Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

മുൻ ബ്രണ്ണൻകാർ പറയുന്നതിൽ തെറ്റുകൾ കുറെ; പലതും പറയാതെ വിട്ടുകളയുന്നു; ബോധപൂർവം പറയുന്ന കളവുകളും ഏറെ; നേതാക്കൾ പറഞ്ഞതിൽ പാതിയും പതിര്: മാധ്യമ പ്രവർത്തകനായ എൻ.പി.രാജേന്ദ്രൻ എഴുതുന്നു

മുൻ ബ്രണ്ണൻകാർ പറയുന്നതിൽ തെറ്റുകൾ കുറെ; പലതും പറയാതെ വിട്ടുകളയുന്നു; ബോധപൂർവം പറയുന്ന കളവുകളും ഏറെ; നേതാക്കൾ പറഞ്ഞതിൽ പാതിയും പതിര്: മാധ്യമ പ്രവർത്തകനായ എൻ.പി.രാജേന്ദ്രൻ എഴുതുന്നു

എൻ.പി.രാജേന്ദ്രൻ

ബ്രണ്ണൻ പുരാണം: നേതാക്കൾ പറഞ്ഞതിൽ പാതിയും പതിര്

ര നൂറ്റാണ്ട് കഴിഞ്ഞിട്ടായാലും, പഠിച്ച കോളേജ് ഒരു രാഷ്ട്രീയ ചർച്ചാവിഷയമായാൽ അവിടത്തെ പുർവവിദ്യാർത്ഥികൾക്ക് അതു കേട്ടില്ലെന്നു നടിക്കാൻ ആവില്ല. ചില്ലറ സംഘടനാബന്ധം കൂടി ഉണ്ടെങ്കിൽ പറയുകയേ വേണ്ട.ഏതു ചർച്ചയിലും ഇടപെട്ടളയും!
1971-76 കാലത്ത് ബ്രണ്ണനിൽ പഠിച്ച എന്റെ സഹവിദ്യാർത്ഥികളോ പരിചയക്കാരെങ്കിലുമോ ആണ് ഇപ്പോഴത്തെ വിവാദത്തിലെ കഥാപാത്രങ്ങളേറെയും. പിണറായി വിജയൻ ഒഴികെ. അദ്ദേഹം 1966-ൽ കോഴ്സ് പൂർത്തിയാക്കി പോയതാണ്.

ഇപ്പോൾ രണ്ടു പക്ഷത്തേയും മുൻ ബ്രണ്ണൻകാർ പറയുന്നതിൽ തെറ്റുകൾ കുറെയുണ്ട്്. പലതും പറയാതെ വിട്ടുകളയുന്നുമുണ്ട്. ബോധപൂർവം പറയുന്ന കളവുകളും ഏറെ. കെ.സുധാകരൻ അദ്ദേഹത്തിന്റെ ബ്രണ്ണൻ ജീവിതത്തിലെ ഒരു അദ്ധ്യായം കർട്ടൺ ഇട്ട് മറച്ചുപിടിക്കുന്നത് പഴയ കഥകൾ അറിയുവർക്ക് മനസ്സിലാകും. 1969-ൽ തുടങ്ങുന്നു ആ കാലം. ദേശീയാടിസ്ഥാനത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് രണ്ടായി പിളർന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തപ്പോഴാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രണ്ടു പക്ഷമായി നിന്ന് രണ്ടു സ്ഥാനാർത്ഥികളെ പിന്തുണച്ചതാണ് പ്രശ്നമായത്. പിളർപ്പിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. കോൺഗ്രസ് ഇന്ദിരയും കോൺഗ്രസ് സംഘടനയും ആയി പിളർപ്പോൾ കെ.സുധാകരൻ ഉൾപ്പെടെ കേരളത്തിൽ നല്ലൊരു പങ്ക് പ്രവർത്തകർ സംഘടനാപക്ഷത്തായിരുന്നു.

ഇന്ദിരാപക്ഷത്തേക്ക് അദ്ദേഹത്തെ അടർത്തിമാറ്റാൻ വന്ന വയലാർ രവിയോട് പ്രധാനമന്ത്രിസ്ഥാനം തന്നാലും ഞാൻ അങ്ങോട്ടില്ല എന്നു സുധാകരൻ മുഖത്തടിച്ച പോലെ പറഞ്ഞത് ഒപ്പമുണ്ടായിരുന്ന ഒരു പഴയ കെ.എസ്.യു പ്രവർത്തകൻ എന്നോടു പറഞ്ഞിരുന്നു.
സുധാകരൻ രണ്ടു വട്ടംതോറ്റു. സുധാകരൻ രണ്ടു വട്ടം ബ്രണ്ണൻ കോളേജ് ചെയർമാൻ സ്ഥാനത്തേക്കു മത്സരിച്ച് പരാജയപ്പെട്ട കഥയും ഇന്ന് അദ്ദേഹത്തിന്റെ ആരാധകർ ഓർക്കാൻ ഇഷ്ടപ്പെടുകയില്ല. രണ്ടു തവണയും അദ്ദേഹം എൻ.എസ്.ഒ സ്ഥാനാർത്ഥിയായാണ് കെ.എസ്.യുവിനെതിരെ മത്സരിച്ചത്.

1970-71 ൽ മത്സരിക്കുമ്പോൾ സുധാകരൻ വലിയ പിന്തുണ വിദ്യാർത്ഥികളിൽ നിന്നു ലഭിച്ചു. മുൻവർഷം അദ്ദേഹം കോളേജ് യൂണിയൻ ജനറൽ സിക്രട്ടറി ആയിരുന്നു. പക്ഷേ, ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ജയിച്ചത് കെ.എസ്. യു സ്ഥാനാർത്ഥി എ.കെ. വിജയശങ്കറായിരുന്നു. എസ്.എഫ്.ഐ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായിരുന്നു. വിജയശങ്കർ രാഷ്ട്രീയത്തിൽ അധികകാലം നിന്നില്ല. എസ്‌ഐ സെലക്ഷൻ കിട്ടിപ്പോയ അദ്ദേഹം എസ്‌പി.യായാണ് വിരമിച്ചത്.

കെ.സുധാകരൻ രണ്ടാംവട്ടം മത്സരിച്ചത് 1973-74 വർഷമാണ്. അന്ന് എൻ.എസ്.ഒ യും എസ്.എഫ്..ഐ.യും തമ്മിൽ ശത്രുതയൊന്നുമില്ല. അവർഎസ്.എഫ്.ഐ.യുമായി ചേർന്നു മത്സരിക്കാൻ ശ്രമിച്ചെന്നും പദവി വിഭജന ചർച്ചകൾ പരാജയപ്പെട്ടപ്പോഴാണ് വേറിട്ട് മത്സരിക്കാൻ തീരുമാനിച്ചതെന്നും എസ്.എഫ്. ഐ പക്ഷത്തിനൊപ്പം നിന്ന സ്റ്റാർലെറ്റ് സംഘടനയുടെ സംഘാടകനായിരുന്ന പി.പി. സുരേഷ് ഒരു വാട്സ്ആപ്പ് കുറിപ്പിൽ പറയുന്നു. സുരേഷാണ് അന്ന് യുനിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത്. എൻ.എസ്.ഒ.വിന് അപ്പോഴേക്കും കോളേജിലെ പിൻബലം കാര്യമായി നഷ്ടപ്പെട്ടിരുന്നു.

ബിരുദം കഴിഞ്ഞ് രണ്ടു വർഷം കോളേജ് വിട്ടുനിന്ന അദ്ദേഹം എം.എ പഠിക്കാൻ എത്തിയപ്പോൾ അദ്ദേഹത്തെ തിരിച്ചറിയുന്ന വിദ്യാർത്ഥികൾ തന്നെ കുറവായിരുന്നു. സുധാകരനു എഴുപത് വോട്ടേ കിട്ടിയൂള്ളൂ.(46 വോട്ടേ കിട്ടിയുള്ളൂ എന്നാണ് എ.കെ. ബാലൻ പറഞ്ഞത്. കോളേജ് തിരഞ്ഞെടുപ്പിലെ വോട്ടുകണക്ക് അപ്പോൾ അനൗൺസ് ചെയ്യും എന്നല്ലാതെ അച്ചടിച്ച കോപ്പിയൊന്നും കൊടുക്കില്ലല്ലോ. പിൽക്കാലത്ത് ആർക്കും എന്തും അവകാശപ്പെടാം.)ആ തിരഞ്ഞെടുപ്പ് എസ്.എഫ്.ഐ.ക്കു ചരിത്രപ്രാധാന്യം ഉള്ളതായിരുന്നു. ആദ്യമായി എസ്.എഫ്.ഐ മുന്നണി മുഖ്യസ്ഥാനങ്ങളിൽ ജയിച്ചു. എ.കെ ബാലൻ ആയിരുന്നു ചെയർമാൻ. എസ്.എഫ്.ഐയിലെ കവിയൂർ ബാലൻ ജന.സിക്രട്ടറിയും.

പരിവർത്തനവാദികൾ

സുധാകരനു കിട്ടിയ വോട്ടുകൾ കെ.എസ്.യു വിന് നഷ്ടപ്പെട്ടതുകൊണ്ടാണ് കെ.എസ്്.യു വിന്റെ മമ്പറം ദിവാകരൻ തോറ്റതും എ.കെ.ബാലൻ ജയിച്ചതും എന്ന് ചിലരെല്ലാം കാര്യമറിയാതെയോ അറിഞ്ഞുകൊണ്ടുതന്നെയോ പറയുന്നുണ്ട്. ഇന്ന് ഇതിൽ വലിയ കാര്യമൊന്നുമില്ല കോളേജിലെ അടിപിടിക്കിടയിൽ ഞാൻ അവനെ ചവിട്ടിവീഴ്‌ത്തിയിരുന്നു എന്നൊരാളും അല്ല ഞാൻ കൈകൊണ്ട് ഒരു മെസ്മരിസം കാണിച്ച് അവനെയാണ് വീഴ്‌ത്തിയത് എന്നു മറ്റേയാളും അവകാശപ്പെടുന്നതിനേക്കാൾ ഇത്തിരി കൂടുതൽ വിലയുണ്ടെന്നു മാത്രം. കെ.എസ്.യു തോൽവിക്ക് കാരണം വേറെയായിരുന്നു. എം.എ ജോണിന്റെ നേതൃത്വത്തിൽ നല്ലൊരു പങ്ക് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകർ പരിവർത്തനവാദികൾ എന്നൊരു ഗ്രൂപ്പ് രൂപവൽക്കരിച്ചത് അക്കാലത്താണ്. ആദ്യമായി അവർ 1973-ൽ ബ്രണ്ണൻ കോളേജിൽ എല്ലാ സീറ്റുകളിലേക്കും മത്സരിച്ചു. വാസുദേവൻപിള്ളയായിരുന്നു ചെയർമാൻ സ്ഥാനാർത്ഥി. അദ്ദേഹത്തിന് നൂറോളം വോട്ടു കിട്ടി. മറ്റു മേജർ സീറ്റുകളിലേക്കു മത്സരിച്ച പരിവർത്തനവാദി സ്ഥാനാർത്ഥികൾക്കും ഇരുനൂറിനടുത്തു വരെ വോട്ടുകിട്ടിയിയിരുന്നു. പരിവർത്തനവാദികൾക്കു കിട്ടിയ വോട്ടിനേക്കാൽ കുറഞ്ഞ വോട്ടുകൾക്കാണ് കെ.എസ്.യു സ്ഥാനാർത്ഥികൾ തോറ്റതെന്ന് അന്നു വോട്ടുകണക്കു നോക്കിയവർ പറഞ്ഞത് ഓർക്കുന്നു. ഇതറിഞ്ഞാവും തോറ്റതിന്റെ രോഷം അവർ ശാരീരികമായിത്തന്നെ പരിവർത്തനവാദികളോട്് പ്രകടിപ്പിച്ചത്. 'കിട്ടിയ വോട്ടിനു സിന്ദാബാദ'് വിളിച്ച് ധർമടത്തു നിന്ന് ടൗണിലേക്കു പ്രകടനം നടത്തിയ പരിവർത്തനവാദികളെ, ജില്ലാ കോടതിക്കു തൊട്ടുമുമ്പുള്ള കോണോർ വയൽ എന്ന സ്ഥലത്തുവെച്ച് കെ.എസ്.യു ജാഥക്കാർ ആക്രമിച്ചു. പലരും വയലിലെ ചളിയിൽ വീണു. ഇതെഴുതുന്ന ആളും അടികിട്ടിയ ജാഥക്കാരുടെ കൂട്ടത്തിൽ പെടുന്നു. ചെളിയിൽ വീണില്ല!

അശ്റഫിനു സംഭവിച്ചത്

ആ തിരഞ്ഞെടുപ്പിനു ശേഷമാണ് സങ്കടകരമായ ഒരു സംഭവം നടന്നത്. എസ്.എഫ്.ഐ പ്രവർത്തകനായ പി.എൻ അശ്റഫിനു കുത്തേറ്റതും നാലഞ്ചു മാസം കഴിഞ്ഞ് അദ്ദേഹം മരണമടഞ്ഞതും എല്ലാവരെയും വേദനിപ്പിച്ചു. നഗരത്തിൽ നടന്ന ഒരു വിദ്യാർത്ഥി മർദനത്തെച്ചൊല്ലിയാണ് എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടിയത്്. വാക്കേറ്റങ്ങൾക്കിടയിൽ കെ.എസ്.യു പ്രവർത്തകൻ കെ.ടി.ജോസഫ് അശ്റഫിനെ കുത്തി. എ.കെ.ബാലനെ കുത്താനായിരുന്നു ജോസഫിന്റെ ശ്രമം എന്നു കരുതപ്പെടുന്നു. ജോസഫിനെ തടഞ്ഞെങ്കിലും സംഘട്ടനത്തിൽ നിരവധി എസ്.എഫ്.ഐക്കാർക്കു പരിക്കേറ്റിരുന്നു. ഗൗരവമുള്ള പരിക്കൊന്നും അശ്റഫിന് പറ്റിയിരുന്നില്ല. അതുകൊണ്ട് കുറച്ചുനാൾക്കകം ആശുപത്രിവാസം അവസാനിപ്പിച്ച് കോളേജിൽ തിരിച്ചെത്തി. കളിക്കാരൻ കൂടിയായ അദ്ദേഹം കളിയെല്ലാം പുനരാരംഭിച്ചിരുന്നതായും പറയുന്നു. പിന്നെയൊരു നാൾ കഠിന വയറുവേദന കാരണം അശ്റഫ് വീണ്ടും ആശുപത്രിയിലായി. അപ്പെന്റിസൈറ്റിസ് ആണെത് മനസ്സിലാക്കി ശസ്ത്രക്രിയ നടത്തിയെങ്കിലും അപ്രതീക്ഷിതമായി അശ്റഫ് മരണമടഞ്ഞു.

1973 നവംബർ മുപ്പതിനാണ് അശ്റഫിനു കുത്തേറ്റത്. മരിച്ചതാകട്ടെ 1974 മാർച്ച് അഞ്ചിനും. മരണം കോളേജിൽ സംഘർഷമൊന്നുമുണ്ടാക്കിയില്ല. കെ.എസ്.യുക്കാരും മൃതദേഹത്തിൽ റീത്ത് സമർപ്പിക്കാൻ എത്തിയിരുന്നു. അതങ്ങനെ കഴിഞ്ഞുപോയെങ്കിലും പിന്നീട് ഈ മരണം വലിയ രക്തസാക്ഷിത്വമായി ഉയർന്നുവന്നു. ചില നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കെ.സുധാകരനാണ് അശ്റഫിനെ കുത്തിയതെന്ന പ്രചാരണവും നടന്നു. പലരും അതു വിശ്വസിക്കുന്നുമുണ്ട്. യഥാർത്ഥത്തിൽ അശ്റഫ് കുത്തേറ്റു വീഴുകയും പലരും പല വഴിക്ക് ഓടുകയും ചെയ്തപ്പോൾ ദൂരെ നോക്കിനിന്നിരുന്ന കെ.സുധാകരനാണ് പാഞ്ഞുവന്ന് അശ്റഫിനെ താങ്ങിയെടുത്ത്് ബസ് സ്റ്റാൻഡിലേക്കു ഓടിയതും ബസ്സിൽ- അതെ ബസ്സിൽതന്നെ- കയറ്റി കൊണ്ടുപോയി ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ഇതു നേരിൽ കണ്ട നിരവധിപേർ ഇപ്പോഴുമുണ്ട്.

ഈ സംഭവത്തിന്റെ ദീർഘവിവരണം, ദൃക്സാക്ഷിയായിരുന്ന എസ്.എഫ്.ഐ. നേതാവും ബ്രണ്ണൻ കോളേജ് യൂണിയൻ സിക്രട്ടറിയുമായിരുന്ന കവിയൂർ ബാലൻ എഴുതിയ 'കത്തിത്തീരാത്ത ഇന്നലെകൾ' എന്ന പുസ്തകത്തിലുണ്ട്. (തലശ്ശേരി ആർട്സ് സൊസൈറ്റി, വാദ്ധ്യാർപീടിക 2017-ൽ ആണ് ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. അശ്റഫിനു പരിക്കേറ്റ ദിവസവും മരിച്ച ദിവസവും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ജില്ലാ ട്രഷറി ഉദ്യോഗസ്ഥനായാണ് ബാലൻ ജോലിയിൽ നിന്നു വിരമിച്ചത്). കുറെ വർഷങ്ങൾക്കു ശേഷമാണ് കോളേജുകളിൽ അശ്റഫിന്റെ ചരമദിനം രക്തസാക്ഷിദിനമായി ആചരിച്ചു തുടങ്ങിയത്.

കെ.ടി ജോസഫ്

അശ്റഫിനെ കുത്തിയ കെ.ടി ജോസഫ് പിന്നെ ബ്രണ്ണൻ കോളേജിൽ വന്നില്ല. രാത്രി ഒരു സംഘത്തെയും കൂട്ടിവന്ന് സ്വന്തം സാധനങ്ങളെല്ലാമെടുത്ത് രക്ഷപ്പെടുകയാണ് ചെയ്തത്. പിന്നെ കോഴിക്കോട്ടാണ് പഠിച്ചത്. വിദ്യാഭ്യാസാനന്തരം കൊച്ചിയിലെത്തി മദ്യവ്യാപാരം നടത്തി വലിയ സമ്പന്നനായി. കക്ഷിരാഷ്ട്രീയം വെടിഞ്ഞ ജോസഫ് എറണാകുളത്ത് എല്ലാ പാർട്ടിക്കാരുടെയും പത്രക്കാരുടെയുമെല്ലാം പ്രിയങ്കരനായി.

വാസ്തവത്തിൽ ഞാനും കെ.ടി ജോസഫും ഒരേ ക്ലാസ്സിലാണ് ബി.എ ഇക്കണോമിക്സിന് ചേർന്നത്. പക്ഷേ, പരിചയപ്പെടുംമുമ്പ് കുത്തും കൊലയുമായി അദ്ദേഹം നാടുവിട്ടിരുന്നു. പിന്നെ, പരിചയം പുതുക്കി. കൊച്ചിയിൽ കെ.എം.റോയിയുടെ വീട്ടിൽവെച്ച് കണ്ടുമുട്ടിയപ്പോൾ വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. കൊട്ടാരം പോലൊരു വീട്.

ഏതാനും വർഷം മുൻപ് ധർമടത്ത് ഒരു ബ്രണ്ണൻ അലുംനി യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ഏതാനും വർഷം മുൻപ് അന്തരിച്ചു.
നടന്നു പോകാവുന്ന അകലത്തിൽ കൊടുവള്ളിയിൽ ജീവിച്ച എനിക്ക് ഹൈസ്‌കൂൾ കാലത്തുതന്നെ കോളേജിലെ മുഖ്യകഥാപാത്രങ്ങളെ അറിയുമായിരുന്നു. ഞങ്ങൾ അഞ്ചു സഹോദരങ്ങൾ-നാലും സഹോദരിമാർ- എല്ലാ ദിവസവും നടന്നാണ് ബ്രണ്ണൻ കോളേജിൽ പോയിരുന്നത്. പ്രി ഡിഗ്രിയും ഡിഗ്രിയും ഒരാൾ എം.എ.യും അവിടത്തെന്നയാണ് പഠിച്ചത്. അതുകൊണ്ടുതന്നെ, 1966 മുതൽ കോളേജ് സാഹസകഥകൾ എല്ലാ ദിവസവും വൈകുേന്നരങ്ങളിൽ കുടുംബചർച്ചയിലെ വിഷയങ്ങളായിരുന്നു-1980 വരെ ഇതു തുടർന്നു. ഞാൻ ബ്രണ്ണനിൽ പഠിച്ചത് അഞ്ചു വർഷം (1971-1976) മാത്രം.

ഇനിയും എഴുതാം...

പിണറായിയിൽ നിന്നു ധർമടത്തേക്ക് ബസ് സർവീസ് ഇല്ലായിരുന്നു. ഇപ്പോഴുണ്ടോ എന്നറിയില്ല. അവിടെ നിന്നുള്ള ബ്രണ്ണൻ വിദ്യാർത്ഥികൾ കൊടുവള്ളിയിൽ ഇറങ്ങി മേലൂരേക്കും ചിറക്കുനിയിലേക്കും അണ്ടലൂരിലേക്കും പോകുന്ന ബസ് പിടിച്ചാണ് കോളേജിലെത്തിയിരുന്നത്. ഇവിടെ ബസ് കാത്തുനിൽക്കുമ്പോൾ ആൺകുട്ടികളിൽ മിക്കവരും അവിടെ ബാലചന്ദ്രന്റെ ബർബർ ഷോപ്പിൽ കയറി കണ്ണാടി നോക്കി മുടിയൊന്നു ചീകി മിനിക്കുക പതിവായിരുന്നു. പിണറായി വിജയനും ഇവിടെ ബസ് കാത്തുനിൽക്കാറുണ്ട്്. കെ.എസ്.എഫ് നേതാവ് എന്ന നിലയിൽ അന്നേ അദ്ദേഹം അറിയപ്പെട്ടിരുന്നു. കെ.എസ്.യുവിനും മുൻപേ കണ്ണൂരിൽ ശക്തമായിരുന്ന വിദ്യാർത്ഥി കോൺഗ്രസ്. അതിന്റെ നേതാക്കൾ പലരും നല്ല തല്ലുകാരും ഗുണ്ടായിസക്കാരുമായിരുന്നു. പത്രത്തിലും നാട്ടിലും അവരിൽ പലരുടെയും പേരുകൾ ചർച്ചാവിഷയമാകാറുണ്ട്. ഇപ്പോൾ പേരുകൾ പറയുന്നില്ല. പലരും ജീവിച്ചിരിപ്പില്ല. ഇനിയും പലതും എഴുതാവുന്നതായുണ്ട്. നേതാക്കൾ അതിന് അവസരം ഉണ്ടാക്കാതിരിക്കട്ടെ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP