ സമയാസമയം അയാൾ നശിപ്പിക്കുന്നു.

അവിടെ നിൽക്കുന്നില്ല കാര്യങ്ങൾ. സ്മിത്തിനെ പോലുള്ളവരെ ഉപയോഗിച്ച് പഴയ മാധ്യമ വാർത്തകൾ തിരുത്തിയെഴുതുക മാത്രമല്ല സർക്കാർ ചെയ്യുന്നത്. പുതിയ വാർത്തകളിലും അവർ കൈവെക്കുന്നു. അത് പക്ഷേ, നേരിട്ടാണ്. സർക്കാർ താൽപ്പര്യങ്ങൾക്ക് അനുസൃതമായി മാത്രം വാർത്തകൾ സൃഷ്ടിക്കുകയാണ് അവർ. അതിനാലാണ്, ഓഷ്യാന യുറേഷ്യയുമായി യുദ്ധത്തിലേർപ്പെടുമ്പോൾ അവിടത്തെ ദൃശ്യാ വാർത്താ മാധ്യമങ്ങൾ, ഈ രണ്ട് രാജ്യങ്ങളും നിത്യ ശത്രുതയിൽ ആണെന്ന് റിപ്പോർട്ട് ചെയ്യുന്നത്. പരസ്പരം സമാധാന സന്ധിയിൽ ഏർപ്പെടുമ്പോൾ, ഈ രണ്ട് രാജ്യങ്ങളും ഈസ്റ്റേഷ്യക്കെതിരെ ഒരുമിച്ചു പോരാടുന്നവർ ആണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത് അതിനാലാണ്.

ചുരുക്കി പറഞ്ഞാൽ അവിടെ നടക്കുന്നത്, ഭരണകക്ഷി താൽപര്യങ്ങൾക്കൊപ്പം ചരിത്രവും വർത്തമാനവും മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ്, തന്ത്രങ്ങളാണ്.

ചരിത്രത്തെ അമ്മാനമാടി കളിക്കുന്നതിനിടെ, സ്മിത്ത് കുറിക്കുന്ന ഒരു വാചകമുണ്ട് ... 'ആരാണോ വർത്തമാന കാലത്തെ നിയന്ത്രിക്കുന്നത്, അയാൾക്കു ഭൂതകാലത്തെയും നിയന്ത്രിക്കാം. ഇന്നലെകളെ അധീനതയിൽ വെക്കുന്നവന് ഭാവിയെയും ചൊൽപ്പടിയിൽ നിർത്താം.'

അതെ, സ്മിത്തിന്റെ ഈ വെളിപാട് ആണ് വർത്തമാനകാല ഇന്ത്യയ്ക്കും പറയാനുള്ളത്. അല്ലെങ്കിൽ സ്മിത്തിന്റെ ഫിലോസോഫിയുടെ ഇന്ത്യൻ പതിപ്പാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

ഇന്ത്യൻ ചരിത്രം കാവിവത്കരിക്കണം എന്ന് മുരളി മനോഹർ ജോഷി നേരത്തെ പറഞ്ഞത് വെറുതെയല്ല. വാജ്പേയീ യുഗത്തിൽ ജോഷി മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ആയപ്പോൾ, പരിഷ്‌കരിക്കപ്പെട്ട സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ 'മനുവിന്റെ മക്കൾ ആയതു കൊണ്ടാണ് നമ്മൾ മാനവർ എന്ന് അറിയപ്പെടുന്നത്' എന്ന വരികൾ ചേർത്തിരുന്നു. 'സതിയെന്ന രാജ്പുത് ആചാരത്തെ ചൊല്ലി നമ്മൾ അഭിമാന പുളകിതരാകണം' എന്നൊക്കെയുള്ള വാചകങ്ങളും അന്ന് ബോധപൂർവം തിരുകിക്കയറ്റി. അതിന്റെ ബാക്കി പത്രമാണ് സാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മയുടെ മുൻകൈയിൽ സൃഷ്ടിക്കപ്പെട്ട ചരിത്രം മാറ്റിയെഴുതാനുള്ള സമിതി. മധ്യേഷ്യയിൽ നിന്നുള്ള കുടിയേറ്റം ഇന്ത്യാ ചരിത്രത്തിൽ തിരുകിക്കയറ്റിയ താൾ ആണെന്ന ആർ എസ് എസ് വാദത്തിന് ആധികാരികത നൽകാനുള്ള ശ്രമത്തിലേക്കുള്ള ചുവട്.

ഖുത്തബ് മിനാർ സമുദ്രഗുപ്തൻ നിർമ്മിച്ച വിഷ്ണു സ്തംഭമാണെന്നും താജ് മഹൽ ശിവക്ഷേത്രം ആയിരുന്നെന്നും സ്വാതന്ത്ര്യ സമരം യഥാർത്ഥത്തിൽ മുസ്ലിങ്ങൾക്കെതിരെയുള്ള യുദ്ധങ്ങളായിരുന്നെന്നും മുസ്ലിം ഭരണാധികാരികൾ മതഭ്രാന്തരാണെന്നും ഇവിടത്തെ അമ്പലങ്ങളുടെ നാശത്തിനു യത്നിച്ചവരാണെന്നും ഇവിടെ ഇസ്ലാം പ്രചരിപ്പിക്കപ്പെട്ടത് വാള് കൊണ്ടാണെന്നും പ്രചരിപ്പിച്ചതിന്റെ തുടർച്ച തന്നെ ഇത്. മുഗൾ പൈതൃകത്തെയും സംഭാവനകളെയും തള്ളിപ്പറഞ്ഞവരുടെയും ശിവജിയും അഫ്സൽഖാനും തമ്മിൽ അക്‌ബറും മഹാറാണാ പ്രതാപും തമ്മിൽ ഗുരു ഗോവിന്ദ് സിങ്ങും ഔറംഗസിബും തമ്മിൽ ഉണ്ടായ അധികാര വടംവലികൾക്കു വർഗീയതയുടെ നിറം കൊടുക്കാൻ യത്നിച്ചവരുടെയും പുതിയ നീക്കം. ഈ നീക്കങ്ങൾ ലക്ഷ്യം വെക്കുന്നത് ഒരേ കാര്യമാണ്. തീവ്രവലതുപക്ഷ അജണ്ടകൾ നടപ്പാക്കൽ. ഹിന്ദുക്കൾ ഈ രാജ്യത്തിന്റെ ആദ്യ അവകാശികളുടെ പിന്മുറക്കാരാണെന്നു സ്ഥാപിക്കൽ. ന്യൂനപക്ഷങ്ങളുടെഅരികുവത്കരണം.

മാനവികതയിലും മതേതര മൂല്യങ്ങളിലും ഊന്നിയ, നിശിതമായി അപഗ്രഥിക്കപ്പെട്ട ചരിത്ര ഗ്രന്ഥങ്ങൾ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കൾക്കു സ്വീകാര്യമാകില്ല. അതുകൊണ്ട് തന്നെയാണ് ദീന നാഥ് ബത്രയെയും സുദർശനറാവുവിനെയും പോലുള്ളവർ ചരിത്ര ഗവേഷണ സ്ഥാപനങ്ങളുടെ നെറുകയിൽ ഇരിക്കാനെത്തുന്നത്. മോട്ടോർ വാഹനങ്ങൾ 'അനശ്വര രഥങ്ങൾ' എന്ന ഇന്ത്യൻ സൃഷ്ടിയുടെ മോഡേൺ രൂപമാണെന്നും സ്റ്റം സെൽ സാങ്കേതികവിദ്യ ഗാന്ധാരിയുടെ സംഭാവന ആണെന്നും പുഷ്പക വിമാനത്തിനോട് റൈറ്റ് സഹോദരന്മാർ കടപ്പെട്ടിരിക്കുന്നുവെന്നും ദിവ്യദൃഷ്ടി ടെലിവിഷന്റെ മുൻഗാമിയാണെന്നും പ്ലാസ്റ്റിക് സർജറി ആദ്യം ചെയ്യപ്പെട്ടത് ഗണപതിക്കാണെന്നുമൊക്കെ നാം പഠിക്കേണ്ടി വരുന്നത്.

പൊതുബോധ നിർമ്മിതിക്കായി സിനിമ, സാഹിത്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനേക്കാളും പതിന്മടങ്ങ് ശക്തമാണ് യുവതലമുറയെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൂടെ ബ്രെയിൻ വാഷ് ചെയ്യുക എന്നതെന്ന് എക്കാലത്തും ഫാഷിസ്റ്റ് പ്രതിലോമ ശക്തികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നാസികൾ യഹൂദ വിരോധം കുത്തിവെക്കാനായി പാഠ്യക്രമം മാറ്റിയതിന്റെയും പാഠപുസ്തകങ്ങൾ ദുരുപയോഗം ചെയ്തതിന്റെയും ഭീതിദമായ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. മുസോളിനിയുടെ ഇറ്റലി, സ്റ്റാലിനിസ്റ്റ് സോവിയറ്റ് യൂണിയൻ, സാമ്രാജ്യത്വ ജപ്പാൻ, ഓട്ടോമൻ സാമ്രാജ്യം...വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫാഷിസ്റ്റ്് പ്രത്യയശാസ്ത്ര പ്രയോഗവത്കരണത്തിന്റെ കളരികളാക്കിയ ഈ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയും ഇടം പിടിക്കുന്നത്. മാറ്റിയെഴുതപ്പെടുന്ന ചരിത്രമായിരിക്കും ഇനി മുതൽ പാഠപുസ്തകങ്ങളിൽ ഉണ്ടാകുക എന്ന പ്രഖ്യാപനം ഇപ്പോഴേ വന്നുകഴിഞ്ഞു. അത് വീൺവാക്കല്ല എന്ന് മുൻവർഷങ്ങളിൽ നാം അറിഞ്ഞിട്ടുള്ളതുമാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കി ഇറങ്ങിയ സ്‌കൂൾ പുസ്തകങ്ങൾ, മുഗളന്മാരെ ഇകഴ്‌ത്തിക്കാണിക്കാൻ തയ്യാറാകാതിരുന്ന റോമില ഥാപ്പർ, ബിപിൻ ചന്ദ്ര തുടങ്ങിയവരുടെ ചരിത്ര പുസ്തകങ്ങൾ പിൻവലിപ്പിക്കാനുള്ള ഭരണതല ശ്രമങ്ങൾ, മുസ്ലിം, ക്രിസ്ത്യൻ, പാഴ്സി പൗരന്മാരെ വിദേശികൾ എന്ന് മുദ്രകുത്തുന്ന ഗുജറാത്തിലെ പാഠപുസ്തകങ്ങൾ, ഹിറ്റ്ലറുടെ വംശമഹിമാ സിദ്ധാന്തത്തെ പ്രകീർത്തിച്ചുള്ള പാഠങ്ങൾ എന്നിവ കൂട്ടിവായിച്ചാലറിയാം, പാഠപുസ്തകങ്ങളുടെ കാവിവത്കരണം ഇതിനകം പ്രയോഗത്തിലായിട്ടുണ്ട് എന്നകാര്യം.

രാജസ്ഥാൻ ബിജെപി നേതാവ് വാസുദേവ് ദേവനാനി പ്രഖ്യാപിച്ച പോലെ, ഇനിയൊരു കനയ്യ കുമാർ ഈ രാജ്യത്തുണ്ടാകില്ലെന്ന് ഉറപ്പു വരുത്തുന്ന ചരിത്രപുസ്തകങ്ങളേ വിദ്യാർത്ഥികളുടെ കൈകളിലേക്ക് എത്തൂ, എന്നുറപ്പിച്ച ഒരു ഭരണകൂടം നാളെ ഗാന്ധിജിയെയും നെഹ്രുവിനെയും അംബേദ്കറെയും എല്ലാം പാഠപുസ്തകങ്ങളിൽനിന്ന് ഇറക്കി വിട്ടേക്കാം. സിന്ധു നദീ തട സംസ്‌കാരവും ഹാരപ്പൻ സംസ്‌കാരവും മറന്ന് സരസ്വതി നദീ തട സംസ്‌കാരം മാത്രം പഠിപ്പിച്ചേക്കാം...അതിശയോക്തിയല്ല, ഗോഡ്‌സെ ധീര ദേശാഭിമാനി ആയി വാഴ്‌ത്തപ്പെട്ടേക്കാവുന്ന കാലമാണ് വരാനിരിക്കുന്നത്.

ഇത് കേവലം പാഠപുസ്തകങ്ങളുടെയോ ചരിത്ര പഠനത്തിന്റെയോ മാത്രം കാര്യമാണെന്ന് കരുതരുത്. ബഹുസ്വരമായ സംസ്‌കാരത്തിൽ ഊന്നി സ്ഥാപിതമായ ഒരു റിപ്പബ്ലിക് ഒരു മതത്തിൻേറതു മാത്രമായി ഒതുങ്ങുന്നതിന്റെ മാത്രം കാര്യവുമല്ല. മറിച്ച് ഒരു വിഭാഗത്തെ അപരരായി മാറ്റിനിർത്തി, ശത്രുക്കളായി കണ്ട് രാഷ്ട്രീയാധികാരം കൈയാളുന്നതിന്റെ കാര്യം കൂടിയാണ്. ഹിന്ദു വോട്ടുകൾ ഏകീകരിക്കാനും ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും സംഘ്പരിവാരങ്ങൾ ചരിത്രത്തെ വഴി മാറ്റി വിടുമ്പോൾ ന്യൂനപക്ഷങ്ങൾ എന്ത് മാത്രം അരക്ഷിതാവസ്ഥയും അവഗണനയും ഏറ്റുവാങ്ങേണ്ടി വരുമെന്ന് ആലോചിച്ചുനോക്കൂ.

നരേന്ദ്ര മോദി ഭരണമേറിയതിനു ശേഷം മത ന്യൂനപക്ഷങ്ങൾക്കിടയിലെ അരക്ഷിതാബോധവും ഭീതിയും മുൻപൊന്നും ഇല്ലാത്ത വിധം വർദ്ധിച്ചിട്ടുണ്ട്. നാൾക്കു നാൾ ആ ഭയം വർധിപ്പിക്കുവാനല്ലാതെ ആ ഭയാശങ്കകളുടെ മാറാല തുടച്ചു മാറ്റാനുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ല. രാമജന്മ ഭൂമി വിവാദം, ഗുജറാത്ത്, മുസാഫർ നഗർ തുടങ്ങിയ ഇടങ്ങളിലെ കലാപം, ദളിതരുടെ നേരെയുള്ള ആക്രമണങ്ങൾ, ഘർ വാപസി യജ്ഞങ്ങൾ, ക്രിസ്ത്യൻ മിഷനറിമാർക്കു നേരെയുള്ള അതിക്രമം തുടങ്ങിയവ മത ന്യൂനപക്ഷങ്ങളുടെ ഭയം അധികരിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെ എടുത്തുപയോഗിക്കാവുന്ന ആയുധങ്ങളത്രയും ഉപയോഗിക്കുന്നതാണ് വർത്തമാന ഇന്ത്യ കണ്ടു കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആഹാര പൊലീസായും സദാചാര പൊലീസായും അതിക്രമിച്ചെത്താൻ ഭരണകൂടം ഒത്താശ ചെയ്യുന്നു. മാംസാഹാരികളെ ക്രൂരന്മാരായും ബലാത്സംഗ വീരന്മാരായും ചിത്രീകരിക്കുന്ന പാഠപുസ്തകങ്ങൾ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാകുന്നു. ഹിന്ദുത്വ വരേണ്യതയുടെ അടയാളങ്ങൾ സാംസ്‌കാരിക സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ പതിപ്പിക്കാൻ, ഏക മതാത്മകത അടിച്ചേൽപ്പിക്കാൻ, ബഹുസ്വരതയെ കേട്ട് മറന്നൊരു വാക്ക് മാത്രമാക്കാൻ നടക്കുന്ന ശ്രമങ്ങൾ ന്യൂനപക്ഷങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയുകയാണ്.

മത ന്യൂനപക്ഷങ്ങൾ മാത്രമല്ല ഇതിന്റെ ഇരകൾ. ആദിവാസികളും ദളിതരും ഇതേപോലെ അപരരാക്കി മാറ്റപ്പെടുകയാണ്. ഏകാംഗ വിദ്യാലയം, ആദിവാസി കുംഭമേള തുടങ്ങിയവയിലൂടെ, അതുവരെ ഹിന്ദു മതത്തിന്റെ വർണ സങ്കല്പങ്ങളിൽ പോലും പുറത്തു നിന്നിരുന്ന ആദിവാസികളിലേക്ക് കയറിച്ചെല്ലാൻ നടത്തുന്ന ശ്രമങ്ങൾ ഇതോടൊപ്പം കൂട്ടിവായിക്കണം. ഏകാംഗ വിദ്യാലയം, ആദിവാസി കുംഭമേള തുടങ്ങിയവയിലൂടെ പ്രത്യേകം കെട്ടി ചമച്ച ഹിന്ദു മിത്തുകളും വെറുപ്പിന്റെ രാഷ്ട്രീയവും മുസ്ലിം ക്രിസ്ത്യൻ വൈരവും ആദിവാസികളിൽ കുത്തിവെച്ച് തങ്ങളുടെ ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനുള്ള കൂലി പട്ടാളമാക്കാനാണ് സംഘ പരിവാർ ശ്രമം. ജനാധിപത്യ രാഷ്ട്ര സംസ്‌കാരത്തിന് ബദലായി ഹിന്ദു ദേശീയവാദവും ഹിന്ദു രാഷ്ട്രവാദവും ഉയർത്തിക്കാട്ടുന്ന ഒരു പാർട്ടി ഭരിക്കുമ്പോൾ മത ന്യൂനപക്ഷങ്ങളും പിന്നാക്ക, ദളിത്, ആദിവാസി ഗോത്ര സമൂഹവുമെല്ലാം എന്ത് ചെയ്യാനാണ്?

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തു വിട്ട കണക്കനുസരിച്ച് മോദി ഭരണത്തിൻ കീഴിൽ പട്ടിക വർഗക്കാർക്കെതിരായ അക്രമങ്ങൾ രാജ്യത്ത് ഇരട്ടിയോളം വർധിച്ചു. 2013 ൽ 6793 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടെങ്കിൽ 2014 ൽ അത് 11451 ആയി.പട്ടിക ജാതിക്കാർക്കെതിരെ 2012 ൽ 33655 അക്രമങ്ങളും 2013 ൽ 39408 അക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിൽ 2014 ൽ അത് 47064 ആയി. ഇതിൽ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ക്വിൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഒരു കൂട്ടം ഗവേഷകർ ക്രോഡീകരിച്ച വിവരങ്ങളനുസരിച്ചു 2014 മുതൽ ബീഫ് അടക്കമുള്ള വിഷയങ്ങളുടെ മറവിൽ ആൾക്കൂട്ടം അടിച്ച് കൊന്നത് 54 പേരെയാണ്. അതിൽ 40 പേരും മുസ്ലിം, ന്യൂനപക്ഷങ്ങളാണ്. ബാക്കിയുള്ളവരിൽ മിക്കവാറും ദലിതർ. 21 പേർ കൊല്ലപ്പെട്ടത് ഗോരക്ഷയുടെ പേരിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

2000 ൽ മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ ഘടനാ പരിഷ്‌കരണത്തിന് ലക്‌നൗ സന്യാസി സൻസദ് ആവശ്യപ്പെട്ടതും വാജ്പേയി പ്രശ്ന പഠനത്തിനു കമ്മിറ്റിയെ ഏൽപിച്ചതും തുടർന്നുണ്ടായ ദളിത് പ്രതിരോധവും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു കളയാൻ പാടില്ലാത്ത ഏടുകളാണ്. അക്കാദമിക് രംഗങ്ങളിൽ മാത്രമല്ല സംസ്‌കാരം, ചരിത്രം, ശാസ്ത്രം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലും ജാതി സ്വത്വങ്ങളെ അഴിച്ചു വിട്ടു കൊണ്ട് ജനാധിപത്യ തത്വങ്ങളെ തുരത്താൻ സംഘ പരിവാർ നടത്തുന്ന ശ്രമങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല. മനുസ്മൃതിയും ഭഗവദ് ഗീതയും ബ്രാഹ്മണ ബോധവും കുത്തി വെച്ചും ചരിത്രത്തെ തിരുത്തിയെഴുതിയും ശാസ്ത്രത്തെയും യുക്തി ബോധത്തെയും നിരാകരിച്ചും ആണധികാരങ്ങളെ ബലപ്പെടുത്തിയും അവർ ഭാരതത്തെ എങ്ങോട്ട് നയിക്കുന്നുവെന്നത് വ്യക്തമാണ്. സ്വന്തം ഭാഗധേയം നിർണയിക്കാനൊരുങ്ങുന്ന ഒരു ജനതയെ ആവേശഭരിതരാക്കാൻ മിത്തുകൾക്കു മാത്രമേ കഴിയൂ എന്ന മുസോളിനിയുടെ ഫിലോസഫി തന്നെയാണ് സംഘപരിവാർ ഫാസിസ്റ്റു ശക്തികളും ഉപയോഗിക്കുന്നത്. രാമായണത്തിലേക്കും മഹാഭാരതത്തിലേക്കും മനുസ്മൃതിയിലേക്കും തിരിച്ചു നടക്കാൻ പറയുന്നവർ ഈ ജനതയെ നോക്കി കൊഞ്ഞനം കുത്തുകയാണ്. പുരാതന ഇന്ത്യ മൂലകോശ ഗവേഷണവും വിമാനവും പ്ലാസ്റ്റിക് സർജറിയും അവയവം മാറ്റി വെക്കലും ആധുനിക ശാസ്ത്രത്തിനു മുമ്പേ ചെയ്തിരുന്നുവെന്നു പ്രചരിപ്പിച്ചു യുക്തി ചിന്തയെ നിരസിക്കാൻ വരും തലമുറയെ പ്രേരിപ്പിക്കുകയാണ്.

നാസികളുടെ യഹൂദ വിദ്വേഷ ചരിത്രത്തെ വിസ്മരിച്ചു കൊണ്ട്, ഹിറ്റ്ലർ യഹൂദരെ യൂറോപ്പിൽ നിന്ന് പുറത്താക്കാൻ മാത്രമേ ഉദ്ദേശിച്ചുള്ളൂ അവരെ കത്തിച്ചു കളയാൻ അയാളെ പ്രേരിപ്പിച്ചത് ജറുസലേമിലെ ഗ്രാൻഡ് മുഫ്തി ആയിരുന്ന ഹജ് അമിൻ അൽ ഹുസൈനി ആയിരുന്നെന്ന് പറഞ്ഞ ഇസ്രയേലിലെ ബെഞ്ചമിൻ നെതന്യാഹുവിനെ പോലെ ചരിത്രത്തെ ചില്ലറപൈസക്കായി തെരുവോരത്തു വിൽപനയ്ക്ക് വെക്കുകയാണ് ഈ ഭരണകൂടം.

ഇതിവിടെ മാത്രം നടക്കുന്നതല്ല എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാർത്തകൾ നമ്മോട് പറയുന്നുണ്ട്. വാർത്തകൾ മാത്രമല്ല ചരിത്രവും. തീ പാറുന്ന അക്ഷരങ്ങളെയും ചരിത്ര സത്യങ്ങളെയും ഭയക്കുന്നവർ അഗ്നിക്കിരയാക്കിയ അലക്സാണ്ഡ്രിയൻ ലൈബ്രറി, ജാഫ്ന ലൈബ്രറി, ഐസിസ് തകർത്ത ഇറാഖിലെ ലൈബ്രറികൾ, നാസി ജർമനിയിൽ സാംസ്‌കാരിക ശുദ്ധികലശമെന്ന പേരിൽ നടത്തപ്പെട്ട പുസ്തകം കത്തിക്കൽ ആഘോഷങ്ങൾ എന്നീ ചരിത്രപാഠങ്ങൾ ഇതോടു ചേർത്തുവായിക്കുമ്പോഴാണ് നാം ചെന്നുനിൽക്കുന്ന അപകടമുനമ്പിന്റെ ആഴമറിയുക.

ഇതിവിടം കൊണ്ട് നിൽക്കുമെന്നും കരുതരുത്. പുരാതന ചൈനയിലെ ക്വിൻ രാജവംശം നമുക്ക് മുന്നിൽ വെച്ച കുപ്രസിദ്ധമായ ആ മാതൃക ഉണ്ടല്ലോ. പുസ്തകം കത്തിക്കലും പണ്ഡിതരുടെ ശവമടക്കും. അതും പരീക്ഷിക്കാവുന്ന തന്ത്രമാണ്. ഇതുപോലൊരു ഭരണകൂടത്തിന് ചെന്നെത്താവുന്ന എളുപ്പ ക്രിയകൾ.

അതിനാൽ, ഓർക്കുക, വെടിയുണ്ടകൾ ഗൗരി ലങ്കേഷിലോ ധാബോൽക്കറിലോ പൻസാരയിലോ കൽബുർഗിയിലോ ഒതുങ്ങണമെന്നില്ല. ചരിത്ര ബോധമുള്ള ഓരോരുത്തർക്കും മരണമണി മുഴങ്ങുക തന്നെയാണ് ഇന്ത്യയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP