Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വോട്ട് ശതമാനത്തിൽ വലിയ വ്യത്യാസമില്ലാതെ വന്നിട്ടും സീറ്റ് വന്നപ്പോൾ കോൺഗ്രസിന്റെ മൂന്നിരട്ടി മാർക്‌സിസ്റ്റിന്; കണക്ക് പറഞ്ഞാൽ കോൺഗ്രസിനാണ് കൂടുതൽ വോട്ട് കൂടിയിട്ടുള്ളത്; 2021 : തുടരുന്ന ഭരണവും രാഷ്ട്രീയവും: മുരളി തുമ്മാരുകുടി എഴുതുന്നു

വോട്ട് ശതമാനത്തിൽ വലിയ വ്യത്യാസമില്ലാതെ വന്നിട്ടും സീറ്റ് വന്നപ്പോൾ കോൺഗ്രസിന്റെ മൂന്നിരട്ടി മാർക്‌സിസ്റ്റിന്; കണക്ക് പറഞ്ഞാൽ കോൺഗ്രസിനാണ് കൂടുതൽ വോട്ട് കൂടിയിട്ടുള്ളത്; 2021 : തുടരുന്ന ഭരണവും രാഷ്ട്രീയവും: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

2021 : തുടരുന്ന ഭരണവും രാഷ്ട്രീയവും

താത്വികമായ അവലോകനമാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിക്രിയ വാദികൾ പ്രതികരിക്കാൻ തയ്യാറായി ഇരുന്നോളൂ. 2021 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലവും വന്നു. മുഖ്യമന്ത്രിയുടെ ഉൾപ്പടെ അവലോകനങ്ങൾ ഏറെ വന്നു. ഇനി ഈ വിഷയത്തിൽ ബ്രോക്കർ ലോനപ്പൻ ഒരു അഭിപ്രായം പറയാം.

ആദ്യം ഭരണമുന്നണിയോടാണ്, ഇടതു പക്ഷ ജനാധിപത്യ മുന്നണിയാണ് ഇത്തവണ ഭരണത്തിൽ എത്തിയത്. 1977 ന് ശേഷം ആദ്യമായിട്ടാണ് ഒരു മുന്നണിക്ക് ഭരണ തുടർച്ച ഉണ്ടാകുന്നത്. സാധാരണയായി പ്രതിപക്ഷത്തിരിക്കുന്ന ഒരു മുന്നണിയെ ഭരണത്തിലേക്ക് തിരഞ്ഞെടുക്കുമ്പോൾ അത് 'പ്രതിപക്ഷാനുകൂലം' എണ്ണത്തിലും 'ഭരണവിരുദ്ധം' എന്നാണ് ആളുകൾ കണക്ക് കൂട്ടാറുള്ളത്. കുറേയൊക്കെ ശരിയുമാണ്. തീർച്ചയായും അങ്ങനെ അല്ല എന്ന് തെളിയിക്കുവാൻ സാധിക്കുകയുമില്ല. അതുകൊണ്ട് തന്നെ ഭരിക്കുന്ന മുന്നണിയെ വീണ്ടും തിരഞ്ഞെടുക്കുമ്പോൾ അതൊരു പോസിറ്റീവ് വോട്ടാണ്. ഭരണം ഇഷ്ടപ്പെട്ടു, വീണ്ടും തിരഞ്ഞെടുക്കാൻ അവസരം നൽകിയതിന് നന്ദി, ഒരു വട്ടം കൂടി ഭരിച്ചോളൂ എന്നാണ് ആ വോട്ട് പറയുന്നത്. അത് ഭരിക്കുന്നവർക്ക് അഭിമാനകരമായ കാര്യമാണ്. അവർക്ക് മൊത്തമായി അഭിനന്ദനങ്ങൾ. (ആശംസിക്കുന്നില്ല, ചുമ്മാ പണി കൊടുക്കരുതല്ലോ).

രണ്ടമത്തേത് തോറ്റ മുന്നണിയോടാണ്.

ഒരു തിരഞ്ഞെടുപ്പിൽ തോറ്റാലുടൻ പാർട്ടിയെ അല്ലെങ്കിൽ നേതാവിനെ മൊത്തമായി എഴുതിത്ത്തള്ളുന്ന ഒരു രീതി ഉണ്ട്. ജനാധിപത്യത്തിൽ അതിന് വലിയ അർത്ഥമൊന്നുമില്ല. 1996 ൽ ഞാൻ ബ്രൂണൈയിൽ ആയിരിക്കുമ്പോഴാണ് തമിഴ്‌നാട് തിരഞ്ഞെടുപ്പിലെ റിസൾട്ട് വരുന്നത്. ജയലളിതയാണ് അന്ന് തമിഴ്‌നാട് മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ മൊത്തം 234 സീറ്റിൽ വെറും നാല് സീറ്റിലാണ് ജയലളിതയുടെ പാർട്ടി ജയിച്ചത്. ജയലളിത തന്നെ തിരഞ്ഞെടുപ്പിൽ തോറ്റു.

'ജയലളിത ഫിനിഷ്ഡ്', എന്റെ തമിഴ് സുഹൃത്തുക്കൾ പറഞ്ഞു. ഇത്തരത്തിൽ ആളുകൾ വികാരത്തള്ളിച്ചയുടെ കൊടുമുടി കയറി നിൽക്കുന്ന സമയത്ത് ചരിത്രം പറഞ്ഞ് ആളുകളുടെ വായിലിരിക്കുന്നത് കേൾക്കുന്ന അസുഖം എനിക്ക് അന്നേ ഉണ്ട്. ഇത് രാഷ്ട്രീയമാണ് സഹോ. ഇവിടെ ഒരു തിരഞ്ഞെടുപ്പിലെ പ്രകടനം കൊണ്ടൊന്നും ഒന്നും സംഭവിക്കില്ല. ജനങ്ങളുടെ ഇടയിൽ അടിത്തറയുള്ള ഒരു പാർട്ടിക്ക് നല്ലൊരു നേതൃത്വം ഉണ്ടെങ്കിൽ വീണ്ടും വീണ്ടും ഉയർന്നു വരാം.

'യു ഡോണ്ട് നോ എനിതിങ് എബൗട്ട് പൊളിറ്റിക്‌സ്' (നിനക്ക് രാഷ്ട്രീയത്തെ പറ്റി ഒരു കുന്തവും അറിയില്ല) എന്ന് തമിഴ് സുഹൃത്തുക്കൾ.'സാധാരണ മുരളി പറയുന്നത് ശരിയാണ്, പക്ഷെ ഇവിടെ മുരളിക്ക് തെറ്റി. ജയലളിത ഇനി കയറിവരും എന്ന് തോന്നുന്നില്ല' എന്ന് മലയാളികളുടെ കോറസ്.

പിൽക്കാലത്ത് തമിഴ് രാഷ്ട്രീയത്തിൽ എന്ത് സംഭവിച്ചു, ജയലളിത ഫിനിഷ്ഡ് ആയോ എന്നൊക്കെ നിങ്ങൾക്ക് അറിയാമല്ലോ. 1996 ലെ തമിഴ്‌നാട് ഫലം വച്ച് നോക്കിയാൽ ഇന്ന് നമ്മുടെ പ്രതിപക്ഷത്തിന്റെ സ്ഥിതി എത്രയോ മെച്ചമാണ്. അപ്പോൾ ഇവിടെ നിരാശയുടെ ഒരു കാര്യവുമില്ല. ജനങ്ങളുടെ ഇടക്ക് തുടർന്ന് പ്രവർത്തിക്കുന്നിടത്തോളം കാലം യു. ഡി. എഫ്. പ്രസക്തമാണ്. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന്റെ ആവശ്യവുമാണ്. ശക്തമായ കോൺഗ്രസ്സ് നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരിൽ ഞാനും ഉണ്ട്, കേന്ദ്രമായാലും സംസ്ഥാനമായാലും. കോൺഗ്രസ്സ് ഫിനിഷ്ഡ് എന്നൊക്കെ ചിന്തിക്കുന്നവരിൽ എന്റെ പേരില്ല.

ഇനി അല്പം ചരിത്രം. 1977 ലാണ് ഇതിന് മുൻപ് ഒരു മുന്നണിക്ക് ഭരണത്തുടർച്ച കിട്ടിയത് എന്ന് പറഞ്ഞല്ലോ. അന്നത്തെ വിജയമായിരുന്നു വിജയം. 140 സീറ്റിൽ 111 ലും ഐക്യ മുന്നണി. അപ്പോഴേക്കും മാർക്‌സിസ്റ്റ് പാർട്ടി ഭരണത്തിന് പുറത്തായിട്ട് എട്ടു വർഷം കഴിഞ്ഞു. ഇനിയും അഞ്ചു വർഷം പ്രതിപക്ഷത്ത് തന്നെ ! 'മാർക്‌സിറ്റ് പാർട്ടി ഫിനിഷ്ഡ്' എന്ന് അന്ന് ആളുകൾ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. 'ഞങ്ങൾക്ക് കോൺഗ്രസിനേക്കാൾ കൂടുതൽ വോട്ട് ശതമാനം ഉണ്ട്, പ്രപ്പോർഷണൽ റെപ്രെസന്റേഷൻ ഉള്ള നാടൊക്കെ ആയിരുന്നെങ്കിൽ ഞങ്ങൾക്കായിരിക്കും കൂടുതൽ സീറ്റ്' എന്ന് മാർക്‌സിസ്റ്റുകാർ പറഞ്ഞതും ഞാൻ ഓർക്കുന്നുണ്ട്.

സത്യമാണ്. അന്ന്, അസംബ്ലിയിൽ മുപ്പത്തി എട്ട് വോട്ട് കിട്ടിയ കോൺഗ്രസിന്റെ വോട്ട് ശതമാനം ഇരുപത്. അന്ന് പതിനേഴ് സീറ്റ് കിട്ടിയ മാർക്‌സിസ്റ്റ് പാർട്ടിക്ക് വോട്ട് ഇരുപത്തി രണ്ടു ശതമാനം. കാലം ഉരുളുന്നു. 2021 ആവുന്നു. കോൺഗ്രസിന്റെ വോട്ട് ശതമാനം 25.1. മാർക്‌സിറ്റ് പാർട്ടിയുടെ വോട്ട് ശതമാനം 25.4. എന്നിട്ടും സീറ്റ് വന്നപ്പോൾ കോൺഗ്രസിന്റെ മൂന്നിരട്ടി മാർക്‌സിസ്റ്റിന്. കാവ്യനീതിയാണ്. പക്ഷെ നാല്പത് വർഷമായിട്ടും റാഡിക്കൽ ആയുള്ള മാറ്റമില്ല. കണക്ക് പറഞ്ഞാൽ കോൺഗ്രസിനാണ് കൂടുതൽ വോട്ട് കൂടിയിട്ടുള്ളത് !

ഇതും പറഞ്ഞുകൊണ്ട് അസംബ്ലിയിലേക്ക് ചെന്നിട്ട് കാര്യമില്ല, കാരണം അവിടെ വോട്ട് ഷെയർ അനുസരിച്ചല്ല സീറ്റ് കിട്ടുന്നത്. അത് ജനാധിപത്യത്തിന്റെ രീതിയാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ അല്ല. അത് ജനാധിപത്യത്തിൽ നമ്മൾ സ്വീകരിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് രീതിയുടെ പ്രത്യേകതയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അതൊരു കുറവാണ്. ഒരു പാർട്ടിക്ക് എത്ര ജനപിന്തുണ ഉണ്ടോ ഏറെക്കുറെ അത്രയും റെപ്രസെന്റേഷൻ അവർക്ക് നിയമ നിർമ്മാണ സഭകളിലും ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. അതാണ് കൂടുതൽ ജനാധിപത്യപരമായിട്ടുള്ളത്. അതാണ് ലോകത്ത് അനവധി രാജ്യങ്ങളിൽ ഇപ്പോഴും ഉള്ളത്.

പക്ഷെ നമ്മൾ സ്വീകരിച്ചിരിക്കുന്ന രീതി അതല്ല. ഇതൊക്കെ എല്ലാവർക്കും അറിയാം. തോൽക്കുന്ന സമയത്ത് എല്ലാ പാർട്ടികളും പറയാറുമുണ്ട്. എഴുപത്തി ഏഴിലെ കാര്യം ഞാൻ ആദ്യമേ പറഞ്ഞല്ലോ. പക്ഷെ ഇന്ത്യയുടെ സാഹചര്യത്തിൽ എല്ലാ പാർട്ടികളും എപ്പോഴെങ്കിലും അസംബ്ലിയിലും പാർലമെന്റിലും ഈ 'ഫസ്റ്റ് പാസ്റ്റ് പോസ്റ്റ്' എന്ന തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ ഗുണഭോക്താക്കൾ ആണ്. അതുകൊണ്ടാണ് അധികാരം കിട്ടുമ്പോൾ ഈ മാറ്റം കൊണ്ടുവരാൻ ആളുകൾ ശ്രമിക്കാത്തത്.

1977 ഉം 2021 ഉം താരതമ്യം ചെയ്താൽ ചില കാര്യങ്ങൾ വ്യക്തമാകും.

1. യു. ഡി. എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെയും എൽ. ഡി. എഫിന് നേതൃത്വം നൽകുന്ന മാർക്‌സിസ്റ്റ് പാർട്ടിയുടേയും വോട്ട് ഷെയറുകൾ കൂടി വരികയാണ്. ഇതൊരു നല്ല കാര്യമാണ്.

2. വളരുകയും പിളരുകയും ചെയ്യുന്നവരുടെ വോട്ട് ഷെയർ കുറഞ്ഞു വരികയാണ്. കേരളത്തിലെ പുതിയ വോട്ടമാർക്ക് ഇവരിൽ പല പാർട്ടികളും കേട്ട് കേൾവി പോലുമില്ല, അവർ തമ്മിൽ എന്താണ് വ്യത്യാസം എന്നുമറിയില്ല. ഇനി ഒരു പത്തു വർഷത്തിനകം ഇവരൊന്നും ലിസ്റ്റിൽ തന്നെ കാണുമെന്ന് എനിക്ക് തോന്നുന്നില്ല.

അതവിടെ നിൽക്കട്ടെ, ഇനി വരുന്നത് തുടർ ഭരണത്തിന്റെ നാളുകളാണ്. ഭരണവും പ്രതിപക്ഷവും ജാഗ്രത കാണിക്കേണ്ട സമയം.ഭരണത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്നുള്ളതിന് ലോകത്തെവിടെയും ഒറ്റ ഉത്തരമേ ഉള്ളൂ. 'Events overtake politics'എല്ലാ കാലത്തും നിലനിൽക്കുന്ന തത്വവും സത്യവും ആണ്. വലിയ പ്ലാനും പദ്ധതിയും ആയി ഭരണം തുടങ്ങുന്നു. എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങൾ (9/ 11, കോവിഡ് പോലെ) ഉണ്ടാകുന്നു. അതിനോട് ഭരണകൂടവും പ്രതിപക്ഷവും എങ്ങനെ പ്രതികരിക്കുന്നു എന്നത് രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നു, നേതാക്കളുടെയും പാർട്ടികളുടേയും. ഇനി വരുന്ന വർഷത്തിലും സംഭവങ്ങൾ ഉണ്ടാകും.

ഗെറ്റ് റെഡി ഫോർ ദി റൈഡ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP