Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202106Friday

അരമനയിൽ നിന്ന് ഒരു വാറോല എഴുതിക്കൊടുത്താൽ വിറയ്ക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയോ? ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കൽ: ഗൂഢാലോചന ആരുടെ ആലയിൽ? നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു

അരമനയിൽ നിന്ന് ഒരു വാറോല  എഴുതിക്കൊടുത്താൽ വിറയ്ക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയോ? ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കൽ: ഗൂഢാലോചന ആരുടെ ആലയിൽ? നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു

നൗഷാദ് മണ്ണിശ്ശേരി

കേരളത്തിൽ ന്യൂനപക്ഷ ക്ഷേമം എന്ന ഒരു വകുപ്പ് ഉണ്ടാകുന്നത് തന്നെ 2004-ലെ മന്മോഹൻസിങ് ഗവൺമെന്റ് സച്ചാർ സമിതി റിപ്പോർട്ട് പരിഗണിച്ചതിനു ശേഷമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകൾ ഒരേ സമയം പിന്നാക്കവും ന്യൂനപക്ഷവും ദരിദ്രരും അരക്ഷിതരുമാണ്. സിഖുകാരും പാഴ്‌സികളും ക്രിസ്ത്യാനികളും ന്യൂനപക്ഷമാണെങ്കിലും പിന്നാക്കമല്ല. മുന്നോക്കവും സുരക്ഷിതരുമാണ്. എന്നാൽ 18 കോടിയിലധികം വരുന്ന മുസ്ലിംകളിൽ ഭൂരിഭാഗവും സാമൂഹികമായ എല്ലാ അടിച്ചമർത്തലുകളും നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ മന്മോഹൻ സിങ് സർക്കാർ നിയമിക്കുന്നത്. 2005 മാർച്ച് 9-നാണ് ഈ കമ്മിറ്റി നിലവിൽ വന്നത്. സയ്യിദ് ഹാമിദ്, ഡോ.ടി.കെ. ഉമ്മൻ, എം.എ.ബാസിത്, ഡോ.അക്തർ മജീദ്, ഡോ.അബൂ സ്വാലിഹ് ഷരീഫ്, ഡോ.രാഗേഷ് ബസന്ത് എന്നിവരയായിരുന്നു കമ്മിറ്റിയിലെ മറ്റംഗങ്ങൾ.

ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സന്ദർശിച്ച് സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും മുസ്ലിം സംഘടനകളുമായി ചർച്ച ചെയ്തും വ്യവസ്ഥാപിതമായ മറ്റ് മാർഗ്ഗങ്ങൾ അവലംബിച്ചും വിശദമായി പഠിച്ചാണ് 403 പേജ് വരുന്ന സച്ചാർ സമിതി റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്. ഏകദേശം ഒരു സഹസ്രാപ്തത്തോളം കാലം ഇന്ത്യാഭൂഖണ്ഡം ഭരിച്ച മുസ്ലിംകൾ സ്വാതന്ത്രത്തിനു ശേഷം ആദിവാസികളേക്കാളും ദലിതരേക്കാൾ പിന്നാക്കമാണ് എന്ന് സച്ചാർ സമിതി കണ്ടെത്തി. മാർക്‌സിസ്റ്റ് പാർട്ടി ഭരിച്ച ബംഗാളിൽ പോലും അവരുടെ സ്ഥിതി തുലോം കഷ്ടമാണ്. ഇതിനൊരു പരിഹാരമായി സച്ചാർ സമിതി ഗവൺമെന്റിനോട് നിർദ്ദേശിച്ചത് വിദ്യാഭ്യാസമില്ലാത്ത ഇവർക്ക് വിദ്യാഭ്യാസത്തിനുള്ള മാർഗ്ഗങ്ങൾ ഒരുക്കണം, അവർക്ക് ഉദ്യോഗസ്ഥതലത്തിൽ മതിയായ പ്രാതിനിധ്യം നൽകണം എന്നൊക്കെയാണ്. അത് പ്രകാരമാണ് അലിഗഡ് മുസ്ലിം സർവകലാശാലയുടെ അഞ്ച് ഓഫ് കാമ്പസുകൾ ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകളിൽ തുടങ്ങാൻ തീരുമാനിക്കുന്നത്. അതിലൊന്നാണ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ആരംഭിച്ചത്. അന്നത്തെ മാനവ വികസനമന്ത്രി (കേന്ദ്ര വിദ്യാഭ്യാസ മന്ത്രി) കപിൽ സിബലാണ് അത് ഉദ്ഘ്ടനം ചെയ്തത്. അലിഗഡ് നിയമപ്രകാരം ആ യൂനിവേഴ്‌സിറ്റിക്ക് ഓഫ് കാമ്പസ് പാടില്ലാത്തതാണ്. എന്നാൽ നിയമം ഭേദഗതി ചെയ്താണ് ഓഫ് കാമ്പസുകൾ കൊണ്ടുവന്നത്. അതുപോലെ ഉദ്യോഗരംഗത്ത് നാമമാത്രമായ പ്രാധിനിത്യം പോലും മുസ്ലിം സമുദായത്തിനില്ല എന്നും സച്ചാർ സമിതി കണ്ടെത്തി. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാർക്ക് സിവിൽ സർവീസിൽ പരിശീലനം നൽകുന്നതിന് വേണ്ടി കോച്ചിങ് സെന്ററുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം. അതുപ്രകാരം ആരംഭിച്ചതാണ് 'സിവിൽ സർവീസ് കോച്ചിങ് സെന്റർ ഫോർ മുസ്ലിം യൂത്ത്‌സ് '

വിരോധാഭാസമെന്ന് പറയട്ടെ ഇന്ത്യയിൽ എല്ലായിടത്തും ഇതിന്റെ പേര് സിവിൽ സർവീസ് കോച്ചിങ് സെന്റർ ഫോർ മുസ്ലിം യൂത്ത്‌സ് എന്നാണെങ്കിലും കേരളത്തിലത് സിവിൽ സർവിൽ കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സ് എന്നാക്കി മാറ്റി. ഇവിടെയും ഒരു വർഷത്തോളം മുസ്ലിം യൂത്ത്‌സ് എന്നായിരുന്നു. മുസ്ലിം പ്രമോട്ടർമാരെ നിയമിച്ചിടത്തൊക്കെ മൈനോരിറ്റി പ്രമോട്ടർമാരെ വെച്ചു. അതിനുശേഷം ആ തസ്തിക തന്നെ എടുത്ത് കളഞ്ഞു. ഇങ്ങിനെയൊക്കെയായിട്ടും ഒരു മുസ്ലിം സംഘടനയും അതിൽ ഒരു പരാതിയും പറഞ്ഞില്ല. 100% മുസ്ലിംകൾക്ക് വേണ്ടി തുടങ്ങിയ കേന്ദ്രത്തിൽ 20% മറ്റ് പിന്നാക്ക സമുദായങ്ങൾക്ക് നൽകിയപ്പോഴും ആരും പ്രതിഷേധിച്ചില്ല. ഇപ്പോൾ ക്രിസ്ത്യാനികൾ പറയുന്നത് ഈ 80:20 അനുപാതം വിവേചനവും അനീതിയുമാണ്. അത് 50:50 ആക്കണം എന്നാണ്. ജനസംഖ്യാനുപാതത്തേക്കാൾ എത്രയോ കൂടുതൽ പ്രാതിനിധ്യം ഉള്ളവർ നാമമാത്ര പ്രാതിനിധ്യം പോലുമില്ലാത്തവർക്ക് പരിശീലനം നൽകുമ്പോൾ അതിൽ അസഹിഷ്ണുത കാണിക്കുകയാണ്. മുസ്ലിം ഗേൾസ് സ്‌കോളർഷിപ്പ് ക്രിസ്ത്യാനിക്ക് വേണമെന്ന് പറയുന്നത് പോലുള്ള അസംബന്ധം മാത്രമാണിത്. കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളെ പറ്റി പഠിക്കാൻ ജസ്റ്റിസ് കോശി അധ്യക്ഷനായും ജേക്കബ് പുന്നൂസ് മുതലായ മൂന്ന് ഉന്നതരായ ക്രിസ്ത്യൻ ഉദ്യോഗസ്തന്മാർ അംഗങ്ങളായും ഉള്ള ഒരു സമിതിയെ കഴിഞ്ഞ പിണറായി ഗവൺമെന്റ് നിയമിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വരാനിരിക്കുകയാണ്.

ഈ അവസരത്തിൽ മുസ്ലിം വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ക്രിസ്ത്യൻ വർഗീയത സംഘ്പരിവാർ ഗൂഢാലോചനയൊ മറ്റ് ആരുടെ ഫലഭൂയിഷ്ടമായ തലച്ചോറിൽ നിന്നോ ഉണ്ടായതാണെന്ന് മനസിലാക്കുന്നില്ല. ഇതിന്റെ ഫലം കേരളത്തെ വർഗീയ ഭ്രാന്താലയമാക്കലാവും എന്നുറപ്പാണ്. കേരളത്തിന്റെ ഒട്ടനവധി തെരുവോരങ്ങളിൽ ക്രിസ്ത്യൻ സമുദായത്തിന് ഏക്കർ കണക്കായ ഭൂമിയുണ്ട്. പണ്ട് ബ്രിട്ടീഷുകാർ വഴി കിട്ടിയതാണത്. സംസ്ഥാനഭരണം വന്നപ്പോഴും റവന്യൂ, ധനകാര്യം മുതലായ വകുപ്പുകളിലെ സ്വാധീനം വഴി വേറെയും നേടി. ഒരു ശതമാനം പോലും ക്രിസ്ത്യൻ സമുദായക്കാരില്ലാത്ത മലപ്പുറം ടൗണിന്റെ ഹൃദയഭാഗത്തെ ഭൂരിഭാഗം ഭൂമിയും അവരുടെ കയ്യിൽ തന്നെ. ഇങ്ങിനെയൊക്കെ ഉണ്ടായിട്ടും വീണ്ടും വീണ്ടും അസഹിഷ്ണുതയും വർഗീയതയും പറയുകയാണ്. ഏതെങ്കിലുമൊരു അരമനയിൽ നിന്ന് ഒരു വാറോല എഴുതിക്കൊടുത്താൽ വിറക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയാൽ കേരളം ഇതുവരെ കാത്തുസൂക്ഷിച്ച പ്രബുദ്ധതയാണ് തകരാൻ പോകുന്നത്.

പൊതുസമൂഹത്തിന്റെ ആഗ്രഹ പ്രകാരമാണ് ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഏതു പൊതുസമൂഹമാണ് ഇങ്ങനെ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. എല്ലാ വകുപ്പുകളും സി.പിഎം സംസ്ഥാനകമ്മിറ്റി തീരുമാനിക്കുമ്പോൾ ന്യൂനപക്ഷ വകുപ്പിൽ മാത്രം ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമെന്താണ്. ആരോഗ്യമന്ത്രിയായി കെ.കെ ശൈലജ തന്നെ വരണമെന്നായിരുന്നു പാർട്ടി പ്രവർത്തകരുടേയും പൊതുസമൂഹത്തിന്റേയും ആഗ്രഹം. ഇതും മാറ്റാൻ മുഖ്യമന്ത്രി തയ്യാറാവുമോ.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.ടി ജലീലിനെതിരെ, അദ്ദേഹം പ്രസ്തുത വകുപ്പ് ഉപയോഗിച്ച് മുസ്ലിം സമുദായത്തിന് വാരിക്കോരി കൊടുക്കുന്നു എന്ന് ആരോപണമുന്നയിച്ച് വർഗ്ഗീയത പറഞ്ഞ് പരത്തിയ കെ.സി.വൈ.എമ്മുകാരന്റെ വാറോലയെ പേടിച്ച് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോൾ ജലീലിനെതിരെയുള്ള ആരോപണം അംഗീകരിക്കലാണ് ഒരർത്ഥത്തിൽ മുഖ്യമന്ത്രി ചെയ്യുന്നത്. ഇങ്ങനെയൊരു ആരോപണത്തെ പ്രതിരോധിക്കാൻ ഒരിക്കലും സിപിഎം മുന്നോട്ടു വന്നിരുന്നില്ല എന്നതും ഈ സമയത്ത് ഓർക്കേണ്ടതുണ്ട്.

നാമമാത്ര രണ്ടര മുസ്ലിം മന്ത്രിമാർക്ക് പിണറായി മന്ത്രിസഭയിൽ ലഭിച്ച വകുപ്പുകൾ കൊണ്ട് മുസ്ലിം സമുദായത്തിന് എന്ത് പരിഗണനയാണ് ലഭിക്കാൻ പോകുന്നത് എന്നും ഇതാണോ ഇടതുമുന്നണി വിഭാവനം ചെയ്യുന്ന സാമൂഹികനീതി എന്നും 27 വർഷത്തെ എ.കെ.ജി സെന്ററിന്റെ തിണ്ണ നിരങ്ങലിനും ഭിക്ഷ യാചിക്കലിനും ശേഷം മതിയായ അംഗീകാരം കിട്ടി എന്ന് അഹങ്കരിക്കുന്ന ഐ.എൻ.എല്ലുകാര്യം മുസ്ലിംലീഗിന് ഭരണം ലഭിക്കാത്തതിൽ സന്തോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്ന ലീഗ് വിരോധികളും ചിന്തിക്കട്ടെ.

മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ എന്ന ഒരു സമിതിയുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളം. അതിന്റെ ചെയർമാന് ക്യാബിനറ്റ് റാങ്കും മറ്റ് സൗകര്യങ്ങളും നൽകുമ്പോൾ ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാന് ഒരു എക്‌സ്‌ക്യുട്ടീവ് അധികാരം പോലുമില്ല. 27 ശതമാനമാണ് കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ജനസംഖ്യ. ക്രിസ്ത്യൻ സമുദായം 18 ശതമാനവും. ഈ 18 ശതമാനമാണ് കേരളത്തിലെ 60 ശതമാനം വരുന്ന എയ്ഡഡ് സ്‌കൂൾ-കോളേജുകൾ നടത്തുന്നത്. 82 ശതമാനം വരുന്നവർ എല്ലാവരും കൂടി നടത്തുന്നത് 40 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം. ഉദ്യോഗരംഗത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്ത്യൻ മാനേജ്‌മെന്റ് നടത്തുന്ന ഒരു സ്ഥാപനത്തിലും അറബി പഠിപ്പിക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതൽ മുസ്ലിം ഭൂരിപക്ഷമുള്ള ജില്ലകളിൽ ഒന്നായ മലപ്പുറത്തെ ആസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന സെന്റ് ജെമ്മാസ് സ്‌കൂളിൽ 10 മുസ്ലിം വിദ്യാർത്ഥികൾക്ക് ഒരു അറബി അദ്ധ്യാപകൻ എന്ന കേരള എജുക്കേഷൽ റൂൾ പാലിക്കുന്നേയില്ല. മലപ്പുറത്തെ എല്ലാ ജനപ്രതിനിധികളുടേയും ബിൽഡിങ് ഫണ്ട് അടക്കം സഹായം ലഭിക്കുന്ന സ്ഥാപനം കൂടിയാണത്.

മുസ്ലിം സമുദായത്തിന് എന്നിൽ വിശ്വാസമുണ്ട് എന്നാണ് പിണറായി വിജയൻ പറഞ്ഞത്. എന്നാൽ എനിക്ക് അവരിൽ വിശ്വാസമുണ്ട് എന്ന് അദ്ദേഹം പറയാതിരുന്നത് ബോധപൂർവ്വമാവാനാണ് സാധ്യത. വർഗീയ-ഫാസിസ്റ്റ് ശക്തികൾക്ക് ഒരു സീറ്റും പോലും നൽകാതെ മതേതര കേരളം അതിന്റെ പൈതൃകം നിലനിർത്തിയതിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. ഐക്യജനാധിപത്യ മുന്നണിക്ക് കേരളം ഭരിക്കാൻ അവസരം കിട്ടാതിരുന്നപ്പോഴും ഏക ആശ്വാസം എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും കേരളം ഭരിക്കുന്നത് ഒരു മതേതര സർക്കാർ ആണല്ലോ എന്നതാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കാൻ പിണറായി വിജയനും എൽ.ഡി.എഫ് സർക്കാറിനും ബാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP